തോമസ് ബർലി കുരിശിങ്കൽ

Name in English
Thomas Burleigh Kurisinkal
Alias
തോമസ് ബർലി
തോമസ് കുരിശിങ്കൽ

​അഭിനേതാവ്, സംവിധായകൻ, ബിസിനസുകാരൻ, എഴുത്തുകാരൻ, ഇല്യുസ്ട്രേറ്റർ, ആർട്ടിസ്റ്റ്, സംഗീതജ്ഞൻ.

കുരിശിങ്കൽ കെ ജെ ബർലിയുടെയും ആനിയുടെയും മകനായി 1932 സെപ്റ്റംബർ ഒന്നിന് ഫോർട്ട് കൊച്ചിയിൽ ജനിച്ചു.

1953ൽ തിരമാല എന്ന ചിത്രത്തിൽ നായകനായി സിനിമയിലെത്തി. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ചെറുതല്ലാത്ത വേഷങ്ങൾ കൈകാര്യം ചെയ്തെങ്കിലും ഒന്നും അത്ര കണ്ട് വിജയിച്ചില്ല. പക്ഷെ സിനിമയിൽ ചുവടുറപ്പിക്കാൻ ഉറച്ച തോമസ് പിന്നീട് പോയത് ഹോളിവുഡിലേക്കാണ്.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് അപ്ലൈഡ് ആർട്ട് പഠിച്ചു. 1959ൽ ഫ്രാങ്ക് സിനാത്രയ്ക്കൊപ്പം 'നെവർ സോ ഫ്യൂ' എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തു. തോമസ് എഴുതിയ 'മായ ആൻഡ് ദ എലിഫന്റ്' എന്ന തിരക്കഥ പിന്നീട് 'മായ' (ഇംഗ്ലീഷ്) എന്ന പേരിൽ കുട്ടികൾക്കുള്ള സിനിമയായി. മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിലാണ് സിനിമ ചിത്രീകരിച്ചത്. 'വാണ്ടഡ് ഡെഡ് ഓർ എലൈവ്', 'ഹാവ് ഗൺ', 'വിൽ ട്രാവൽ', 'ഗൺ സ്മോക്ക്' തുടങ്ങിയ കൗബോയ് ചിത്രങ്ങളിൽ അഭിനയിച്ചു.

പിന്നീട് ബോളിവുഡ് നടൻ ദിലിപ് കുമാറിന്റെ സഹോദരനും കാലിഫോർണിയയിൽ തോമസിന്റെ സഹമുറിയനുമായിരുന്ന അസ്ലം ഖാനൊപ്പം ചെറിയ ബിസിനസ് ചെയ്യാനായി 1969ൽ മുംബൈയിലെത്തി. ഇക്കാലത്ത് മാഗസിനുകൾക്കായി കാർട്ടൂൺ പാനലുകൾ വരയ്ക്കാൻ തുടങ്ങി. ഇല്യുസ്ട്രേറ്റഡ് വീക്ക്ലി, ശങ്കേഴ്സ് വീക്ക്ലി, കറണ്ട് എന്നിവയിൽ ഇദ്ദേഹത്തിന്റെ വരകൾ പ്രസിദ്ധീകരിക്കപ്പെട്ടു.

ഇതു മനുഷ്യനാണോ, വെള്ളരിക്കാപ്പട്ടണം എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഈ ചിത്രങ്ങളുടെ നിർമ്മാണവും ഇദ്ദേഹം തന്നെയായിരുന്നു. 'ബിയോണ്ട് ഹാർട്ട്', 'ഫ്രാഗ്രന്റ് പെറ്റൽസ്', കേരളത്തെക്കുറിച്ചുള്ള കാർട്ടൂൺ പരമ്പരയായ 'ഓ കേരള' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കെ സി ബി സിയുടെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ' ദ സേക്രഡ് സാവേജ്' എന്ന പുസ്തകം പ്രസിദ്ധീകരണത്തിനു തയ്യാറായി ഇരിക്കുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ ഡബിൾ ബാരലിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി.

Tags
Thomas Burleigh Kurisinkal,