ആന്റണി ഈസ്റ്റ്മാൻ

Submitted by danildk on Wed, 10/13/2010 - 18:15
Name in English
Antony Eastman

തൃശ്ശർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ഓഗസ്റ് 26 നു ജനിച്ചു. ചൊവ്വന്നൂർ സെന്റ് തോമസ് സ്‌കൂളിലും കുന്നംകുളം ഗവ ഹൈസ്‌കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു.പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ആദ്യം പത്രങ്ങൾക്കു വേണ്ടി ഫോട്ടോയെടുക്കാൻ തുടങ്ങിയതിനു ശേഷം പല വാരികകൾക്കും വേണ്ടി സിനിമാക്കാരുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി. പിന്നീട് എറണാകുളത്തു കാർട്ടൂണിസ്റ് തോമാസിന്റെ ഡിസൈനേഴ്സ് എന്ന പരസ്യസ്ഥാപനത്തിനുവേണ്ടി മോഡൽ ഫോട്ടോഗ്രാഫി ചെയ്യാൻ ആരംഭിച്ചു . സിനിമാലോകത്ത് പ്രശസ്തരായിത്തീർന്ന സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ , കലാശാല ബാബു തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ഇണയെത്തേടി ആയിരുന്നു ആന്റണി ആദ്യം സംവിധാനം ചെയ്ത ചിത്രം.

1979ൽ പുറത്തിറങ്ങിയ “ഇണയെത്തേടി”യിലൂടെ ആണ് തന്റെ പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത സിനിമയിലെത്തുന്നത്. പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആന്റണി ഈസ്റ്റ്മാന് യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായില്ലെങ്കിലും പിന്നീട് അവരുടെ കണ്ണൂകളിൽ കണ്ട തീക്ഷ്ണമായ ആകർഷണവും വശ്യമായ ചിരിയുമൊക്കെ തന്റെ നായികയായി തീരുമാനിക്കാൻ കാരണമാവുകയായിരുന്നു. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും ആന്റണിയാണ്. നിശ്ചല ഛായാഗ്രാഹകനായി തുടങ്ങിയെങ്കിലും മലയാള സിനിമയിൽ സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആന്റണി ഈസ്റ്റ്മാൻ.