കൂതറ നല്ല വാക്ക് അല്ല. ഉഡായിപ്പും നല്ല വാക്ക് അല്ല. പക്ഷെ, ബാംഗ്ലൂർ ഡെയ്സ് നല്ല പടം ആണ്, അതിൽ ചീത്ത വാക്ക് ഒന്നും ഇല്ല. കൂടെ നടക്കണം, കല്യാണത്തിന് ശേഷം പേര് മാറ്റരുത് എന്നൊക്കെ ഉപദേശിക്കും. ടെൻഷൻ വരുമ്പോ ആരും സിഗരറ്റ് വലിച്ചു പോവും, കല്യാണ പെണ്ണ് സഹിതം! അത് പിന്നെ ഓക്കേ... പെണ്‍കുട്ടികളുടെ മനശാസ്ത്രം ഏറ്റവും അറിയാവുന്നത് മലയാളത്തിലെ ഒരേ ഒരു സ്ത്രീ സംവിധായികയ്ക്കല്ലേ?!
എന്നാലും തോന്നുന്നു, ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ചരിത്രപ്രസക്തി നമുക്കൊരു 'ഉഡായിപ്പു സംവിധായികയെ' കൂടി കിട്ടി എന്നുള്ളതാണ് എന്ന്! കാരണങ്ങൾ താഴെ:
1. എഴുതി അങ്ങ് കൂട്ടി, അയ്യോ എങ്ങനെ നിർത്തണം?.. ആ, ശരി ആരും അറിയാതെ റോക്ക് ഓണേൽ കേറി ഒന്ന് പിടിക്കാം.
2. നിവിന്റെ നരേഷൻ ആണ് പടം, അപ്പൊ പിന്നെ ഈ ക്ലൈമാക്സ്... ഹോ വട്ടു പിടിക്കുന്നു, അപ്പൊ പിന്നെ എല്ലാവരും കൂടി നിന്ന് ഹരിശ്രീ അശോകൻ വളിപ്പ് പറഞ്ഞു ഫാമിലി ഫോട്ടോ എടുത്തു സ്റ്റിൽ ആക്കുന്ന ആ റ്റെക്നിക് ഉണ്ടല്ലോ, അതെടുത്തു പയറ്റാം...
3. എനിക്കെങ്ങും തമാശ എഴുതാൻ അറിയില്ല, അപ്പൊ പിന്നെ എന്ത് ചെയ്യും...ആ, എന്നെ സിനിമയിൽ കൊണ്ട് വന്ന രഞ്ജിത് ഏട്ടന് ബാവൂട്ടിയിൽ 'തട്ടത്തിൻ മറയത്ത്' ഉപയോഗിക്കാമെങ്കിൽ പിന്നെ എനിക്ക് ആയിക്കൂടെ, ഒന്നും അല്ലേലും ഞാൻ പ്രായത്തിൽ ചെറുപ്പമല്ലേ.. എനിക്കല്ലേ യൂത്തിന്റെ പൾസ് അറിയാവുന്നേ...
4. അയ്യോ, ഈ ബാംഗ്ലൂർ പോയപ്പോ എന്തോ മറന്നു... എന്താ അത്? ങാ... അതുതന്നെ നൊസ്റ്റാൽജിയ! അത് വിട്ടു കളിയില്ല, അപ്പൊ പിന്നെ നായകൻ നമ്പർ 1 കുളിക്കടവിൽ തുണി അലക്കട്ടെ. എടുക്കു താഹിറേ ക്ലോസ് ഒന്ന്, 501 ബാർ ക്ലോസിൽ ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും!
5. ഈ 501 കാണിച്ചാൽ പടം പിടിക്കാനുള്ള പൈസ പിന്നെ... (സോറി ഞാൻ ചീത്ത വിളിക്കില്ല).. അപ്പൊ പിന്നെ ഈസ്റ്റേണ്‍ കമ്പനിയെ വിളി. എല്ലാ പൊടിയും ഞാൻ കാണിക്കാം, അച്ചാറും കാണിക്കാം, അച്ചാർ സൂപ്പർ എന്ന് ഡയലോഗ് പറയിക്കാം.. അപ്പൊ പിന്നെ എന്തിനാ അൻവറും സോഫിയയും? ഇരിക്കട്ടെ.. ഒരു ഉഡായിപ്പ് ആവുമ്പോൾ രണ്ടുമൂന്നു പേര് കൂടെ നല്ലതാ..
6. പിന്നെ ഒരു ദിവസം നായകൻ നമ്പർ 1 തിരിച്ചു തറവാട്ടിൽ വരണം. നൊസ്റ്റാൽജിയ...താഹിറേ എവിടേലും ക്യാമറ വെക്ക്, കുറെ കരിയില മുറ്റത്ത് ഇട്... ഇട് ഗോപീ കണ്ണീർ വരുത്തുന്ന BG.
സാധു : വിക്കാൻ ഇടുന്ന തറവാട് ചേച്ചി ഒന്ന് തൂത്ത് വൃത്തിയാക്കി ഇടുന്നതല്ലേ ബുദ്ധി?
അ.മേ : ഓ! തൂത്താൽ പടം ലോ ബജറ്റ് ആയി പോവും, ചൂലിന് 25 രൂപ പോരേ, ഒരു കാര്യം ചെയ്യ്, നിങ്ങൾ ആ പറമ്പിലോട്ടു ഇറങ്ങി മൊത്തം കുലച്ച വാഴയും അങ്ങ് വെട്ടിക്കോ...
സാധു : അതിപ്പോ, വീട് വിക്കുന്നതിനു എന്തിനാ വാഴ വെട്ടുന്നേ?
അ.മേ : അത് പിന്നെ... കഴുക്കോൽ ഊരാൻ പറ്റുമോ? ബ്ലഡി ഫൂൾ....
സാധു : ബാഗും എടുത്തു വന്ന നായകൻ നമ്പർ 1 അടുത്ത സീനിൽ തിരിച്ചു പോയല്ലോ? പിന്നെ അവൻ എന്തിനാ വന്നേ?
അ.മേ : അത് പിന്നേ, ബംഗ്ലൂർ നിന്നാൽ വാഴ വെട്ടുന്നത് കാണാൻ പറ്റുമോ?
7. സാധു : ചേച്ചീ, എനിക്ക് പിന്നേം സംശയം... ഈ ഉണ്ണിയപ്പത്തിന്റെ കാര്യം പറഞ്ഞാപ്പോൾ നായകൻ നമ്പർ 2 ചിരിച്ചല്ലോ?
അ.മേ : ചിരിച്ചു...
സാധു : അപ്പൊ നമുക്ക് തോന്നില്ലേ, നായകൻ നമ്പർ 2 പുതിയ ജീവിതം തുടങ്ങാൻ ഒരുക്കം ആണെന്ന്...
അ.മേ : അങ്ങനെ തോന്നിയോ?
സാധു : തോന്നി. അപ്പൊപ്പിന്നെ, കല്യാണം കഴിഞ്ഞു പുള്ളി പന്തം കണ്ട പെരുച്ചാഴിയെ പോലെ നടക്കുന്നത് എന്തിനാ?
അ.മേ : അതിനു പെരുച്ചാഴി റിലീസ് ആയില്ലല്ലോ?
സാധു : നമിച്ചു ചേച്ചി, നമിച്ചു...
8. സാധു : ഇത് ചോദിക്കാമോ എന്തോ... മെയിൻ നായിക പാട്ടിൽ മാത്രം ഉള്ള നായികയുടെ മുറിയിൽ കേറി കരഞ്ഞു ഇരിക്കില്ലേ?
അ.മേ : ഇരിക്കും
സാധു : അപ്പൊ, നായകൻ നമ്പർ 3 വരില്ലേ?
അ.മേ : വരും
സാധു : അപ്പൊ നായികയെ മൊത്തം കാണിച്ചു, പുറകിൽ ലൈറ്റ് കൊടുത്തു നായകൻ നമ്പർ 3 യുടെ കാല് മാത്രം കാണിച്ചു, ക്യാമറ പാൻ ചെയ്തു... നായികക്ക് ഒരു ആശ്വാസം എത്തി, എന്ന ഒരു ഫീൽ ജനിപ്പിക്കില്ലേ?
അ.മേ : ജനിപ്പിച്ചാരുന്നോ?
സാധു : ഉവ്വ്. പക്ഷെ ഇതേ ക്യാമറ ആംഗിൾ, ഇതേ ലൈറ്റ് അപ്പ് ആണല്ലോ അടുത്ത സീനിൽ നായികക്ക് ഇഷ്ടം ഇല്ലാത്ത നായകൻ നമ്പർ 2 വരുന്ന നേരവും! അതെങ്ങനെ ശരി ആവും? ചേച്ചി 12 ആംഗ്രി മെൻ കണ്ടിട്ടില്ലേ? ഇതൊക്കെ സിനിമയുടെ ഗ്രാമറിനു തെറ്റല്ലേ?
അ.മേ : ഇതെന്തുവാ താഹിറേ ഇവൻ പറയുന്നേ?
താഹിർ: എനിക്ക് അറിയത്തില്ല...ഞാൻ ലണ്ടനിൽ പോയി പഠിച്ചിട്ടില്ല!
9. അ.മേ : കൂടുതൽ നീ എന്നോട് പറയാൻ നിക്കണ്ട... ആളേ ഇടിച്ചു കേറുവാ...
സാധു : അത് കേറിക്കോട്ടെ, പക്ഷെ ചേച്ചി, ഞാൻ പറയും... ഈ പറക്കും തളിക എടുത്ത ചേട്ടനും, പഞ്ചാബി ഹൌസ് എടുത്ത അണ്ണന്മാരും, CID മൂസ എടുത്ത ക്രിസ്ത്യാനിയുമൊക്കെയാണ് ചേച്ചിയെക്കാൾ മിടുക്കർ എന്ന്...
അ.മേ : നീ എന്ത് വേണേലും പറഞ്ഞോ... പറഞ്ഞോണ്ട് നീ വീട്ടിലിരിക്കും....
10. സാധു : അല്ല ചേച്ചീ...ഒരു ലാസ്റ്റ് ഡൌട്ട്... ഈ 2.51 അവർ സാധനം ചേച്ചി കണ്ടോ? മൊത്തം?
അ.മേ : പിന്നേയ്.... BG ഇട്ട ഗോപി കണ്ടില്ല, അപ്പോഴാ ഞാൻ! പിന്നെ ഉടുപ്പ് തയ്ച്ച പെണ്ണ് കണ്ടാരുന്നു. ഏതെങ്കിലും സീനിൽ ഇട്ട ഉടുപ്പ് വീണ്ടും ഇട്ടാ പിന്നെ നീ കൊച്ചി കാണില്ല എന്ന് ആ കൊച്ചിനോട് ഞാൻ പറഞ്ഞാരുന്നു... ഇതേ യൂത്ത് പടമാ..
സാധു : അല്ല ചേച്ചീ...അപ്പൊ ഇതൊക്കെ അല്ലേ ചേച്ചീ ഈ ഉഡായിപ്പ്?
അ.മേ : ശ്ശേ... നീ ഏതാ ജാതി? മേനോൻമാരോട് ഇങ്ങനുള്ള വേർഡ്സാ പറയുക?!
എഴുത്ത് : ബി.ഡി. സാധു