പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു അമ്മൂമ്മയും പേരക്കുട്ടിയും സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ പ്രാതലൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോകാന്‍ തയ്താറെടുക്കക്കുന്ന സമയത്താകും അവരുടെ വരവ്. അവര്‍ക്കുള്ള ഭക്ഷണം.അമ്മ അധികമായി കരുതിയിട്ടുണ്ടാവും. എന്നാലും ആ പയ്യന്‍ മാത്രമേ ഭക്ഷണം കഴിക്കുന്നത് കണ്ടിരുന്നുള്ളൂ. ആ അമ്മൂമ്മയാകട്ടെ ഏറിയാലൊരു ചായ മാത്രം കഴിക്കും. ആ പ്രായത്തില്‍ അവര്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും അറിയില്ലായിരുന്നു..പിന്നെയാണ് അറിയുന്നത് വളരെ നല്ല രീതിയില്‍ ജീവിച്ചു പോന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അവരരെന്നും അന്യായമായി അവരുടെ സ്വത്തുക്കള്‍ ആരോ കൈവശപ്പെടുത്തിയെന്നും.. ആ ആഘാതത്തില്‍ ആ അമ്മൂമ്മയുടെ ഒരേ ഒരു മകനും ഭാര്യയും ആത്മഹത്യ ചെയ്തുവെന്നുമൊക്കെ. അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും വരവ് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നിലച്ചു. സ്വാഭാവികമായും അവര്‍ വിസ്തൃതിയുടെ ആഴങ്ങളിലേക്ക് പോവുകയും ചെയ്തു. ഇന്ന് 'ഒാലപ്പീപ്പി' കണ്ടപ്പോള്‍ ആദ്യം ഒാര്‍മ്മയില്‍ ഒാടിയെത്തിയത് ആ അമ്മൂമ്മയും പേരക്കുട്ടിയുമാണ്.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കുകയും പിന്നീട് വന്ന ഗവണ്‍മെന്റുകള്‍ തുടരുകയും പരിഷ്കരിക്കുകയും ചെയ്ത ഭൂപരിഷ്കരണനിയമം കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ആ ചുവട് വയ്പിനെ, അതിന്റെ ഗുണഫലങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ സ്പെക്ട്രത്തിന്റെ മറ്റേ അറ്റത്ത് അത് പ്രതികൂലമായി ബാധിച്ച ഒരു കൂട്ടം ആള്‍ക്കാരുമുണ്ടായിരുന്നു എന്ന കാര്യം വിസ്മരിച്ചു കൂടാ. കറുപ്പുിലും വെളുപ്പിലുമായി ചരിത്ര നിര്‍മ്മിതി നടത്തുമ്പോള്‍ അവഗണിക്കപ്പെട്ടുു പോകുന്ന 'ഗ്രേ ഏരിയ'യിലെ അത്തരം മനുഷ്യരുടെ കഥയാണ് 'ഒാലപ്പീപ്പി'.
ഭൂപരിഷ്കരണത്തിന്റെയും നമ്പൂതിരി സംബന്ധത്തിന്റെയും തിക്തഫലങ്ങള്‍ ഒരുമിച്ച് അനുഭവിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ആത്മബന്ധമാണ് 'ഒാലപ്പീപ്പി'യുടെ പ്രമേയം. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം തറവാട്ടിലേക്ക് വിദേശിയായ ഭാര്യ ഹെലനയോടും മകളോടുമൊപ്പം തിരിച്ചു വരുന്ന ഉണ്ണിയുടെ ഒാര്‍മ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും അനുഭവങ്ങള്‍ നിറഞ്ഞ അയാളുടെ ബാല്യകാലത്തില്‍ കണ്ണുനീരിലെ വര്‍ണ്ണരാജി പോലെയായിരുന്നു മുത്തശ്ശിയുടെ വാത്സല്യം. തന്റെ ശാരീരിക അവശതകളെപ്പോലും അവഗണിച്ച് ഉണ്ണി എന്ന അച്ചുതണ്ടിന് ചുറ്റും തീര്‍ത്ത ലോകമായിരുന്നു മുത്തശ്ശിയുടേത്. ആ കുഞ്ഞുലോകത്തില്‍ തങ്ങളെ സഹായിച്ചവരെയും ദ്രോഹിച്ചവരെയുമൊക്കെ തന്റെ തിരിച്ചു വരവില്‍ ഉണ്ണി കണ്ടുമുട്ടുന്നു. അനാദിയായ കര്‍മ്മത്തിന്റെ ചക്രം ഒരു പൂര്‍ണ്ണവൃത്തം പൂര്‍ത്തിയാക്കുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ അയാള്‍ക്ക് അവിടെ കാണാനാകുന്നു. തന്റെ വരവിന് അര്‍ത്ഥമുണ്ടായി എന്ന പൂര്‍ണ്ണബോദ്ധ്യത്തോടെ ഉണ്ണിയും കുടുംബവും വിദേശത്തേക്ക് തിരിച്ചു പോകുന്നു.
മുത്തശ്ശിയുടെ വേഷം അവതരിപ്പിച്ച പഴയ കാലത്തെ നടി കാഞ്ചനയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഏതാണ്ട് അമ്പത് വര്‍ഷത്തിന് ശേഷം സ്ക്രീനിലെത്തുന്നതിന്റെ അങ്കലാപ്പ് ഒരു തരിമ്പു പോലുമില്ലാതെ ആ വേഷം അവര്‍ ഗംഭീരമാക്കി. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ആ മുത്തശ്ശി നമ്മോടൊപ്പം ഉണ്ടാവും. ഉണ്ണിയുടെ ബാല്യം അവതരിപ്പിച്ച ദേവ് എന്ന ബാലന്റെ പ്രകടനവും മനോഹരമായിരുന്നു. സ്ക്രീൻസ്പേസ് കുറവാണെങ്കിലും ഇങ്ങനൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായ ബിജുമേനോന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പാരീസ് ലക്ഷ്മി, അഞ്ജലി നായര്‍ എന്നിവരും അവരവരുടെ വേഷം ഭംഗിയാക്കി.
ഛായാഗ്രഹണവും കലാ സംവിധാനവും രണ്ട് കാലഘട്ടങ്ങളെ സ്ക്രീനിലേക്ക് പകര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉണ്ണിയുടെ അന്തഃസംഘര്‍ഷങ്ങള്‍ക്ക് ഉചിതമായ പശ്ചാത്തല സംഗീതമാണ് അനില്‍ ജോണ്‍സണ്‍ നല്കിയിരിക്കുന്നത്. മൊത്തത്തില്‍ ഹൃദയത്തിന്റെ ഭാഷയും ജീവിതത്തിന്റെ താളവുമുള്ള ഒരു സിനിമയാണ് സംവിധായകന്‍ ക്രിഷ് കൈമള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്. ഇത്തരം അര്‍ത്ഥപൂര്‍ണ്ണമായ ചെറിയ സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് Eros International പോലുള്ള നിര്‍മ്മാണ വിതരണ കമ്പനികള്‍ മുന്നോട്ട് വരുന്നതും അഭിനന്ദാര്‍ഹമായ കാര്യമാണ്.
വിശപ്പിന്റെ രാഷ്ടീയം മുന്നോട്ട് വയ്ക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് പാത്രമായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ "ഒാലപ്പീപ്പി'യും കാണേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സിനിമയാണ്. വിശപ്പിന് മുന്നില്‍ എന്ത് ജാതി? മതം? രാഷ്ട്രീയം? വേറൊരു തരത്തില്‍ പറഞ്ഞാല്‍ വിശപ്പിനോളം വലിയ രാഷ്ട്രീയവും മതവും വേറെ ഏതുണ്ട്?