Mamukkoya - Malayalam Actor
മലയാള സിനിമയിലെ മികച്ച ഹാസ്യനടന്മാരിൽ ഒരാൾ. കോഴിക്കോടാണ് സ്വദേശം. ഹാസ്യപ്രധാനമായ റോളുകൾ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന മാമുക്കോയ ഇപ്പോൾ ഹാസ്യനടൻ എന്നതിനേക്കാൾ സ്വഭാവനടൻ എന്ന രീതിയിൽ അംഗീകരിയ്ക്കപ്പെടുന്നു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ,ആദ്യമായി അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു.
സിനിമയിൽ വരുന്നതിനു മുൻപ്, കോഴിക്കോട് കല്ലായിയിലെ മരമില്ലിൽ മരമളക്കൽ ആയിരുന്നു ജോലി. അതോടൊപ്പം നാടകാഭിനയത്തിലും സജീവമായിരുന്ന മാമുക്കോയ നിലമ്പൂർ ബാലൻ, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെയെല്ലാം കൂടെ പ്രവർത്തിച്ചിട്ടുണ്ട്.
അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മാമുക്കോയ, തന്റെ തനതായ കോഴിക്കോടൻ മാപ്പിള സംഭാഷണശൈലിയിലൂടെ ശ്രദ്ധേയനായി. കോഴിക്കോടിന്റെയും കോഴിക്കോട്ടെ നാടക-സിനിമാ പ്രവർത്തനങ്ങളുടെയും ചരിത്രകാരൻ കൂടിയായ അദ്ദേഹം, അത് താഹ മാടായി എഴുതിയ രണ്ട് പുസ്തകങ്ങളിലായി ക്രോഡീകരിച്ചിട്ടുണ്ട്.
"ചരിത്രം ന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. യുദ്ധത്തിന്റെ കഥകള് പരീക്ഷാപ്പേപ്പറിലെ മാര്‍ക്ക് കിട്ടുന്ന ചരിത്രാ. ഞമ്മള് പറയ്ന്ന ചരിത്രത്തിനു ആരും മാര്‍ക്കൊന്നും തരൂല. പഠിക്കാനോ എഴുതാനോ വേണ്ടീട്ടല്ല ഈ കഥകള്. ഓര്‍മിക്കാന്‍ വേണ്ടി മാത്രം. കൊറേ ആളോള്‍ടെ കൂട്ടായ്മയിലാണ് ഓരോ കാലത്തും ചരിത്രംണ്ടാവ്ന്നത്. പറഞ്ഞ് പറഞ്ഞ് വരുമ്പം ഓരോര്ത്തര്‍ക്കുംണ്ടാവും ഓരോ കഥകള്. ഒറങ്ങുമ്പം ഓര്‍ത്തുനോക്ക്.
ഇങ്ങക്കെന്തോ പറയാനില്ലേ?എന്തോ ഒരു കഥ?വെറുതേങ്കിലും ഓര്‍ത്തുനോക്കീന്ന്.....ണ്ടാവും പഹയാ..ങ്ങളെന്നെ വല്യൊരു ചരിത്രാണ്...ഓരോ ആളും ഓരോ ചരിത്രാണ്"
-ജീവിതം-മാമുക്കോയ,കോഴിക്കോട്(താഹ മാടായി/മാമുക്കോയ)