പൂജപ്പുര രവി

Submitted by Kiranz on Wed, 09/15/2010 - 16:02
Name in English
Poojappura Ravi

മലയാള ചലച്ചിത്ര -  നാടക നടൻ. തിരുവനന്തപുരംജില്ലയിലെ പൂജപ്പുരയിൽ മഹാദേവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, തിരുമല ഹയർസെക്ക്ന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ കാരക്ടർ ആക്ടറാണ് അദ്ദേഹം. 600 ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ ഇറങ്ങിയ "കള്ളൻ കപ്പലിൽതന്നെ" എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.

പൂജപ്പുര രവിയുടെ ഭാര്യയുടെ പേര് തങ്കമ്മ. മക്കൾ ലക്ഷ്മി, ഹരികുമാർ.