കെ പി ഉമ്മർ

Submitted by Indu on Wed, 10/13/2010 - 08:17
Name in English
K P Ummer
Date of Birth
Date of Death

കച്ചിനാംതൊടുക പുരയില്‍ ഉമ്മര്‍ എന്ന കെ പി ഉമ്മര്‍. കോഴിക്കോട് തെക്കേപ്പുറം എന്ന സ്ഥലത്ത് 1930 ഒക്ടോബർ 11നു ജനിച്ചു.  ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലാണ് ഉമ്മര്‍ വളർന്നത്. വളരെ യാദൃച്ഛികമായാണ് ഉമ്മര്‍ അഭിനയരംഗത്തെത്തുന്നത്. ആരാണപരാധി എന്ന നാടകത്തില്‍ ജമീല എന്ന സ്ത്രീയുടെ വേഷം കെട്ടിയാണ് ആദ്യമായി അദ്ദേഹം നാടകത്തിൽ അഭിനയിക്കുന്നത്. പൊതുവെ സ്ത്രീകള്‍ വേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന ആ കാലത്ത് ജമീല എന്ന ആ കഥാപാത്രം ചർച്ചാ വിഷയമായി. അത് അദ്ദേഹത്തെ തറവാട്ടിൽ നിന്നും പുറത്താക്കുന്നതിൽ വരെ എത്തിച്ചു, ഈ നാടകത്തിലെ വേഷം ചെയ്യാൻ ഉമ്മറിനെ നിർബന്ധിച്ച മുന്‍ മന്ത്രി പി പി ഉമ്മര്‍ക്കോയ ഇടപെട്ടാണ് അദ്ദേഹത്തിന്റെ അമ്മാവനെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്. നാടക രംഗത്ത് തുടർന്ന അദ്ദേഹം, കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകത്തിലെ ഹാജിയാരുടെ വേഷത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കെ ടിയുടെ തന്നെ മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവവറ്റ പശു തുടങ്ങിയ നാടകങ്ങളിലുടെയും ഉമ്മര്‍ നാടകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചു. പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന്‍ ഒളിംപ്യന്‍ റഹ് മാന്‍ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ചെറുപ്പകാലം മുതൽ ഫുട്ബോൾ ഒരാവേശമായി കൊണ്ടു നടന്ന ഉമ്മർ, 1950കളില്‍ കോഴിക്കോട്ടെ ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ സജീവ സാന്നിധ്യമായിരുന്നു.  

കെ ടി മുഹമ്മദിന്റെ നാടകങ്ങൾ സമ്മാനിച്ച ഖ്യാതി അദ്ദേഹത്തെ താമസിയാതെ തന്നെ കെ പി എ സിയിലെത്തിച്ചു. പ്രൊഫഷണൽ നാടകവേദികളും ആസ്വാദകാരും ഉമ്മറിലെ നടനെ തിരിച്ചറിഞ്ഞത് കെ പി എ സിയിൽ അദ്ദേഹമഭിനയിച്ച നാടകങ്ങളിലൂടെയായിരുന്നു. പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, അശ്വമേധം തുടങ്ങി ഒരു പിടി നാടകങ്ങളില്‍ സജീവമായി നില്ക്കുന്നതിനിടെയാണ് 1956 ൽ ഭാസ്‌ക്കരന്‍ മാഷിന്റെ രാരിച്ചന്‍ എന്ന പൗരനിലൂടെ സിനിമയിലെത്തുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി. ആദ്യകാലങ്ങളിൽ ഉമ്മര്‍ സ്നേഹജാൻ എന്ന പേരിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. പിന്നീട് സ്വർഗ്ഗരാജ്യം, ഉമ്മ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹം നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കെ പി എ സിയിൽ സജീവമായി തുടരുകയും ചെയ്തു. 1965 ൽ എം ടിയാണ് കെ പി ഉമ്മറിനെ മുറപ്പെണ്ണ് എന്ന തന്റെ സിനിമയിലൂടെ വീണ്ടും ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത്. പ്രേം നസീറിന്‍റെ അനിയന്റെ കഥാപാത്രമാണ് ഉമ്മറിന് ലഭിച്ചത്. 1966 ൽ ഇറങ്ങിയ കരുണ അദ്ദേഹത്തിന്റെ കരിയർ മാറ്റിമറിച്ചു. കെ പി എ സിയിൽ വച്ചേ ഉമ്മറിനെ പരിചയമുണ്ടായിരുന്ന ദേവരാജൻ മാസ്റ്ററാണ് അദ്ദേഹത്തെ കരുണക്കായി കെ തങ്കപ്പന് ശുപാർശ ചെയ്തതത്. കരുണയിലെ ഉപഗുപ്തൻ ശ്രദ്ധിക്കപ്പെട്ടതോടെ ഉമ്മറിനു കൂടുതൽ വേഷങ്ങൾ ലഭിച്ചു. നഗരമേ നന്ദിയിലെ വില്ലന്‍കഥാപാത്രം ഉമ്മറിനു പിന്നീട് തുടർച്ചയായി വില്ലൻ വേഷങ്ങൾ നേടിക്കൊടുത്തു. പ്രേം നസീറിന്റെ സ്ഥിരം പ്രതിനായകനായി ഉമ്മർ അവരോധിക്കപ്പെട്ടു. അതിനിടയിൽ ഉദ്യോഗസ്ഥ വേണുവിന്റെ ഡിറ്റക്ടീവ് 909 കേരളത്തിൽ എന്നൊരു ചിത്രത്തിൽ നായകനായി എങ്കിലും ചിത്രം വിജയിക്കാതെ പോയത് അദ്ദേഹത്തെ വീണ്ടും വില്ലൻ വേഷങ്ങളിലും ഉപനായക വേഷങ്ങളിലും തിരികെ കൊണ്ടെത്തിച്ചു. പിന്നീട് ഇടവേളകളിൽ പല ചിത്രങ്ങളിലും അദ്ദേഹം നായകനായി എങ്കിലും ചിത്രങ്ങൾ വിജയമാകാതിരുന്നതിനാൽ വീണ്ടും വില്ലൻ വേഷങ്ങളിലേക്ക് മടങ്ങിപ്പോപ്പോകേണ്ടി വന്നു.

കോട്ടയം ചെല്ലപ്പനു ശേഷം ഉദയയുടെ വടക്കൻ പാട്ട് ചിത്രങ്ങളിലെ നെഗറ്റീവ് കഥാപാത്രങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്തത് ഉമ്മർ ആയിരുന്നു. പ്രേം നസീർ നായകനായിരുന്ന കാലഘട്ടത്തിൽ വില്ലനായി വന്ന ഉമ്മർ  ‘സുന്ദരനായ വില്ലൻ’ എന്ന വിശേഷണത്തിനു അർഹനായി.  ഐ വി ശശിയുടെ ഉത്സവമാണ് വില്ലൻ കഥാപാത്രങ്ങളിൽ  നിന്നും ഉമ്മറിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടു വന്നത്. പിന്നീടദ്ദേഹം ക്യാരക്റ്റർ റോളുകളിലേക്ക് മാറി. നഗരമേ നന്ദി, തോക്കുകള്‍ കഥ പറയുന്നു, കരുണ, കാര്‍ത്തിക, ഭാര്യമാര്‍ സൂക്ഷിക്കുക, കടല്‍പ്പാലം, മൂലധനം, രക്തപുഷ്പം, വിരുന്നുകാരി, തച്ചോളി മരുമകന്‍ ചന്തു, അരക്കള്ളന്‍ മുക്കാക്കള്ളന്‍, ആലിബാബയും 41 കള്ളന്മാരും, 1921 തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. മൂലധനം ചിത്രത്തിൽ കെ. പി. ഉമ്മറിന്‍റെ കഥാപാത്രം ശാരദയോട് പറയുന്ന 'ശാരദേ ഞാനൊരു വികാരജീവിയാണ്' എന്ന വാചകം മിമിക്രി കലാകാരന്മാർ അദ്ദേഹത്തെ അനുകരിക്കാനായി ഇപ്പോഴും ഉപയോഗിക്കുന്നു.

അറുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ തുടക്കം കുറിച്ച കെ പി ഉമ്മർ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയിൽ നിലനിന്നു. ഫാസിലിന്റെ ഹരികൃഷ്ണൻസ് ആണ് അവസാന ചിത്രം. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടി വന്നു.  2001 ഒക്ടോബർ 29 നു അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

പ്രൊഫൈൽ ചിത്രം വരച്ചത്: നന്ദൻ