ഷീടാക്സി - സിനിമാറിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sat, 04/25/2015 - 09:41

കാവ്യാ മാധവൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അഭിനയപ്രതിഭകളുടെ മാറ്റുരയ്ക്കലിന്റെ വേദിയായി ഷീ റ്റാക്സി. ക്ലൈമാക്സ് വരെ നീണ്ടുനിന്ന പൊരിഞ്ഞ പോരാട്ടത്തിൽ ഇന്റർവെല്ലുവരെ കാവ്യ ഒരു പൊടിയ്ക്ക് മുന്നിട്ട് നിന്നെങ്കിലും സെക്കന്റ് ഹാഫിൽ സുരാജ് സ്ഥിരം ഫോമിലേക്കുയർന്നതിനാൽ കാവ്യയ്ക്ക് അടിയറവു പറയേണ്ടി വന്നു.

പാവങ്ങളുടെ മോഹൻലാൽ കം സുരേഷ് ഗോപി കം പദ്മരാജൻ കം രഞ്ജിത്തായ അനൂപ് മേനോന്റെ സാന്നിദ്ധ്യമാണ് സിനിമയുടെ മറ്റൊരു ആകർഷണം.

കോമയിലായ ലാമ, ലാമയുടെ കൂട്ടുകാരനായ ലാമ എന്നിവരായി അഭിനയിച്ച നേപ്പാളി താരങ്ങൾ കസറി. കാവ്യാ മാധവന്റെ റ്റാക്സിയായി അഭിയയിച്ച അംബാസഡർ കാറും മികച്ച അഭിനയമാണ് പുറത്തെടുത്തത്. അടുത്ത കാലത്ത് ഇറങ്ങിയ മലയാളം സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ ഇന്ത്യൻ പ്രസിഡന്റ് ഷീ റ്റാക്സിയിലും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം തന്റെ അസാന്നിദ്ധ്യം കൊണ്ട് ജോയ് മാത്യൂ ശ്രദ്ധ പിടിച്ചു മറ്റി. അവസാനനിമിഷം വരെ അദ്ദേഹം വന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കാത്തിരുന്ന കാണികൾക്ക് നിരാശരായി മടങ്ങേണ്ടി വരികയായിരുന്നു.കണ്ണേ കരളേ ജോയ് മാത്യൂ എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച ശേഷമാണ് പ്രേക്ഷകർ തീയേറ്റർ വിട്ടത്

Contributors