രാധികാ തിലക്

Submitted by mrriyad on Sat, 02/14/2009 - 19:21
Name in English
Radhika Thilak
Date of Birth
Artist's field
Alias
രാധിക തിലക്

കൊച്ചി സ്വദേശിനി. കൊച്ചി രവിപുരത്തെ ശ്രീകണ്ഠത്ത് ജയതിലകിന്റെയും ഗിരിജാദേവിയുടേയും മകളായി ജനനം. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.അച്ഛൻ ജയതിലകിന്റെ അമ്മ തങ്കക്കുട്ടി രവിവർമ്മയും അച്ഛന്റെ സഹോദരി സുധാവർമ്മയും സംഗീതക്കച്ചേരികൾ നടത്തുന്ന സംഗീതജ്ഞർ ആയിരുന്നു. രാധികയുടെ വല്യമ്മയുടെ മകളാണ് ഗായിക സുജാത മോഹൻ. പ്ലസ് ടു കഴിഞ്ഞ സമയത്താണ് ആദ്യത്തെ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടൂക്കുന്നത്. ഗായകൻ ജി വേണുഗോപാലിനൊപ്പമായിരുന്നു ആദ്യത്തെ സ്റ്റേജ് ഷോ. കൊച്ചിയിൽ സ്കൂളിംഗും കോളേജു പഠനവും പൂർത്തിയാക്കിയ രാധിക സെന്റ് തെരേസാസ് കോളേജിൽ പഠിക്കുമ്പോൾ മൂന്നു വർഷം തുടർച്ചയായി ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടി കലാതിലകമായിരുന്നു. ഓൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലുമൊക്കെ ധാരാളം ലളിതഗാനങ്ങൾ പാടി. ദൂരദർശനു പുറമേ കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ മുഖ്യധാരാ ചാനലുകളിൽ സംഗീതപരിപാടികളുടെ അവതാരികയുമായിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഗാനങ്ങളും ടിവി  മറ്റ്  ടിവി പരിപാടികളുമാണ് രാധികയെ കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്തയാക്കി മാറ്റിയത്.  യേശുദാസ്,  ജി വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങിയ മുൻ നിരഗായകരോടൊപ്പം ഏറെ സ്റ്റേജ് ഷോകൾ പൂർത്തിയാക്കി. മലയാള സിനിമാ രംഗത്തും ശ്രദ്ധേയമായ ഹിറ്റുപാട്ടുകൾ പാടി. ബന്ധു കൂടിയായ ജി വേണുഗോപാലിനൊപ്പം 'ഒറ്റയാള്‍ പട്ടാളം' എന്ന ചിത്രത്തില്‍ ആലപിച്ച 'മായാമഞ്ചലില്‍...' എന്ന ഗാനത്തോടെയാണ് രാധിക സിനിമാ രംഗത്ത് ശ്രദ്ധേയയായത്. തുടര്‍ന്ന് ഗുരുവിലെ 'ദേവസംഗീതം നീയല്ലേ....', കന്മദത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' തുടങ്ങിയ ഗാനങ്ങള്‍ ഏറെ ഹിറ്റായി.

അഞ്ച് വര്‍ഷക്കാലത്തെ ദുബായ് ജീവിതത്തിനിടെ ഗള്‍ഫില്‍ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. രോഗബാധയെ തുടര്‍ന്ന് കുറച്ചുകാലമായി സംഗീതരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ബിസിനസ്സുകാരനായ സുരേഷ് കൃഷ്ണയാണ് രാധികയുടെ ഭര്‍ത്താവ്. മകള്‍ ദേവിക (എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനി, കളമശ്ശേരി ന്യുവാല്‍സ്). ക്യാൻസർ ചികിത്സയിലായിരിക്കേ 2015  സെപ്റ്റംബർ 20തിനു പനി ബാധിച്ചതിനേത്തുടർന്ന് മരണമടഞ്ഞു. ഏകദേശം ഒരു വർഷക്കാലം ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.45 വയസ്സായിരുന്നു മരിക്കുമ്പോൾ രാധികയുടെ പ്രായം.