ബിജു പപ്പൻ

Submitted by nanz on Wed, 10/13/2010 - 12:05
Name in English
Biju Pappan

തിരുവനന്തപുരം ജില്ലയിലെ കണ്ണന്മൂലയിൽ, അന്തരിച്ച എം. പി. പത്മനാഭന്റെയും(തിരുവനന്തപുരം മുൻ മേയർ) എം എസ് കുമാരിയുടേയും മകനായി 1969ൽ ജനനം.  തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിലും നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്കിൽ നിന്നു സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. കോളേജ് കാലത്ത് ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി, സ്പോർട്സ് ജനറൽ സെക്രട്ടറി എന്ന നിലകളിൽ തിരഞ്ഞെടുക്കപ്പെടുകയും സജീവമാകുകയും ചെയ്തിട്ടുണ്ട്.

1991ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “സമൂഹം” എന്ന സിനിമയാണു ബിജു പപ്പന്റെ ആദ്യ സിനിമ. ഡിപ്ലോമ പഠനത്തിനുശേഷം ഗൾഫിൽ പോയി 1992ൽ തിരികെ നാട്ടിലെത്തിയപ്പോഴായിരുന്നു ആ അവസരം കിട്ടിയത്. തുടർന്ന് ടെലിവിഷൻ സീരിയലുകളിലൂടെയാണു ബിജു പപ്പൻ അഭിനയ രംഗത്ത് സജ്ജീവമാകുന്നത്. വാത്സല്യം, താലി, വാവ, കാവ്യാഞ്ജലി, സ്ത്രീ ഒരു സാന്ത്വനം എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

കമ്മീഷണർ, സിംഹവാലൻ മേനോൻ. ബോക്സർ തുടങ്ങിയ ചിത്രങ്ങളിൽ ചെറുവേഷങ്ങൾ ചെയ്ത ബിജു പപ്പൻ 2005 മുതൽ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ സജീവമായി. 2005ൽ ജോഷിയുടെ നരൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ “ഇനി സീരിയലുകളിൽ അഭിനയിക്കരുത്’ എന്ന ജോഷിയുടെ ഉപദേശപ്രകാരം ബിജു സീരിയൽ അഭിനയം നിർത്തി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമായിരുന്നു കൂടുതലും. 2012ൽ  ബി ഉണ്ണികൃഷ്ണൻ  സംവിധാനം ചെയ്ത “ഐ ലൌ മി” എന്ന സിനിമയിൽ കോമഡി ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു.

അഭിനയത്തോടൊപ്പം ബിജു പപ്പൻ ബിസിനസ്സ് രംഗത്തും സജീവമായുണ്ട്. തിരുവനന്തപുരത്തെ അറിയപ്പെടുന്ന തടി ബിസിനസ്സു(വുഡ് ഇൻഡസ്ട്രീസ്)കാരനാണ്. ഫർണീച്ചറുകൾ നിർമ്മിച്ചു നൽകുന്ന എം എസ് കെ വുഡ് ഇൻഡസ്ട്രീസ് (ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വേളി, തിരുവനന്തപുരം) എന്ന സ്ഥാപനമടക്കം നിരവധി വ്യവസായ സംരംഭങ്ങളും ബിജു വിജയകരമായി നടത്തുന്നു. 

ഭാര്യ - ഷീബ, മക്കൾ-കാർത്തിക് & കൃഷ്ണ