തെന്നിന്ത്യൻ ചലച്ചിത്രനടൻ. തെക്കേവീട്ടിൽ എൻ കെ പണിക്കരുടെയും സുലോചനയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ 1960-ൽ ജനിച്ചു. ശങ്കറിനു നാലുവയസ്സു പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറ്റി. Indian Drugs and Pharmaceuticals Limited -ലെ മാനേജരായിരുന്ന അച്ഛന്റെ ജോലി ആവശ്യാർത്ഥമായിരുന്നു താമസം മാറ്റിയത്. ശങ്കറിന്റെ വിദ്യാഭ്യാസം St. Bede's Anglo Indian High School, Chennai.-ൽ ആയിരുന്നു. Gadwarl University, Rishikesh-ൽ നിന്നുമാണ് ശങ്കർ ചരിത്രത്തിൽ ബിരുദം നേടിയത്, അതിനുശേഷം അദ്ദേഹം South Indian Film Chambers -ൽ നിന്നും രണ്ടുവർഷത്തെ ഒരു അഭിനയ കോഴ്സ് പഠിച്ചു. 1980-ൽ ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശങ്കർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. നായകനാകുന്നതിന് നൂറോളം പേരെ പരീക്ഷിച്ചതിനുശേഷമാണ് ശങ്കറിനെ തിരഞ്ഞെടുത്തത്. ഒരു തലൈ രാഗം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ശങ്കറിന്റെ രണ്ടാമത്തെ സിനിമ മലയാളത്തിലായിരുന്നു. നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. വലിയ വിജയം നേടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തമിഴിലെപ്പോലെ മലയാളത്തിലും ശങ്കറിനെ സ്റ്റാറാക്കിമാറ്റി. ഒരേ സമയം രണ്ടു ഭാഷകളിലും ശങ്കർ സ്റ്റാറായിവളർന്നു. പ്രേംനസീറിനും ജയനും ശേഷം മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനായി ശങ്കർ.
തുടരെ തുടരെ ഹിറ്റുകളുമായി ശങ്കർ മലയാളത്തിൽ നിറഞ്ഞുനിന്നു. തമിഴിനെക്കാൾ അദ്ദേഹം കൂടുതൽ ശ്രദ്ധകൊടുത്തത് മലയാള സിനിമയിലായിരുന്നു. അത് തമിഴ് സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായി. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി യിലെ നായകൻ ശങ്കറായിരുന്നു. ശങ്കർ 1987 വരെ മലയാളത്തിൽ മുൻനിര നായകനായി തുടർന്നു. ശങ്കറിന്റെ നായികമാരിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മേനകയെയായിരുന്നു. ശങ്കർ -മേനക ജോടികൾ അഭിനയിച്ച സിനിമകൾ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു. ശങ്കർ തൊണ്ണൂറുകളിൽ കിഴക്കുണരും പക്ഷി അടക്കം ചില സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു, പിന്നീട് അദ്ദേഹം കാരക്ടർ റോളുകളിലേയ്ക്ക് മാറി.
ശങ്കർ 2006-ൽ ബാലവേല വിഷയമാക്കി കത്തി എന്നൊരു വീഡിയോ ഫിലിം സംവിധാനം ചെയ്തു. 2007-ൽ അദ്ദേഹം വൈറസ് എന്ന ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തു ശങ്കർ സംവിധാനം ചെയ്ത ആദ്യ കോമേഴ്സൽ സിനിമ കേരളോത്സവം ആയിരുന്നു. 2015-ൽ സാൻഡ് സിറ്റി എന്ന തമിഴ്-മലയാളം സിനിമ അദ്ദേഹം സംവിധാനം ചെയ്തു, സിനിമ നിരുപക പ്രശംസ നേടി.
ശങ്കറിന്റെ ആദ്യ ഭാര്യയുടെ പേര് രൂപരേഖ. ആ ബന്ധം പിരിഞ്ഞതിനുശേഷം ശങ്കർ വീണ്ടും വിവാഹിതനായി. ഡാൻസ് ടീച്ചറായ ചിത്ര ലക്ഷ്മിയെയാണ് അദ്ദേഹം രണ്ടാമത് വിവാഹം ചെയ്തത്.
- 3006 views