ഉർവശി

Submitted by Kiranz on Tue, 09/14/2010 - 01:08
Name in English
Urvashi

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1970 ജനുവരി 5ന് തിരുവനന്തപുരത്ത് ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. കവിത രഞ്ജിനി എന്നായിരുന്നു യഥാർത്ഥ നാമം. നാലു സഹോദരങ്ങളാണ് ഉർവശിയ്ക്കുള്ളത്. കലാരഞ്ജിനി,കൽപ്പന,കമൽറോയ്,പ്രിൻസ്. നാലു സഹോദരങ്ങളും സിനിമാതാരങ്ങളാണ്.ഉർവശിയുടെ പ്രാഥമിക വിദ്യാഭ്യാസം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരത്തായിരുന്നു. നാലാംക്ലാസിനുശേഷം ഉർവശി കോർപ്പറേഷൻ ഹയർസെക്കന്ററി സ്കൂൾ കോടമ്പാക്കത്തിലേയ്ക്ക് മാറി. ഒൻപതാം തരത്തിൽ പഠിയ്ക്കുമ്പോൾ ഉർവശിയുടെ കുടുംബം ചെന്നൈയിലേയ്ക്ക് താമസംമാറ്റി. അപ്പാഴേയ്ക്കും സിനിമയിൽ തിരക്കായതിനാൽ ഉർവശിയ്ക്ക് തന്റെ പഠനം തുടരാനായില്ല.

ഉർവശി തന്റെ എട്ടാംവയസ്സിലാണ് അഭിനയമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1978ൽ റിലീസ്ചെയ്ത മലയാളചലച്ചിത്രം വിടരുന്നമൊട്ടുകൾ ആയിരുന്നു ഉർവശിയുടെ അദ്യ ചിത്രം. ഉരവശിയുടെ സഹോദരി കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979ൽ കതിർമണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡന്റായി ദിവ്ഗ്വിജയം എന്ന സിനിമയിലും അഭിനയിച്ചു. നിനൈവുകൾ മറൈവതില്ലൈ എന്ന തമിൾ ചിത്രഥ്റ്റിലും ഉരവശി ബാലനടിയായി അഭിനയിച്ചു, പക്ഷേ ആ ചിത്രം റിലീസായില്ല.

ഉർവശി തന്റെ പതിമൂന്നാമത്തെവയസ്സിലാണ് നായികയാവുന്നത്. കാർത്തിക് നായകനായ "തൊടരും ഉണർവ്" എന്ന ചിത്രത്തിൽ. 1983ൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം റിലീസ് വൈകി 1986ലാണ് പുറത്തിറങ്ങിയത്. ഉർവശി നായികയായി റിലീസ് ആയ ആദ്യചിത്രം 1983ൽ റിലീസ്ചെയ്ത ഭാഗ്യരാജ് സംവിധാനം ചെയ്ത തമിഴ്ചിത്രം "മുന്താണൈ മുടിച്ച്" ആയിരുന്നു. വൻ വിജയമായ മുന്താണൈ മുടിച്ച് ഉർവശിയുടെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവായി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ  ആണ് ഉർവശി നായികയായ ആദ്യ മലയാള സിനിമ. 1985 - 95 കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി. 500ൽ അധികം മലയാളചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ് എന്നിവകൂടാതെ തെലുങ്കു,കന്നഡ,ഹിന്ദി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിമാത്രമല്ല കഥാകൃത്തും കൂടിയാണ് ഉർവശി. ഉത്സവമേളം,പിടക്കോഴികൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെകഥ ഉർവശി എഴുതിയതാണ്. പിടക്കോഴികൂവുന്ന നൂറ്റാണ്ടിന്റെ നിർമ്മാതാവു കൂടിയാണ് ഉർവശി.

അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ഉർവശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്നാട് സംസ്ഥാന അവാർഡും.

1989: Kerala State Film Award for Best Actress - Mazhavil Kavadi, Varthamanakalam
1990: Kerala State Film Award for Best Actress - Thalayanamanthram
1991: Kerala State Film Award for Best Actress - Bharatham, Mukha Chithram, Kakkathollayiram, Kadinjool Kalyanam
1995: Kerala State Film Award for Best Actress - Kazhakam
2006: Kerala State Film Award for Best Actress - Madhuchandralekha

1995: Kalaivanar Award for Best Actress by Tamil Nadu Government.

2006ൽ മികച്ച സഹനടിയ്ക്കുള്ള അവാർഡ് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയ്ക്കു ലഭിച്ചു.

പ്രശസ്ഥ ചലച്ചിത്ര നടൻ മനോജ് കെ ജയനെയാണ് ഉർവശി വിവാഹം ചെയ്തത്. 2000 ത്തിൽ ആയിരുന്നു വിവാഹം. 2008 ൽ അവർ വിവാഹമോചിതരായി. ആ ബന്ധത്തിൽ ഒരു മകളുണ്ട്. പേര് തേജാലക്ഷ്മി. 2013 ൽ ഉർവശി ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതിൽ ഒരു മകനും ഉർവശിയ്ക്കു ജനിച്ചു, പേര് ഇഷാൻ പ്രജാപതി. സിനിമയ്ക്കു പുറമേ ഉർവശി ടെലിവിഷൻ ഷോകളിലും, സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്.