സ്വപ്നങ്ങൾക്ക് മുകളിലൂടെ ഒരു ഡ്രോൺ ഷോട്ട് - എബി

Attachment Size
Aby_m3db_poster_0.jpg 87.2 KB

ചില സിനിമകൾ കാണുമ്പോൾ അതിനെ കുറിച്ച് രണ്ടുവരി എഴുതണം എന്ന തോന്നൽ ഉണ്ടാക്കാറുണ്ട്. പതിനഞ്ചിലേറേ വർഷങ്ങളുടെ സൌഹൃദമുള്ള, ആഡ് ഫിലിം മേഖലയിൽ ഒരുമിച്ചു കിടന്നുരുണ്ട സഹ പ്രവർത്തകനായ ശ്രീകാന്തിന്റെ സിനിമ കണ്ടിട്ട് അതിനെ കുറിച്ച് പറയാൻ ഒരുങ്ങുമ്പോൾ സൌഹൃദം തീർക്കുന്ന ഒരു മുൻ‌വിധിയുടെ ഭയമുണ്ട്. അതുകൊണ്ട് സംവിധായകനെ എന്റെ വരികളിൽ നിന്നും ഞാൻ ഒഴിവാക്കുന്നു.

(ഇതൊരു റിവ്യു അല്ല, ചില സുഹൃത്തുക്കളെ കുറിച്ചുള്ള സന്തോഷമാണൂ എന്ന മുൻ‌കൂർ ജാമ്യം ഇവിടെ വച്ചുകൊണ്ട് മരിയാപുരത്തേയ്ക്ക്)

മരിയാപുരത്ത്, മലഞ്ചരുവിൽ ക്ലാരയ്ക്കും ബേബിച്ചനും എബി ജനിക്കുമ്പോൾ തന്നെ അവനൊപ്പം ചിറകുള്ള ഒരു സ്വപ്നവും ജനിച്ചിരുന്നു. ആ സ്വപ്നത്തിനു പാരലൽ ആയി ട്രാക്കിട്ടും, ഏരിയൽ വ്യൂയിൽ പറന്നും ശ്രീകാന്ത് മുരളിയും കൂട്ടുകാരും ഒന്നായി നിന്ന്, സുവിൻ കെ വർക്കിയുടെയും സംഘത്തിന്റേയും നിർമ്മാണത്തിൽ, നമുക്കുകാട്ടിത്തരുന്ന ജീവിത കാഴ്ചയും സ്വപ്നവും ചില യാഥാർഥ്യങ്ങളുമാണു എബി. ഈ സിനിമ യുവതീയുവാക്കൾക്കും കുട്ടികൾക്കും ഉള്ളതാണ്, അതിലുപരി സ്വന്തമായി സ്വപ്നങ്ങൾ സൂക്ഷിക്കുന്നവർക്കുള്ളതാണ്.

അതിലൊരു സ്വപ്നം, എബിയുടെ സ്വന്തം സ്വപ്നം നിന്നുകത്തുന്ന ഇന്റർവെല്ലിനുശേഷം നഗരകാഴ്ചകളിൽ സിനിമ അടുത്ത പേസിലേയ്ക്ക് കയറുന്നു. സിനിമയുടെ കഥയെ കാഴ്ചക്കാർക്ക് വിടാം. കാരണം ഇത് സസ്പെൻസുകളുടെ മിടുപ്പു കൂട്ടുന്ന കഥയല്ല, സ്വപ്നത്തിന്റെ ചിറകേറിയ ജീവിതമാണ്. എബിയുടെ യാത്രയ്ക്ക് അപ്പുറത്തേയ്ക്ക് ഒന്നിലും പോകാതെ എബിയെ കെട്ടിയകുറ്റിയിൽ ഈ സിനിമ അവന്റെ ചുറ്റും മാത്രം വട്ടം വരച്ചു. ഇടയ്ക്കൊക്കെ സിനിമ ഇതിനപ്പുറത്തേയ്ക്ക് പോയത് ആകാശത്തേയ്ക്കാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിൽ രണ്ടു ഭാഗങ്ങളിലായുള്ള അടുക്കിവയ്പ്പിനിടയിൽ എബിക്കു ചുറ്റുമുള്ള ജീവിതവും ചില നാടകീയ നിമിഷങ്ങളും ഒക്കെ ചേർത്തു മുറുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ചിലയിടങ്ങളിൽ കൈവിട്ട് ഇഴയലുകൾ തോന്നിക്കുന്നു എങ്കിലും മൊത്തത്തിലുള്ള പോക്കിൽ നമുക്ക് അതൊക്കെ അങ്ങു മറക്കാം. പക്ഷെ എന്നിലെ പ്രേക്ഷനു ചോദിക്കാനുള്ളത് മറ്റൊന്നാണ്, പാട്ടുകൾ ഇത്രയൊക്കെ ആവശ്യമുണ്ടോ ഈ ചെറിയ സിനിമയ്ക്ക്?

എബിയും ബന്ധക്കാരും

എബി. (വീണ്ടും പറയണം) ഒരു സ്വപ്നമാണൂ, തന്റെ പരിമിതികളിൽ പലയിടത്തും തകരാവുന്ന വലിയ സ്വപ്നം. ആ സ്വപ്നത്തിനു ഒപ്പം കൈവിരിച്ച് ഈ ചിത്രത്തിലുടനീളം ഓടുന്ന വിനീത് ശ്രീനിവാസൻ എബിയെ തന്റെ ചിറകിൽ സുരക്ഷിതമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ചില നിമിഷങ്ങളിൽ “അഭിനയിക്കേണ്ടി” വരുന്നു എങ്കിലും.

മലയാള സിനിമയിൽ ഇപ്പോൾ തങ്ങളുടെതായ വരകൾ മാർക്ക് ചെയ്തു പോകുന്ന, നായികമാരുടെ കാലമാണ്. അതിലെ പുതിയ വര ഈ ചിത്രത്തിലൂടെ വരച്ചിടുന്നത് മെറിൻ. എബിയുടെ ആകാശ സ്വപ്നങ്ങൾക്ക് നിലത്തു നിന്നും താങ്ങുന്ന അനുമോൾ സേവ്യർ, മലയാള സിനിമയ്ക്ക് പാത്രസൃഷ്ടിയുടെ തിരിച്ചറിവുള്ള മറ്റൊരു നടിയെ കൂടി സമ്മാനിക്കുന്നു.

ഒപ്പം എടുത്തു പറയേണ്ട കാര്യമാണു, എബിയുടെ കുഞ്ഞിപ്രായത്തിൽ ആ റോളിൽ ചിറകു വീശി നടന്ന മാസ്റ്റർ വാസുദേവിന്റേയും അവന്റെ അമ്മ ക്ലാരയുടെ വേഷം ചെയ്ത വിനിത കോശിയുടെയും പെർഫോമൻസ്. ക്ലാരയുടെ ഓരോ നീക്കങ്ങളിലും നോട്ടങ്ങളിലും അവർ അവരുടെ മരണം ഒളിച്ചു വച്ചിരുന്നപോലെ.

കരമന സുധീറിന്റെ ബേബിച്ചൻ എബിയിലെ എടുത്തു പറയാവുന്ന കഥാപാത്രമാണ്. കഥാപാത്രത്തിന്റെ സൂഷ്മതകൾ തിരിച്ചറിഞ്ഞുള്ള ഒരു കാട്ടിത്തരൽ, സുധീറിന്റെ പതിവു വിജയം. സുരാജ് വെഞ്ഞാറമൂട് തന്റെ ട്രാസ്ൻസിഷണൽ സ്റ്റേജിലാണ്. കോമഡിയന്റെ കെട്ടഴിയലിൽ നിന്നും പക്വതയുടെ നരപറ്റിയ വേഷം. ജഗതി ശ്രീകുമാർ കളം നിറഞ്ഞാടിയ വേളകളിൽ ചെയ്ത, ഇളം വില്ലത്തരം മറച്ചുവച്ച വേഷങ്ങളിൽ ഒന്നുപോലെ.

പിന്നെയും ഒരുപാടുപേർ, മനീഷ് ചൌധരിയെയും ദിലീഷ് പോത്തനേയും ഒക്കെ പോലെ. ചിലതൊക്കെ തീർത്തും പുതിയ മുഖങ്ങൾ. കഴിഞ്ഞ രണ്ടുവർഷമായി മലയാള സിനിമയിൽ വരിവരിയായി വന്നു ശ്രദ്ധിക്കപ്പെട്ട ഈ കലാകാരന്മാർക്കും കലാകാരികൾക്കും മെംബർഷിപ്പ് കൊടുക്കാൻ ‘അമ്മ‘യിൽ ഇനിയും താളുകൾ ഉണ്ടാവുമോ ബാക്കി?

എബി മലയാള സിനിമയ്ക്ക് നൽകിയതിന്റെ കൂട്ടത്തിൽ എടുത്തു പറയാനുള്ള ഒന്നാണ്, ഇതിന്റെ ഛായാഗ്രാഹകൻ, സിധീർ സുരേന്ദ്രൻ. ഞങ്ങളുടെ ഒക്കെ ഒരുപാടു പരസ്യ ചിത്രങ്ങൾക്ക്, സുധി മിനുപ്പുള്ള ഒരുപാടു ഫ്രെയിമിട്ടെങ്കിലും, തന്റെ ആദ്യ മലയാള സിനിമ, സുധിയെ ഒരുപാടു ഉയരങ്ങളിലേയ്ക്ക് എടുത്തുയർത്തുന്നു. വിഷയത്തിന്റെ മൂഡ് അനുസരിച്ച് മാത്രമുള്ള ടോണും, പ്രകാശത്തിന്റെ ഉപയോഗവും. കറക്ടായി ക്രോപ്പ് ചെയ്തിട്ട ഫ്രെയിമുകൾ. അതിൽ ചിലതൊക്കെ ഔട്ട്സ്റ്റാന്റിംഗ് എന്നു തന്നെ പറയണം. ആ ഷോട്ടുകൾക്ക് ഒരു വലിയ കൈതട്ട്, ശ്രീകാന്തിനും സുധിക്കും.

ഇതിന്റെ പ്രൊഡക്ഷൻ ഡിസൈനിംഗിലൂടെ ഷിജി പട്ടണം ഒരുപാട് കയ്യടി നേടേണ്ടതാണ്. ബാക്ഗ്രൌണ്ട് സ്കോറിൽ തിളങ്ങിയ അനിൽ ജോൺസണും  എഡിറ്റ് ചെയ്ത സൂരജിനും കൂട്ടുകാർക്കും, ക്യാമറ സംഘത്തിലെ സച്ചുവിനും, ഈ ചിത്രത്തിനു ഒപ്പം നിന്ന ശിവനും, പാടിയ സംഗീത ശ്രീകാന്തിനും പിന്നെ ഒരുപാടു പ്രിയ കൂട്ടുകാർക്ക്ക്കും ഒരു ഹൈ ഫൈവ്.

ഒരു ടൈറ്റിൽ കഥാപാത്രത്തെ മുൻ നിർത്തി കഥപറയുമ്പോൾ പിരി അയഞ്ഞോ മുറുകിയോ കൈവെള്ള പൊള്ളുമോ എന്ന ഭയം ഒഴിവാക്കി വളരെ കൂൾ ആയ പ്രതലത്തിലും പൾസിലും പറഞ്ഞുപോകാൻ ആയതാണു സംവിധായകന്റെ വിജയം. ഷോട്ടുകളുടെ തീരുമാനത്തിലും സീനുകൾ കൺസീവ് ചെയ്ത രീതിയിലും, കഥാപാത്രങ്ങളെ വിന്യസിച്ചരീതിയിലും കാണിച്ച കയ്യടക്കമാണു തന്റെ കൈ മുതൽ എന്ന് ശ്രീകാന്ത് എന്ന മിടുക്കനായ സംവിധായകൻ കാഴ്ചയുടെ അവസാനം നമ്മുടെ മനസിൽ കുറിച്ചുവച്ച് നമുക്കൊപ്പം വിടുന്നു. ഇതിനപ്പുറം എന്താണു ഒരു സംവിധായകൻ ചെയ്യാനുള്ളത്? അയാളെ കുറിച്ച് ഞാൻ എന്താണു അധികം പറയാനുള്ളത്?

- Kumar Neelakandan

ഈ ചിത്രത്തിന്റെ എം ത്രി ഡി ബി പേജ് ഇവിടെ കാണാം