'ഒട്ടും പുതുമയില്ലാത്ത ലോകത്തിലെ ആദ്യസിനിമ' എന്ന സത്യസന്ധമായ ടാഗ് ലൈൻ തന്നെയാണ് നേരത്തിന്റെ നേരും നന്മയും. പുതുമയില്ലാത്ത പുതുമ. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. വീഞ്ഞ് പഴകുമ്പോഴാണ് വീര്യമെന്നും, പുതിയ കുപ്പിയാണ് കാണാൻ കൊള്ളാവുന്നതെന്നും ചിന്തിച്ചാൽ നേരം നല്ലൊരു നേരമ്പോക്കാണ്, തീർച്ച..!
സിനിമാഭ്രാന്തന്മാരായ ഒരുകൂട്ടം ചെറുപ്പക്കാരും അൽഫോൺസ് പുത്രൻ എന്ന സംവിധായകനും മൂന്നുവർഷം അധ്വാനിച്ചാണ് മലയാളത്തിലും തമിഴിലും ഒരേ സമയം 'നേരം' ചിത്രീകരിച്ചത്. സംവിധായകൻ ഉൾപ്പെടെ ഒട്ടുമിക്ക ആളുകളുടെയും ആദ്യ സിനിമ. വിനയന്റെ ബോയ്ഫ്രണ്ടിൽ അസിസ്റ്റന്റ് ക്യാമറമാനായാണ് അൽഫോൺസ് സിനിമാപണി തുടങ്ങിയത്.
ട്രാഫിക് മുതൽ കണ്ടുവരുന്ന, പല കഥകൾ ഒരു പോയിന്റിൽ കൂട്ടിമുട്ടുന്നതും സംഘർഷങ്ങൾ നിറഞ്ഞതുമായ ആഖ്യാനശൈലിയാണ് നേരത്തിന്റേതും. Romantic-Action-Comedy സിനിമ. കഥയിലെ പുതുമയില്ലായ്മയെ മേക്കിംഗിലെ സൗന്ദര്യം കൊണ്ട് മനോഹരമാക്കാൻ അണിയറക്കാർക്ക് കഴിഞ്ഞു. ഒന്നല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നാണ് ആദ്യ സിനിമയെ കുറിച്ച് അൽഫോൺസിന്റെ ഫേസ്ബുക്ക് കമന്റ്. ആശാന്റെ 'നെഞ്ചത്ത് കേറും' എന്നുറപ്പുള്ളത് കൊണ്ടാണല്ലോ 'ഒട്ടും പുതുമയില്ലാത്ത ലോകത്തിലെ ആദ്യസിനിമ' എന്ന പരസ്യവാചകം പോസ്റ്ററിൽ ഉപയോഗിക്കാൻ ധൈര്യം കാട്ടിയത്.
# നേരത്തിന്റെ കഥാസാരം
തൊഴിൽ അന്വേഷിച്ച് നടക്കുന്ന സോഫ്റ്റ് വെയർ എൻജിനിയറാണ് മാത്യു (നിവിൻ പോളി). മാത്യുവിന്റെ കളിക്കൂട്ടുകാരിയും കാമുകിയുമാണ് ജീന (നസ്റിയ). ജോലിയില്ലാതെ തമിഴ്നാട്ടിൽ കഴിയുന്ന മാത്യുവിന് ജീനയാണ് പ്രധാന ആശ്രയം. ഇവർ തമ്മിലുള്ള കല്ല്യാണം ആദ്യം നിശ്ചയിക്കുമെങ്കിലും ജോലിയില്ലെന്ന കാരണത്താൽ ജീനയുടെ അച്ഛൻ എതിർക്കുന്നു... സഹോദരിയുടെ കല്ല്യാണത്തിന് വട്ടിരാജ എന്ന പലിശക്കാരനില്‍ നിന്ന് മാത്യു കടം വാങ്ങുന്നു... മാത്യുവിനൊപ്പം ജീവിക്കാന്‍ ജീന വീടുവിട്ടിറങ്ങുന്നു... വട്ടിരാജയുടെ അടുത്തേയ്ക്ക് പണവുമായി പോകുന്നതിനിടയില്‍ മാത്യുവിന്റെ കയ്യിലെ പണം ഒരാൾ തട്ടിയെടുക്കുന്നു... അന്ന് അഞ്ച് മണിക്കുള്ളില്‍ മുഴുവൻ രൂപയും കിട്ടണമെന്ന് വട്ടിരാജയുടെ കൊടുംഭീഷണി. അഞ്ച് മണിക്കുള്ളില്‍ ജീനയെ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ഫോണിലൂടെ എസ്ഐയുടെ വിരട്ടൽ... ചെന്നൈയിലെത്തുന്ന അളിയനും അഞ്ച് മണിക്കുള്ളില്‍ പണം ആവശ്യമുണ്ട്... 50000 രൂപ ആളുകളിൽ നിന്ന് ആളുകളിലേക്ക് പറന്നുകളിക്കുന്നു... അവസാനം..? ആ അവസാനം തീയേറ്ററിൽ പോയി കണ്ടറിയുക..!!
# അണിയറ നേരം
നിവിന്‍ പോളിയും നസ്രിയയും പ്രണയരംഗങ്ങൾ അസലാക്കി. മാണിക്യം എന്ന മാണിക്കുഞ്ഞായി പുതുമുഖം കൃഷ്ണശങ്കര്‍, മനോജ് കെ.ജയൻ എന്നിവർ മോശമാക്കിയില്ല. ഷമ്മി തിലകനും ലാലു അലക്സും മത്സരിച്ച് ബോറടിപ്പിച്ചു. രാജേഷ് മുരുകേശന്റെ സംഗീതം, ആനന്ദ് സി.ചന്ദ്രന്റെ ക്യാമറ, സംവിധായകന്റെ തന്നെ എഡിറ്റിംഗ് എന്നിവയാണ് സിനിമയെ ചെറുപ്പമാക്കി നിറുത്തുന്നത്. കിന്നാരത്തിൽ ജഗതി പാടുന്ന പാടുന്ന പാട്ട്- 'Pistah' സിനിമയെ യൂത്തിന്റേതാക്കി മാറ്റുന്നു. സിനിമ തീർന്നിട്ടും ഈ പാട്ട് തീരുന്നതു വരെ തീയേറ്ററിൽ ചെറുപ്പക്കാർ ആർപ്പു വിളിക്കുന്നുണ്ടായിരുന്നു.
# നേരം നല്ലതോ ചീത്തതോ?
രണ്ടുനേരമേ ഉള്ളൂ- നല്ലതും ചീത്തതും. തമിഴ് സിനിമ കൾച്ചറിൽ എടുത്ത മലയാള സിനിമയാണ് നേരം. ന്യൂ ജനറേഷൻ തമിഴിന്റെ എല്ലാ ഫീച്ചേഴ്സും ഇതിലുമുണ്ട്. അതുതന്നെയാണ് പ്ളസ് പോയിന്റും ചെറുപ്പക്കാരെ ആകർഷിച്ചതും. ഇടയ്ക്കിടെയുള്ള ചെറിയ ലാഗിംഗ് സിനിമയെ മൊത്തത്തിൽ ബാധിക്കുന്നില്ല. മിക്ക സീനുകളിലും തമാശ ചേർക്കാനുള്ള ശ്രമവുമുണ്ട്. ബോറടിക്കാതെ, ആഘോഷിക്കാൻ പറ്റിയ, കഥയും പ്രേമവും പാട്ടുകളുമുള്ള, കണ്ടിരിക്കാവുന്ന സിനിമ. മോഹിനിയോ കമ്മത്തോ ജെന്റിൽമാനോ പോലെ അത്രയൊന്നും സ്റ്റുപ്പിഡിറ്റി കാണിക്കാത്ത സിനിമയാണ് നേരം. സീരിയസായി സിനിമ കാണുന്ന ബുജികൾ തീർച്ചയായും ഈ പടം ഒഴിവാക്കണം..! (അവര് ഇങ്ങനെത്തെ പടം കണ്ട് സുഖിക്കണ്ട..).
# എഴുതിയത്: പി.സനിൽകുമാർ