പിന്നെയും - സര്‍ഗ്ഗശക്തി കരിന്തിരി കത്തുമ്പോൾ

1984-ല്‍ ബേബിയുടെ സംവിധാനത്തില്‍ 'NH 47' എന്നൊരു മലയാള സിനിമ റിലീസായി. കോളിളക്കം സൃഷ്ടിച്ച ചാക്കോ കൊലപാതകവും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളൊക്കെയുമായിരുന്നു ആ സിനിമയ്ക്ക് ആധാരമായത്. 1997-ല്‍ ഹോങ്കോങ്ങ് സംവിധായകന്‍ ജോണ്‍ വൂ സംവിധാനം ചെയ്ത് ജോണ്‍ ട്രവോള്‍ട്ട, നിക്കോളസ് കേജ് എന്നിവരഭിനയിച്ച 'Face Off' റിലീസാവുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്‍ സൃഷ്ടിപരതയുടെ വേലിയേറ്റത്തില്‍ ആയിരുന്ന കാലഘട്ടമായത് കൊണ്ട് ഇമ്മാതിരി കമേഴ്ഷ്യല്‍ സിനിമകളൊന്നും അദ്ദേഹം അന്ന് കണ്ടിട്ടുണ്ടാവില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ രണ്ട് സിനിമകളുടെയും ഒരു കുലുക്കി സര്‍ബത്തുമായി അടൂര്‍ വന്നിരിയ്ക്കുന്നു. 'സമകാലീന വിഷയം' എന്ന ലേബലൊട്ടിച്ച്..അതാണ് 'പിന്നെയും'. ദോഷം പറയരുതല്ലോ...വിഷുവിന് തയ്യാറാക്കിയ സാമ്പാര്‍ ഒാണത്തിന് വിളമ്പിയതു പോലെയുണ്ട്. അതേ തെക്കന്‍ തിരുവിതാംകൂര്‍ പ്രദേശം..അതേ നായര്‍ തറവാട്..അതേ പി സി സോമന്‍, കെ പി എസി ലളിത, രവി വള്ളത്തോള്‍ ഇത്യാദി നടീനടന്മാര്‍...അതേ അറുപതുകളിലെ സംഭാഷണ ശൈലി..പക്ഷേ കഥ നടക്കുന്നത് ഇൗ കാലഘട്ടത്തിലാണെന്ന വ്യത്യാസം മാത്രം. അടൂർ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ 'നോണ്‍ വര്‍ക്കി'കളില്‍പ്പെട്ട ഒരാളാണ് ഇതിലെ നായകന്‍ പുരുഷോത്തമന്‍ നായരും. ഭാര്യ ദേവി സ്കൂള്‍ ടീച്ചറാണ്. ആറ് വയസ്സുള്ള മകളുമുണ്ട്. പുരുഷോത്തമന്‍ നായരുടെ പൊറുതിയും ഭാര്യ വീട്ടില്‍ തന്നെ. ഭാര്യയുടെ ശമ്പളത്തിലും ഭാര്യാപിതാവിന്റെ പെന്‍ഷനിലുമാണ് കുടുംബം കഴിഞ്ഞു പോകുന്നത്. ബി കോം ബിരുദധാരിയായ പുരുഷോത്തമന്‍ ഏഴെട്ട് വര്‍ഷങ്ങളായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുക, അഗതാ ക്രിസ്റ്റിയുടെയും മറ്റും അപസര്‍പ്പക നോവല്‍ വായിക്കുക..എന്നിവയാണ് പുള്ളിയുടെ പ്രധാന ഹോബി. ഒടുവില്‍ സുഹൃത്തുക്കളുടെ ശ്രമഫലമായി ഗള്‍ഫില്‍ ഒരു 'വലിയ കമ്പനിയില്‍' (ഈസ്റ്റ് വെസ്റ്റ് ട്രേഡ് ലിങ്ക്സ്) അക്കൗണ്ടന്റ് ആയി ജോലി ലഭിക്കുന്നു. ഉയര്‍ന്ന ശമ്പളവും സമൂഹത്തില്‍ മാന്യതയും കൈവന്നുവെങ്കിലും പെട്ടെന്ന് പണം സമ്പാദിക്കാനായി കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഒരു ചാക്കോ മോഡല്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നു നായര്. അതിന്റെ പരിണിത ഫലങ്ങളാണ് സിനിമയുടെ ശേഷഭാഗത്തില്‍. സിനിമയില്‍ ചിത്രീകരിച്ചിരിയ്ക്കുന്ന കാലഘട്ടങ്ങള്‍ പ്രേക്ഷകന് സ്ഥലകാലവിഭ്രമം ഉണ്ടാക്കും. സിനിമയുടെ തുടക്കത്തില്‍ ചുവരിലെ കലണ്ടറില്‍ ഒക്ടോബര്‍ 2016 എന്ന് കാണാം. പിന്നെ ഫ്ലാഷ്ബാക്കാണ്. ഏതാണ്ട് പതിനാറ് പതിനേഴ് കൊല്ലം മുമ്പാണെന്ന് ഊഹിയ്ക്കാം. ആ കാലഘട്ടത്തില്‍ ദിലീപ് ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ കൊണ്ടു പോകുന്ന ഫയല്‍ ആ കാലത്ത് തന്നെ പുരാവസ്തുക്കാരുടെ കയ്യിൽ മാത്രമേയുണ്ടാകൂ. ഇന്റര്‍വ്യൂ നടക്കുന്ന ഒാഫീസും അവിടത്തെ ആളുകളുടെ വേഷവിധാനവും പക്ഷേ ഇന്നത്തെപ്പോലെ. ഇന്റര്‍വ്യൂ ബോര്‍ഡിലൊരാളുടെ മുന്നില്‍ മേശപ്പുറത്ത് ഞാനൊരു 'ഐപാഡ്' കണ്ടു. അതൊന്നു കൂടി ഉറപ്പു വരുത്തണം. അങ്ങനെ മൊത്തത്തില്‍ ഏതു കാലഘട്ടമാണെന്നാലോചിച്ച് കണ്ണു തള്ളിപ്പോകും. ഇനി പുരുഷോത്തമന്‍ നായരുടെ വീട്ടിലാണെങ്കിലോ മൊബൈല്‍ ഫോണ്‍, ടി വി..എന്തിന് ഗ്യാസ് സ്റ്റൗവ്വോ ട്യൂബ് ലൈറ്റോ പോലുമില്ല. അമ്പത് - അറുപത് കാലഘട്ടത്തിന്റെ പ്രതീതി. പക്ഷേ ദുബായില്‍ ജോലി ലഭിച്ച് പുരുഷോത്തമന്‍ പോകുമ്പോള്‍ രംഗങ്ങളില്‍ കാണാനാകുന്നത് ഇന്നത്തെ ദുബായ്. രണ്ടായിരത്തിന്റെ തുടക്കമാണെന്ന് കാലഘട്ടമെന്ന് വച്ചാലും ദുബായില്‍ നിന്ന് ശുദ്ധ പൈങ്കിളി ഭാഷയില്‍ കത്തിലൂടെ മാത്രം പുരുഷോത്തമനും ദേവിയും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് കാണുമ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ (എന്റെ തങ്കം...ചക്കരയുമ്മ!). ഇത് വായിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഒരു പുക പോലെ തോന്നുന്നുവെങ്കില്‍ കണ്ട എനിയ്ക്കോ?!! സിനിമയിലെ സംഭാഷണത്തിന്റെ കാര്യമോ? സ്കൂള്‍ നാടകങ്ങളില്‍ പോലും ഇത്തരം സംഭാഷണങ്ങള്‍ ഉണ്ടാവില്ലെന്നുറപ്പ്. ഇതാ ഒരു സാമ്പിള്‍ : "പുള്ളിക്കാരനെ ആരോ കയ്യയച്ചു സഹായിക്കുന്നുണ്ടെന്ന കിംവദന്തിയുണ്ട്" കൊലപാതകം ചെയ്തയാള്‍ മൂന്നാം പ്രതിയും കൂട്ടു നിന്നയാള്‍ രണ്ടാം പ്രതിയുമാകുന്ന വിചിത്ര സംഭവവുമുണ്ട് സിനിമയില്‍. ദിലീപിനെ ഉറക്കത്തില്‍ നിന്നും എഴുന്നേല്പിച്ച് അഭിനയിപ്പിച്ചത് പോലുണ്ട്. കോല്‍കാരന് അധികാരിപ്പണി കിട്ടിയ പോലത്തെ അങ്കലാപ്പ് ഉടനീളം കാണാം. ദിലീപിന്റെ മകളായി വരുന്ന കൗമാരപ്രായക്കാരിയുടെ ഭാവാഭിനയവും ഡയലോഗ് പ്രസന്റേഷനും കണ്ടാല്‍ അംഗനവാടിയിലെ വാര്‍ഷികാഘോഷത്തിന് സ്റ്റേജില്‍ കുട്ടികള്‍ നടത്തുന്ന പ്രകടനമാണ് ഒാര്‍മ്മയില്‍ വരിക. സ്വാഭാവികമായി അഭിനയിയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പോലും സംഭാഷണങ്ങളിലെ കൃത്രിമത്വവും നാടകീയതയും അതിനവരെ അനുവദിയ്ക്കുന്നില്ല. സംവിധായകന്റെ മുദ്രയുള്ള ഒരൊറ്റ രംഗം പോലുമില്ല എന്നത് പരിതാപകരമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന പ്രതിഭാധനനായ പൂര്‍വ്വസൂരിയോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ...ഈ സിനിമയെ ഏതു ഗണത്തില്‍ പെടുത്താമെന്ന് ആരെങ്കിലും ചോദിച്ചാല്‍ 'കൊട്ടേലും കൊള്ളില്ല...കോണകത്തിലും കൊള്ളില്ല' എന്ന് വിശേഷിപ്പിക്കേണ്ടി വരും...

Contributors