സിനിമയെ അപാരമായി പ്രണയിക്കുന്നവന്‍ അതിന്റെ ദൃശ്യസാധ്യതകള്‍ തിരഞ്ഞു പോവുകയാണ് ഇരട്ടക്കുഴലിലൂടെ. തുടക്കം മുതല്‍ ഒടുക്കം വരെ അപാരമായ ദൃശ്യങ്ങള്‍ക്കൊണ്ട് സമര്‍ത്ഥമായി ഒരുക്കിയ ഒരു ആക്ഷേപഹാസ്യ സിനിമ. എന്റെ സ്പൂഫ് സിനിമകളുടെ പരിമിതമായ അറിവ് വെച്ച് ഇത്രയും ദൃശ്യസാധ്യകള്‍ ആഖ്യാനത്തിന് പരീക്ഷിച്ച ഒരു സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല എന്ന് പറയാം. ലിജോ പറഞ്ഞതാണ് ശരി , ഒരു മലയാള സിനിമ കാണുന്ന ലാഘവത്തോടെ കാണേണ്ട സിനിമയല്ല ഇത്. ഹിറ്റ്‌ലറുടെ അധപതനത്തിന് കാരണമായ(?) രത്നം സംഘടിപ്പിക്കാന്‍ വേണ്ട പണം കണ്ടെത്താന്‍ ഗാംഗ്സ്റ്ററുകള്‍ പോവുന്നത് ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടിയ V യുടെയും മാജിക്കുകള്‍ കാണിക്കാന്‍ കഴിവുള്ള ലോകിയുടെയും മാസ്കുകള്‍ ധരിച്ചാണ് എന്നത് മാത്രം മതി സിനിമക്ക് അതിന്റെ ഉപരിതലത്തിലെ ദൃശ്യങ്ങള്‍ക്ക് അപ്പുറം മറ്റൊരു വായനയ്ക്ക് കൂടി സാധ്യതകള്‍ ഉണ്ടെന്നു മനസ്സിലാക്കാന്‍. സിനിമ ഇനിയൊരു കാഴ്ചക്ക് കൂടി ഉണ്ട്.
ഇവിടെ ജീവിതത്തില്‍നിന്ന് ചുരണ്ടിയെടുത്ത കഥാപാത്രങ്ങള്‍ ഇല്ല. ഉള്ളത് സിനിമയില്‍നിന്നും വീഡിയോ ഗെയിമില്‍നിന്നും കാര്‍ട്ടൂണുകളില്‍നിന്നും ചുരണ്ടി എടുത്ത ഒരുപിടി കഥാപാത്രങ്ങള്‍. മാക്സ്പെയിനിലെ ചുവപ്പന്‍ മോട്ടലിലെ രക്തരൂക്ഷിതമായ സ്ലോ മോഷനില്‍ അവതരിപ്പിക്കുന്ന സംഘട്ടനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന, കഥാപാത്രങ്ങള്‍ക്ക് ഹെല്‍ത്ത് സ്കോറും പൊയന്റും നല്‍കിയുള്ള ഫൈറ്റ് സീന്‍ വിഡിയോ ഗെയിമുകളെയാണ് ഓര്‍മിപ്പിക്കുന്നത്.
പ്രേക്ഷകനെയല്ല ലിജോ പരിഹസിക്കുന്നത് പ്രേക്ഷകനെ പരിഹസിച്ചു കൊണ്ട് എടുക്കുന്ന സിനിമകളെയാണ്. ഒരു വെടി പൊട്ടിക്കുന്നത് അങ്ങോട്ടാണ്. യുദ്ധത്തിനു പോകുമ്പോഴും മരണത്തിനും വരെ സെല്ഫിയെടുക്കുന്ന പുതിയ കാലത്തിനു നേരെയാണ് അടുത്ത വെടി.
ലിജോയുടെ സിനിമ കാണാന്‍ ഭൂരിപക്ഷാഭിപ്രായം കേട്ട് പോവുന്ന പതിവില്ല. ഇനി അങ്ങോട്ട് അഭിപ്രായം പോലും കേള്‍ക്കാന്‍ താല്പര്യവുമില്ല. സിനിമയെ പ്രണയിക്കുന്നവന്‍ ഒരുക്കുന്ന സിനിമകള്‍ക്ക് ജീവനുണ്ടാവും, അതിനെ പ്രേക്ഷകര്‍ കൊല്ലുന്നതിനു തീയേറ്ററില്‍ പോയി തന്നെ കാണുകയും ചെയ്യും. ടോറന്റ് വിപ്ലവം നടന്നിട്ടും അടി/വെടി/ലോജിക്കില്ലാ സിനിമകള്‍ മാത്രം കാണാന്‍ ഇപ്പഴും ഇഷ്ടപ്പെടുന്ന ബാഹുബലിയുടെ ഗ്രാഫിക്സിന് കനത്ത വിലയിടുന്ന പ്രേക്ഷകന്റെ/ ഒരു കൂട്ടം ആളുകളിലെക്കാണു ലിജോ തന്റെ സിനിമ മുന്നോട്ടു വെയ്ക്കുന്നത്. അതാണ് സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ചെറിയ മാറ്റങ്ങളോടു കൂടി സിനിമ തമിഴ്നാട്ടില്‍ ഇറക്കണം മാഷേ, നല്ലതിന് കയ്യടിക്കാന്‍ ഒരുപറ്റം പ്രേക്ഷകരെ അവിടെയെങ്കിലും കിട്ടട്ടെ.