രണ്ടറ്റങ്ങളും തുറന്ന കുട്ടപോലെയുള്ള മീന്‍ പിടിക്കാനുള്ള സങ്കേതമാണ് ഒറ്റാല്‍. ആന്റണ്‍ ചെക്കോവിന്റെ 'വാങ്ക'യെന്ന കഥയെ ആധാരമാക്കി 'ഒറ്റാല്‍' എന്ന പേരില്‍ ജയരാജ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനും മികച്ച അവലംബിത തിരക്കഥക്കും (ജോഷി മംഗലത്ത്) ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു. സംസ്ഥാന പുരസ്കാരങ്ങളില്‍ മികച്ച ചിത്രവുമായിരുന്നു, 'ഒറ്റാല്‍'. കുട്ടനാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു താറാവ് വളര്‍ത്തുക്കാരന്റെയും അദ്ദേഹത്തിന്റെ ചെറുമകന്റെയും ജീവിതമാണ് ഈ സിനിമയുടെ ഉള്ളടക്കം. മുത്തച്ഛനിലേക്ക് എത്തുന്നതിന് മുന്‍പ് എട്ട് വയസ്സുള്ള കുട്ടപ്പായിയുടെ അച്ഛനുമമ്മയും കാര്‍ഷിക കടബാധ്യതമൂലം ആത്മഹത്യ ചെയ്തിരുന്നു.
ചിത്രത്തിലെ പ്രധാനമായ ഒന്ന്‍, സുന്ദരമായ പ്രകൃതിയാണ്. 'കണ്ണെഴുതി പൊട്ടുംതൊട്ടി'ലെ സുന്ദരമായ ദൃശ്യങ്ങള്‍ക്ക് ശേഷം കുട്ടനാടിന്റെ പ്രകൃതിയെ ഇതുപോലെ മറ്റാരും തന്നെ പകര്‍ത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന് തോന്നുന്നു. ചിലവ് കുറഞ്ഞ ചിത്രീകരണസങ്കേതങ്ങളുടെ പോരായ്മയിലും 'ഒറ്റാലി'ന്റെ ഉള്‍കാമ്പ് പ്ലാസ്റ്റിക് അല്ലാത്ത ഈ ദൃശ്യങ്ങള്‍ തന്നെയാണ്. കുമരകത്തെ വാസുദേവനെന്ന മത്സ്യത്തൊഴിലാളിയും വിദ്യാര്‍ത്ഥിയായ അഷന്തുമാണ് മുഖ്യകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സബിത ജയരാജ്, 'കരുണ'ത്തിലൂടെ ജയരാജ് അവതരിപ്പിച്ച വാവച്ചന്‍, അന്തരിച്ച നടന്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ (പെരോര്‍മയില്ല) എന്നിവരൊഴികെ ചിത്രത്തിലെ ഏതാണ്ട് എല്ലാവരും അഭിനയത്തില്‍ മുന്‍പരിചയമില്ലാത്തവരോ തീര്‍ത്തും സാധാരണക്കാരോ ആണ്. മുത്തച്ഛന്‍-ചെറുമകന്‍ വേര്‍പാട് ജയരാജ്, 'ദേശാടന'ത്തിലും ആവിഷ്ക്കരിച്ചിട്ടുണ്ട്. എങ്കിലും കാലികമായ ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാവാം ഈ ചിത്രത്തിന്റെ പ്രസക്തി. പോരായ്മകള്‍ ചിത്രത്തിനുണ്ടോയെന്ന്‍ ചോദിച്ചാല്‍ തീര്‍ത്തും വളരെ ചെറിയ ചിത്രത്തിന്, (നിര്‍മ്മാണത്തിന്റെ ആര്‍ഭാടങ്ങള്‍ തീരെയില്ല എന്നര്‍ത്ഥത്തില്‍), അതില്‍ സാധാരണക്കാര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവികമായ ചിലതുണ്ട്. എങ്കിലും അവയെല്ലാം കണ്ടില്ലെന്ന്‍ നടിക്കാവുന്നതേയുള്ളൂ..
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ ഡിവിഡി ഷോപ്പില്‍ ഇരിക്കുമ്പോള്‍ സമീപകാലത്തെ ചില മലയാള ചിത്രങ്ങളുടെ ഡിവിഡികള്‍ കണ്ടു. അവയില്‍ കുറെയധികം ചിത്രങ്ങള്‍ മലയാള സിനിമയെ കുറച്ചൊക്കെ ശ്രദ്ധിക്കുന്ന ഞാന്‍ ആദ്യമായി കേള്‍ക്കുന്ന പേരുകളാണ്. ഡിവിഡിക്കകത്തെ സിനിമയുടെ നിലവാരത്തെ കുറിച്ച് തീരെ നിശ്ചയമില്ലെങ്കിലും ആ ചിത്രങ്ങളുടെ പൊതുവായ ഒന്ന്‍ മുഖ്യധാരയില്‍ സ്ഥിരമായി പ്രധാന വേഷം കെട്ടിയാടുന്നവരല്ല അഭിനേതാക്കളിലെ ആദ്യപേരുകാര്‍ എന്നതാണ്.
പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ 'ഒറ്റാലി'നെ അങ്ങിനെ പോലും കാണുവാന്‍ കിട്ടുകില്ലായിരുന്നു. ആര് അഭിനയിച്ചാലും ഭേദപ്പെട്ട ചിത്രങ്ങള്‍ ഉണ്ടാകണമെന്നതിലാണ് കാര്യം. വേറിട്ട കാഴ്ചകള്‍ തീയറ്ററില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 'ഒറ്റാല്‍' പോലുള്ള സംരംഭങ്ങള്‍ക്ക് ടിക്കറ്റെടുക്കണമെന്ന് തന്നെയാണ് എന്‍റെ പക്ഷം. അഞ്ചോ പത്തോ ആളുകള്‍ കണ്ടുതീരേണ്ടവയല്ല അംഗീകാരങ്ങള്‍ നേടുന്ന സിനിമകള്‍..