മലയാള ചലച്ചിത്ര നടൻ. 1956 മാർച്ച് 5ന് പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും, വിജയകുമാരിയുടെയും മകനായി കൊല്ലംജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. ഇൻഫാൻട് ജീസസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകേഷ് കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ബി എസ് സി ബിരുദവും നേടി. അതിനുശേഷം തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്നും നിയമത്തിൽ ബിരുദവും കരസ്തമാക്കി.
നാടക അഭിനേതാക്കളായിരുന്ന തന്റെ മാതാപിതാക്കളോടൊപ്പം നാടകവേദികളുമായുള്ളപരിചയം അഭിനയത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തിനു പകർന്നുനൽകി. പഠനശേഷം നാടകാഭിനയവുമായി കഴിഞ്ഞുപോന്ന മുകേഷിന് നാടകത്തിലെ അഭിനയപരിചയം സിനിമയിലേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കി. 1982ൽ റിലീസ് ചെയ്ത ബലൂൺ ആയിരുന്നു മുകേഷിന്റെ ആദ്യ സിനിമ. ആ വർഷം തന്നെ ഇറങ്ങിയ ഇതു ഞങ്ങൾടെ കഥ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു റോൾ ചെയ്തു. 1985ൽ റിലീസ് ചെയ്ത മുത്താരം കുന്ന് പി ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ പ്രശസ്തനാക്കി. തുടർന്ന് അദ്ദേഹം ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അഭിനയിച്ചു,
മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം മുകേഷിനെ മലയാളത്തിലെ മുൻനിര നായകനായിമാറ്റി. ഇൻ ഹരിഹർനഗർ, കൗതുകവാർത്തകൾ, തൂവൽസ്പർശം, ഗോഡ്ഫാദർ...എന്നിങ്ങനെ ധാരാളം ഹിറ്റ് സിനിമകൾ മുകേഷിന്റെതായി ഇറങ്ങി. തൊണ്ണൂറുകളിൽ ആയിരുന്നു മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. മുകേഷ് - മോഹൻലാൽ മുകേഷ് - ജയറാം, മുകേഷ് - ജഗദീഷ് കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് സിനിമകൾ ഇറങ്ങിയിരുന്നു. കുറച്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറി കാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി. വിനോദയാത്ര, ഉദയനാണുതാരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതിനേടിയെടുത്തു. മുകേഷ് ഒരു നിർമ്മാണ കമ്പനി തുടങ്ങുകയും 2007ൽ കഥപറയുമ്പോൾ എന്ന സിനിമ നിർമ്മിയ്ക്കുകയും ചെയ്തു. തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സിനിമ കൂടി നിർമ്മിച്ചു. മുകേഷ് പല ചാനലുകളിലും പ്രശസ്തമായ ഷോകൾ ചെയ്തിട്ടുണ്ട്.
മുകേഷ് രാഷ്ട്രീയത്തിൽ ഒരു ഇടതുപക്ഷ വിശ്വാസിയായിരുന്നു. 2016ൽ സി പി എം സ്താനാർത്ഥിയായി ഇലക്ഷനുനിന്ന് വിജയിച്ച് അദ്ദേഹം കേരള നിയമസഭയിൽ എം എൽ എ ആയി.
മുകേഷിന് രണ്ടു സഹോദരിമാരാണുള്ളത്. സന്ധ്യ രാജേന്ദ്രൻ, ജയശ്രീ. സന്ധ്യയും ഭർത്താവ് രാജേന്ദ്രനും സിനിമാ നാടക അഭിനേതാക്കളാണ്. 1988ലാണ് മുകേഷ് വിവാഹിതനാവുന്നത്. പ്രശസ്ത തെന്നിന്ത്യൻ നടി സരിതയായിരുന്നു വധു. ആ ബന്ധത്തിൽ രണ്ടു മക്കളാണ് ഉള്ളത്. ശ്രാവൺ, തേജസ്. 2011ൽ മുകേഷും സരിതയും വിവാഹമോചിതരായി. മുകേഷ് പിന്നീട് പ്രശസ്ത നർത്തകി മേതി ദേവികയെ വിവാഹം ചെയ്തു.
- 10859 views