ശാരദ

Submitted by Kiranz on Tue, 09/14/2010 - 00:25
Name in English
Sarada
Date of Birth

1945 ജൂണ്‍ 25 ന് ആന്ധ്രയിലെ തെന്നാലിയില്‍  വെങ്കിടേശ്വര റാവുവിന്റെയും മലയാളിയായ സത്യവതിദേവിയുടെയും മകളായി ജനനം. യഥാർത്ഥ നാമം സരസ്വതി ദേവി. അമ്മയുടെ നിർബന്ധപ്രകാരം സംഗീത പഠനം ആരംഭിച്ചുവെങ്കിലും അത് മുഴുമിപ്പിച്ചില്ല. ആറാം വയസ്സ് മുതൽ ഡാൻസ് പഠിച്ചു തുടങ്ങി.  അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ മാറി മാറി താമസിച്ചത് വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. പിന്നീട് അമ്മൂമ്മക്കൊപ്പം ചെന്നെയിൽ നിന്നാണ് അവർ ഡാൻസ് പഠിച്ചത്. അവർ ഡാൻസ് പഠിച്ച സ്കൂളിലെ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവർ പത്താം വയസ്സിൽ  കന്യാസുല്‍കത്തില്‍ അഭിനയിച്ചു. അതിനു മുന്നേ തെലുങ്കിൽ അഭിനയിക്കാനായി അവസരം ലഭിച്ചുവെങ്കിലും സെറ്റിലെത്തിയപ്പോൾ സഭാകമ്പം മൂലം അഭിനയിക്കാതെ തിരികെ പോരുകയായിരുന്നു. പിന്നീട് ഇതരമുത്ത് എന്ന സിനിമയില്‍ അഭിനയിച്ചു. നന്നായി ഡാൻസ് കളിച്ചത് അവരെ നാടകത്തിൽ എത്തിച്ചു.  ഇന്ത്യന്‍ പീപ്പിള്‍ തിയേറ്ററിന്റെ (ഇപ്റ്റ) 'ഇരുമിത്രലു', 'അണ്ണാ ചൊല്ലലു' തുടങ്ങിയ നാടകങ്ങളിലെ അഭിനയം ശ്രദ്ധയാകർഷിച്ചതോടെ സിനിമയിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു.

തൻട്രലു കൊടുക്കലു എന്നതായിരുന്നു ആദ്യത്തെ തെലുങ്ക്‌ ചിത്രം. ഇദ്ദാരു മിത്രാലു എന്ന രണ്ടാമത്തെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തെലുങ്കിൽ കാര്യമായ വേഷങ്ങൾ ലഭിച്ചില്ല എങ്കിലും തമിഴിൽ നിരവധി വേഷങ്ങൾ ലഭിച്ചു. ശിവാജിഗണേശന്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. കന്നട സനിമയില്‍ തിളങ്ങി നിലക്കുമ്പോഴായിരുന്നു ഇണപ്രാവുകള്‍ എന്ന ചിത്രത്തിനായി കുഞ്ചാക്കോ അവരെ സമീപിക്കുന്നത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരായ 'റാഹേല്‍' എന്നത് പുതുമുഖ നടിയുടെ പേരാക്കി കുഞ്ചാക്കോ സിനിമയുടെ പ്രചാരണ നോട്ടീസുകൾ ഇറക്കി എങ്കിലും, തെലുങ്കില്‍ സിനിമാഭിനയം തുടങ്ങിയകാലത്തെ ശാരദ എന്ന പേരവർ  മലയാളത്തിലും സ്വീകരിക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളികളുടെ മനം കവർന്ന ശാരദക്ക് മലയാള സിനിമ ദുഃഖപുത്രി പ്രതിച്ഛായ ചാര്‍ത്തിക്കൊടുത്തു. എന്നിരുന്നാലും വൈവിധ്യമാർന്ന വേഷങ്ങൾ അവർക്ക് ലഭിച്ചത് തെലുങ്കിൽ ആയിരുന്നു.  അവർ ആക്ഷൻ റോളുകളും, തീപ്പൊരി സംഭാഷങ്ങൾ പറയുന്ന കഥാപാത്രമായും, കോമേഡിയനായുമെല്ലാം തെലുങ്കിൽ അഭിനയിച്ചു.  

1968 ൽ വിന്സെന്റ് സംവിധാനം ചെയ്ത തുലാഭാരം, 1972 ൽ അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്വയംവരം, 1977 ൽ തെലുങ്ക്‌ ചിത്രമായ നിമഞ്‌ജനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവർക്ക് ഉർവശ്ശി അവാർഡ് ലഭിച്ചു. തുലാഭാരത്തിന്റെ  തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ശാരദതന്നെയായിരുന്നു നായിക. താര, ത്രിവേണി എന്നീ സിനിമകളിലെ അഭിനയത്തിന് 1970 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അവരെ തേടി എത്തി. എലിപ്പത്തായത്തിൽ അഭിനയിച്ച ശേഷം വളരെ വിരളമായി മാത്രമേ ശാരദ മലയാളത്തിൽ അഭിനയിച്ചുള്ളൂ. അഭിനയപ്രാധാന്യമേറിയ വേഷങ്ങളുണ്ടായിരുന്ന ഒരു മിന്നാമിങ്ങിന്റെ നുറുങ്ങുവെട്ടവും കാശ്മീരവും ചെയ്തതൊഴിച്ചാൽ, ഒരു നീണ്ട ഇടവേളക്ക് ശേഷം മഴത്തുള്ളിക്കിലുക്കത്തിലൂടെയാണു അവർ മലയാളത്തിൽ തിരികെ എത്തിയത്. രാപ്പകൽ, നായിക, അമ്മയ്ക്കൊരു താരാട്ട് എന്നിവയാണ് അവർ അതിനു ശേഷം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. മലയാളം, തെലുങ്ക്‌, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി 400-ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമേ ഭദ്രദീപം എന്നൊരു ചിത്രം നിർമ്മിച്ചു.

പലരുടെയും നിർബന്ധത്തിനു വഴങ്ങി രാഷ്ട്രീയത്തിൽ ഇറങ്ങുകയും തെലുങ്കുദേശം പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു എം പി ആകുകയും ചെയ്തു. ലോട്ടസ് ചോക്റ്റേറ്റ് എന്ന പേരിൽ അവർ ഒരു ചോക്ലേറ്റ് കമ്പനിയും നടത്തുന്നുണ്ട്. തന്റെ ആദ്യ തെലുങ്ക്‌ ചിത്രത്തിലെ നായകനായ ചലത്തെ വിവാഹം കഴിച്ചുവെങ്കിലും അവർ പിന്നീട് വേർപിരിഞ്ഞു.

പ്രൊഫൈൽ ചിത്രം കടപ്പാട് : മാതൃഭൂമി