നടൻ, നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്
പനക്കൂട്ടത്തിൽ ജോസഫ് തോമസിന്റെയും എലിസബത്തിന്റെയും മകനായി കൊച്ചിയിലെ പച്ചാളത്ത് ജനനം. വിദ്യാഭ്യസം ആലുവ അദ്വൈതാശ്രമത്തിൽ ആയിരുന്നു
ചെറുപ്പകാലത്തു തന്നെ അഭിനയം വളരെ ഇഷ്ടമായിരുന്ന ആന്റണി കൂട്ടുകാരുമൊത്ത് ഒരുപാട് വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടൊപ്പം പല നാടകങ്ങൾ എഴുതുകയും, അതിൽ ചിലതിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഏകദേശം 115ഓളം നാടകങ്ങൾ ഈ പ്രതിഭ നാടകലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ചിട്ടുള്ള നാടകങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് ഗാനരചന നടത്തിയിട്ടുള്ളത്.
പ്രതിഭ, പി ജെ എന്നിങ്ങനെ രണ്ട് നാടകസംഘങ്ങൾ സ്ഥാപിച്ചു. 1954ൽ അദ്ദേഹം മേരിയെ വിവാഹം കഴിച്ചു. ജോസഫ്(സിത്താറിസ്റ്റ്), എലിസബത്ത്(വക്കീൽ) എന്നിവരാണ് മക്കൾ.
1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ “രണ്ടിടങ്ങഴി” എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നു. പിന്നീട് “ മുടിയനായ പുത്രൻ”, “ അമ്മയെ കാണാൻ” തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എംടിയുടെ നിർമ്മാല്യത്തിൽ വെളിച്ചപ്പാടിന്റെ കഥാപാത്രമവതരിപ്പിച്ച് 1973ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കി. മലയാളസിനിമയിൽ നിന്നുള്ള ആദ്യ ഭരത് അവാർഡ് നേട്ടമായിരുന്നു അത്.
1968ൽ പുറത്തിറങ്ങിയ “ശീലാവതി” എന്ന ചിത്രത്തിനു കഥയും, തിരക്കഥയും രചിക്കുകയും 1973ൽ ഇറങ്ങിയ "പെരിയാർ" എന്ന ചിത്രത്തിനും, സുഹൃത്ത് എന്ന ചിത്രത്തിനും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും ചെയ്തു. അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ച പിജെ എഴുപതോളം ചിത്രങ്ങളുടെ സംഭാഷണങ്ങൾ രചിച്ചിട്ടുമുണ്ട് .
നാടകവും, സിനിമയും മാത്രമായിരുന്നില്ല, ഒരുപാട് വിപ്ലവഗാനങ്ങളും ലളിതഗാനങ്ങളും, “ഇതാ മനുഷ്യൻ”, “ഒരു ഗ്രാമത്തിന്റെ ആത്മാവ്” തുടങ്ങിയ നോവലുകളും അനേകം ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
“പുകച്ചുരുളുകൾ”, ”കലകവൻ”, ”നാലുദിവസങ്ങൾ”, “എണ്ണയില്ലാത്ത വിളക്ക്”, “ചിലമ്പൊലി”,“തകർന്ന വീണ”, “ആ മോക്ഷം നിങ്ങൾക്കു വേണ്ട” തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചെറുകഥകൾ.
പി എ ബക്കറിന്റെ “മണ്ണിന്റെ മാറിൽ” ആയിരുന്നു പി ജെ ആന്റണിയുടെ അവസാന ചിത്രം.1979ൽ മണ്മറഞ്ഞ ഈ പ്രതിഭ ഇന്നും മലയാള സിനിമയുടെ മുഖമുദ്രയായി നിലകൊള്ളുന്നു.