ബൈജു

Submitted by Pachu on Wed, 10/13/2010 - 12:07
Name in English
Baiju

മലയാള ചലച്ചിത്ര നടൻ. 1970-ൽ തിരുവനന്തപുരത്ത് ജനിച്ചു. ബൈജു സന്തോഷ്കുമാർ എന്നാണ് മുഴുവൻ പേര്. 1981-ൽ രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു ബൈജുവിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1982-ൽ ബലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ബൈജു ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബൈജു ബാലതാരമായി അഭിനയിച്ചു. അതിനുശേഷം കാരക്ടർ റോളുകളിലും നായകന്റെ കൂട്ടുകാരനായും മറ്റുമുള്ള റോളുകളിലുമായിരുന്നു ബൈജു കൂടുതൽ തിളങ്ങിയത്. അദ്ദേഹം ചെയ്തതിൽ അധികവും കോമഡി റോളുകളായിരുന്നു. വില്ലൻ വേഷങ്ങളിലും ബൈജു അഭിനയിച്ചിരുന്നു.

വ്യക്തിജീവിതത്തിലുണ്ടായ ചിലപ്രശ്നങ്ങൾ മൂലം കുറച്ചുകാലം സിനിമയിൽ നിന്നും മാറിനിൽക്കേണ്ടിവന്ന ബൈജു, രഞ്ജിത്തിന്റെ പുത്തൻപണം എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ ബൈജു അവതരിപ്പിച്ച സ്റ്റീഫൻ അച്ചായൻ എന്ന കഥാപാത്രം നിരൂപകപ്രശംസ നേടിയതാണ്. 2019-ൽ നാദിർഷായുടെ മേരാ നാം ഷാജി എന്ന ചിത്രത്തിൽ നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിയ്ക്കുവാനും ബൈജുവിന് കഴിഞ്ഞു. മുന്നൂറിലധികം ചിത്രങ്ങളിൽ ബൈജു അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും ബൈജു അഭിനയിച്ചിട്ടുണ്ട്.

1995-ലായിരുന്നു ബൈജുവിൻന്റെ വിവാഹം. ഭാര്യയുടെ പേര് രഞ്ജിത. ബൈജു - രഞ്ജിത ദമ്പതികൾക്ക് രണ്ടുകുട്ടികളാണുള്ളത്. മകൾ- ഐശ്വര്യ, മകൻ- ലോക്നാഥ്.