ജോൺസൻ മാസ്റ്ററും മലയാള സിനിമയും - ഇന്റർവ്യൂ - ജി വേണുഗോപാൽ

Submitted by m3db on Mon, 01/21/2019 - 22:26

മലയാളത്തിലെ മികച്ച ഒരു സംഗീതസംവിധായകൻ എന്നതാവാം മലയാള സംഗീതപ്രേമികൾ ജോൺസൻ മാസ്റ്ററിന് നൽകുന്ന വിശേഷണം. എന്നാൽ സിനിമയുടെ കച്ചവട സാധ്യതകൾക്ക് അനുസൃതമായി പാട്ടുകൾക്ക് സംഗീതമാര് ചെയ്താലും തങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങൾക്കും അവരുടെ വികാരവിചാരങ്ങൾക്കുമൊക്കെ ജീവശബ്ദമായി പശ്ചാത്തലത്തിൽ നിൽക്കേണ്ടത് ജോൺസന്റെ സംഗീതം മാത്രമാണെന്ന്  മലയാളത്തിലെ മുൻനിര സംവിധായകരൊക്കെ ശഠിച്ചിരുന്നു എന്നതായിരിക്കണം ഏകദേശം 25 വർഷങ്ങൾ നീളുന്ന മലയാളസിനിമയുടെ ഒരു കാലഘട്ടം ജോൺസനെന്ന പ്രതിഭയെ സവിശേഷതയോടെ അടയാളപ്പെടുത്തി വെക്കുന്നത്.

ഒമ്പതാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ വോയിസ് ഓഫ് ട്രിച്ചൂർ എന്ന പ്രൊഫഷണൽ സംഗീത ബാന്റിനൊപ്പം പൊതു പരിപാടികളിൽ ശ്രദ്ധേയനായി മാറിയ, ഓരോ സംഗീത ഉപകരണങ്ങളും സ്വായത്തമാക്കി നോട്ടെഴുതാനും കണ്ടക്റ്റ് ചെയ്യാനും അറേഞ്ച് ചെയ്യാനും തുടങ്ങി പിന്നെ ദേവരാജൻ മാസ്റ്ററിലേക്കെത്തി, അവിടുന്നും പിന്നെ മലയാളത്തിലെ മികച്ച സിനിമകളിലെ ഗാനങ്ങൾക്കും കഥാപരിസരങ്ങൾക്കും ഉചിതവും കൃത്യവുമായ അളവിലെ സംഗീതം കൊടുത്തും ശബ്ദമാവശ്യമില്ലാത്ത പശ്ചാത്തലങ്ങളിൽ മൗനത്തിന്റെ സംഗീതമാണ് മികച്ചതെന്നും മലയാളിക്ക് കാണിച്ച് കൊടുത്ത ചുരുക്കം ചില സംഗീതകാരന്മാരിലൊരാൾ. എം ബി ശ്രീനിവാസൻ ഒരിക്കൽ സലിൽ ചൗധരിക്ക് “ This is the next man” എന്ന് പരിചയപ്പെടുത്തിക്കൊടുത്ത, സംഗീതസംവിധാനത്തിന്റെ സമസ്ത മേഖലകളിലും അഗ്രഗണ്യനായിരുന്ന ആ വ്യക്തിത്വത്തെ മലയാള സംഗീത പ്രേമികൾ ഒരു പക്ഷേ ഏറെ വൈകിയാവണം തിരിച്ചറിഞ്ഞിട്ടുണ്ടാവുക. അപ്പോഴേക്കും ജോൺസൻ മാസ്റ്റർ ആർക്കും പിടി തരാതെ തന്റെ മൗനവാത്മീകങ്ങളിലൊളിച്ച് കഴിഞ്ഞിരുന്നു. അത്തരമൊരു നാളുകളിലാണ് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന ഈ വെബ്ബിന് തുടക്കം കുറിക്കുവാൻ പാലക്കാട്ടേക്ക് അദ്ദേഹമെത്തിച്ചേരുന്നത്. ആ ഓർമ്മകൾ നേരത്തേ ഇവിടെ പങ്ക് വച്ചിരുന്നു.  

1978ൽ ഭരതന്റെ ആരവത്തിൽത്തുടങ്ങി പിന്നീട് 300ലധികം ചലച്ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമുൾപ്പടെ നിർവ്വഹിച്ച ഒരു സംഗീത സംവിധായകൻ ഈ ജോലിയല്ലാതെ ഒരു ബാങ്ക് ജോലി കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പറയുന്നതിലെ ദൈന്യത ഒരു പക്ഷേ അതിശയോക്തിയായി ആളുകൾക്ക് തോന്നിയേക്കാമെങ്കിലും യാഥാർഥ്യമതാണെന്ന് കാര്യകാരണ സഹിതം ജോൺസൻ മാസ്റ്റർ തന്നെ പറയുന്നിടത്ത് തന്നെയാണ് ജോൺസൻ മാസ്റ്ററെ മലയാളത്തിനു നഷ്ടപ്പെട്ടതെവിടെ എന്ന ചോദ്യത്തിന് ചെറിയ തോതിലെങ്കിലുമൊരു ഉത്തരമാവുന്നത്. ജോൺസൻ മാസ്റ്ററെയും അദ്ദേഹത്തിന്റെ സംഗീതയാത്രകളേയും അൽപ്പം വിശദമായിത്തന്നെ പരിചയപ്പെടുത്തുകയാണ് ഒരു പക്ഷേ മലയാളത്തിൽ യേശുദാസ് കഴിഞ്ഞാൽ ഏറ്റവും ഹിറ്റ് പാട്ടുകൾ ജോൺസന്റേതായി പുറത്തിറക്കിയ മലയാളത്തിന്റെ പ്രിയഗായകൻ ജി വേണുഗോപാൽ.  

ജോൺസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ഈ വെബ്ബ് എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മലയാളത്തിൽ ഇതു വരെ ഇറങ്ങിയ സിനിമകളുടെയും പാട്ടുകളുടേയുമൊക്കെ 90 ശതമാനത്തോളം വിവരം ഡാറ്റാബേസിനോട് ചേർത്ത് വെക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ രക്ഷാധികാരിയായി കൂടെ നിന്ന് സന്തോഷിക്കേണ്ട സ്ഥാനത്ത് , അദ്ദേഹത്തിന്റെ ശിഷ്യനെന്ന് വിളിക്കാവുന്ന പ്രിയഗായകനായ ജി വേണുഗോപാൽ തന്നെ ഇത്തരമൊരു ഉദ്യമത്തോട് ചേർന്ന് നിൽക്കുകയും ഈ അപൂർവ്വ വീഡിയോ ഡാറ്റാബേസുമായി പങ്ക് വച്ചതിനും പ്രത്യേക നന്ദി അറിയിക്കുന്നു.

പ്രത്യേക കടപ്പാട് :  ജി വേണുഗോപാൽ ഫാൻസ് ക്ലബ്ബ്, ഏഷ്യാനെറ്റ്