മാണി സി കാപ്പൻ

Submitted by Pachu on Wed, 10/13/2010 - 12:18
Name in English
Mani C Kappen
Date of Birth

ചലച്ചിത്ര നിർമ്മാതാവ്, അഭിനേതാവ്, സംവിധായകൻ, വോളിബോൾ കളിക്കാരൻ, രാഷ്ട്രീയനേതാവ്, എം.എൽ എ

പാലാ കാപ്പിൽ കുടുംബത്തിൽ സ്വാതന്ത്ര്യസമരസേനാനിയും മുൻ എം പിയുമായ ചെറിയാൻ ജെ കാപ്പൻ്റേയും ത്രേസ്യാമ്മയുടേയും മകൻ.  പാലാ സെയ്ൻ്റ്മേരീസ് എൽപി സ്‌കൂൾ, സെയ്ൻ്റ് തോമസ് സ്‌കൂൾ,  ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്,  മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. 

കേരള സംസ്ഥാന വോളിബോൾ ടീമിൽ അംഗമായിരുന്നു.  കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റനായുള്ള മികച്ച പ്രകടനത്താൽ അദ്ദേഹം കെ എസ് ഇ ബിയുടെ  വോളിബോൾ ടീമിലുമെത്തി.  ജിമ്മി ജോർജിനൊപ്പം അബുദബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ചു. കായികരംഗത്തെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

പിന്നീടദ്ദേഹത്തിൻ്റെ ശ്രദ്ധ സിനിമാരംഗത്തേക്കു തിരിഞ്ഞു.  നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പേരെടുത്തു. ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ച മേലേപ്പറമ്പിൽ ആൺവീടായിരുന്നു അദ്ദേഹം നിർമ്മിച്ച ആദ്യചിത്രം.  ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 

കോൺഗ്രസ് എസിലൂടെ  (പിന്നീട് എൻ സി പി) രാഷ്ട്രീയരംഗത്തേക്കും മാണി സി കാപ്പൻ കടന്നു. പാലാ മുൻസിപ്പൽ കൗൺസിലർ, നാളീകേര വികസന ബോർഡ് വൈസ്‌ചെയർമാൻ, എൻ സി പി സംസ്ഥാന ഭാരവാഹി എന്നീ ചുമതലകളും വഹിച്ചു.  പാലാ നിയമസഭാതെരഞ്ഞെടുപ്പുകളിൽ കെ എം മാണിയുടെ എതിർ സ്ഥാനാർത്ഥിയായി 2006 മുതൽ മത്സരിച്ചു. 2019ൽ കെ എം മാണിയുടെ നിര്യാണശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു പാലായുടെ ജനപ്രതിനിധിയായി. 

ഭാര്യ: ആലീസ്. 
മക്കൾ: ചെറിയാൻ കാപ്പൻ, ടീന, ദീപ