പ്രതാപ് സിംഗ്

Name in English
Pratap Singh

1967ല്‍മുള്‍ക്കിരീടം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് സിനിമാ രംഗത്തെത്തിയതാണ് പ്രതാപ് സിംഗെന്ന പ്രദീപ് സിംഗ്. 1974ല്‍ മികച്ച നാടക സംഗീതത്തിനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. മുള്‍ക്കിരീടം, മുത്ത് എന്ന രണ്ടു സിനിമകള്‍ക്കു മാത്രം സംഗീതം നല്‍കി മലയാളസംഗീതത്തില്‍ വ്യത്യസ്തനായി നില്‍ക്കുന്ന സംഗീതസംവിധായകനാണദ്ദേഹം.1935-ല്‍ ചെറായിയിൽ അദ്ധ്യാപക ദമ്പതികളുടെ മകനായി ജനിച്ച പ്രതാപ് സിങ്ങ്, പാരമ്പര്യം പോലെ അദ്ധ്യാപകനായി തന്റെ ജീവിതം ആരംഭിച്ചുവെങ്കിലും പിന്നീട് എഞ്ചിനീയറായി.ആദ്യനാളുകളില്‍ ഗാനമേളകളില്‍ പാടുകയും പതിനഞ്ചോളം നാടകങ്ങള്‍ക്ക് ഈണം നല്‍കുകയും ചെയ്ത പ്രതാപ്സിങ്ങ് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാ . സംഗീതാദ്ധ്യാപികയായ അമ്മയില്‍ നിന്നും കിട്ടിയ സംഗീതാഭിരുചിയായിരുന്നു ആകെയുള്ള കൈമുതല്‍ . അമ്മ പാടുന്നതുകേട്ട് രാഗവും സ്വരസ്ഥാനങ്ങളും ഭാവങ്ങളും മനസില്‍ പതിഞ്ഞുകിടന്നതുമാത്രമാണ് തന്റെ സംഗീതപഠനമെന്നാണ് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

പ്രശസ്ത സംവിധായകനായ എന്‍ എന്‍ പിഷാരടിയുടെ ‘മുള്‍ക്കിരീട‘മെന്ന ചിത്രത്തിനു 1966-ല്‍   സംഗീതം നല്‍കിയാണ് അദ്ദേഹം സിനിമാലോകത്തെത്തിയത്. ട്യൂണിനനുസരിച്ച് ഗാനങ്ങളെഴുതുകയെന്നത് മലയാള സിനിമയില്‍  കീഴ്വഴക്കമില്ലാതിരുന്ന കാലത്ത്,  1967-ല്‍ പുറത്തിറങ്ങിയ മുള്‍ക്കിരീടമെന്ന ചിത്രത്തിലെ നാലു ഗാനങ്ങള്‍ക്കും ചിട്ടവട്ടങ്ങള്‍ തെറ്റിച്ച് ആദ്യം ട്യൂണുണ്ടാക്കുകയും അതിനനുസരിച്ച് പി. ഭാസ്കരന്‍ വരികളെഴുതുകയുമാണ് ചെയ്തത്.
ഇതില്‍ എസ് ജാനകി പാടിയ ‘കുളികഴിഞ്ഞുകോടിമാറിയ ‘ എന്ന ഗാനം എക്കാലത്തെയും  പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.

ഏകദേശം ഒരു ദശാബ്ദത്തിനുശേഷം 1976 ല്‍ എന്‍ എന്‍ പിഷാരടിയുടെ തന്നെ  ‘മുത്ത്‘ എന്ന ചിത്രത്തിനു വേണ്ടി വീണ്ടും സംഗീതസംവിധാനം നിര്‍വ്വഹിച്ചു. മറ്റൊരു പുതിയപരീക്ഷണത്തിനു തുടക്കമിട്ട സിനിമയായിരുന്നു അത്. ഒരു സ്റ്റുഡിയോയിലല്ലാതെ തൃശ്ശൂരിലെ ഒരു ഹാളില്‍ വെച്ചാണ് ഇതിന്റെ റെക്കോർഡിംങ്ങ് നടന്നത്. ഇതില്‍ പുതുമുഖ ഗായിക രാധാവിശ്വനാഥ് പാടിയ ‘വിമൂകശോക സ്മൃതികളുണര്‍ത്തി വീണ്ടും പൌര്‍ണ്ണമി വന്നു... ‘ എന്ന ഗസല്‍ പലതരത്തിലും പ്രത്യേകതകളുള്ള ഒരു പാട്ടാണ്. അനിയത്തിപാടുന്നതുകേട്ടു പഠിച്ച രാധികാ വിശ്വനാഥ് ആദ്യമായും അവസാനമായും സിനിമയില്‍ പാടിയ ഗാനമിതാണ്.  

സിനിമ കൃത്രിമത്വത്തിന്റെയും നാട്യത്തിന്റെയും  ലോകമാണെന്നും, ആത്മാര്‍ത്ഥമായ സ്നേഹബന്ധങ്ങള്‍ക്ക് അവിടെ പ്രസക്തി കുറവാണെന്നും, അവിടെയുള്ള പരിഹാസങ്ങള്‍, പ്രകടനാത്മകത,വിലകുറഞ്ഞഫലിതങ്ങള്‍,ഇവയൊന്നും തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നവയല്ലെന്നുള്ള തിരിച്ചറിവാണ്  ഇത്രനാളും സിനിമാലോകത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.ഔദ്യോഗികജീവിതത്തിനോടുള്ള പ്രതിബദ്ധതയാണ് സംഗീതത്തില്‍ നിന്ന് അകന്നു  നില്‍ക്കാന്‍ മറ്റൊരു കാരണം.നാലുദശാബ്ദങ്ങള്‍ക്കു ശേഷം  സംഗീതലോകത്തേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രതാപ് സിങ്ങ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഈണം നല്‍കിയ, ലോകം കേള്‍ക്കാത്ത  ശ്രുധിമധുരമായ മെലഡീകള്‍ പുതിയ പശ്ചാത്തലസംഗീതത്തില്‍ , വേണുഗോപാലിന്റെയും ഗായത്രിയുടെയും മഞ്ജരിയുടേയുമൊക്കെ ശബ്ദത്തില്‍ ആല്‍ബമായി തയ്യാറാവുന്നു.

പി.എച്ച്.ഇ.ഡി.യില്‍ഡ്രാഫ്റ്റ്സ്മാനായിരിക്കേ 1961ല്‍തങ്കമണിയെ വിവാഹം കഴിച്ചു. മൂന്നു മക്കള്‍- ശ്രീകല, ശ്രീലത, പ്രദീപ്. മേല്‍‌വിലാസം: പ്രദീപ് സിംഗ്, ശ്രീരാഗം, കനാല്‍റോഡ്, തോട്ടയ്ക്കാട്ടുകര, ആലുവ.