അമര്‍ അക്ബര്‍ അന്തോണി റിവ്യു

Attachment Size
28-1422449105-amar-akbar-anthony.jpg 62.8 KB

നല്ല എരിവുള്ള ഭക്ഷണം രസിച്ച് കഴിച്ച ശേഷം നാവ് നീറുമ്പോള്‍ മധുരപലഹാരങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ അടുക്കളയിലേക്ക് ഒാടിച്ചെന്ന് ഒരു സ്പൂണ്‍ പഞ്ചസാര വായിലാക്കിയാല്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ...അത് അനുഭവിച്ചിട്ടുണ്ടെങ്കില്‍ ആ ഒരു സ്പൂണ്‍ പഞ്ചസാരയാണ് 'അമര്‍ അക്ബര്‍ അന്തോണി'. .അടുത്തിറങ്ങിയ 'എന്ന് നിന്റെ മൊയ്തീന്‍', 'ഒരാള്‍പ്പൊക്കം', 'പത്തേമാരി' തുടങ്ങിയ മികച്ച സിനിമകള്‍ പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും അതേ പോലെ ചിന്തിപ്പിക്കുകയും ചെയ്ത് നില്ക്കുന്ന അവസരത്തില്‍ നാദിര്‍ഷായും ടീമും പ്രേക്ഷകര്‍ക്ക് വച്ചു നീട്ടുന്ന മധുരമുള്ള കുല്‍ഫിയാണ് അമര്‍ അക്ബര്‍ അന്തോണി. ഒരു മുഴുനീള എന്റര്‍ടെയിനര്‍.

കൊച്ചി നഗരത്തിലെ മൂന്ന് ഫ്രീക്ക് ചെറുപ്പക്കാരാണ് സനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍. സാധാരണ ചെറുപ്പക്കാരെപ്പോലെ തന്നെ ഫ്ലര്‍ട്ടിംഗ്, വെള്ളമടി, ചെറുകിട തരികിടകള്‍ ഇവ തന്നെയാണ് ഇവരുടെ ദൈനംദിന ജീവിതത്തില്‍ ഏറിയ പങ്കും. തായ്ലാന്‍ഡിലെ പട്ടായയിലേക്ക് ഒരു യാത്ര പോകണം എന്നതാണ് മൂവരുടെയും ഷോര്‍ട് ടേം ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളിലൂടെ രസകരമായി മുന്നോട്ട് പോകുന്നു സിനിമ. അവസാന പതിനഞ്ച് മിനിറ്റില്‍ ഒരു സന്ദേശവും (?) പ്രേക്ഷകന് നല്കി സിനിമ അവസാനിക്കുന്നു.

രസച്ചരട് പൊട്ടാതെ സിനിമയുടെ ഏറിയ പങ്കും കൊണ്ടു പോയതിന് സംവിധായകന്‍ നാദിര്‍ഷാ അഭിനന്ദനമര്‍ഹിക്കുന്നു. അതു പോലെ തമാശകള്‍ ചളമായിപ്പോകാതെ നിയന്ത്രിച്ചതിനും. നടീനടന്‍മാരില്‍ ആരും വെറുപ്പിക്കല്‍ ലെവലിലേക്ക് പോകുന്നില്ല എന്നത് തന്നെയാണ് ഈ ഫണ്‍ മൂവിയുടെ പ്രധാന പ്ലസ് പോയിന്റ്. കഴിഞ്ഞ കുറെ സിനിമകളിലായി 
വെറുപ്പിക്കല്‍ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാജു നവോദയയെ പോലും സംവിധായകന്‍ തന്റെ നിയന്ത്രണത്തില്‍ കൊണ്ടു വന്നിട്ടുണ്ട്...രസകരമാക്കിയിട്ടുണ്ട്.

പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ...ഈ മൂന്നു പേര്‍ തമ്മില്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന 'കൗണ്ടറുകളാണ്' സിനിമയെ രസകരമാക്കുന്ന മുഖ്യ ഘടകം. മൂന്നു പേര്‍ക്കും ഷൈന്‍ ചെയ്യാനുള്ള അവസരങ്ങള്‍ പകുത്തു നല്കിയിട്ടുണ്ട് നവാഗതരായ തിരക്കഥാകൃത്തുക്കളും സംവിധായകന്‍ നാദിര്‍ഷായും. മൂന്നു നടന്‍മാരും ആ അവസരം വളരെ ഭംഗിയായി വിനിയോഗിച്ചിട്ടുമുണ്ട്. "ഛോട്ടാ മുംബൈ"യിലെ പോലെ നര്‍മ്മ സന്ദര്‍ഭങ്ങളിലെ 'ട്വിസ്റ്റുകള്‍' കൊണ്ട് സമ്പന്നമാണ് സിനിമ. നായിക നമിത പ്രമോദിന് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല ഈ സിനിമയില്‍. നടിമാരില്‍ കയ്യടി വാങ്ങിയത് KPAC ലളിത തന്നെ.

സിനിമ ആവശ്യപ്പെടുന്ന ഛായാഗ്രഹണ പരിചരണം നല്കിയതിനോടൊപ്പം ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട് സുജിത് വാസുദേവ്. നാദിര്‍ഷായുടെ ഗാനങ്ങള്‍ ശരാശരിയിലൊതുങ്ങിയപ്പോള്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഫണ്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.

ചില സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, കഴിഞ്ഞ കുറെ മലയാള സിനിമകളില്‍ കണ്ട പോലെ അന്യ സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകള്‍ ആയി ചിത്രീകരിക്കുന്ന പ്രവണത, സിനിമയുടെ ഒടുവില്‍ mobocracy-യെ അനുകൂലിക്കുന്ന തെറ്റായ സന്ദേശം...ഗൗരവമായി സമീപിച്ചാല്‍ നെഗറ്റീവുകള്‍ ചികഞ്ഞെടുക്കാന്‍ ഏറെയുണ്ടാവും ഈ സിനിമയില്‍.. പക്ഷേ ഗൗരവമായ ഒരു നിരീക്ഷണം അര്‍ഹിക്കുന്ന സിനിമയൊന്നുമല്ല ഇത്. കണ്ട് ചിരിച്ച് രസിച്ച് മറക്കേണ്ട ഒരു സിനിമ.

ലോജിക്കിന്റെ ഭൂതക്കണ്ണാടി വീട്ടില്‍ വച്ചിട്ട് പോയാല്‍ രസിച്ച് കാണാം ഈ സിനിമ. 
പിന്‍കുറിപ്പ് : "സീനിയേഴ്സ്" സിനിമ നന്നായി രസിച്ചു എന്ന് ഞാന്‍ പറഞ്ഞപ്ലോള്‍ സീരിയസ് സിനിമയുടെ വക്താവായ എന്റെ ഒരു സുഹൃത്ത് പറഞ്ഞു.. "ഇതാണോ നിന്റെ സിനിമാ sensibility".. അന്നു ഞാന്‍ പറഞ്ഞ മറുപടി ഇതാണ് "വെറൈറ്റി ജീവിതത്തിന്റെ മാത്രം സ്പൈസല്ല... സിനിമയുടേത് കൂടിയാണ് ഭായ്". ഇന്ന് ആ ചോദ്യം ചോദിക്കുന്നവര്‍ക്കും അത് തന്നെയാണ് ഉത്തരം..

Contributors