കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി

Name in English
Kottakkal Kunhi moideen Kutty
Artist's field

പഠിക്കുന്ന കാലം മുതൽ തന്നെ കവിതയും നാടകങ്ങളും എഴുതുകയും ചെയ്‌തിരുന്നു. കോട്ടയ്ക്കൽ രാജാസ് സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകങ്ങൾ സംവിധാനം ചെയ്തു തുടങ്ങി. നിരവധി സമ്മാനങ്ങൾ ആ സമയത്ത് വാരിക്കൂട്ടിയ അദ്ദേഹം, കോളേജിലും തന്റെ കലാപ്രവർത്തനങ്ങൾ തുടർന്നു പോന്നു. കുഞ്ഞുണ്ണി മാഷ്‌, ദേശമംഗലം രാമകൃഷ്ണൻ എന്നിവരുമായ നിരന്തര ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, അന്നത്തെ പ്രൊഫഷണൽ നാടകരംഗവുമായും ബന്ധപ്പെട്ടിരുന്നു. കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നിലമ്പൂർ ബാലൻ, ശാന്താദേവി എന്നിവർക്കായി നാടകങ്ങൾ എഴുതിയിട്ടുണ്ട് കുഞ്ഞിമൊയ്തീൻ കുട്ടി. ആ സമയത്ത് രാഷ്ട്രീയ പ്രവർത്തങ്ങളിൽ മുഴുകിയ അദ്ദേഹം പിന്നീട്, 1982-87 കാലഘട്ടത്തിൽ മന്ത്രിയുടെ സെക്രട്ടറിയായി തലസ്ഥാന നഗിരിയിൽ എത്തി. ഗായകൻ മാർക്കോസുമായുള്ള സൗഹൃദം, അദ്ദേഹത്തെ സിനിമാ രംഗവുമായി ബന്ധപ്പെടുവാൻ സഹായിച്ചു. പാളയത്തെ താജ് ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ സ്ഥിരമായി ഒത്തു കൂടിയിരുന്ന, മോഹൻ സിത്താര, ദർശൻ രാമൻ, ദൂരദർശൻ ജീവനക്കാരനായിരുന്ന അൻവർ എന്നിവരുടെ കൂട്ടു കെട്ടിലേക്ക് കുഞ്ഞിമൊയ്തീൻ കുട്ടിയും എത്തിപ്പെട്ടു. ആ അവസരത്തിലാണ് ഇവർക്കൊപ്പം ദൂരദർശനിൽ ഒരു റംസാൻ മ്യൂസിക്കൽ പ്രോഗ്രാം ചെയ്തുത്. തിരക്കഥയും ഗാനങ്ങളും കുഞ്ഞിമൊയ്തീൻ കുട്ടിയും സംഗീതം മോഹൻ സിത്താരയും, നിർമ്മാണം അൻവറും.

ആകാശവാണിയിൽ അതിനിടയിൽ ഒട്ടേറെ റേഡിയോ നാടകങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. നിരവധി നാടകങ്ങളിൽ നായക നടനായി, നാടകരചന നിർവഹിച്ചു. "ജിന്നേറ്റ പെണ്ണ്, നിക്കാഹ്" തുടങ്ങിയവ അവയിൽ ചിലതാണ്. പിന്നീട് ദൂരദർശനിൽ സംഗീത പരിപാടികളും ഡോക്യുമെന്ററികളും ചെയ്തു. അതിനിടയിൽ മോഹൻ സിത്താര തിരക്കേറിയ ഒരു സംഗീത സംവിധായകനാകനായി മാറി. മോഹൻരൂപിന്റെ വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതുവാൻ മോഹൻ സിത്താരയാണ് കുഞ്ഞിമൊയ്തീൻകുട്ടിയെ നിർബന്ധിക്കുന്നത്. ആ ചിത്രത്തിലെ 'ഇലകൊഴിയും ശിശിരത്തിൽ' എന്ന ഗാനം ഹിറ്റായെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് സിനിമാ ലോകത്ത് തുടരാൻ കഴിഞ്ഞില്ല. പിന്നീട് തരംഗിണിക്ക് വേണ്ടി 'വെള്ളിപ്പറവകൾ' എന്നൊരു ആൽബം മോഹൻ സിത്താരയുമൊത്ത് ചെയ്തു. ആ ആൽബത്തിന്റെ റെക്കോർഡിംഗ് സമയത്ത് മോഹൻ സിത്താര അസുഖബാധിതനാകുകയും, അദ്ദേഹത്തിന്റെ അഭാവത്തിൽ  മൂന്നു പാട്ടുകൾ യേശുദാസിനും ചിത്രക്കും പറഞ്ഞു കൊടുത്ത് റെക്കോർഡ് ചെയ്തത് കുഞ്ഞിമൊയ്തീനായിരുന്നു എന്നത് കൗതുകമാണ്. തിരുവനന്തപുരത്ത് സെന്റർ ഫോർ ഫിലിം സ്റ്റഡീസിൽ ചേർന്ന് സംവിധാനം പഠിച്ചു. സ്വന്തമായി ഒരു സ്ക്രിപ്റ്റ് എഴുതുകയും, ഒരു നിർമ്മാതാവിനെ കണ്ടെത്തി അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. മാക് അലി അതിന്റെ വിതരണം ഏറ്റെടുക്കുകയും, മമ്മൂട്ടി തിരക്കഥ ഇഷ്ടപ്പെട്ട അഭിനയിക്കാമെന്നേൽക്കുകയും ചെയ്തു, പക്ഷേ നിർമ്മാതാവിന്റെ പിന്മാറ്റം ആ സിനിമയെ അവതാളത്തിലാക്കി. പിന്നീട് സിനിമാ രംഗത്ത് നിന്ന് തന്നെ പിന്മാറിയ കുഞ്ഞി മൊയ്തീൻ കുട്ടി, ബിസിനസ്സിലേക്ക് തിരിഞ്ഞു. ഗാനരചയിതാവ് കുഞ്ഞി മൊയ്തീൻ കുട്ടി എന്നതിനേക്കാൾ ബിസിനസ്സുകാരൻ മാനു കോട്ടക്കല്‍ എന്നാണ് അദ്ദേഹം സ്വന്തം നാട്ടിൽ അറിയപ്പെടുന്നത്.

അവലംബം: മലയാള മനോരമയുടെ കുഞ്ഞി മൊയ്തീൻ കുട്ടിയെ കുറിച്ചുള്ള ലേഖനം. മാധ്യമത്തിലെ വാരാദ്യത്തിൽ വന്ന അഭിമുഖം.