2012 ജനുവരി 5നു റിലീസായ “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന സിനിമ മുതൽ ഡിസംബർ 28 നു റിലീസായ “ആകസ്മികം” എന്ന സിനിമ വരെ 2012ൽ മലയാളത്തിൽ മൊത്തം 127 സിനിമകളാണുണ്ടായത്.(ഇതുകൂടാതെ 12 മൊഴിമാറ്റ ചിത്രങ്ങളും)* മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറിൽപ്പരം ചിത്രങ്ങൾ റിലീസായി എന്നത് 2012ന്റെ പ്രധാന സവിശേഷതയാണ്. 2011 ജനുവരിയിൽ റിലീസ് ചെയ്ത “ട്രാഫിക്” എന്ന സിനിമ മലയാളത്തിൽ കൊണ്ടുവന്ന പ്രമേയ-ആഖ്യാന-ആസ്വാദനപരമായ മാറ്റം 2012ലും തുടർന്നു എന്നു മാത്രമല്ല കൂടുതൽ വ്യാപകമായി എന്നുള്ളത് എടുത്തുപറയേണ്ടതാണ്. രണ്ടു സൂപ്പർതാരങ്ങൾക്കും ചില താരങ്ങൾക്കും ചുറ്റിലുമായി വട്ടം കറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമയെ താര രഹിതമാക്കിയതും പ്രമേയത്തിലോ ആഖ്യാനത്തിലോ വ്യത്യസ്ഥതകളുണ്ടെങ്കിൽ അത് ആസ്വദിക്കാൻ പ്രേക്ഷകൻ തയ്യാറായി എന്നതും ട്രാഫിക്കിനും ശേഷവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ 2012ൽ താര രഹിതവും പുതുമകളുമുള്ളതുമായ ഒരുപിടി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുകയും സാമ്പത്തികവിജയങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സൂപ്പർ താര ചിത്രങ്ങൾ പലതും പ്രേക്ഷക നിരാസത്തിനു പാത്രമായി എന്നതും എടുത്തു പറയണം.
ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ബിജുമേനോൻ, ജയസൂര്യ, അനൂപ് മേനോൻ തുടങ്ങിയ നടന്മാർ നായകവേഷങ്ങളിലേക്ക് വന്നതും തിളങ്ങിയതും സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ വലിയ തിളക്കമില്ലാതെ ഒതുങ്ങിയതും 2012ന്റെ പ്രത്യേകതയാണ്. ഒരേയൊരു നായകന്റെ സിനിമ എന്നതിൽ നിന്ന് നായകന്മാരോ നായകനില്ലാത്തതോ ആയ ആഖ്യാനങ്ങളും നാളിതുവരെ തുടർന്നു വന്നിരുന്ന ശൈലിയിൽ നിന്ന് മാറി പലവിധ ആഖ്യാനശൈലികൾ പ്രയോഗിച്ചു തുടങ്ങിയതും ബിഗ് ബഡ്ജറ്റ് സിനിമകളിൽ നിന്ന് താരതമ്യേന അപ്രധാന താരങ്ങളോ നടീനടന്മാരോ അണി നിരക്കുന്ന ബഡ്ജറ്റ് കുറഞ്ഞ സിനിമകൾ ഉണ്ടായതും അവയിൽ ചിലത് വിജയം കൊണ്ടതുമൊക്കെ 2012ന്റെ പ്രത്യേകതകളിൽ പെടുന്നു.
തുടർ പരാജയങ്ങളുമായി ഈ വർഷം തുടർന്ന സൂപ്പർ താരം മമ്മൂട്ടിയുടെ ഏഴു ചിത്രങ്ങളിൽ പുറത്തു വന്നതിൽ ഡിസംബറിൽ റിലീസായ “ബാവുട്ടിയുടെ നാമത്തിൽ” മാത്രമാണ് ആശ്വാസമായത്. മോഹൻലാലിന്റെ ആറു ചിത്രങ്ങൾ റിലീസായതിൽ “റൺ ബേബി റൺ” മികച്ച സാമ്പത്തിക വിജയം നേടി. സ്പിരിറ്റും, ഗ്രാൻഡ് മാസ്റ്ററും ഭേദപ്പെട്ട വിജയങ്ങളായി. എന്നാൽ ജനുവരിയിൽ റിലീസായ, പ്രേക്ഷകർ വാനോളം പ്രതീക്ഷ വെച്ചുപുലർത്തിയ “കാസനോവ” ദയനീയ പരാജയമായി. ഡിസംബറിൽ റിലീസായ ‘കർമ്മയോദ്ധ’യും പരാജയമായി. സുരേഷ് ഗോപിയുടെ തുടർ പരാജയങ്ങൾക്കൊടുവിൽ ഒരു തിരിച്ചുവൊരുക്കിയേക്കും എന്നു കരുതിയ ‘കിങ്ങ് & കമ്മീഷണറു”ടെ പരാജയം ഈ നടന്റെ സാന്നിദ്ധ്യം മലയാള സിനിമയിൽ നിന്നുതന്നെ മാറ്റി. അഞ്ചു ചിത്രങ്ങളിൽ നായകവേഷം കെട്ടിയ ദിലീപിനാകട്ടെ “മായാമോഹിനി”യിലെ നായക-നായിക വേഷം ഗംഭീരവിജയമായി. മലയാള സിനിമയിൽ ഈയടുത്തകാലത്തിറങ്ങിയതിൽ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് ഈ സിനിമക്കായിരുന്നു. ‘മൈ ബോസ്സും’ ദിലീപിനു വിജയമായെങ്കിൽ സ്പാനിഷ് മസാലയും മിസ്റ്റർ മരുമകനും അരികെയും വിജയങ്ങളായില്ല. ഈ വർഷം എട്ട് ചിത്രങ്ങളുണ്ടായിരുന്ന യുവതാരം പൃഥീരാജിനാകട്ടെ വിജയമവകാശപ്പെടാൻ ലാൽജോസിന്റെ ‘അയാളും ഞാനും തമ്മിൽ’ മാത്രമേയുള്ളു. ഹീറോ, സിംഹാസനം എന്നിവ ദയനീയ പരാജയങ്ങളായെങ്കിൽ മോളി ആന്റി റോക്സ് ഒരു രേവതി ചിത്രമെന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. മഞ്ചാടിക്കുരുവും ആകാശത്തിന്റെ നിറവും സംവിധായകരുടെ പേരിൽ മാത്രം ശ്രദ്ധനേടുകയും സാമ്പത്തിക വിജയം തന്നതുമില്ല. പൃഥീരാജിനു ശേഷം പുതിയ യുവതാരമായേക്കാവുമെന്ന് കരുതിയ ആസിഫ് അലിയുടെ ഈ വർഷത്തെ പ്രഥമ ചിത്രം ‘അസുരവിത്തും‘ ‘ഉന്ന‘വും ദയനീയ പരാജയമായി. ശേഷം വന്ന ചിത്രങ്ങളിലാകട്ടെ നായകന്മാരിലൊരാളായോ അതിഥിതാരമായോ സഹ വേഷങ്ങളിലോ മാത്രമായി ഈ നടൻ. ഒറ്റക്കൊരു സൂപ്പർ ഹിറ്റ് തനിക്കാവില്ലെന്നു ആസിഫ് തെളിയിച്ച വർഷമായിരുന്നു 2012. എന്നാൽ ഒരിക്കൽ മലയാള പ്രേക്ഷകർ എഴുതിത്തള്ളിയ നടൻ ഫഹദ് ഫാസിലിന്റെ ഗംഭീര തിരിച്ചുവരവിനു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2012. ഡോ. സരോജ് കുമാർ, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ്, ഫ്രൈഡേ, തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും വിജയവും ഫഹദിനെ 2012ലെ താരമാക്കി മാറ്റി.(നാലു ചിത്രങ്ങൾ) ‘തത്സമയം ഒരു പെൺകുട്ടി’ ഒരു വലിയ വിജയമായില്ലെങ്കിലും ഉണ്ണി മുകുന്ദൻ ശ്രദ്ധിക്കപ്പെട്ടു. തുടർന്നുവന്ന മല്ലുസിങ്ങും ഐ ലവ് മിയും ഉണ്ണിമുകുന്ദനെ ആക്ഷൻ ഹീറോയാക്കി. എന്നാൽ ഉണ്ണി മുകുന്ദന്റെ “ഏഴാം സൂര്യൻ” എന്ന സിനിമ വന്നതും പോയതും ഉണ്ണിമുകുന്ദനടക്കം പലരുമറിഞ്ഞില്ല എന്നതാണ് രസകരം. കുഞ്ചാക്കോ ബോബനും ബിജുമേനോനും ചേർന്ന ജോഡി ‘ഓർഡിനറി’ എന്ന ചിത്രത്തിനു അത്ഭുത വിജയം സൃഷ്ടിച്ചു. തുടന്ന് ഇതേ ജോഡികൾ, മല്ലുസിങ്ങിലും 101 വെഡ്ഡിങ്സിലും ആവർത്തിച്ചു. നവാഗത സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’യിലൂടെ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നായകനായി അരങ്ങേറിയ വർഷമായിരുന്നു 2012. തുടർന്നു വന്ന ‘ഉസ്താദ് ഹോട്ടൽ’ വമ്പിച്ച വിജയമാകുകയും ദുൽഖർ നല്ലൊരു നടനെന്ന് ഖ്യാതി നേടുകയും ചെയ്തു. പിന്നീട് വന്ന ‘തീവ്ര’ത്തിനു സാമ്പത്തിക വിജയമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ദുൽഖറിലെ നടനു മാറ്റു കുറഞ്ഞില്ല. സണ്ണി വെയ്ൻ(സെക്കന്റ് ഷോ) ശ്രീനാഥ് ഭാസി(ടാ തടിയാ) ശങ്കർ രാമകൃഷ്ണൻ(സ്പിരിറ്റ്) സുനിൽ സുഖദ(വിവിധ ചിത്രങ്ങൾ) അനുമോഹൻ(ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്) എന്നീ നടന്മാർ അരങ്ങേറിയതും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തതും ഈ വർഷമാണ്. നടനും നിർമ്മാതാവുമായ ലാലിന്റെ ‘ഒഴിമുറി’യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതാണ്.
നടികളിൽ റീമാ കല്ലിങ്കലും(ഏഴ് ചിത്രങ്ങൾ) മമതാ മോഹന്ദാസും (അഞ്ച് ചിത്രങ്ങൾ) പ്രകടനത്തിൽ മുന്നിട്ടു നിൽക്കുന്നു. റിമയുടെ ‘നിദ്ര‘യിലെ നായിക വേഷവും മമതയുടെ ‘അരികെ’യിലെ വേഷവും ഈ വർഷത്തെ അവാർഡ് നിർണ്ണയത്തിൽ പരസ്പരം മത്സരിക്കുമെന്ന് കരുതാം.എട്ട് (8) ചിത്രങ്ങളിലൂടെ സംവൃതാസുനിലും എണ്ണത്തിൽ മുൻപിലുണ്ട്. വിവാഹത്തോടെ സംവൃത സിനിമയിൽ നിന്നും പിന്വാങ്ങിയതും ഈ വർഷം. മേഘ്നാ രാജ് (6), രമ്യാനമ്പീശൻ(4), ആൻ അഗസ്റ്റിൻ(5), നിത്യാമേനോൻ(6), മൈഥിലി(6), പത്മപ്രിയ(7) എന്നിവർ ചിത്രങ്ങളുടെ എണ്ണത്തിൽ അധികമുണ്ടെങ്കിലും പ്രകടനത്തിൽ കാര്യമായ ശ്രദ്ധ ഉണ്ടാക്കിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കുറവെങ്കിലും വർഷാന്ത്യം ഇറങ്ങിയ ‘ബാവുട്ടിയുടെ നാമത്തിലെ’ വനജയെ നടി കാവ്യാ മേനോൻ അവിസ്മരണീയമാക്കി.ഭാമ(2), മീരാനന്ദൻ(2+1), റോമ(3),അനന്യ(3), കനിഹ(3), ഭാവന(2), ലക്ഷ്മീ റായ്(2) എന്നിവർക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ‘ഒഴിമുറി’ സിനിമയിൽ മല്ലികയും(നാലു ചിത്രങ്ങൾ) ശ്വേതാമേനോനും(ഏഴ് ചിത്രങ്ങൾ) മികച്ച പ്രകടനം നടത്തി, മധുര ബസ്സ് മല്ലികക്കും ശ്വേതക്കും നേട്ടമുണ്ടാക്കിയില്ലെങ്കിലും ഇവൻ മേഘരൂപൻ, ഇത്രമാത്രം, ആകസ്മികം എന്നീ ചിത്രങ്ങളിൽ ശ്വേതക്ക് വ്യത്യസ്ഥ വേഷങ്ങളായിരുന്നു. പഴയ നടി ശാരദ നായികയായി ‘കലികാലം’ എന്ന സിനിമ വന്നതും പോയതും ആരുമറിഞ്ഞില്ല. ഈ വർഷം ഒരുപാട് പുതുമുഖ നടികളും അന്യഭാഷാ നടികളും നായികമാരായി അരങ്ങേറി. സ്പാനിഷ് മസാലയിലൂടെ ഡാനിയേല സാക്കേരി, തട്ടത്തിൻ മറയത്തിലൂടെ ഇഷാ തൽ വാർ. കാസനോവയിലൂടെ ശ്രിയ ശരൺ വീണ്ടും നായികയായപ്പോൾ ആകാശത്തിന്റെ നിറം, റൺ ബേബി റണിലൂടെ അമല പോൾ മലയാളത്തിലേക്ക് വന്നു. സെക്കൻ ഷോയിലൂടെ നായികയായി അരങ്ങേറിയ ഗൌതമി നായർ ഡയമണ്ട് നെക്ലേസിലും ചാപ്റ്റേഴ്സിലും നല്ല പ്രകടനം നടത്തി. ജോസേട്ടന്റെ ഹീറോയിലുടെ കൃതി കപൂർ, ഗൃഹനാഥനിലൂടെ സോണിയ അഗർവാൾ, ഹീറോയിലൂടെ യാമി ഗൌതം തിരുവമ്പാടി തമ്പാനിലൂടെ ഹരിപ്രിയ, എന്നിവർ നായികമാരായി വന്നപ്പോൾ ‘കാഴ്ച‘യിലൂടെ മലയാളികളുടെ ഓമനയായ ബേബി സനുഷ, മിസ്റ്റർ മരുമകനിലൂടെ നായിക സനുഷയായി തുടർന്ന് ഇഡിയറ്റ്സിലും നായികയായി.
സത്യൻ അന്തിക്കാട്, ജോർജ്ജ് കിത്തു, കെ മധു, ഷാജി കൈലാസ്, സിബി മലയിൽ, മേജർ രവി, ശ്രീനിവാസൻ, റോഷൻ ആൻഡ്രൂസ് എന്നീ വമ്പന്മാരൊക്കെ മൂക്കുകുത്തിവീണ വർഷം കൂടിയായിരുന്നു 2012, പഴയ വിജയങ്ങൾ ഇവർക്കാർക്കും ആവർത്തിക്കാനായില്ല.അതേ സമയം വിനീത് ശ്രീനിവാസൻ, ആഷിക് അബു, രഞ്ജിത് , അന്വർ റഷീദ് എന്നിവരുടെ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയങ്ങളായി. നടൻ മധുപാൽ(ഒഴിമുറി) എഡിറ്റർ അരുൺ അരവിന്ദ്(ഈ അടൂത്ത കാലത്ത്) നടൻ സിദ്ധാർത്ഥ്(നിദ്ര), നവാഗതരായ ലിജിൻ ജോസ്(ഫ്രൈഡേ),തിരക്കഥാകൃത്ത് അഞ്ജലി മേനോൻ(മഞ്ചാടിക്കുരു) എന്നിവരുടെ ചിത്രങ്ങൾ ശ്രദ്ധേയങ്ങളാവുകയും മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്തു. ലാൽ ജോസിന്റെ സ്പാനിഷ് മസാലയും അയാളും ഞാനും തമ്മിലും നിരാശപ്പെടുത്തിയെങ്കിലും അയാളും ഞാനും തമ്മിൽ സാമ്പത്തിക വിജയം നേടി. ലാൽ ജോസ് ശിഷ്യൻ അനൂപ് കണ്ണന്റെ പ്രഥമ സംരംഭം ‘ജവാൻ ഓഫ് വെള്ളിമല’ എല്ലാ നിലയിലും പരാജയമായി. നടൻ ബാല സംവിധായകനായതും ചിത്രം ഗുണമില്ലെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയതും ഇതേ വർഷം.ബി ഉണ്ണികൃഷ്ണന്റെ ഗ്രാൻഡ് മാസ്റ്റർ എന്ന മോഹൻലാൽ ചിത്രം ഭേദപ്പെട്ടതെങ്കിലും ഐ ലവ് മിയെക്കുറിച്ച് നല്ലഭിപ്രായമില്ല. രഞ്ജിത്തിന്റെ സ്പിരിറ്റിനും ബാവുട്ടിക്കും മിശ്രാഭിപ്രായങ്ങളെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കി. ഒരുപാട് നവാഗത സംവിധായകർ ഈ വർഷം അരങ്ങേറിയെങ്കിലും അവരുടെ പേരും സിനിമയും പ്രേക്ഷർ ഓർത്തിരിക്കാൻ വഴിയില്ല, ഈ സിനിമളൊക്കെത്തന്നെ പ്രേക്ഷകപ്രീതിയോ നിരൂപകശ്രദ്ധയോ ഉണ്ടാക്കിയില്ല എന്നതുതന്നെ കാരണം. ഈ വർഷത്തെ അത്ഭുതപ്പെടുത്തിയ സാമ്പത്തിക നേട്ടം മായാമോഹിനി, മല്ലുസിങ്ങ്, ഓർഡിനറി എന്നീ ചിത്രങ്ങൾക്കാണ്. മാറിയ കാലഘട്ടത്തിലെ അഭിരുചികൾക്കനുസരിച്ചല്ല ഈ സിനിമകളെന്നതും ഒരുപാട് ക്ലീഷേ സന്ദർഭങ്ങളാലും അശ്ലീലങ്ങളാലും പഴയ കഥപറച്ചിൽ-ആഖ്യാനശൈലികളാൽ നിറഞ്ഞതുമായ ഈ മൂന്നു സിനിമകളും മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും സാമ്പത്തിക വിജയം ഉറപ്പാക്കുകയും ചെയ്തു എന്നതും അതോടൊപ്പം ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, അഞ്ജലീ മേനോന്റെ മഞ്ചാടിക്കുരു, മധുപാലിന്റെ ഒഴിമുറി, ലിജിൻ ജോസിന്റെ ഫ്രൈഡേ എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയങ്ങളാവാതിരുന്നതും പ്രേക്ഷകന്റെ അഭിരുചികളെക്കുറിച്ച് ഇപ്പോഴും പ്രവചിക്കാനാവില്ലെന്നതും ഓൺലൈനിലൂടെയുടെ പ്രേക്ഷകന്റെ ‘നല്ല സിനിമാ മുറവിളികൾ’. കേവലം പ്രകടനം മാത്രമല്ലേ എന്നും തോന്നിപ്പിക്കുന്നു.
പ്രേക്ഷകർ ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ സജ്ജീവമായതും ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ സിനിമകളെ കൂടുതൽ ചർച്ചാവിഷയമാക്കിയതും ഓരോ സിനിമകൾക്കും കണ്ടിറങ്ങിയ ദിവസം ആസ്വാദനക്കുറിപ്പുകളെഴുതിയതുമൊക്കെ 2012ൽ സജ്ജീവമായ സംഗതികളാണ്. പ്രേക്ഷകർ ഫേസ് ബുക്കിൽ സജ്ജീവമായതോടെ “ഓൺലൈൻ പ്രൊമോഷൻ’ എന്നൊരു പ്രൊമോഷൻ സാദ്ധ്യതയും മലയാള സിനിമക്കുണ്ടായി. പ്രിന്റ് പോസ്റ്ററുകളേക്കാളും മലയാള സിനിമയിപ്പോൾ ഫേസ്ബുക്കിലും ബ്ലോഗിലും ഗൂഗിൾ പ്ലസ്സിലും സിനിമയുടെ ചർച്ചാവേളയുടെ വാർത്തകൾ മുതൽ പൂജയും ലൊക്കേഷൻ സ്റ്റിത്സും പോസ്റ്ററുകളും പ്രൊമോഷനുവേണ്ടി ഉപയോഗിക്കുന്നു. ഓൺലൈനിൽ സജ്ജീവ ചർച്ചകൾ തുടങ്ങിയതോടെ മലയാള സിനിമയിൽ നാളിതുവരെ തുടർന്നുവന്നിരുന്ന കഥാമോഷണവും ചർച്ചയായി. ഓരോ സിനിമ (അതിലെ ഗാനങ്ങളും) പുറത്തിറങ്ങുമ്പോഴും അതിന്റെ പ്രേമേയവും പാട്ടുകളും മോഷണമാണെന്നു കണ്ടെത്താനും അവ പോസ്റ്റുകളാക്കി പബ്ലിഷ് ചെയ്യാനും തുടങ്ങിയതോടെ സിനിമാ പ്രവർത്തകർ ആശങ്കയിലായി എന്നു വേണം കരുതാൻ. കാരണം ലാൽ ജോസിന്റെ ഒരു അഭിമുഖമടക്കം ചില സിനിമാ പ്രവർത്തകരുടെ പ്രസ്ഥാവനകൾ വരെ ഫേസ്ബുക്ക് മറ്റു ഓൺലൈൻ ഇടങ്ങളിൽ സജ്ജീവമായിരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യം വെച്ചിട്ടുള്ളതായിരുന്നു. എന്തായാലും ഇനിയുള്ള നാളുകളിൽ കഥാമോഷണം കുറയുമെന്നുതന്നെ വേണം കരുതാൻ.
പ്രധാന സംഭവങ്ങൾ
മലയാള സിനിമയിൽ ഒരുപാട് കൌതുകകരവും പ്രത്യേകതയുമുള്ള സംഭവങ്ങൾ നടന്ന വർഷം കൂടിയായിരുന്നു 2012. നടന്മാരായിരുന്ന അനൂപ് മേനോൻ തിരക്കഥാരംഗത്തും നടൻ ബാലയും(ദി ഹിറ്റ്ലിസ്റ്റ്) സിദ്ധാർത്ഥും (നിദ്ര) സംവിധാനത്തിലും കൈവച്ചപ്പോൾ തിരക്കഥാകൃത്ത് കലവൂർ രവികുമാർ സംവിധാനത്തിലേക്കും(ഫാദേർസ് ഡേ) ഷാജി കൈലാസ് സംവിധാനത്തോടൊപ്പം തിരക്കഥയിലേക്കും(സിംഹാസനം) മാറിയതും ഈ വർഷം. സൂപ്പർതാരം മോഹൻലാൽ അഭിനയത്തോടൊപ്പം വീണ്ടും ഗായകവേഷം അണിഞ്ഞതും(റൺ ബേബി റൺ) നടി കാവ്യാമാധവൻ ആദ്യമായി പിന്നണിപാടിയതും (മാറ്റിനി) അഭിനയത്തോടൊപ്പം രമ്യ നമ്പീശൻ ഗായികയായി സജ്ജീവമായതും കലാഭവൻ മണി കഥയെഴുതിയതും സംഗീതം നൽകിയതും (എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും) ഈ വർഷം തന്നെ.സംവിധായകൻ ലാൽജോസ് ‘എൽ ജെ‘ എന്ന ബാനറിൽ നിർമ്മാണ-വിതരണ രംഗത്തുവരികയും സൂപ്പർ താരം മമ്മൂട്ടി ‘പ്ലേ ഹൌസി’ന്റെ പേരിൽ നിർമ്മാണം തുടങ്ങിയതും (ജവാൻ ഓഫ് വെള്ളിമല) ഗായകൻ എം ജി ശ്രീകുമാർ നിർമ്മാതാവായതും (എം ജി സൌണ്ട്സ് & ഫ്രെയിംസ് - അർദ്ധനാരി) പ്രത്യേകതകളാണ്. തക്കാളി ഫിലിംസ് എന്ന പേരിൽ നടന്മാരായ ബിജുമേനോൻ, സുരേഷ് കൃഷ്ണ, ക്യാമറാമാനായ പി സുകുമാർ, തിരക്കഥാകൃത്തായ സച്ചി, സംവിധായകനായ ഷാജുൺ കര്യാൽ എന്നിവർ ചേർന്ന് നിർമ്മാണകമ്പനി തുടങ്ങുകയും ചേട്ടായീസ് എന്ന സിനിമ നിർമ്മിക്കുകയും അതിന്റെ പിന്നണി പ്രവർത്തകരാകുകയും ചെയ്തു. ബാവുട്ടിയുടെ നാമത്തിലൂടെ സംവിധായകൻ രഞ്ജിത്ത് നിർമ്മാതാവും തിരക്കഥാകൃത്തും മാത്രമാകുകയും സുഹൃത്തും പഴയ സംവിധായകനുമായ ജി എസ് വിജയനെ സംവിധായക ജോലി ഏൽപ്പിക്കുകയും ചെയ്തു. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു എന്നിവർ വഴി പിരിഞ്ഞ് ഒറ്റയാവുകയും സേതും മല്ലുസിങ്ങിനും, ഐ ലവ് മിക്കും സച്ചി റൺ ബേബി റണ്ണിനും ചേട്ടായീസിനും വേണ്ടി ഒറ്റക്കൊറ്റക്ക് തിരക്കഥകളെഴുതുകയും ചെയ്തു. കർമ്മയോദ്ധയിലൂടെ സംവിധായകൻ മേജർ രവി സഹ നിർമ്മാതാവായി. സാമൂഹ്യ-ജീവകാരുണ്യപ്രവർത്തകനും ജനസേവാശിശുഭവന്റെ ഉടമസ്ഥനുമായ ജോസ് മാവേലി സംവിധായകനായതും (തെരുവ് നക്ഷത്രങ്ങൾ) ഈ വർഷത്തെ പ്രത്യേകതയാണ്. പഴയ ചിത്രങ്ങളായ ചട്ടക്കാരിയും രാസലീലയും റീമേക്ക് ചെയ്യപ്പെട്ടതും രണ്ടു ചിത്രങ്ങളേയും ജനം പുറം കാലുകൊണ്ട് തൊഴിച്ചെറിഞ്ഞതും ഈ വർഷം.2011ലെ അപ്രതീക്ഷിത അത്ഭുതവും ഓൺലൈൻ പബ്ലിസിറ്റിയിലൂടെ സിനിമ ഹിറ്റാക്കിയ സംവിധായകൻ സന്തോഷ് പണ്ഡിറ്റ് തന്റെ രണ്ടാമത്തെ സിനിമ ‘സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്’ 21 തിയ്യറ്ററുകളിൽ റിലീസ് ചെയ്തതും വിജയം ആവർത്തിച്ചതും 2012ൽ. എഴുത്തുകാരൻ കല്പറ്റ നാരായണന്റെ ‘ഇത്രമാത്രം’ കൃതി സിനിമയാക്കിയതും മലയാള കവി പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി തിരക്കഥാകൃത്ത് ബി ബാലചന്ദ്രൻ ‘ഇവൻ മേഘരൂപൻ’ എന്ന പേരിൽ ആദ്യ സിനിമ സംവിധാനം ചെയ്തതും എഴുത്തുകാരൻ സേതുവിന്റെ ‘ദേശത്തിന്റെ വിജയം’ ആസ്പദമാക്കി നവാഗതനായ ജോ ചാലിശ്ശേരി ‘ഭൂപടത്തിൽ ഇല്ലാത്ത ഒരിടം’ ഒരുക്കിയതും പോയ വർഷം തന്നെ.
വാർത്തകളും വിവാദങ്ങളും
നടനും സംവിധായകനുമായ ശ്രീനിവാസന്റെ ലഫ്റ്റ്. കേണൽ ഡോ. സരോജ് കുമാർ എന്ന ചിത്രം ഉയർത്തിയ വിവാദം ചെറുതൊന്നുമല്ല. നടൻ മോഹൻലാലിനെ അവഹേളിച്ചു എന്ന പേരിൽ മോഹൻലാൽ ഫാൻസ് സരോജ്കുമാർ പ്രദർശിപ്പിച്ച തിയ്യറ്ററുകളിൽ ബഹളമുണ്ടാക്കിയതും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ശ്രീനിവാസനെ വിമർശിച്ച് സംസാരിച്ചതും വിവാദമായി. ആ സിനിമയുടെ സംവിധായകൻ സജിൻ രാഘവനു തുടർന്ന് സിനിമകൾ ലഭിക്കാതിരുന്നതും വാർത്തയായി. മോഷണങ്ങളായിരുന്നു പോയ വർഷം മലയാള സിനിമയെ വിവാദങ്ങളിലൂടെ സജ്ജീവമാക്കിയത്. സംവിധായകൻ അമൽ നീരദിന്റെ ‘ബാച്ച് ലർ പാർട്ടി’ എന്ന സിനിമ Johnnie To യുടെ Exiled എന്ന സിനിമയുടെ കോപ്പി ആയിരുന്നു എന്നത് ജൂൺ മാസത്തെ വിവാദമായിരുന്നു. അതേസമയം ബാച്ച് ലർ പാർട്ടിയുടേ വ്യാജ കോപ്പികളെടുത്ത് ടോറന്റ് ലിങ്ക് അപ് ലോഡുന്നവരേയും യൂ ട്യൂബിൽ പ്രദർശിപ്പിക്കുന്നവരേയും ‘ഏജന്റ് ജാദൂ’ വഴി കണ്ടു പിടിച്ച് നിയമ നടപടികളെടുക്കുമെന്ന് ഈ സിനിമയുടേ അണിയറക്കാർ പറഞ്ഞതും കോപ്പിയടിച്ച സിനിമയുടെ കോപ്പി എടുക്കുന്നത് പൈറസിയാകുമോ എന്ന് പ്രേക്ഷകർ ഓൺലൈൻ സ്പേസിലൂടെ മറുപടി പറഞ്ഞതും രസാവഹമായിരുന്നു. എന്തായാലും ഈ രണ്ട് സിനിമകളെക്കുറിച്ച് റോബി കുര്യൻ എഴുതിയ ലേഖനം ബാച്ച് ലർ പാർട്ടിയുടേയും അണിയറപ്രവർത്തകരുടേയും അവകാശവാദങ്ങളെ പൊളിച്ചടുക്കി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മൈ ബോസ്സ് (ദി പ്രൊപ്പോസൽ-ഹോളിവുഡ് സിനിമ), കാശ് (ദർവാസ ബന്ദ് രഘോ-ഹിന്ദി), എന്നിവ കോപ്പിയടിക്കപ്പെട്ട ചിത്രങ്ങളാണ്. 22 എഫ് കെ എന്ന ചിത്രവും ട്രിവാണ്ട്രം ലോഡ്ജിലെ അശ്ലീലവും അതിനെത്തുടർന്നുണ്ടായ വിവാദ ചർച്ചകളും 2012നെ സജ്ജീവമാക്കി. എന്നാൽ 2012ൽ തുടങ്ങുകയും ഇനിയും അവസാനിച്ചിട്ടുമില്ലാത്ത വിവാദം നടി ശ്വേതാമേനോന്റെ പ്രസവമാണ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഇനിയും പൂർത്തിയാകാത്ത ‘കളിമണ്ണ്’ എന്ന സിനിമക്ക് വേണ്ടീ നടി ശ്വേതയുടെ യഥാർത്ഥ പ്രസവം (അനുമതിയോടെ) ക്യാമറയിലാക്കി എന്നത് സിനിമാലോകത്തിനു അകത്തും പുറത്തും വിവാദമായി. രാഷ്ട്രീയനേതാക്കളും ഫിലിം എക്സിബിറ്റേഴ്സ് നേതൃത്വവും പ്രേക്ഷകരും അനുകൂലിച്ചും പ്രതികൂലിച്ചും ഈ വിഷയത്തെ ഓൺലൈനിലും പുറത്തും ചർച്ചാവിഷയമാക്കി.
ജഗതിയുടെ അപകടം 2012ൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജഗതിയുടെ നീണ്ട ആശുപത്രിവാസം ജഗതി അഭിനയിച്ച പല ചിത്രങ്ങളിലെ ഡബ്ബിങ്ങിനു മിമിക്രി ആർട്ടിസ്റ്റുകളെ ആശ്രയിക്കേണ്ടിവന്നു.ബോംബെ രവി, ജോസ് പ്രകാശ്, തിലകൻ, ടി ദാമോദരൻ, നവോദയ അപ്പച്ചൻ, സി പി പത്മകുമാർ(സമ്മോഹനം), ടി എ ഷാഹിദ്, ശശിമോഹൻ, പി കെ വേണുക്കുട്ടൻ നായർ, ജഗന്നാഥൻ എന്നിവർ 2012ൽ വിടവാങ്ങി.
എണ്ണത്തിലും വൈവിദ്ധ്യത്തിലും മലയാള സിനിമ മുന്നേറുന്നു എന്നുതന്നെയാണ് 2012 തരുന്ന പ്രതീക്ഷ. സൂപ്പർ-താര പരിവേഷം അവസാനിക്കുന്നുവെന്നതും പഴയ ഫോർമുലകളെ പലരും ഉപേക്ഷിക്കുന്നുവെന്നതും പുതിയ കാഴ്ചപ്പാടുകളും ഭാവനകളുമുള്ള നവാഗതകർ സിനിമയിലേക്കു വരുന്നു എന്നതും വരും വർഷങ്ങളിൽ മലയാളസിനിമയെ പ്രതീക്ഷയോടെയും അത്ഭുതത്തോടെയും കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നു. തിയ്യറ്ററിലെ ഇരുളിൽ മുഴങ്ങുന്ന കയ്യടികൾക്കും ഫാൻസുകളുടെ മുദ്രാവാക്യങ്ങൾക്കും വേണ്ടി സിനിമയൊരുക്കുന്ന പ്രവണത കുറയുമെന്നും രാഷ്ട്രീയവും സാമൂഹ്യബോധവുമുള്ള സിനിമകൾ വരുമെന്നും ദ്വയാർത്ഥവും (എല്ലാത്തരത്തിലുമുള്ള)അശ്ലീലവും മാറുമെന്നും പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകളുള്ള സിനിമകൾ വരും വർഷങ്ങളിൽ പിറവിയെടുക്കുമെന്നും 2012ലെ മാറ്റങ്ങൾ സൂചനകൾ തരുന്നു.
Article Tags
Contributors
വളരെ നല്ല റിവ്യു
കാര്യപ്രസക്തമായ റിവ്യൂ
A lot of information poured
so many factual errors in
മറുപടി