സ്ത്രീകൾക്ക് റോഡും റോഡനുഭവങ്ങളും പൊതുവെ ദുരിതമാണ്. അതുകൊണ്ടു തന്നെ സ്ത്രീകൾ പുറത്ത് അതും തനിച്ച് യാത്ര ചെയ്യരുത് എന്ന പൊതുബോധത്തിന്റെ പ്രതിഫലനങ്ങളാണ് നമ്മുടെ ചലച്ചിത്രങ്ങളിലെ പെൺയാത്രകൾ. മലയാളത്തിൽ ഒരു യാത്രാചിത്രം എന്നു പറയുമ്പോൾ അതൊരിക്കലും സ്ത്രീകളുടെ യാത്രകളാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നതേയില്ല. അഥവാ പ്രതീക്ഷിച്ചിരുന്നതേയില്ല. ഇവിടെയാണ് ആഷിക് അബു സ്കോർ ചെയ്യുന്നത്. സ്വന്തം നാട്ടിൽ നിന്നും വിട്ട് അന്യനാടുകളിലൂടെ അന്തം വിട്ട് ഓടുന്ന രണ്ട് പെൺകുട്ടികൾ. ഓടലും ചാടലും മാത്രമല്ലാ, ചങ്ങലപ്പൂട്ടുകൾ പൊട്ടിച്ച് മിടുക്കികൾ പറക്കുന്നു കൂടിയുണ്ട്. തെൽമ & ലൂയിസ് ഓർമ്മ വന്നോ? എനിക്കും. പക്ഷേ അത് സിനിമ കാണുന്നതിനു മുൻപായിരുന്നു. സത്യം പറഞ്ഞാൽ പലയിടത്തും അസാധ്യമായി ബോറടിച്ചു. ഡ്രാഗോ ഡ്രാഗ്... വലിയ യാത്രയായതുകൊണ്ട് പ്രേക്ഷകനെ അതുമനസ്സിലാക്കാൻ വ്വേണ്ടി മനപൂർവ്വം ചെയ്ത ഒരു സങ്കേതമോ തന്ത്രമോ ഒക്കെയായിരുന്ന് അതെന്ന് പറഞ്ഞെന്നെ ഞെട്ടിക്കരുത് കുട്ടിമാമാ. എന്നാലും ഞാൻ ഉറങ്ങീല്ലാ. അങ്ങനെ ഉറങ്ങാതെയിരുന്ന് സിനിമ കണ്ടതിനു ശേഷം, കണ്ടുകൊണ്ടിരിക്കുമ്പോഴും വന്ന ചില തോന്നലുകൾ കുറിക്കാനൊരു ശ്രമം-
റാണി- മലയാള സിനിമയിൽ റീമയുടെ വരവു തന്നെ ചരിത്രം സൃഷ്ടിച്ചു കൊണ്ടായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ നമ്മുടെ സിനിമകളിൽ ആദ്യമായി മൂത്രമൊഴിക്കാൻ മുട്ടിയ നായിക ഋതുവിൽ റീമ അവതരിപ്പിച്ച വർഷയാണ്. റോഡിന്റെ ഇരുവശവും പുരുഷന്മാർ മൂത്രപ്പുരയായി കണക്കാക്കുന്ന ഒരു നാട്ടിൽ സ്ത്രീകൾക്ക് ഇത്തരം അടിസ്ഥാനസൗകര്യം ഇല്ലെങ്കിലും ഇതിനെക്കുറിച്ചൊക്കെ പറയുന്നതുപോലും വൃത്തികേടായി കണക്കാക്കുന്നവരാണു നമ്മൾ. അങ്ങിനെയിരിക്കെയാണ് ഒറ്റയടിയ്ക്ക് ഒരു പെൺകുട്ടി ഏറ്റവും സ്വാഭാവികമായി "അവൻ പറയണ കേട്ടിട്ട് എനിക്കും കൂടി മുട്ട്യൊടങ്ങി" എന്ന് പറഞ്ഞ് കൂളായി ചിരിക്കുന്നത്. അതും തന്റെ പുരുഷ സുഹൃത്തിനോട്. Loved you then and there.കൊറച്ച് ലൗ ഇത് പറയിച്ച ശ്യാമപ്രസാദിനും.പറഞ്ഞു വന്നത് റാണിയെക്കുറിച്ച്.നടിയെ ഏറ്റവും നന്നായി അറിയുന്ന, ഏറ്റവും നന്നായി സ്നേഹിക്കുന്നയാൾ സംവിധായകനായതിന്റെ ഗുണം ഉടനീളം കാണാം. കുടുംബത്തെ ഒരുവിധം താങ്ങി നിർത്താൻ മെനക്കെടുന്ന റാണി - ആൺ-പെൺ സ്വത്വപ്രതിസന്ധികളെയൊന്നും അവളെ അലട്ടുന്നതേയില്ല. എന്നാൽ സ്ത്രൈണത എന്ന ഒരു "കുറവ്" തനിക്കുണ്ടെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാൻ വരുന്ന അമ്മയോടു തോന്നുന്ന നീരസം അവൾ മറച്ചു വെക്കുന്നുമില്ല.മറ്റുള്ളവർക്കു താങ്ങാവാനല്ലാതെ സ്വയം തളരാൻ റാണിയ്ക്ക് അനുവാദമില്ല. തളിരുപോലെയുള്ള ശരീരം ഏതു പകപ്പിലും പോ പുല്ലേ എന്ന് കൂട്ടിനെത്തുന്ന മനസ്സിന്റെ ദൃഢസാന്നിദ്ധ്യത്തെക്കുറിച്ച് ഒറ്റനോട്ടത്തിൽ നമുക്കൊരൂഹം തന്നേക്കണമെന്നില്ല. പക്ഷേ ശരീരം ഒരു ബാധ്യതയല്ലാ തനിക്കെന്ന് റാണിയുടെ ശരീര ഭാഷ വിളീച്ചറിയിക്കുന്നുണ്ട്. തൊണ്ട തുറന്ന ചിരി, കൂടെയുള്ള മൊട്ടഗുണ്ടയെപ്പോലും അത്ഭുതപ്പെടുത്തുന്ന ഉച്ചസ്ഥായിയിലുള്ള "ദം ലഗാ കേ", ചീറലുകൾ, അലറലുകൾ...wow!!! സഖറിയടെ ഗർഭിണികളിലും ഇതിന്റെ ഒരു വേർഷൻ നമ്മൾ കേക്കുന്നുണ്ട്. ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്ന കണ്ണുകളാണ് നിന്റേത് എന്നൊരാൾ പറയുംപ്പോൾ രോമാഞ്ചകുഞ്ചിനിയാകുന്നില്ല റാണി. ആ കോമ്പ്ലിമെങ്റ്റിൽ ഒരു ഉപജീവനസാധ്യത ചികയുന്നു പോലുമില്ല, എങ്ങനെയെങ്കിലും ആ ഒരു നിമിഷത്തെ ബില്ലെങ്കിലും അടഞ്ഞു കിട്ടുമോ എന്നു മാത്രമേ അന്നേരത്തെ ചിന്തയുള്ളൂ. കയ്യൂക്കു കാണിക്കുന്നവനെ കായികമായിത്തന്നെ നേരിടുന്ന റാണി പലപ്പോഴും പത്മിനിയുടെ വാക്കുമാകുന്നുണ്ട്. റീമ steals the show, sorry others.
പത്മിനി- ങ്ഹും...(ലതൊരു ദീർഘനിശ്വാസമായിരുന്നു) ഏത് കൊമ്പത്തെ ന്യൂ ജെൻ ആയാലും ഗ്രാമീണ നിഷ്കളങ്കത എന്ന് വെച്ചാ ഒരല്പം മന്ദബുദ്ധിത്തം എന്ന അന്തകാല ഇക്വേഷൻ തന്നെ ഇന്നും പ്രിയം. പ്ലീസ് പ്ലീസ് പ്ലീസ് നിഷ്കളങ്കത ഈസ് നോട്ട് ബുദ്ധിമാന്ദ്യം. ഹായ് 501...ഹായ് പൂവ്...ഹായ് കുതുബ് മീനാർ...പഴേ കവി പറഞ്ഞ പോലെ കാൽച്ചുവട്ടിലെ പൂവിൽ പോലും അഭുതവും സൗന്ദര്യവും കാണുന്ന ലാളിത്യമേറിയ മനസ്സിനുടമയാണ് പത്മിനി. കൊഞ്ചം ഓവറല്ലേ എന്ന് തോന്നാൻ പാടില്ല. കാരണം നായിക നിഷ്കളങ്കയാണ്. സിമ്പിളാന്. ജാവയാണ്. ഈ നിഷ്കളങ്കമായ കോമ്പ്ലക്സ് തന്നെയാണ് ഞാൻ സെക്സിയല്ലേ എനിക്കു അപാര ഹ്യൂമർ സെൻസില്ല്യേ എന്നൊക്കെ തോന്നിപ്പിക്കുന്നതും പറയിപ്പിക്കുന്നതും. ബി കോം ഫസ്റ്റ്ക്ലാസ് പാസായ സി ഐ ഡി ദാസനെ ഓർക്കരുത്. ഭൂപണയബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണ് വൈദ്യർ മകൾക്ക് കല്യാണത്തിനുള്ള ആഭരണങ്ങളൊക്കെ വാങ്ങിയിട്ടുള്ളത്. സിനിമയിൽ പത്മിനി ആഭരണപ്രിയയല്ല. പക്ഷേ അച്ഛൻ ലോൺ എടുത്ത് വേടിച്ചു തന്ന ആഭരണങ്ങളും കഴിപ്പിച്ച കല്യാണവും ഒരപകടവും വരാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനുള്ള തത്രപ്പാടിലാണ് പാവം. ഭർത്താവ് ഗിരി പക്ഷേ പത്മിനിയുടെ ആകുലതകളെ ഊഹിക്കുന്നു പോലുമില്ല.കാർ എന്ന തന്റെ മൂർത്തിയും റാലി എന്ന യജ്ഞവും മാത്രമാണ് ഗിരിയുടെ മനസ്സിൽ. അതിനിടയ്ക്ക് ഹിമാചൽ പ്രദേശിലേയ്ക്ക് അൻവേഷിച്ച് വരുന്ന ഭാര്യ പത്മിനിയെ ഒന്ന് കാണാൻ പോലും ഗിരിയിലെ പ്രൊഫഷണൽ ഒരുങ്ങുന്നില്ല. ശുദ്ധമായി പറഞ്ഞാൽ ആ സമയങ്ങളിൽ അയാൾക്ക് അവൾ വെറുമൊരു distraction മാത്രമാണ്. പരിചയമില്ലാത്ത സ്ഥലത്തു വന്ന അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ ഒന്നു acknowledge ചെയ്യാനും കൂടി കൂട്ടാക്കാത്ത ഭർത്താവ് എന്നൊരാളെ കണ്ടും കൊണ്ടുമേ പോകൂ എന്ന് പത്മിനിയും. ആഷിക് അബൂനും ശ്യാം പുഷ്കരനും രവി ശങ്കറിനും പെൺകുട്ടികളെ മുഴുവൻ അങ്ങോട്ട് പിടി കിട്ടിയില്ലെന്നു തോന്നുണു. അവസാന രംഗം കാണുമ്പോൾ അതേതാണ്ടുറപ്പാവും. ഇത്രയും കഠിനമായ യാത്രയൊക്കെ കഴിയാറാവുമ്പളാണ് ചരിത്രപ്രസിദ്ധമായ ആ "പറക്കൽ". ഉപമയായും ഉപ്രേക്ഷയായുമൊക്കെ ആ പറക്കലിനെ സ്ത്രീശാക്തീകരണവുമായോ മറ്റോ ബന്ധപ്പെടുത്തി ആരൊക്കെയോ പറഞ്ഞു കേട്ടു. സംഗതി കൊള്ളാം. കാണാനൊരു രസമൊക്കെയുണ്ട്. പക്ഷേ എല്ലാ കെട്ടും പൊട്ടിച്ച് ചിറകു വിരിച്ച കുട്ടികൾ ഭൂമിയിൽ ഇറങ്ങിയിട്ടുള്ളതാണ് ദഹിക്കാത്തത്. ഇപ്പറഞ്ഞ മഹത്തായ പറക്കലായിരുന്നു അതെങ്കിൽ പറന്നു പൊങ്ങിയ ആളുകളായിരിക്കില്ലാ ലാൻഡ് ചെയ്യുന്നവർ. കാണുന്നവർക്കു ജീവിതവീക്ഷണത്തെപ്പോലും മാറ്റി മറിയ്ക്കുന്നത് എന്നൊക്കെ പറയുന്ന ഈ യാത്ര പക്ഷേ പറന്ന കുട്ടിയിൽ ആ നേരത്തെ ആഹ്ലാദവും ആവേശവുമല്ലാതെ ഒരു മാറ്റവും വരുത്തുന്നില്ലാ എന്നതാണ് സത്യം. അല്ലായെങ്കിൽ എന്റെ പൊന്ന് ആശിഖ് അബൂ, പത്മിനി ഗിരിയോടു പോയി പണി നോക്കാൻ പറഞ്ഞേനേ.ഇത്രയൊക്കെ കഴിഞ്ഞിട്ടും പത്മിനി ഗിരിയുടെ മുൻപിലെത്തുമ്പോൾ "വീട്ടിലേയ്ക്ക് വാ കാണിച്ച് തരാം" എന്ന് പറയുന്നത് (കൊച്ചുകള്ളൻ എന്ന വാക്കുകൂടി ചേർക്കേണ്ടതായിരുന്നു) പത്മിനി ആർജിച്ച പക്വതയാണെന്നു പറഞ്ഞാ എന്റെ പട്ടി വിശ്വസിക്കും. പണ്ട് ഫീമെയിൽ 22 ഇൽ ഇതേ പോലെ അവസാന നിമിഷം ടെസ്സയെ നിങ്ങൾ തോൽപ്പിച്ചു. ഇതിൽ പത്മിനിയേയും. റിമയുടേം ഉണ്ണീമായടേമൊക്കെ കൂട്ടുകാർക്ക് സ്ത്രീകൾക്ക് ആത്മാഭിമാനം എന്നൊന്നുണ്ടെന്ന് അറിയില്ല? അറ്റ് ലീസ്റ്റ് ആ വാചകമെങ്കിലും ഒന്ന് മാറ്റി പറയിക്കാമായിരുന്നു. പുറപ്പെട്ടിടത്തു തന്നെ എത്തുന്ന ഈ പറക്കലിനു തെൽമയുടേയും ലൂയിസിന്റേയും അവസാനത്തെ ഗംഭീരമായ പറക്കലിന്റെ ഓർമ്മയെങ്കിലും ഉണർത്താനായെങ്കിൽ!
ഗിരി- ഗിരിക്ക് പത്മിനിയോട് സ്നേഹമൊണ്ടോ? ന്നൊക്കെ ചോദിച്ചാൽ സത്യസന്ധമായ ഒരു ഉത്തരം തരാൻ ഗിരി പോലും ഒന്നാലോചിക്കും. റെയ്സും ഓട്ടവും കാറുകളുമൊക്കെ കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോ അവിടെ ഇങ്ങനെയൊരു പത്മിനിയുള്ളത് suits him fine. ആ ഒരു കേവലമായ അർത്ഥത്തിൽ ഗിരിയ്ക്ക് പത്മിനിയെ ഇഷ്ടമാണ്. പക്ഷേ ജീവിതത്തിലെ മറ്റ് ഓപ്ഷൻസിന്റെ മുൻപിൽ- അമ്മ, പ്രൊഫഷൻ, പാഷൻ എന്നീ മൂന്ന് പ്രബലസ്വാധീനങ്ങളുടെ മുൻപിൽ പത്മിനിയ്ക്ക് ഇയാളുടെ priority list ൽ പിടിച്ചു നിൽക്കാനൊന്നുമാവില്ല. പത്മിനി ജോലി എടുക്കണോ വേണ്ടയോ എന്നതൊന്നും അയാളെ ബാധിക്കുന്ന പ്രശ്നമല്ല സത്യത്തിൽ ഇത്തരം "സില്ലി" കാര്യങ്ങളെക്കുറിച്ചോർക്കാനൊന്നും അയാൾക്ക് സമയമോ താല്പര്യമോ ഇല്ല. അതുകൊണ്ടു തന്നെ പത്മിനി ജോലിയ്ക്കു പോകുന്നതിൽ അയാൾക്ക് എതിരഭിപ്രായമൊന്നുമില്ല. കുറച്ചുകൂടി പറഞ്ഞാൽ തന്നെ അലോസരപ്പെടുത്തരുത് എന്നതൊഴികെ പത്മിനിയുടെ ഒരു കാര്യങ്ങളിലും അയാൾക്ക് അഭിപ്രായമേ ഉണ്ടെന്ന് തോന്നുന്നില്ല .Most of the time he is plainly indifferent to/ignorant of Padmini's issues. ഒരു തരത്തിൽ ഗിരിയും നിഷ്കളങ്കനാണ്. ഭാര്യയെ പീഡിപ്പിക്കണമെന്നോ അവഗണിക്കണമെന്നോ മനപൂർവ്വം കണക്കു കൂട്ടി നടക്കുന്നയാളല്ല അയാൾ. But he is a spineless moron. ഭാര്യയെക്കുറിച്ച് എന്തെങ്കിലുമൊക്കെ ബോധം (അത് കുറ്റബോധമോ ഉത്തരവാദിത്വബോധമോ ആയിക്കോളണമെന്നില്ല} ഇയാൾക്ക് വരുന്നത് കരീമിന്റെ വാക്കുകളെ നേരിടേണ്ടി വരുമ്പോഴാണ്. കരീം അക്ഷരാർത്ഥത്തിൽ ഗിരിയുടെ ജീവിതത്തിന്റെ തന്നെ നാവിഗേറ്ററാകുന്നു പലപ്പോഴും.(Incidentally, ഇന്ത കരീമാണോ നമ്മടെ ഗ്രേറ്റ് നടന്റെ മകൻ ബിനു പപ്പു? wow!!! Effortless acting. ). അവസാനം ഗിരിയുടെ താമരക്കണ്ണുകൾ നിറഞ്ഞതായി കാണിച്ച് സംവിധായകൻ ജാമ്യമെടുക്കുന്നുണ്ട്.
ലളിതമ്മ- സജിത മഠത്തിലിന്റെ ഈ അമ്മായിയമ്മ ഗംഭീരായിണ്ട്. So subtle and effective. പത്മിനി ജോലിയ്ക്ക് പോയാൽക്കൊള്ളാമെന്ന് പറയുമ്പോഴുള്ള ആ ചിരിയുണ്ടല്ലോ. അത്രേം ക്രൂരത ആ വില്ലന്മാരുടെ കണ്ണുരുട്ടലിനു പോലും സാധിക്കുന്നില്ല. "ഇപ്പോ വീൽ ചെയറിലിരിക്കുന്ന ഈ അമ്മ കിടപ്പാവുന്നതു വരെ എന്റെ നെഞ്ചത്തൂടെയാ നടന്നിരുന്നത്. ഇനി നീയുംകൊറച്ച് അഡ്ജസ്റ്റ് ചെയ്യ്" എന്ന വാചകം എഴുതിയയാൾക്കും ഒരുമ്മ. ഇനി ഞാൻ കൊറച്ച് നിന്റെ നെഞ്ചത്തൂടെ നടക്കാൻ പോവുന്നു, തടയാമോ എന്ന് നോക്ക് എന്ന് പറയാതെ പറയുന്ന ശാന്തത. അതിനൊരുമ്മ അഭിനേത്രിയ്ക്കും.
യാത്ര- നട്ടപ്പാതിരയ്ക്ക് ഏതോ സ്റ്റോപ്പിൽ ബസ്സിറങ്ങി “അങ്കട് പോണോ അല്ലാ ഇങ്കട് പോയാലോ” എന്നാലോചിക്കുന്ന കൂട്ടുകാരികൾക്ക് ഒരപകടവും പറ്റാതെ അവരെ കാത്തു സംരക്ഷിക്കുന്ന സ്വച്ഛസുന്ദരമായ നാടാനു നമ്മുടേത്. എവിടേയും ആരും അവരോട് മോശമായി പെരുമാറുന്നില്ല. തുടക്കത്തിൽ അപ്പുറത്തെ ബാൽക്കണിയിൽ നിന്നും റാണിയെ റൊമാൻസിക്കാൻ നോക്കിയ കുഞ്ഞി ഗുണ്ടച്ചെക്കൻ പോലും അവസാനം ക്യാ ഹൈ ബഹൻജീ എന്ന് വിളിക്കുൻന അവസ്ഥ. ഫീമെയിൽ കോട്ടയത്തിൽ അമ്മയുടെ ഗർഭപാത്രവും തത്തുല്യമായ സ്ത്രീകളുടെ ജയിലും മാത്രമാണ് സ്ത്രീകൾക്ക് സുരക്ഷിതമായ ഇടങ്ങൾ എന്നും പുറം ലോകത്ത് everything comes with a price for a woman എന്നും പറഞ്ഞ സംവിധായകനു സ്തോത്രം.
ഇനീം കുറേ ആളൂകളൂണ്ട്. മൂന്നു പുറത്തിൽ കവിയാതെ ഉപന്യസിക്കേണ്ടി വരുമെന്ന ഭയത്തിൽ നിർത്തുന്നു. പിന്നെ പറയാനുള്ളത് നടി മേപ്പട്ട് പോയപ്പോൾ ക്യാമറ കീപ്പട്ട് വന്നു എന്നൊക്കെ എനിക്കറിയാത്ത കൊറേ സംഭവങ്ങളാ.അത് വിവരമുള്ളവർക്ക് വിട്ടുകൊണ്ട് തൽക്കാലം നോം വിട വാങ്ങുന്നു.
വാൽക്കഷ്ണം- ഇത്രയും ആരവങ്ങളില്ലാതെ ഒരു സ്ത്രീ കൂടി കഴിഞ്ഞ മാസം യാത്ര പുറപ്പെട്ടിരുന്നു- ലോർഡ് ലിവുങ്സ്റ്റൺ 7000 കണ്ടിയിലെ റീനു മാത്യൂസ്. ഏഴ് പുരുഷന്മാരോടൊപ്പം യാതൊരു സൗജന്യവും പറ്റാതെ കാടിന്റെ നടുവിലേയ്ക്ക്. ചിത്രം മഹാബോറായിരുന്നു. പക്ഷേ ഇടയ്ക്കൊരു റൊമാൻസ് പോലുമില്ലാതെയുള്ള റീനുവിന്റെ യാത്രയ്ക്കും പുതുമയുണ്ടായിരുന്നു.
-അചിന്ത്യ