ഞാന്‍

Submitted by Sethunath on Sat, 09/20/2014 - 08:46
ഞാന്‍
  • വര്‍ത്തമാനകാലത്തിലും ആധുനികതയിലും അഭിരമിച്ചു നില്‍ക്കുന്ന പുതിയ തലമുറയുടെ കേരള ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞ് നടപ്പ്
  • ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയത്തിന് പിന്നിലും അറിയുന്നതിനും അപ്പുറം അറിയപ്പെടാത്തവന്റെ ശബ്ദമുണ്ടാവും . അത്തരമൊരു അറിയപ്പെടാത്ത പോരാളിയെ, അയാളുടെ ജീവിതം തേടിയുള്ള യാത്ര .
  • ധിഷണയും അടിയുറച്ച സാമൂഹ്യരാഷ്ട്രീയ ബോധവും അടിച്ചമര്‍ത്തപ്പെട്ടവനോടുള്ള സഹാജാവബോധവും കൈമുതലായുള്ളപ്പോഴും, അവയെ പാര്‍ശ്വവല്‍ക്കരിക്കുന്ന വ്യക്തിജീവിതത്തിലെ അപഭ്രംശങ്ങളും, അരാജകത്വവും, അന്ത:സംഘര്‍ഷങ്ങളും , അനിയന്ത്രിതമായ ഭോഗതൃഷ്ണയും തുടര്‍ന്നുള്ള ആത്മനിന്ദയും
  • കെ ടി നാരായണന്‍ കോട്ടൂര്‍ എന്ന രാഷ്ട്രീയവ്യക്തിത്വത്തിനു ചുറ്റിനും ജീവിച്ച മനുഷ്യര്‍ , അവരുടെ ജീവിതം 
  • സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം, വ്യാപ്തി , വ്യക്തിപരമായ അതിന്റെ നിര്‍വ്വചനങ്ങള്‍ 
  • രാഷ്ട്രീയത്തില്‍ മന:സാക്ഷിക്കും അപ്പുറം തന്ത്രങ്ങള്‍ക്കുള്ള , അജണ്ടകള്‍ക്കുള്ള പ്രായോഗികത 

    

ടി പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍ - എഴുത്തും ജീവിതവും " എന്ന പുസ്തകത്തിനെ ആധാരമാക്കി രഞ്ജിത്ത് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച "ഞാന്‍" എന്ന സിനിമ ഇതൊക്കെയാണ് .

കെ ടി എന്‍ കോട്ടൂരിന്റെ കഥ ഒരു നാടകത്തിനു വേണ്ടി ആഖ്യാനം ചെയ്യുന്ന ഒരു സംഘം, അവരെ തന്നെ കേന്ദ്രകഥയിലെ കഥാപാത്രങ്ങളായി സന്നിവേശിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനശൈലിയാണ് സംവിധായകന്‍ കൈക്കൊണ്ടിട്ടുള്ളത് . അതിശയിപ്പിക്കുന്ന ചാരുതയോടെയും കയ്യടക്കത്തോടെയും അത് ചെയ്യപ്പെട്ടിരിക്കുന്നത് പ്രേക്ഷകന് അനുഭവിക്കാനാവും . അത്യന്തം ശ്രമകരമായിരുന്നിരിക്കണം ഈ അവതരണം എന്നത് സീനുകളുടെ അതി സങ്കീര്‍ണ്ണമായ സീക്വന്‍സുകള്‍ കാണുമ്പോള്‍ ബോധ്യമാവുകയും ചെയ്യും . 

നായകപ്രാധാന്യമുള്ള രാഷ്ട്രീയ സിനിമയാണെങ്കില്‍ കൂടി ഇതൊരു സ്ത്രീപക്ഷ സിനിമ കൂടിയാവുന്നതും ഈ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുവാന്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങള്‍ ആവേണ്ടതില്ല. ചവിട്ടിയരക്കപ്പെടുന്നതിനെതിരെ, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനെതിരെ ഒരു സ്ത്രീശബ്ദവും പ്രത്യക്ഷത്തില്‍ മുഴങ്ങുന്നില്ലെങ്കിലും ഇതിലെ സ്ത്രീജീവിതങ്ങള്‍ സിനിമ കഴിഞ്ഞു തീയേറ്റര്‍ വിട്ടാലും  പ്രേക്ഷകന്റെ മനസ്സിലേറി മഥിച്ചുകൊണ്ടിരിക്കും . 

കഴിഞ്ഞ നൂറ്റാണ്ടിലെക്കു ക്യാമറ തിരിച്ചു വെക്കുക എന്നത് അത്യന്തം ശ്രമകരമാണ് . സന്തോഷ്‌ രാമന്റെ കലാ സംവിധാനവും മനോജ്‌ പിള്ളയുടെ ഛായാഗ്രഹണവും കൃതഹസ്തയോടെയും ഭദ്രമായും അത് കൈകാര്യം ചെയ്തിരിക്കുന്നു. 

കേന്ദ്ര കഥാപാത്രമായ രവി ചന്ദ്രശേഖരനായും കെ ടി എന്‍ കോട്ടൂരായും നായകവേഷത്തില്‍ എത്തുന്ന ദുല്‍ക്കര്‍ സല്‍മാന്‍ , നായികമാര്‍ (അങ്ങിനെ തന്നെ പറയാം ) ആയി അഭിനയിച്ച ശ്രുതി രാമചന്ദ്രൻ,അനുമോൾ,ജ്യോതി കൃഷ്ണ, മുത്തുമണി, സജിത മഠത്തില്‍ എന്നിവര്‍ , കെ ടി എന്‍ കോട്ടൂരിന്റെ അച്ഛനായി അഭിനയിച്ച സുരേഷ് കൃഷ്ണ , കൊട്ടുരിലെ ജന്മിയായ രണ്‍ജി പണിക്കര്‍ , ജോയ് മാത്യു , ഹരീഷ് പേരാടി അങ്ങിനെ എല്ലാ അഭിനേതാക്കളും അഭിനയത്തിന്റെ സൂക്ഷ്മതലങ്ങള്‍ വരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് തങ്ങളുടെ കഥാപാത്രങ്ങളോട് പരിപൂര്‍ണ്ണമായി നീതി പുലര്‍ത്തി.

റഫീക്ക് അഹമ്മദ് രചിച്ച് ബിജിബാല്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളും കവിതകളും ഹൃദയഹാരികളാണ് . പ്രത്യേകിച്ചും കഥകളി ഗായകന്‍ കോട്ടക്കല്‍ മധു ആലപിച്ച കവിതകള്‍ അതാത് സീനുകളോട് ചേര്‍ന്ന് നിന്ന് പ്രേക്ഷകന്റെ മനമുലയ്ക്കുന്നു . 

 വളരെ ഉയര്‍ന്ന കലാമൂല്യമുള്ള ഒരു സിനിമ. ശ്രീ രഞ്ജിത്തിനു അഭിമാനിക്കാവുന്ന ഒരു ചിത്രം .

 

Relates to