തിരുവമ്പാടി തമ്പാന്‍', 'ഇത് പാതിരാമണല്‍', 'ഒറീസ', 'പോളിടെക്നിക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ പത്മകുമാറും, 'നടന്‍', 'ദി റിപ്പോര്‍ട്ടര്‍', 'സര്‍ സി പി' എന്നീ സിനിമകള്‍ക്ക് ശേഷം തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവും ഒരുമിക്കുമ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ഒരു തരിമ്പ് പോലും കൂടാതെ, കുറയാതെ നല്കിയിരിക്കുന്ന സിനിമയാണ് 'കനല്‍'. കുറ്റം പറയരുതല്ലോ..അമ്പലപ്പുഴ പാല്‍പ്പായസത്തിന് പോലും ഈയൊരു നിലവാര സ്ഥിരത പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയമാണ്.
'ശിക്കാര്‍' എന്ന സിനിമയില്‍ തുടങ്ങിയതാണ് സംവിധായകന്‍ പത്മകുമാറിന്റെ റിവഞ്ച് മാനിയ. ആന്ധ്ര പ്രതികാരം, കുട്ടനാടന്‍ പ്രതികാരം, വയനാടന്‍ പ്രതികാരം, തമിഴ്നാട് പ്രതികാരം, ഒറീസ്സ പ്രതികാരം എന്നിവ കഴിഞ്ഞ് ഒരു മിഡില്‍ ഈസ്റ്റ് പ്രതികാരത്തില്‍ അതെത്തി നില്ക്കുന്നു. ഇനിയും പത്മകുമാറിന്റെ പ്രതികാര കഥകള്‍ക്ക് ഭൂമികയാകാന്‍ കേരളത്തിലെ പതിനൊന്നോളം ജില്ലകളും ഇന്ത്യയിലെ ഇരുപത്തി ആറോളം സംസ്ഥാനങ്ങളും ബാക്കിയുണ്ടെന്നറിയുമ്പോള്‍ സന്തോഷം കൊണ്ടിരിക്കാന്‍ മേലാ!!!
2008-ന്റെ പകുതിയോടെ സംഭവിച്ച ആഗോള സാമ്പത്തിക മാന്ത്യവും അത് ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം എന്ന് പറയാം. ആ ദുര്‍ഘട കാലഘട്ടം ചില മനുഷ്യരുടെ ജീവിതത്തിലും സ്വഭാവഘടനയിലും വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ ആധാരം. സ്വന്തം കുടുംബത്തിന്റെ ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു പോകുന്ന ജോണ്‍ ഡേവിഡ് (മോഹന്‍ലാല്‍), സാമ്പത്തിക മാന്ദ്യം കാരണം കടക്കെണിയില്‍ പെട്ട അനന്ത നാരായണന്‍ (അനൂപ് മേനോന്‍), ആത്മഹത്യ മാത്രം പോംവഴിയായ സാഹചര്യത്തില്‍ കാടിന്റെ നിയമത്തിലേക്ക് തിരിഞ്ഞ കുരുവിള (അതുല്‍ കുല്‍ക്കര്‍ണി)... ഈ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ട്രെയിന്‍ യാത്രയില്‍ പരസ്പരം പരിചയപ്പെടുന്ന ജോണും അനന്തനും സ്വന്തം ഭൂതകാലാനയഭവങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നതിലൂടെയാണ് സിനിമയുടെ തുടക്കം. വര്‍ത്തമാന കാലവും ഭൂതകാലവും മാറി മാറി വരുന്ന ആഖ്യാന രീതിയുടെ അവസാനത്തില്‍ ആരാണ് ഇര, ആരാണ് വേട്ടക്കാരന്‍ എന്ന ദുരൂഹതയോടെയാണ് സിനിമ അവസാനിക്കുന്നത്.
സിനിമയിലാകെ മില്ല്യണ്‍സിന്റെ ഫണ്ട് ട്രാന്‍സ്ഫര്‍ കളിയാണ്. വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫറിന് ഈ സിനിമയെ സ്പോണ്‍സര്‍ ചെയ്യാമായിരുന്നു. അമ്മാതിരി പണമയച്ചു കളിയാ! ഒാരോ തവണ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴും Times New Roman Font Size 60-ല്‍ 'TRANSFERING' എന്ന് കാണിച്ച് പേടിപ്പിക്കുന്നുമുണ്ട്. എന്തരോ എന്തോ!
ത്രില്ലര്‍ ശ്രേണിയില്‍പ്പെട്ട സിനിമയാണെന്ന് ഇതിന്റെ പിന്നണിക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും യാതൊരു രീതിയിലുള്ള ത്രില്ലും അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. ഒരു ത്രില്ലര്‍ സിനിമക്ക് അവശ്യം വേണ്ട ചടുലതയോ കഥാഘടനയോ ഈ സിനിമക്കില്ല എന്നതാണ് പ്രധാന പോരായ്മ. സിനിമ തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ ഇഴഞ്ഞു നീങ്ങുന്ന ആഖ്യാന രീതി പ്രേക്ഷകനെ വിരസതയിലേക്ക് വീഴ്ത്തുന്നു. ആ ഒരു അവസ്ഥയില്‍ നിന്നും സിനിമയെ ഉയിര്‍പ്പിക്കാന്‍ അവസാനം വരെ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിയുന്നുമില്ല.
ഈയടുത്തിറങ്ങിയ പല മോഹന്‍ലാല്‍ സിനിമകളിലെയും പോലെ നായക കഥാപാത്രം സകലകലാവല്ലഭനാണ് ഇതിലും. ഒാഷോയെയും മാര്‍ക്കേസിനെയും quote ചെയ്യുന്ന ബുദ്ധിജീവി, ഭൂപന്‍ ഹസാരികയുടെ രണ്ട് ഗാനങ്ങള്‍ക്ക് അനിമേഷന്‍ രൂപാന്തരം നല്കിയ കലാസ്വാദകന്‍, സ്ത്രീകളുടെ മനഃശ്ശാസ്ത്രം അറിയുന്ന കാസനോവ, പാചക വിദഗ്ദ്ധന്‍, അനിമേഷന്‍ രംഗമാണ് പ്രൊഫഷനെങ്കിലും അഭിനവ് ബിന്ദ്രയെയും രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡിനെയും നാണിപ്പിക്കും വിധം ഷാര്‍പ്പ് ഷൂട്ടര്‍... പിന്നെയുമെന്തൊക്കെയോ ആണ് ഇതിലെ നായകന്‍. മോഹന്‍ലാല്‍ എന്ന നടന് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ് ഇതിലെ ജോണ്‍ ഡേവിഡ്. ആഴമില്ലാത്ത ചില തത്വചിന്തകള്‍ അനവസരത്തില്‍ ഉരുവിട്ട് എന്തിനോ വേണ്ടി തിളച്ചൊടുങ്ങുന്ന ഒരു കഥാപാത്രം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട വേഷമാണ് അനൂപ് മേനോന്. സ്വന്തം കഥ ജോണിനോട് പറയുന്ന അവസരത്തിലൊക്കെ സ്വാഭാവികഭിനയം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് അനൂപിന്. സ്ഥിരം superlatives ഒന്നും ചാര്‍ത്തപ്പെടാത്ത കഥാപാത്രമാണല്ലോ അനൂപിന് എന്ന സന്തോഷിച്ചിരുന്ന അവസരത്തില്‍ ദാ വരുന്നു... ആ കഥാപാത്രം രചിച്ച "Paid News is Paid Murder" എന്ന വിചിത്ര നാമധേയമുള്ള പുസ്തകത്തിന് ഏഷ്യന്‍ ലിറ്റററി അവാര്‍ഡ് നോമിനേഷന്‍... പന്തീരാണ്ടു കാലം കുഴലിലിട്ടാലും... അതന്നെ!!!! അതുല്‍ കുല്‍ക്കര്‍ണിയെപ്പോലൊരു മികച്ച നടനെ വെറും നോക്കുകുത്തിയായി മാറ്റിയിരിക്കുകയാണ് സിനിമയില്‍. സ്ത്രീ കഥാപാത്രങ്ങള്‍ക്കാകട്ടെ സീരിയല്‍ നായികമാരുടെ സ്വഭാവ വിശേഷങ്ങളും. ഒന്നുകില്‍ അത്യന്തം നിഷ്കളങ്ക..അല്ലെങ്കില്‍ അതിക്രൂര.
ഇതിലെ ഗാനങ്ങള്‍ തിയേറ്റര്‍ ക്യാന്റീനില്‍ ആളെ കൂട്ടാനും 'പ്രകൃതിയുടെ വിളി'ക്ക് ഉത്തരം പറയാനും ഏറെ സഹായകമാവുന്നുണ്ട്. സിനിമയുടെ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളൊന്നും തന്നെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നില്ല.
ഒരു മൂന്ന് മാസത്തിനപ്പുറത്ത് മോഹന്‍ലാലും പത്മകുമാറും സുരേഷ്ബാബുവുമൊക്കെ ഒാര്‍ക്കാന്‍ പോലും സാദ്ധ്യതയില്ലാത്ത സിനിമയാണ് 'കനല്‍'. പിന്നെയാണോ പ്രേക്ഷകരുടെ കാര്യം! കാണികളെ engage ചെയ്യിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയമായ ഒരു സിനിമ.
പിന്‍കുറിപ്പ് : തന്നെ തേടിയെത്തുന്ന പ്രോജക്റ്റുകളില്‍ ഏറ്റവും മോശമായവ തിരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ വൈദഗ്ദ്ധ്യം മോഹന്‍ലാലിനുണ്ട് എന്നതിന് ഈ വര്‍ഷം റിലീസായ സിനിമകള്‍ അടിവരയിടുന്നു. പ്രളയമോ ഭൂമികുലുക്കമോ മണ്ണൊലിപ്പോ ഉണ്ടായാലും ഈ നിലപാട് മാറ്റരുത്. "It's hard to fly when something is weighing you down" എന്ന ഒാഷോ വാചകം ഒാര്‍ത്തിരിക്കണമെന്നു മാത്രം!
ഈ കഥയിലെ വില്ലന്‍ ആരാണെന്ന് പ്രധാന മൂന്നു കഥാപാത്രങ്ങളും വട്ടം നിന്ന് ചോദിക്കുന്ന ക്ലൈമാക്സില്‍ ഇനിയെങ്ങാനും 'ഇങ്കി പിങ്കി പോങ്കി' കളിക്കുമോ എന്ന് ശരിക്കും പേടിച്ചു. ഭാഗ്യം! അതുണ്ടായില്ല.