(photo : Smt. Padmaja Radhakrishnan)
മലയാള സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീതകാരന്മാരിലൊരാൾ. കൃത്യമായ ഒരു കളത്തിനുള്ളിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ച് പരിമിതപ്പെടുത്താനാവില്ല തന്നെ. മികച്ച ലളിതസംഗീതകാരൻ, ചലച്ചിത്ര-ലളിത സംഗീതശാഖകളിൽ ഒരേ പോലെ സുന്ദരമായ ഈണങ്ങളുടെ സൃഷ്ടാവ്, പിന്നണി ഗായകൻ, പ്രഗത്ഭനായ കർണാടക സംഗീതജ്ഞൻ - ഇതെല്ലാമായിരുന്നു അദ്ദേഹം. ആകാശവാണിയ്ക്കു വേണ്ടിയും ചലച്ചിത്രഗാനങ്ങൾക്കായും അദ്ദേഹത്തോടൊപ്പം സഹകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. മാസത്തിൽ 30 ദിവസവും കച്ചേരികൾ അവതരിപ്പിക്കുന്ന അദ്ദേഹം ലളിതസംഗീതത്തിന്റെ എല്ലാ ലാളിത്യവുമുൾക്കൊള്ളുന്നതും എന്നാൽ അതേ സമയം ഒരു ശാസ്ത്രീയ രാഗത്തിന്റെ അദൃശ്യസാന്നിദ്ധ്യം അടിമുടി അനുഭവേദ്യമാക്കുന്നതുമായ ഒരു ലളിതഗാനം 31ആം ദിവസം പാടി നമ്മെ അൽഭുതപ്പെടുത്തും എന്ന് ഞാൻ പറയാറുണ്ട്. (ശാസ്ത്രീയ രാഗത്തിന്റെ തൂവൽ കൊണ്ടുഴിയുന്നതു പോലെ). പിന്നീടു മലയാള ചലച്ചിത്രഗാനശാഖയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട കഠിനവും കർക്കശവുമായ ശാസ്ത്രീയ സംഗീതമല്ലായിരുന്നു അതൊരിക്കലും. ദക്ഷിണാമൂർത്തിയേയും ദേവരാജനേയും പോലെയുള്ള ഗാനസൃഷ്ടാക്കളാൽ സമ്പുഷ്ടമായ ക്ലാസ്സിക്കൽ യുഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. രാഗനിബദ്ധമായ ആ ഈണങ്ങളിൽ ആവേശമോ മതിപ്പോ ഉണർത്താൻ ഉദ്ദേശിച്ചുള്ള സംഗീതക്കസർത്തുകൾ ഒട്ടും തന്നെ ഇല്ലായിരുന്നു. ആരിലും മതിപ്പുണർത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ട ആവശ്യം അവർക്കില്ലായിരുന്നു. എന്നാൽ അവരുടെ ജീവിതവും സംഗീതവും ആരിലും മതിപ്പുണർത്തുന്നതുമായിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള വ്യക്തികളുടേയും സംഗീതജ്ഞരുടേയും അഭാവം എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. ഓർമ്മച്ചെരാതുകൾ എന്ന എന്റെ പുസ്തകത്തിലെ ഒരദ്ധ്യായം ശ്രീ എം ജി രാധാകൃഷ്ണന്റെ ഇടമാണ്.
ശാസ്ത്രീയ രാഗത്തിന്റെ തൂവൽ