മലയാള ചലച്ചിത്ര നടൻ. ജില്ല ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീനിന്റെ മകനായി കൊടുങ്ങല്ലൂരിൽ ജനിച്ചു. അബ്ദുൾ റഹിം എന്നായിരുന്നു യഥാർത്ഥ നാമം. 1970-ൽ നിഴലാട്ടം എന്ന സിനിമയിലായിരുന്നു സുധീർ ആദ്യം അഭിനയിച്ചത്. 1972-ൽ ഇറങ്ങിയ ചെമ്പരത്തി എന്ന സിനിമയിലെ സുധീറിന്റെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. 1975-ൽ സത്യത്തിന്റെ നിഴലിൽ എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1970-കളിലെ മുൻനിര നടനായിരുന്നു സുധീർ. നായകനായും,വില്ലനായും,സഹനടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. നൂറിലധികം സിനിമകളിൽ സുധീർ അഭിനയിച്ചിട്ടുണ്ട്.
രണ്ട് തമിഴ് സിനിമകളിലും സുധീർ അഭിനയിച്ചിട്ടുണ്ട്. 1978-ൽ രജനീകാന്ത് നായകനായ ഭൈരവി എന്ന ചിത്രത്തിൽ സുധീർ ഉപനായകനായി അഭിനയിച്ചു, സൊന്ന നമ്പാതങ്കേ എന്ന സിനിമയിൽ നായകനായും അദ്ദേഹം അഭിനയിച്ചു.
സഫിയയാണ് സുധീറിന്റെ ഭാര്യ. ഒരു മകനാണ് അവർക്കുള്ളത്. ഖദീജ എന്ന നടിയെക്കൂടി സുധീർ വിവാഹം ചെയ്തിരുന്നെങ്കിലും ആ ബന്ധം താമസിയാതെ വേർപിരിഞ്ഞു. 2004 സെപ്റ്റംബർ 17-ന് അദ്ദേഹം അന്തരിച്ചു.