രാഘവൻ

Name in English
Raghavan

മലയാള ചലച്ചിത്ര നടൻ.  ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കന്നൂർ ജില്ലയിലെ തളിപ്പറമ്പിൽ ജനിച്ചു. രാഘവ്ന്റെ പ്രാഥമിക വിദ്യാഭ്യാസം തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. മധുര ഗാന്ധിഗ്രാമിൽ നിന്നായിരുന്നു രാഘവൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡിഗ്രിയ്ക്കുശേഷം സിനിമ പഠിയ്ക്കണമെന്ന ആഗ്രഹവുമായി ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. മൂന്നുവർഷത്തെ പഠനം പൂർത്തിയായപ്പോൾ നാടകത്തിൽ നിന്നും സിനിമയിൽ നിന്നുമായി നിരവധി അവസരങ്ങൾ രാഘവനെ തേടിവന്നു. നടനാവാനല്ല സംവിധായകനാകാനായിരുന്നു രാഘവന്റെ ആഗ്രഹം. അതിനിടയിൽ കന്നഡ സംവിധായകൻ ജി വി അയ്യരെ കാണാനിടയായത് രാഘവ്ന്റെ ജീവിതത്തിലെ വഴിത്തിരിവായി. ചില കന്നഡ സിനിമകളിൽ രാഘവൻ സഹസംവിധായകനായി പ്രവർത്തിച്ചു.

ജി വി അയ്യരുടെ സുഹൃത്താണ് രാഘവനെ കായൽക്കരയിൽ എന്ന മലയാള ചിത്രത്തിൽ നായകനായി തിരഞ്ഞെടുക്കുന്നത്. 1968-ൽ റിലീസായ കായൽക്കരയിൽ എന്ന സിനിമയുടെ വിജയം മലയാള സിനിമയിൽ രാഘവന്റെ സ്ഥാനമുറപ്പിച്ചു. രാഘവന്റെ അടുത്ത ചിത്രം രാമുകാര്യാട്ട് സംവിധാനം ചെയ്ത അഭയം ആയിരുന്നു. അഭയത്തിലെ രാഘവന്റെ അഭിനയം കണ്ടാണ് പി എൻ മേനോൻ തന്റെ ചെമ്പരത്തി എന്ന സിനിമയിൽ രാഘ്വനെ നായകനാക്കുന്നത്. ചെമ്പരത്തിയുടെ വിജയം രാഘവനെ മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാളാക്കി.  നൂറിലധികം സിനിമകളിൽ രാഘവൻ അഭിനയിച്ചിട്ടുണ്ട്. 1987-ൽ കിളിപ്പാട്ട് എന്ന സിനിമ സംവിധാനം ചെയ്യുകയും നിർമ്മിയ്ക്കുകയും ചെയ്തു. കിളിപ്പാട്ട് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. സിനിമകൾ കൂടാതെ സീരിയലുകളിലും രാഘവൻ അഭിനയിക്കുന്നുണ്ട്.

രാഘവന്റെ ഭാര്യയുടെ പേര് ശോഭ, രണ്ടു മക്കളാണ് അവർക്കുള്ളത്. ജിഷ്ണു. ജോത്സ്ന. സിനിമാതാരമായിരുന്ന ജിഷ്ണു അസുഖ ഭാധിതനായി മരിയ്ക്കുകയാണുണ്ടായത്.