പി സുശീലാദേവി

Name in English
P Susheeladevi
Artist's field

സംഗീതത്തിന്റെ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച സുശീലാദേവിയുടെ അച്ഛൻ നന്നായി കവിതകൾ എഴുതിയിരുന്നു. മുത്തച്ഛൻ വിദ്വാൻ സി.ഐ ഗോപാലപിള്ള പ്രശസ്തനായ ഒരു കവി, അമ്മയും അമ്മൂമ്മയും സംഗീതം അഭ്യസിച്ചവർ, സുശീലാദേവിയുടെ സഹോദരി-സഹോദരന്മാർ എല്ലാവരും സംഗീതം വരദാനമായി ലഭിച്ചവരായിരുന്നു.  പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല സുശീലാദേവിയുടെ ജ്യേഷ്ഠ സഹോദരനും സംഗീത സംവിധായകൻ ദർശൻ രാമൻ ഇളയ സഹോദരനുമാണ്. സുശീലാദേവിയുടെ കുടുംബ സുഹൃത്തും പ്രശസ്ത മൃദംഗ വിദ്വാനുമായ മാവേലിക്കര കൃഷ്ണൻകുട്ടി വഴിയാണ് അവർ കൊല്ലം സ്വദേശിയായ രാമസ്വാമി മാസ്റ്റരുടെ അടുത്ത് സംഗീത പഠനത്തിനായി എത്തപ്പെട്ടത്. അങ്ങനെ പന്ത്രണ്ടാം വയസ്സ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. ബിച്ചു തിരുമലയും സുശീലാദേവിയും ഒരുമിച്ചാണ് രാമസ്വാമി മാസ്റ്റരുടെ അടുത്തു നിന്നും സംഗീതം അഭ്യസിച്ചത്.  അഞ്ചാം വയസ്സിൽ  'ജയ ജയ ജയ ജയ കോമള കേരള ധരണി.."  എന്ന് തുടങ്ങുന്ന കവിത സ്റ്റേജിൽ പാടിയാണ് അരങ്ങേറ്റം. 

ഒരു പിന്നണി ഗായിക എന്നതിനേക്കാൾ, പഴയ തലമുറ സുശീലാദേവിയെ കൂടുതലും അറിയുന്നത് ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ്. ഒരു പാട്ടുകാരി എന്ന നിലയിൽ വളരെയധികം അനുമോദനങ്ങൾ നേടിയെടുത്ത ശേഷമാണ് സുശീലാദേവി ആകാശവാണിയിൽ എത്തുന്നത്. ഒരു ഒഡീഷനായി ആകാശവാണിയിൽ എത്തിയ സുശീലാദേവിയെ പക്ഷേ ശബ്ദം നന്നല്ല എന്ന പരിഹാസമാണ് കാത്തിരുന്നത്. അന്ന് ആകാശവാണിയിൽ സംഗീത സംവിധായകനായ തൃശൂർ പി രാധാകൃഷ്ണനാണ് ആകാശവാണിയിലെ ഓൾ ഇന്ത്യ ലെവലിലുള്ള മത്സരത്തിൽ പങ്കെടുക്കാൻ സുശീലാദേവിയെ പിന്നീട് നിർബന്ധിച്ചത്. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സുശീലാദേവി ആ മത്സരത്തിൽ പങ്കെടുത്തത്. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ഒരു ഭജൻ ആണ് സുശീലാദേവി പാടിയത്. ഡൽഹിയിൽ നടന്ന അവസാനവട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ്‌ സുശീലാദേവി പിന്നീട് ആകാശവാണിയിൽ എത്തിയത്. എം ജി രാധാകൃഷ്ണന്റെ ലളിതഗാനങ്ങൾ പാടിതുടങ്ങിയ സുശീലാദേവിക്കു ലളിതഗാനത്തിന്റെ പാട്ടുകാരി എന്ന പേരു കിട്ടാൻ അധികം താമസം വേണ്ടി വന്നില്ല. ഓടക്കുഴലേ ഓടക്കുഴലേ എന്ന ഗാനമാണ് സുശീലാദേവി എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ആദ്യം പാടിയ ലളിതഗാനം. ആദ്യ ശ്രമത്തിൽ നിരാശപ്പെട്ടു മടങ്ങിയെങ്കിലും, പിൽകാലത്ത് ആകാശവാണിയിലെ താര പരിവേഷമുള്ള ഗായികയായി അവർ മാറി. കേരളം ഏറെക്കേട്ട പല ലളിതഗാനങ്ങളും സുശീലാദേവി പാടിയവ ആയിരുന്നു. റേഡിയോ ഗാനങ്ങൾ ജനപ്രിയ ഗാനങ്ങൾ ആക്കുന്നതിൽ സുശീലാദേവി വഹിച്ച പങ്ക് ചെറുതല്ല. 

റേഡിയോ ഗാനങ്ങൾ നൽകിയ പ്രശസ്തി വൈകാതെ തന്നെ സുശീലാദേവിയെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും എത്തിച്ചു. അവരുടെ മലയാളം പ്രൊഫസറായിരുന്ന ശ്രീമതി പി നളിനകുമാരി, അഭയം എന്ന ശോഭാ പരമേശ്വരൻ ചിത്രത്തിനു വേണ്ടി ഒരു കവിത ചൊല്ലുവാൻ, വോയിസ് ടെസ്റ്റിനായി സുശീലാദേവിയെ കൊണ്ടു പോയി. ആ വോയിസ് ടെസ്റ്റിനു ശേഷം ആർ കെ ശേഖരും സലിൽ ചൗധരിയും അവരെ അഭിനന്ദിക്കുകയും കവിതക്ക് പകരം ഒരു വിഷാദ ഭാവത്തിലുള്ള ഒരു ഹമ്മിംഗ് സലിൽ ചൗധരി ചിട്ടപ്പെടുത്തി സുശീലാദേവിയെക്കൊണ്ട് പാടിച്ചു. അത് സിനിമയിൽ വരികയും ചെയ്തു. അതായിരുന്നു സിനിമാ രംഗത്തേക്കുള്ള സുശീലാദേവിയുടെ കാൽവെപ്പ്‌. ആദ്യ സിനിമാ ഗാനം, ശബരിമല ശ്രീ ധർമ്മ ശാസ്ത എന്നാ ചിത്രത്തിലെ വയലാർ എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഞാറ്റുവേലക്കു ഞാൻ നട്ട പിച്ചകം എന്ന ഗാനമായിരുന്നു. പിന്നീട് സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിൽ ദേവരാജൻ മാഷിന്റെ സംഗീതത്തിൽ മണ്ടച്ചാരേ മൊട്ടത്തലയാ എന്ന ഗാനം മാധുരിക്കൊപ്പം പാടി. അത് ഹിറ്റായി എങ്കിലും, ആ സമയത്ത് ബി.എക്ക് പടിച്ചു കൊണ്ടിരുന്ന സുശീലാദേവിക്ക് മദ്രാസിൽ താമസമാക്കി പാട്ടുകൾ പാടുവാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസിൽ എത്തിയ അവർക്ക് കുറെയധികം  പാടുവാൻ അവസരം ലഭിച്ചു. പി എൻ മേനോന്റെ പണിമുടക്ക് എന്ന ചിത്രത്തിൽ വിജയദശമി എന്ന് തുടങ്ങുന്ന ഗാനം എസ് ജാനകിക്കൊപ്പം പാടി. സുശീലാദേവിയുടെ കഴിവിനെ കൂടുതലും ഉപയോഗിച്ചിരുന്നത് ബാബുരാജായിരുന്നു. സംഭവാമി യുഗേ യുഗേ എന്ന ചിത്രത്തിൽ യേശുദാസുമൊത്ത് മൂക്കില്ലാ രാജ്യത്തെ എന്ന് തുടങ്ങുന്ന ഗാനമാണ് സുശീലാദേവി ബാബുരാജിന് വേണ്ടി ആദ്യം പാടിയ ഗാനം. പിന്നീട് സ്വർണ്ണമത്സ്യം, പുത്തൻ വീട് തുടങ്ങിയ ചിത്രങ്ങളിൽ ബാബുരാജിന് വേണ്ടി പാടി. മദ്രാസിലെ താമസം ഗാനമേള രംഗത്തും അവരെ പ്രശസ്തയാക്കി. സുശീലാദേവിയുടെ കസിൻ ബാലു കിരിയത്ത് സംവിധാനം ചെയ്ത തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിനു വേണ്ടി തന്റെ സഹോദരൻ ദർശൻരാമനോടൊപ്പം ഒരു പാട്ടിനു സംഗീതം നൽകി സംഗീത സംവിധാനത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.

കേരളത്തിലെ പല പ്രശസ്ത കലാലയങ്ങളിലും സംഗീത അധ്യാപികയായിരുന്നു സുശീലാ ദേവി. കൃഷ്ണചന്ദ്രൻ, ശ്രീനിവാസ്, കെ.എസ് ചിത്ര, കെ.എസ് ബീന, ഭാവനാ രാധാകൃഷ്ണൻ, അരുന്ധതി തുടങ്ങിയ പിന്നണി ഗായകരുടെ ഗുരുനാഥയാണിവർ. തന്റെ സഹോദരനൊപ്പം തുടങ്ങിയ സ്വരതേജസ് എന്ന ട്രൂപ്പിലൂടെ കലാരംഗത്ത് ഇപ്പോഴും സജീവമാണ് സുശീലാദേവി. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് 2010-ൽ അവരെ തേടിയെത്തി. 

അവലംബം: അമൃത ടിവിയുടെ ഇന്നലത്തെ താരം എന്ന പ്രോഗ്രാം