മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ ജനിച്ചു. മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് രാധാകൃഷ്ണൻ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് പൂജപ്പുര സോമൻ നായരുടെ നേതൃത്തത്തിൽ പ്രവർത്തിച്ചിരുന്ന വിക്രമ തിയ്യേറ്റേഴ്സ് എന്ന നാടക കൂട്ടായ്മയുടെ സ്ഥിരം ബാലതാരമായി മാറി രാധാകൃഷ്ണൻ. പൂജപ്പുരയിൽ ‘കലാകൈരളി’യെന്ന സാംസ്‌കാരിക സംഘടനയുണ്ടായിരുന്നു. ആകാശവാണിയിലെ എം.രാമചന്ദ്രൻറെ മികച്ച നേതൃത്വത്തിലുള്ള ആ സംഘടനയാണ് രാധാകൃഷ്ണന്റെ മറ്റൊരു പഠനക്കളരി. ഈ കൂട്ടയ്മകളാണ് പൂജപ്പുര രാധാകൃഷ്ണനെ സിനിമയിലേയ്ക്ക് അടുപ്പിച്ചത്. പ്രശസ്ത സിനിമാതാരം മധുവിന്റെ ഉമ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് കാണാൻ പോയതാണ് പൂജപ്പുര രാധാകൃഷ്ണന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്. അവിടെ വെച്ച് പരിചയപ്പെട്ട സംവിധായകൻ ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന്റെ ചിത്രമായ അമ്പലവിളക്ക് എന്ന സിനിമയിൽ മധുവിനോടൊപ്പം ഒരു നല്ല വേഷം രാധാകൃഷ്ണന് നൽകി. പിന്നീട് ശ്രീകുമരൻ തമ്പിയുടെ എല്ലാ സിനിമകളിലും പൂജപ്പുര രാധാകൃഷ്ണനുണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയാണ് രാധാകൃഷ്ണന് "പൂജപ്പുര രാധാകൃഷ്ണൻ" എന്ന പേർ നൽകിയത്.
സിനിമയിൽ അഭിനയം തൂടങ്ങിയ കാലത്ത് രാധാകൃഷ്ണന് കെ എസ്റാർ ടി സിയിൽ കണ്ടക്ടറായി ജോലികിട്ടി. ജോലിയോടൊപ്പം അദ്ദേഹം അഭിനയവും തുടർന്നു. സംവിധായകൻ പദ്മരാജനുമായുള്ള അടുപ്പം രാധാകൃഷ്ണന് പദ്മരാജന്റെ നവംബറിലെ നഷ്ടം എന്ന സിനിമയിൽ ഒരു വേഷം ലഭിയ്ക്കുന്നതിന് കാരണമായി. തുടർന്ന് പദ്മരാജന്റെ എല്ലാ സിനിമകളിലും ഒരു വേഷം പൂജപ്പുര രാധാകൃഷ്ണന് ലഭിച്ചു. കൂടെവിടെ, അരപ്പെട്ടകെട്ടിയ ഗ്രാമത്തിൽ, തിങ്കളാഴ്ച്ച നല്ല ദിവസം, ഞാൻ ഗന്ധർവൻ തുടങ്ങി എല്ലാ പദ്മരാജൻ സിനിമകളിലും അഭിനയിച്ചു.
ഗണേഷ്കുമാറുമായുള്ള പൂജപ്പുര രാധാകൃഷ്ണന്റെ സൗഹൃദം മൂലം ഗണേഷ്കുമാർ 2001-ൽ മന്ത്രിയാപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമാകാൻ കഴിഞ്ഞു. പ്രശസ്ത ചലച്ചിത്ര താരം ശ്രീവിദ്യ രോഗബാധിതയായപ്പോൾ അവരുടെ സഹായിയായി പൂജപ്പുര രാധാകൃഷ്ണൻ കൂടെ നിന്നിരുന്നു. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും രാധാകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. സീറിയലുകളാണ് രാധാകൃഷ്ണന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. ടെലിവിഷൻ സംഘടനയായ ആത്മയുടെ സെക്രട്ടറിയാണ് രാധാകൃഷ്ണൻ. ഉത്സവമേളം,മുഖചിത്രം എന്നീ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായും, ഞാൻ ഗന്ധർവ്വൻ,ഇന്നലെ എന്നീ സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായും പൂജപ്പുര രാധാകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
- 1807 views