ബാബു നമ്പൂതിരി

Submitted by Pachu on Wed, 10/13/2010 - 11:54
Name in English
Babu Namboothiri

മലയാള ചലച്ചിത്ര ‌- സീരിയൽ നടൻ. 1947 ആഗസ്റ്റ് 12 ന് കോട്ടയം ജില്ലയിലെ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനായി ബാബു നമ്പൂതിരി ജനിച്ചു. ഋഷികേശൻ നമ്പുതിരി എന്നാണ് അദ്ദേഹത്തിന്റെ യതാർത്ഥ പേര്.  അദ്ദേഹത്തിനു താഴെ ഏഴ് സഹോദരൻമാരും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.

ആശാൻ കളരിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷമാണ് ബാബു നമ്പൂതിരി സ്കൂളിൽ ചേർന്നത്. പടിഞ്ഞാറെക്കര എൽ പി സ്കൂൾ, കുറിച്ചിത്താനം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. കാലടി ശ്രീ ശങ്കര കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദവും,കോട്ടയം സി എം എസ് കോളേജിൽ നിന്നും രസതന്ത്രത്തിൽ മൂന്നാം റാങ്കോടെ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസ കാലത്തുതന്നെ അദ്ദേഹം ചിറയിൽ ഗണപതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു. പഠനശേഷം ബാബു നമ്പൂതിരി കുറുവിലങ്ങാട് ദേവമാതാ കോളേജിൽ അദ്ധ്യാപകനായി ജോലി നേടുകയും അവിടെനിന്നും കെമിസ്റ്റ്രി പ്രൊഫസ്സറായി റിട്ടയർ ചെയ്യുകയും ചെയ്തു.  ജോലിചെയ്തിരുന്ന കാലത്തുതന്നെയാണ് ബാബുനമ്പൂതിരി നാടകപ്രവർത്തനങ്ങളിൽ സജീവമാകുന്നത്, നാടകങ്ങളിൽ നിന്നുണ്ടായ ബന്ധങ്ങൾ അദ്ദേഹത്തിന് സിനിമയിലേയ്ക്കുള്ള അവസരമൊരുക്കി. 1982 ൽ യാഗം എന്ന സിനിമയിലൂടെയാണ് ബാബുനമ്പൂതിരി സിനിമയിലെത്തുന്നത്. തുടർന്ന് കുറേ സിനിമകളിൽ അദ്ദേഹം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. നിറക്കൂട്ട്,തൂവാനത്തുമ്പികൾ എന്നിവയിലെ വേഷങ്ങൾ ബാബുനമ്പൂതിരിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്. സിനിമ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കുമാരി അന്തർജ്ജനം ആണ് ബാബുനമ്പൂതിരിയുടെ ഭാര്യ. അവർക്ക് മൂന്നു മക്കൾ, മമത, മൃദുല, പ്രസീത.