പൂച്ചാക്കൽ ഷാഹുൽ ഹമീദ്

Submitted by Baiju T on Sat, 01/02/2010 - 20:38
Name in English
Poochakal Shaul Hameed
Date of Birth
Artist's field

ഗാനരചയിതാവ്, കഥാകൃത്ത്, അഭിനേതാവ് (നാടകം)

1965 മുതൽ അഭിനേതാവായും ഗാനരചയിതാവായും പ്രശസ്തമായ നാടകസംഘങ്ങളിൽ പ്രവർത്തിക്കുന്നു. മതിലുകൾ ഇടയുന്നു, ആത്മബലി, വൈരൂപ്യങ്ങൾ, ബോധിവൃക്ഷം എന്നിവ ഇദ്ദേഹം സഹകരിച്ച നാടകങ്ങളിൽ ചിലതുമാത്രം.  വൈരൂപ്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു. വിവിധ ട്രൂപ്പുകൾക്കായി ആയിരത്തിലധികം നാടകഗാനങ്ങൾ എഴുതിയിട്ടുണ്ട്.  2011ലെ മികച്ച ഗാനരചയിതാവിനുള്ള കേരളസംഗീതനാടക അക്കാദമി പുരസ്കാര ജേതാവാണ്. 

പ്രസിദ്ധ സംഗീതസംവിധായകരായ എം എസ് ബാബുരാജ്, ദക്ഷിണാമൂർത്തി, എം കെ അർജ്ജുനൻ, കുമരകം രാജപ്പൻ, കലവൂർ ബാലൻ, വൈപ്പിൻ സുരേന്ദ്രൻ, ആലപ്പി വിവേകാനന്ദൻ, ആലപ്പി ഹൃഷികേശ്, ടി എസ് രാധാകൃഷ്ണൻ എന്നിവരുമായി പ്രവർത്തിച്ചിട്ടുണ്ട്.നാടകഗാനരചനയാണ് ഷാഹുൽ ഹമീദിന്റെ തട്ടകം.  ഇദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ടി എസ് രാധാകൃഷ്ണൻ ഈണം പകർന്ന സായിപ്രസാദം, ബാംഗ്ലൂർ ആർട്ട്സുമായി സഹകരിച്ചൊരുക്കിയ 'ഹൃദയമൊരു ആൽത്തറ' എന്നിവ ജനശ്രദ്ധനേടി. അഴിമുഖം, ഹോട്ടൽ കാവേരി, മല്ലനും മാതേവനും, നിന്നെപ്പിന്നെക്കണ്ടോളാം എന്നീ ചലച്ചിത്രങ്ങൾക്കും ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.

സാഹിത്യരഥ്യയിലേക്കു വെളിച്ചം കാണിച്ചത് പൂച്ചാക്കൽ യംഗ് മെൻസ് വായനശാലയാണ്. പഠനകാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കേരളനാദംദിനപത്രം നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടി. ചെറുകഥകളും കവിതകളും വിവിധ ആനുകാലികങ്ങളിലൂടെ സഹൃദയസമക്ഷമെത്തി.

തൈക്കാട്ടുശേരി എസ് എം എസ് ജെ ഹൈസ്കൂൾ, സിയെമ്മെസ് കോളേജ് കോട്ടയം, മട്ടാഞ്ചേരി റ്റി ഡി ട്രെയ്നിങ്ങ് സ്കൂൾ, മൂത്തകുന്നം ട്രെയ്നിങ്ങ് കോളേജ് (ബി-എഡ്) എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാളം ബി എ, എം എ ബിരുദങ്ങൾ നേടിയിട്ടുണ്ട്.

ഇടപ്പള്ളി ഫിഷറീസ് സ്കൂളിൽ 1962ൽ അധ്യാപകനായി. ഭാഷാധ്യാപകനായി വിവിധ സ്കൂളുകളിൽ പ്രവർത്തിച്ച് 35 വർഷത്തിനുശേഷം ഹെഡ്മാസ്റ്ററായി വിരമിച്ചു. 

 218 നാടകങ്ങളിലെ തെരഞ്ഞെടുത്ത 708 പാട്ടുകളുടെ സമാഹാരം "രംഗഗീതങ്ങൾ" എന്ന പേരിൽ പുസ്തകമാക്കപ്പെട്ടിട്ടുണ്ട്. നിവേദ്യം (നോവൽ) മൊഴി, തേനുംവയമ്പും (കവിതകൾ), ആത്മാവിന്റെ സ്വകാര്യങ്ങൾ (കഥകൾ) എന്നിവയാണ് മറ്റുപുസ്തകങ്ങൾ.

പുരോഗമന കലാസാഹിത്യസംഘം, ചേർത്തല സംസ്കാര, ചിന്തന സാഹിത്യവേദി, സംസ്കാരസാഹിതി, പിറവി, ചിന്താവേദി എന്നിവയുമായി ബന്ധപ്പെട്ട് ഇപ്പോഴും കലാസപര്യ തുടരുന്നു.

മാതാപിതാക്കൾ: കോട്ടയം പനച്ചിമൂട്ടിൽ അബുഹനീഫ, പൂച്ചാക്കൽ കണ്ണാട്ടുവെളിയിൽ ആത്തിക്കാബീവി.

ഭാര്യ: മറിയംബീവി (അമ്പി ടീച്ചർ).

മക്കൾ: റസ്സൽ ഷാഹുൽ (സീനിയർ ഫൊട്ടൊഗ്രഫർ, മനോരമ), റാഫി ഷാഹുൽ (അസിസ്റ്റന്റ്--കേരള ഹൈക്കോടതി ).