ദിനേശ് പ്രഭാകര്‍

Submitted by Indu on Thu, 10/14/2010 - 00:05
Name in English
Dinesh Prabhakar
Alias
ദിനേശ് നായർ

പെരുമ്പാവൂരിനടുത്ത് പുല്ലുവഴി എന്ന ഗ്രാമത്തിൽ ജനനം. സ്കൂൾ വിദ്യാഭ്യാസം പുല്ലുവഴിയിൽ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസം ശ്രീശങ്കര കോളേജിലായിരുന്നു. ചെറുപ്പത്തിൽ ചെറിയ തോതിൽ മിമിക്രി അവതരിപ്പിച്ചിരുന്ന ദിനേശ്, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബൈയിൽ ജോലി നോക്കുന്ന സമയത്താണ് നാടകരംഗത്ത് എത്തുന്നത്. ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം ഗാനമേളകൾക്ക് കോമ്പയറിങ്ങ് നടത്തുകയും ചെയ്തു. ഗാനമേളയുടെ ഇളവേളകളിൽ മിമിക്രിയും ചെയ്തു പോന്നു. ആ സമയത്താണ് ഹിന്ദിയിലും മറാഠിയിലും നിർമ്മിക്കപ്പെട്ടിരുന്ന പരസ്യ ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുവാൻ തുടങ്ങിയത്. പിന്നീട് പല പരസ്യങ്ങളും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുവാൻ തുടങ്ങി. രണ്ടായിരത്തിലധികം പരസ്യങ്ങൾക്ക് ദിനേശ് ശബ്ദം നൽകിയിട്ടുണ്ട്. അഭിനയമോഹമേറിയപ്പോൾ കേരളത്തിൽ വരികയും പല സംവിധായകരോടും അവസരം ചോദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അവസരം ലഭിക്കാതെ വന്നപ്പോൾ മുംബൈയിലേക്ക് തന്നെ മടങ്ങി. പിന്നെടൊരിക്കൽ ഒരു നാടകത്തിലെ അഭിനയം ശ്രദ്ധിച്ച ലാൽജോസിന്റെ ഒരു സുഹൃത്ത് ദിനേശിനെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. ആദ്യം ലാൽ ജോസ് അദ്ദേഹത്തെ മടക്കി അയച്ചുവെങ്കിലും പിന്നീട് മീശമാധവനിൽ അദ്ദേഹത്തിനു വേഷം നൽകി.

തുടർന്ന് പട്ടാളം, രസികൻ തുടങ്ങിയ ലാൽ ജോസ് ചിത്രങ്ങളിൽ ദിനേശ് അഭിനയിച്ചു. സിനിമയിൽ ചെറിയ വേഷങ്ങൾ ലഭിച്ചുവെങ്കിലും കാര്യമായ വരുമാനം ഉണ്ടായില്ല. തുടർന്നു കൊച്ചിയിൽ പരസ്യങ്ങളുടെ ഡബ്ബിംഗ് ചെയ്തു. ചില സിനിമകളിലും ഡബ്ബിംഗ് ചെയ്തു. നിഷാന്ത് സാഗർ, നരേൻ, വിനീത് കുമാർ എന്നിവർക്ക് വേണ്ടി ദിനേശ് ശബ്ദം നൽകിയിട്ടുണ്ട്. അതിനിടക്കാണു ഒരു പരസ്യ നിർമ്മാണ കമ്പിനി തുടങ്ങുവാനുള്ള തീരുമാനം എടുക്കുന്നത്. നടൻ സിജോയ് വർഗ്ഗീസുമായി ചേർന്നായിരുന്നു ടി വി സി ഫാക്ടറി ആ സംരഭം ആരംഭിച്ചത്. അതോടെ അദ്ദേഹം പരസ്യ നിർമ്മാണ രംഗത്തേക്ക് പൂർണ്ണമായും മാറി. അമലാ പോൾ, റിമാ കല്ലിങ്കൽ, അനന്യ, മൈഥിലി തുടങ്ങിയ നടികൾ ടി വി സി ഫാക്ടറിയുടെ പരസ്യത്തിലൂടെ കടന്നു വന്നവരാണ്. വലിയ ഒരിടവേളക്ക് ശേഷം 2011 മുതലാണ് ദിനേശ് സിനിമയിൽ സജീവമായത്. ഇടക്ക് കോക്ക്ടെയ്ൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. മടങ്ങി വരവിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് ലുക്കാച്ചുപ്പി എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും നിർവഹിച്ചു. ആ ചിത്രത്തിന്റെ എക്സി. നിർമ്മാതാവ് കൂടിയാണ് ദിനേശ്. മദ്രാസ് കഫേ എന്ന ബോളിവുഡ് ചിത്രത്തിലും ദിനേശ് അഭിനയിച്ചു. 

ഭാര്യ : ശ്രീരേഖ, മകൾ : വിഭ