മലയാള ചലച്ചിത്രനടൻ, ടി വി സീരിയൽ അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ മേഖലകളിൽ പ്രശസ്തനാണ്. 1966 മെയ് 25ന് തിരുവനന്തപുരത്ത് ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും മുൻ മന്ത്രിയുമായ ബാലകൃഷ്ണപ്പിള്ളയാണ് ഗണേഷ്കുമാറിന്റെ പിതാവ്. 1985-ൽ കെ ജി ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ സിനിമാപ്രവേശം. തുടർന്ന് സപ്പോർട്ടിംഗ് റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും അദ്ദേഹം സിനിമയിൽ നിറഞ്ഞു നിന്നു.
മോഹൻലാൽ നായകനായ "ചെപ്പ്" എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലൻ വേഷം നിരൂപക പ്രശംസ നേടിയതാണ്. രാക്കുയിലിൻ രാഗസദസ്സിൽ,സംഘം,ഒരു മുത്തശ്ശിക്കഥ, കമ്മീഷണർ.... എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങൾ ചെയ്തു. ഏകദേശം ഇരുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990-കളിലാണ് ഗണേഷ് കുമാർ സിനിമയിൽ സജീവമായിരുന്നത്. 2000-ത്തിന്റെ തുടക്കത്തിൽ അദ്ദേഹം അച്ഛൻ ബാലകൃഷ്ണപ്പിള്ളയുടെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ഇറങ്ങി. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം എൽ എ ആവുകയും മന്ത്രിയാവുകയും ചെയ്തു.
മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതോടെ ഗണേഷ്കുമാർ സെലക്ടീവായിമാത്രം സിനിമകൾ ചെയ്യാൻ തുടങ്ങി. വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നത് അദ്ദേഹം ഒഴിവാക്കി. തന്റെ രാഷ്ട്രീയ ഇമേജിന് നെഗറ്റീവ് റോളുകൾ മോശമായി ബാധിയ്ക്കും എന്നു കരുതിയാണ് അദ്ദേഹം അങ്ങിനെയുള്ള വേഷങ്ങളിൽ അഭിനയിക്കാതിരുന്നത്. സപ്പോർട്ടിംഗ് റോളുകളിലും,കോമഡി റോളുകളിലുമാണ് അദ്ദേഹം പിന്നീട് അഭിനയിച്ചത്. സിനിമകളോടൊപ്പം ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
സൂര്യ ടി വിയിലെ "മാധവം" എന്ന സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടെലിവിഷൻ അഭിനേതാവിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അദ്ദേഹം കരസ്ഥമാക്കി. 2008-ൽ ഫ്രെയിം മീഡിയ ഗാലപ്പ് പോളിൽ മികച്ച നടനുള്ള അവാർഡ്, അമൃത ടി വിയിലെ "അളിയന്മാരും പെങ്ങന്മാരും" സീരിയലിലെ അഭിനയത്തിന് ഗണേഷ് കുമാറിന് ലഭിച്ചു.
ഗണേഷ്കുമാർ വിവാഹിതനായത് 1994 മെയ് 20-നായിരുന്നു. വധു ഡോക്ടർ യാമിനി തങ്കച്ചി. ഗണേഷ് - യാമിനി ദമ്പതികൾക്ക് രണ്ട് കുട്ടികളാണിള്ളത്. ആദിത്യൻ,ദേവരാമൻ. ഗണേഷ്കുമാറും യാമിനി തങ്കച്ചിയും കുറച്ചു വർഷങ്ങൾക്കു ശേഷം വിവാഹമോചിതരായി. പിന്നീട് ഗണേഷ് ഏഷ്യാനെറ്റിൽ ഉദ്യോഗസ്ഥയായ ബിന്ദുനേനോനെ 2014 ജനുവരി 24ന് വിവാഹം കഴിച്ചു.