കെ എൽ ശ്രീറാം

Submitted by Kiranz on Sat, 02/14/2009 - 19:42
Name in English
K L Sreeram
Date of Birth
Alias
പാലക്കാട് ശ്രീറാം
Palakkad Sreeram

1972 ഫെബ്രുവരി പതിനാറിന് ശ്രീമതി ജയലക്ഷ്മിയുടെയും ശ്രീ.കെ എസ് ലക്ഷ്മി നാരായണന്റെയും മകനായി പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള കാവശ്ശേരിയെന്ന ഗ്രാമത്തിൽ ജനനം.

കുട്ടിക്കാലത്ത് അമ്മയിൽ നിന്നും പിന്നീട് ശ്രീ.സുന്ദരേശ്വര ഭാഗവതരിൽ നിന്നും സംഗീത പാഠങ്ങൾ അഭ്യസിച്ചു.  സംഗീത ഉപകരണങ്ങളോടുള്ള താല്പര്യവും കഠിന പരിശീലനവും  ഗമകങ്ങളുടെയും കൈതാളങ്ങളുടെയുമൊക്കെ വിദ്വാനാക്കി മാറുന്നതിൽ അദ്ദേഹത്തെ സഹായിച്ചു. കർണാടിക് വോക്കൽ പ്രൊഫഷണൽ സംഗീതജ്ഞനും  ചലച്ചിത്ര പിന്നണി ഗായകനും, അറിയപ്പെടുന്ന പുല്ലാങ്കുഴൽ വിദഗ്ദനും കീബോർഡ് ആർട്ടിസ്റ്റുമാണ് അദ്ദേഹം.മൃദംഗമുൾപ്പടെ ഒന്നിലധികം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും  കർണ്ണാടക-വെസ്റ്റേൺ സംഗീതങ്ങളെ ഫ്യൂഷനാക്കി അവതരിപ്പിക്കാനും വൈദഗ്ദ്യം നേടിയിട്ടുണ്ട്.നിരവധി തവണ കലാപ്രതിഭയായിരുന്ന കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം റാങ്കോടെ പൂർത്തിയാക്കിയതിനു ശേഷം മദ്രാസിലെത്തി. 1996 മുതൽ നിരവധി ചലച്ചിത്രങ്ങൾക്കും  സംഗീതസംവിധായകർക്കും വേണ്ടി പുല്ലാങ്കുഴൽ വാദകനായിരുന്നു ശ്രീറാം. എ ആർ റഹ്മാന്റെ പുതു ജനറേഷൻ സംഗീതജ്ഞരുടെ കൂട്ടത്തിലെത്തിയതോടെ ശ്രീറാമിന് സംഗീതത്തിലുണ്ടായിരുന്ന മറ്റ് പല കഴിവുകളും രംഗത്തെത്താൻ കാരണമായി. മേൽസ്ഥായിയിൽ പാടാനുള്ള ശ്രീറാമിന്റെ കഴിവ് വളരെ വിദഗ്ദമായി പല സിനിമകൾക്ക് വേണ്ടിയും റഹ്മാൻ ഉപയോഗപ്പെടുത്തിയിരുന്നു. റഹ്മാനൊപ്പം ഹാരിസ് ജയരാജും ഇളയരാജ,വിദ്യാസാഗർ,മണിശർമ്മ എന്ന് തുടങ്ങി തമിഴിലെയും തെലുങ്കിലെയും മിക്ക സംഗീതസംവിധായകരും ശ്രീറാമിനെ തങ്ങളുടെ ഇഷ്ടമുള്ളൊരു പാട്ടുകാരനാക്കി. നാലുവർഷത്തോളം ശ്രീ.ദക്ഷിണാമൂർത്തി സ്വാമിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഏകദേശം നൂറോളം ചലച്ചിത്രഗാനങ്ങൾ തമിഴിലും തെലുങ്കിലുമായി ആലപിച്ചു. പാർത്താലേ പരവശം എന്ന ചിത്രത്തിൽ ശിവമണിയുടെ മേളത്തോടൊപ്പം ആലപിച്ച “ലവ് ചെക്ക്” എന്ന ഗാനം വളരെ വ്യത്യസ്തമായിരുന്നു.ശ്രീറാമിനെ ഏറ്റവും ശ്രദ്ധേയനാക്കിയത് പടയപ്പയുടെ ടൈറ്റില്‍ സോംഗ് ആണ്‌.സ്ലംഡോഗ് മില്യനയറില്‍ മധുമിതയോടൊപ്പമുള്ള ലിക്വിഡ് ഡാന്‍സ്, താജ് മഹലിലെ തിരുപ്പാച്ചി അറിവാളാ എന്നിവയും ശ്രീറാമിന് ശ്രദ്ധ നേടിക്കൊടുത്ത ഗാനങ്ങളാണ്.

“കടമിഴിയിൽ കമലദളം – തെങ്കാശിപ്പട്ടണം” , “പൊട്ടുകുത്തെടി –രാവണപ്രഭു” ,”ഇന്ദുമതി-രാക്ഷസരാജാവ്”  തുടങ്ങിയ മലയാള ഗാനങ്ങൾ ഹിറ്റായി മാറി. മഴമേഘപ്രാവുകൾ,മേൽവിലാസം ശരിയാണ് എന്നീ രണ്ട് മലയാളചിത്രങ്ങൾക്ക് ശ്രീറാം സംഗീതസംവിധായകനായിരുന്നു. നിരവധി സംഗീത ആൽബങ്ങൾ,പ്രശസ്തമായ റീമിക്സ്,ഫ്യൂഷൻ ആൽബങ്ങൾ എന്നിവ സംഗീതസംവിധാനം നിർവ്വഹിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഹേർട്ട് ബീറ്റ്,സിൽക്ക് റൂട്ട് തുടങ്ങിയ ഫ്യൂഷൻ സംഗീതസംരംഭങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീറാം. ചലച്ചിത്രങ്ങൾക്ക് പുറമേ മറ്റ് റെക്കോർഡിംഗുകൾക്കും ജിംഗിളുകൾക്കുമൊക്കെ ശബ്ദവും സംഗീതസാന്നിധ്യവുമാണ്. ഏഷ്യാനെറ്റ്-കൈരളി-അമൃത തുടങ്ങി  മലയാളത്തിലെ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലും വിധികർത്താവായിരുന്നു.സ്വന്തമായി ഒരു ഓഡിയോ കമ്പനി “സ്വരാർണവം” എന്ന പേരിൽ ആരംഭിച്ചു. സംഗീതജ്ഞയും വോക്കലിസ്റ്റുമായ ശ്രീമതി.ബേബിയാണ് ഭാര്യ. ഭരത്,അനഘ എന്ന് രണ്ട് കുട്ടികൾ.മകൻ ഭരത് "നവഗ്രഹ കീർത്തനങ്ങളുടെ" ഒരു ആൽബം പുറത്തിറക്കിയിട്ടുണ്ട്.പാലക്കാട് ശ്രീറാം എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.

(കർണ്ണാടക സംഗീതജ്ഞൻ,പിന്നണിഗായകൻ,പുല്ലാങ്കുഴൽ വാദകൻ )