തിയേറ്ററിൽ പോയി സിനിമ കാണല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ലൂമിയ സഹോദരന്‍മാര്‍ സാധാരണക്കാർക്കും രാജ കുടുംബങ്ങള്‍ക്കും വേറെ വേറെ ഷോ കൊണ്ട് നടന്നു കാണിയ്ക്കുന്ന സമയത്തില്‍ നിന്ന്, മള്‍ടി പ്ലക്സിലെ ഗോള്‍ഡ് ക്ലാസില്‍, ഡിജിറ്റൽ രൂപത്തില്‍, പാസ് വേര്‍ഡ് അകമ്പടിയോടെ സിനിമ എത്തിച്ചേരുന്ന സ്ഥിതിയില്‍ എത്തി.
മിക്കവരുടെയും 'കൗമാര സാഹസങ്ങളില്‍' ഒന്നാണ് ഒളിച്ചു പോയി/ക്ലാസ് കട്ട് ചെയ്തു ഉള്ള സിനിമാകാണൽ. ഈ സാഹസങ്ങള്‍ ഓര്‍മ്മയില്‍ എന്നും തങ്ങി നിൽക്കും. ചില കാമുകികാമുകന്‍മാര്‍ക്ക് രണ്ടു രണ്ടര മണികൂര്‍ പ്രൈവസി ആയിരിയ്ക്കും ഓര്‍മ്മയ്ക്ക് കാരണം. ബസ്സ്/ട്രെയിന്‍ കാത്തു സമയം പോകാനുള്ളവരോ കക്കാന്‍ വേണ്ടി കൂടുതല്‍ ഇരുട്ടിനു കാത്തു നില്‍കുന്ന കള്ളനോ ഒക്കെ തിയേറ്റര്‍, അവിടത്തെ ലേറ്റ് നൈറ്റ് ഷോകള്‍ ഒക്കെ ഓര്‍മ്മകള്‍ സമ്മാനിക്കും.
എന്‍റെ ഓര്‍മ്മകളില്‍ ഉള്ളത് ത്രിവേണി തിയേറ്ററിൽ സന്ധ്യയ്ക്ക് പാട്ട് വെയ്ക്കുന്നതും, അവിടത്തെ ജെനെറെറ്റര്‍റിന്റെ ശബ്ദവും ആണ്. ഇടയ്ക്ക് മുഖം ഓര്‍മ്മ ഇല്ലാത്ത കടല വില്പ്പനകാരനും, സിനിമാപ്പാട്ട് പുസ്തകം വില്‍ക്കുന്നയാളും കയറി വരും.
തിയേറ്റര്‍ എന്ന ടാഗ് കൊടുത്തു കൊണ്ട് കുറച്ചു ദിവസം മുമ്പേ ഗൂഗിള്‍ പ്ലസില്‍ പലരും പല ഓര്‍മ്മകളും പങ്കുവെച്ചു. അവയില്‍ ചിലത്.
ഇബ്രൂവിന്‍റെ വിപ്ലവം :
https://plus.google.com/u/0/110071643782099432759/posts/iS1VzSEirLg
സിനിമ നിഷിദ്ധമാണെന്ന് ചെറുപ്പം മുതൽ തന്നെ അനുസരിപ്പിച്ചിരുന്നത് കാരണം സിനിമയ്ക്ക് പോകൽ ആയിരുന്നു ഏറ്റവും വലിയ Adventure. അതിന്റെ മാനസിക സംഘർഷത്തെ പറ്റി എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോൾ, അതൊരൊറ്റ സിനിമ കാണുന്നത് കൂടെ അലിഞ്ഞില്ലാതാകുമെന്നവൻ ആശ്വസിപ്പിച്ചു. അങ്ങിനെയാണ് മംഗലത്തുള്ള സീനത്ത് ടാക്കീസിൽ റിക്ഷാക്കാരൻ എന്ന സത്യരാജ് സിനിമ പത്താം ക്ലാസിലെ ട്യൂഷൻ കട്ട് ചെയ്ത് കാണാൻ കയറുന്നത്. ഭാഗ്യത്തിന് എന്റെ ഗുരുനാഥനും അയൽവാസിയുമായ മനോജേട്ടന്റെ തൊട്ട് പിറകിലുള്ള സീറ്റിലാണ് ചെന്ന് പെട്ടത്. ഇടവേളയ്ക്ക് ആ ഗുരുനാഥന്റെ കാൽക്കൽ വീണ് പറഞ്ഞു നോക്കി, ഉമ്മായോട് വിവരം പറയരുതെന്ന്, അദ്ദേഹം പ്രിയ ശിഷ്യന്റെ മുഖത്ത് നിർന്നിമേഷനായി നോക്കി നിന്നത് ഇപ്പോഴും എന്റെ ഓർമ്മയിൽ തിരഞ്ഞാൽ കിട്ടേണ്ടതാണ്.
കാരണം, അന്ന് വൈകുന്നേരം മുറ്റത്തെ പുളിമരത്തിൽ നിന്ന് കൈയെത്തിച്ചാലും പിന്നെ തോട്ടി കൊണ്ടെത്തിച്ചാലും കിട്ടാവുന്ന പുളിവടികളൊക്കെ പൊട്ടിച്ചെടുത്ത് എന്റെ തുടയിന്മേലും ചന്തിയിലും മത്തി പൊരിക്കാൻ വരഞ്ഞത് പോലെ വരഞ്ഞത് ഇന്നും ഓർമ്മയുണ്ട്. അന്ന് ഞാൻ മനോജേട്ടനെ മനസ്സ് അറിഞ്ഞ് പ്രാകിയിരുന്നോ എന്നറിയില്ല, ആ പാവം ഇന്നും കല്യാണം കഴിച്ചിട്ടില്ല.
ഗുരുവേ ക്ഷമ!
ഇപ്പോൾ സിനിമ കഴിഞ്ഞേ വരൂ എന്നൊക്കെ ഫോൺ വിളിച്ച് പറഞ്ഞാൽ, എന്നാൽ ഭക്ഷണം ടേബിളിൽ മൂടി വെച്ചിട്ടുണ്ടാകും അതെടുത്ത് കഴിക്കാൻ മറക്കരുത് എന്ന് മറുപടി പറയാൻ മാത്രം ഉമ്മായെ പരിവർത്തിപ്പിക്കാൻ കഴിഞ്ഞതിന് എന്റെ അനിയൻ ഇടക്കിടെ തോളിൽ തട്ടി അഭിനന്ദിക്കും. അവനറിയുന്നുണ്ടാകില്ല, എത്ര പുളിവടികളും തുടയിലെ നീറ്റലും സഹിച്ചാണ് ഒരു വിപ്ളവം സാദ്ധ്യമാക്കിയതെന്ന്
ദൈവം നേരിട്ട് ടോരെന്റ്റ് ചെയ്തു കാണിച്ച കൊടുത്ത പടം ആയിരന്നു, രാജേഷ് കുന്നോത്തിന് :
http://kaavyapusthakam.blogspot.in/2008/12/blog-post.html
'എ' പടം കാണിച്ചു തന്ന ദൈവം...
വെറുതെ ഇരുന്നു മുഷിയുന്നുണ്ടോ? ഇങ്ങോട്ട് അടുത്തിരിക്ക്.. ഞാനൊരു കഥ പറഞ്ഞു തരാം.. അധികം ഉറക്കെ പറയാന്‍ വയ്യ.. അയ്യേ, ഇവന്‍ ഇത്തരക്കാരനാണോ എന്ന് കേള്‍ക്കുന്നവര്‍ വിചാരിക്കും.. നിന്നോട് പറയാം.. നിനക്ക് എന്നെ നന്നായി അറിയുന്നതല്ലേ?
കഥ ഒരു 'എ' സിനിമ കാണാന്‍ പോയതിനെ പറ്റിയാണ്. ഞാന്‍ പഠിച്ചത് (?) മാഹി കോളേജില്‍ ആണെന്ന് നിനക്കറിയാമല്ലോ. അവിടെ SFI യും കവിതയും പ്രണയവും വോളി ബോളും സൌഹൃദങ്ങളും ഒക്കെയായി കഴിഞ്ഞ കാലം.. അവസാന വര്‍ഷ ബിരുദത്തിനു പഠിക്കുകയാണ് ഞങ്ങള്‍. ഈ അവസാന വര്ഷം എന്ന് പറയുമ്പോള്‍ ഒരു വല്ലാത്ത വര്‍ഷമാണ്.. ഈ കാംപസ്സിനോട് വിട പറയണമല്ലോ എന്ന് ആലോചിക്കുമ്പോള്‍ നെഞ്ഞിലാകെ ഒരു കനം കേറും.. എല്ലാ എതിര്‍പ്പുകള്‍ക്കും അതിരുകള്‍ക്കും അപ്പുറം സൗഹൃദം പൂവിടര്‍ത്തും.. വെറുതെ ഇരിക്കുമ്പോള്‍ കണ്ണ് നിറയുന്നത് എനിക്ക് മാത്രം അറിയാം.. പനിച്ചു വിറച്ച ആ ദിവസം പോലും കോളേജില്‍ വന്നു പോയിരുന്നു, ഞാന്‍.. ക്ലാസ്സില്‍ ഇരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും.. അധ്യാപകര്‍ക്ക് മൂന്നാം വര്‍ഷക്കാരോട് ഒരു പ്രത്യേക വാല്‍സല്യമായിരുന്നു.. ഈ ശല്യങ്ങള്‍ ഉടനെ ഒഴിഞ്ഞു പോകുമല്ലോ എന്നോര്‍ത്തിട്ടാണോ, അതോ ഇവരെ ഇനി കിട്ടില്ലല്ലോ എന്നോര്‍ത്തിട്ടാണോ എന്നറിയില്ല.. എന്തായാലും ഞങ്ങളുടെ മനസ്സിന്റെ അവസ്ഥ നിങ്ങള്ക്ക് മനസ്സിലാവും .. നിങ്ങളും ഇതൊക്കെ കഴിഞ്ഞാണല്ലോ ഇവിടെ എത്തിയത്..
അങ്ങനെ ഒരു ദിവസം.. ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല.. കുറുകി ഇരിക്കുവാന്‍ ഒറ്റ പെണ്‍കുട്ടിയെയും അന്ന് കിട്ടിയതുമില്ല.. ആകെ ബോറടി.. അങ്ങനെ ഇരിക്കുമ്പോള്‍ ജയപാലന്‍ (മത്തായി എന്ന് വിളിക്കും) പറഞ്ഞു:
'അഴിയൂര്‍ മുരുകനില്‍ നല്ല കഷണം തിരുകിയ ഒരു പടം കളിക്കുന്നുണ്ട്.. പോയാലോ?'
മുരുകന്‍ കുപ്രസിദ്ധമായ ടാക്കീസാണ്.. അവിടെ രണ്ടേ രണ്ടു തരം പടമേ വരൂ.. ഒന്നുകില്‍ ശബരിമല ശ്രീ അയ്യപ്പന്‍, അയ്യപ്പനും വാവരും തുടങ്ങിയ ഭക്തി സിനിമകള്‍.. അല്ലെങ്കിലോ ആദ്യപാപം, കാനനസുന്ദരി, തുള്ളത് വയസ്സ്, തളിര്പ്രായം തുടങ്ങിയ 'എ' പടങ്ങള്‍.. (കമ്പി പടങ്ങള്‍ എന്ന് പ്രാദേശികം) ഇടവഴിയിലൂടെ അര കിലോമീറ്റര്‍ നടക്കണം.. ഓല കൊണ്ടു മറച്ച, കരിമ്പനടിച്ച നിറം മങ്ങിയ തിരശ്ശീല.. തിരശീലയ്ക്ക് പിന്നിലെ ഓലച്ചുമരിന്റെ ഓട്ടയിലൂടെ വെളിച്ചം ചെറിയ ചെറിയ വട്ടങ്ങള്‍ തീര്‍ക്കും..
എല്ലാവരും അഭിപ്രായങ്ങള്‍ പറഞ്ഞു :
ബിജോയ് (പട്ട) : ഒരു പോലീസുകാരന്റെ മകന്‍ എന്ന നിലയില്‍ അവിടുന്നൊരു ബിറ്റ് കാണേണ്ടത് തന്നെ..
അമീര്‍ (എന്തുകൊണ്ടോ, ഇരട്ടപ്പെരില്ല) : അള്ളാ, പൊറുക്കണേ.. ഇതും കൂടി.. ഇതും കൂടി കണ്ടോട്ടെ.. പ്ലീസ്..
ദിനേശന്‍ (കരണ്ടി) : രാജേഷ് വരുമെങ്കില്‍ ഞാനും വരാം.. അല്ലെങ്കില്‍ അവന്‍ 'എ'പടത്തിന് പോയ ABVP ക്കാരനെ പറ്റി നോട്ടീസടിക്കും...
ഞാനാണെങ്കില്‍, അന്നുവരെ ഒരു 'എ' പടം കണ്ടിട്ടില്ല. കാണാന്‍ കൊതിയൊക്കെ ഉണ്ട്. എന്നാലും എന്തുകൊണ്ടോ (പേടികൊണ്ടാണോ, ആവോ) അന്നുവരെ അതൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു..
ധൈര്യപൂര്‍വ്വം ഞാന്‍ സമ്മതിച്ചു.. ഇന്നു കണ്ടുകളയാം.. ഞാന്‍ എതിര്‍ക്കുമെന്നായിരുന്നു, എല്ലാവരും പ്രതീക്ഷിച്ചത്.
മത്തായി വന്നു എന്നെ കെട്ടിപിടിച്ചു.. സില്‍ക്ക് സ്മിത മാതൃകയില്‍ സീല്‍ക്കാരത്തോടെ ഒരു ഉമ്മയും..
പിന്നെ, അവന്‍ ഒരു കണ്ടീഷന്‍ വെച്ചു : ടിക്കറ്റ് സ്വന്തം സ്വന്തം... ഓ.കെ.?
അങ്ങനെ, ഞങ്ങള്‍ അഴിയൂരേക്ക് പോയി.. ബസ്സിറങ്ങി നടന്നു മുരുകന്‍ ടാക്കീസിന് അടുത്തെത്തിയപ്പോള്‍ സമയം ആയിട്ടില്ല.. ഒരു അര മണിക്കൂറെങ്കിലും കഴിയും, പടം തുടങ്ങാന്‍.. ആരുമില്ല, ആ പരിസരത്തെങ്ങും..
ഞാന്‍ പറഞ്ഞു: നമുക്കു ഇവിടെ ഇരിക്കാം.. അര മണിക്കൂറല്ലേ..
കരണ്ടി പരിഹസിച്ചു: പൊട്ടാ.. ആരെങ്കിലും കാണും.. നമുക്കു നടന്നാലോ? സമയത്തിന് മടങ്ങി എത്താം..
എല്ലാവരും സമ്മതിച്ചു.. ഞങ്ങള്‍ നടന്നു തുടങ്ങി.. നല്ല വെള്ള പൂഴി മണ്ണിലൂടെ വെയിലത്ത് ഒരു നടത്തം.. എല്ലാവരും അവര്‍ മുന്പ് കണ്ട കമ്പി പടങ്ങളുടെ കഥയും പറഞ്ഞുകൊണ്ട് നടന്നു..
'എന്നാലുണ്ടല്ലോ മോനേ, ആദിപാപത്തിലെ അഭിലാഷ തന്നെ ഒന്നാം നമ്പര്‍..'
'പോടാ ലയനത്തിലെ സില്‍ക്ക് എന്താ മോശമാണോ?'
'എടാ, കഷണം ഉണ്ടെങ്കിലേ ഞാന്‍ കാണാറുള്ളൂ.. മറ്റേതു ആര്‍ക്കു കാണണം?'
'കാണുന്നെങ്കില്‍ മറ്റേതു കാണണം, ഏത്? ബ്ലൂ..'
ഇങ്ങനെ പലതും ഞങ്ങള്‍ ചര്ച്ച ചെയ്തു..
ഒരു സ്ഥലത്തു എത്തിയപ്പോള്‍ മത്തായി പറഞ്ഞു: ഇനി തിരിച്ചു നടക്കാം.. ഒന്നരയ്ക്ക് കൃത്യത്തിനു എത്താം.. -------------- ന്മാര്‍ കഷണം ആദ്യം ഇട്ടാല്‍ നമുക്കു മിസ്സാകും..
അങ്ങനെ ഞങ്ങള്‍ തിരിച്ചു നടന്നു തുടങ്ങി..
നട്ടുച്ച ആയതിനാല്‍ ഇടവഴിയില്‍ മറ്റാരും ഇല്ലായിരുന്നു.. ഒരു വളവു തിരിഞ്ഞപ്പോള്‍ മത്തായി കൈ വിരിച്ചുകൊണ്ട് പിന്നിലുള്ളവരെ തടഞ്ഞുനിര്‍ത്തി പറഞ്ഞു: ഡാ...
എല്ലാവരും അവന്‍ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി: പൂഴിമണ്ണില്‍ കുറച്ചു പണം കിടക്കുന്നു..
മത്തായി പണം എടുത്തു.. എണ്ണി നോക്കി. നാല്പത്തി അഞ്ചു രൂപാ.. പിന്നെ ഒരു റേഷന്‍ ബില്ലും..
റേഷന്‍ ബില്‍ നോക്കി മത്തായി മൊഴിഞ്ഞു: പാവം, ആരുടേതാണോ എന്തോ.., എന്റെ നാട്ടിലെ റേഷന്‍ കടയിലെ ബില്ലാ..
ചുറ്റുപാടും നോക്കി അവന്‍ പറഞ്ഞു: നമുക്കു 'എ' പടം കാണാന്‍ ദൈവം തന്നതാ, ഈ പണം.. ഇനി കൂടുതലായി വേണ്ട അഞ്ചു രൂപാ നമുക്കു അമീര്‍ തരും.. അല്ലെടാ..?
അമീര്‍ തല കുലുക്കി..
അങ്ങനെ ദൈവം തന്ന പണം കൊണ്ടു ഞങ്ങള്‍ പടം കണ്ടു..
കഷണം ഇടാന്‍ വൈകിയപ്പോള്‍ തീയറ്റര്‍ ഇളകി മറിഞ്ഞു, പിന്നെ കഷണം വന്നപ്പോള്‍ ശാന്തമായി.. എല്ലാവരും ശ്രദ്ധിച്ചു പടം കണ്ടു...
പടം തീരുന്നതിനു മുന്പ് ഞങ്ങള്‍ പുറത്തിറങ്ങി.. വേഗം ബസ്സ് പിടിച്ചു, നാട്ടിലേക്ക്..
ദൈവം തന്ന പണത്തെ കുറിച്ചു ഞങ്ങള്‍ ഒരുപാടു പറഞ്ഞു ചിരിച്ചു..
അത് പറഞ്ഞു മത്തായിക്ക് മതിയാവുന്നില്ല..
ചിരിച്ചുകൊണ്ടിരുന്ന മത്തായി പെട്ടെന്ന് നിശബ്ദനായി...
'എടാ..'
എല്ലാവരും ബ്രേക്കിട്ടപോലെ സംസാരം നിര്ത്തി...
'ആ റേഷന്‍ ബില്‍ ഏത് സ്ഥലത്തെയാ?'
'കടവത്തൂരെ' കരണ്ടി പറഞ്ഞു..
' അത് എന്റെ നാടല്ലെ?'
'അതെ.. എന്താടാ?'
'നിങ്ങള്ക്ക് 'എ' പടം കാണാന്‍ പണം തന്ന ദൈവത്തിന്റെ പേരു കേള്‍ക്കണോ?'
'...................'
'മത്തായി'
ക്ലാസ്മേറ്റ്ന്‍റെ കൂടെ ക്ലാസ്മേറ്റ് കാണാന്‍ പോയ നിവിന്‍. : :
https://plus.google.com/u/0/104573681308487322643/posts/U1JKnEr4BdV
ക്ലാസ്മേറ്റ്സ് റിലീസ് ഡേ. കൃത്യം 8 മണിക്ക് തന്നെ ഞങ്ങൾ ഒരു ബറ്റാലിയൻ അടൂരിലുള്ള ഒരു തിയേറ്ററിന്റെ റ്റിക്കറ്റ് കൗണ്ടറിനു മുന്നിൽ സ്ഥാനം പിടിച്ചു. തിയേറ്റർ എന്ന് പറഞ്ഞാൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ചെറിയ തിയേറ്റർ. എയർകണ്ടീഷൻഡ് ബാൽക്കണിലെസ്സ് അത്യാവശ്യം നീളമുള്ളവനു തിയേറ്ററിന്റെ മദ്ധ്യഭാഗത്തുള്ള കസേരയിൽ കയറി നിന്നാൽ പ്രൊജക്റ്റർ ലൈറ്റിനെ തൊടാനും സ്ക്രീനിൽ നിഴൽക്കൂത്ത് നടത്താനും സൗകര്യം ഉള്ള തിയേറ്റർ.( ഇത് മനസ്സിലായത് ഈ സംഭവത്തിനു ശേഷം )..അങ്ങനെ വലിയ അക്രമങ്ങളൊന്നും ഇല്ലാതെ രണ്ടര മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ തിയേറ്ററിലേക്ക്. സെന്ററിലായി രണ്ട് റോ നിറയെ ഞങ്ങളുടെ കോളേജിന്റെ യൂണിഫോം. ഞാനും കൂട്ടുകാരും ഒരു റോയിൽ നിരന്നിരുന്നു, ഒരു സീറ്റ് കൂട്ടത്തിലുള്ള, ഇനിയും എത്തിയിട്ടില്ലാത്ത ഒരുവനു വേണ്ടി ഒഴിച്ചിട്ടിരുന്നു. ഞങ്ങൾക്ക് മുകളിലായ് പ്രൊജക്റ്റർ ലൈറ്റ് തെളിഞ്ഞു, പടം തുടങ്ങി. പടം തുടങ്ങി ഫ്ലാഷ് ബാക്കിലേക്ക് പോകുമ്പോൾ ആണു ലവൻ വിളിക്കുന്നത്. " മാറെടാ പുല്ലേ", "ഇരിയെടാ അവിടെ" എന്നീ കൂവി വിളികൾക്കിടയിൽ കൂടി മറ്റൊരുത്തൻ റ്റിക്കറ്റുമായ് പോയ് അവനെയും കൂട്ടി വന്നു. സീറ്റിനു പിറകിൽ കൂടി കയറി ഓരോ സീറ്റിന്റെയും ഹാൻഡ് റെസ്റ്റിൽ ചവുട്ടി ഒഴിച്ചിട്ടിരുന്ന സീറ്റിലേക്ക് ഞാണിന്മേൽ നടക്കുന്ന സർക്കസ്കാരനെ പോലെ അവൻ നടന്ന് വരുന്നു. ഞാൻ അവനിരിക്കാനായി സീറ്റിലിരുന്ന ബാഗുകൾ മാറ്റുന്ന ടൈമിൽ തിയേറ്ററിൽ കൂട്ടച്ചിരിയും കൂകലും . കാര്യമെന്തെന്നറിയാൻ ഞാൻ സ്കീനിലേക്ക് നോക്കുമ്പോൾ പൃത്ഥ്വിരാജിനോട് സംസാരിച്ച് നിൽക്കുന്ന കാവ്യാമാധവന്റെ "നെഞ്ച്" ഫേസ് ചെയ്തൊരു സ്പൈക്കടിച്ച കറുത്ത തല. സീറ്റിൽ നിന്നു കൊണ്ടുള്ള ബാലൻസിംഗ് സ്ക്രീനിൽ ഓണത്തിനു റൊട്ടികടിക്കാൻ ചാടുന്നവന്റെ ആക്ഷൻസായി പതിഞ്ഞു. ചിരിയും കൂകലും നിന്നു തെറിവിളിയായ് നിർത്താൻ പറ്റാത്ത ചിരിക്കിടയിൽ ബാഗുമാറ്റി അവനെ അവിടെ ഇരുത്തി. " എന്തുവാടെ ഇത്ര ചിരിക്കാൻ " എന്ന നിഷ്കളങ്കമായ ചോദ്യത്തിനു ഞങ്ങൾക്കിടയിൽ വീണ്ടും കൂട്ടച്ചിരിയുണർന്നു.
അയല്‍വാസി കുടിയന്‍ വക 'കിക്ക്' കിട്ടിയ പ്രദീപ്.
https://plus.google.com/u/0/113297334041223221300/posts/SutB5nyg6Xc
പ്രീ-ഡിഗ്രീ കാലത്തു ക്ളാസിലേക്കാള്‍ ഹാജര്‍ തിയേറ്ററില്‍ ആരുന്നു....തിയേറ്റര്‍ എന്ന് പറയുമ്പോ...അന്ന് സിനീപ്ലെക്സോ മള്‍ട്ടി പ്ലക്സോ ഇല്ലല്ലോ...ഏറ്റവും നല്ലതെന്ന് പറയുന്നിടത്ത് നല്ല സീറ്റും ഏ സിയും കാണും...എന്റെ സിനിമ കാണലിനു അങ്ങനെ വലുപ്പ ചെറുപ്പമൊന്നുമില്ലാരുന്നു.ഓല മേഞ്ഞത് എങ്കില്‍ അത്...:)
അന്ന് ഹരിപാട് TKMM കോളേജിനു അടുത്തൊരു അര്‍ച്ചന തിയേറ്റര്‍ ഉണ്ട്...ഒരു വശപെശക് തിയേറ്റര്‍ ..ചാക്കും ടാര്‍പായും ഒക്കെ വലിച്ചു കെട്ടി ഒരു ഉടായിപ്പ് സെറ്റ് അപ്പ് ..ആദ്യ പാപം, ലയനം ഒക്കെ അവിടുത്തെ അഭ്രപാളികളില്‍ ആണ് കണ്ടത്..അങ്ങനെ ഒരിക്കല്‍ പതിവ് പോലെ പാത്തും പതുങ്ങിയും കേറി പടം കാണല്‍ തുടങ്ങി. ഞാനും കൂട്ടുകാരന്‍ ഉമ്മനുമുണ്ട്. ഓലകീറിലൂടെ അരിച്ചിറങ്ങുന്ന വെട്ടത്തില്‍ നിന്നൊഴിഞ്ഞു ഒരല്‍പം പിറകില്‍ ഇരുട്ട് വാക്ക് നോക്കി ആണിരുപ്പു.
പടം ഏതാണ്ട് തീരാറായപ്പോ ഞങ്ങള്‍ക്ക് ഒരു മൂന്നു വരി മുന്‍പില്‍ ഇരിക്കുന്ന ആളിനെ കണ്ടു ഞാന്‍ ഞെട്ടി. വീടിനടുത്തുള്ള ഒരു മുഴുകുടിയന്‍ .കണ്ടാല്‍ പിന്നെ കാര്യങ്ങള്‍ ഒക്കെ ഓക്കേ ആയെന്നു കരുതിയാല്‍ മതി. നല്ല കവറേജ് ഉള്ള ഐറ്റമാ. പെട്ടെന്ന് ഉമ്മനെയും വിളിച്ചു പിറകിലെ ഊടുവഴിക്ക് കൂടി സ്പീഡില്‍ പോവുമ്പോ...ദാ വേറൊരു ഷോട്ട് കട്ട് അടിച്ചളിയന്‍ മുന്നില്‍ .പഠിക്കാന്‍ ആണെന്നും പറഞ്ഞു രാവിലെ ഇറങ്ങി ഇതാണല്ലേ പരുപാടി എന്നൊക്കെ പറഞ്ഞിയാല്‍ കത്തി കയറി.
സമരമാരുന്നെന്നും പറഞ്ഞിട്ട് ഒരു രക്ഷയുമില്ല.അവസാനം ഒരു ചെറിയ ചെലവ് ചെയ്യലിന്റെ ഉറപ്പിലും... എന്റെ വീട്ടില്‍ പറഞ്ഞാല്‍ ചേട്ടന്റെ മക്കളോടുമൊക്കെ ഞങ്ങളും പറയുമെന്ന ചെറിയ ബ്ലാക്മെയിലിംഗ്ലൂടെയും കാര്യങ്ങള്‍ ഒതുക്കി.
എങ്കിലും ഇയാള്‍ കുടിച്ചു ലെക്കു കെട്ടു വീടിനു മുന്നിലൂടെ പോകുമ്പോഴൊക്കെ തീ കോരി ഇടുന്ന അവസ്ഥയാരുന്നു കുറച്ചു കാലം ...:))
ഈ തിയേറ്റര്‍ ഇവന്‍റ്റ് തുടങ്ങാന്‍ കാരണകാരന്‍ അനിമേഷ്ന്‍റെ ഓര്‍മ്മകള്‍.
https://plus.google.com/u/0/105174405456910921892/posts/aKScZ9QbnVL
ഒന്ന് :
കൊടകരയില്‍ മൂന്നു തിയ്യേറ്റരുകളായിരുന്നു. ആയിരുന്നു എന്ന് പറയാന്‍ കാരണം ഇപ്പോള്‍ ഒന്നും നിലവിലില്ല എന്നതാണ്. പേരുകള്‍ രസകരം അമ്പാടി, ദ്വാരക, വൃന്ദാവന്‍!! ടിക്കറ്റ് കൊടുക്കാന്‍ മണി മുഴങ്ങിയിട്ടും എത്താത്ത അപ്പനേം അമ്മയേം കാത്തു നേരത്തെ എത്തിച്ചേര്‍ന്ന ഞാനും അനിയത്തിയും ദേഷ്യോം സങ്കടോം ഒക്കെ സമ്മിശ്രമാക്കിയ മുഖങ്ങളുമായി ഒരു നില്‍പ്പുണ്ട്. വാങ്ങിയ പപ്പട വടകള്‍ ഞെരിഞ്ഞമരുന്ന ശബ്ദങ്ങളുടെ നടുവിലിരുന്നു അന്നാസ്വദിച്ച സിനിമകള്‍! നായകനെ തല്ലാന്‍ ആരെങ്കിലും ഒക്കെ വളയുമ്പോള്‍ "ഡാ, ടെ ഒരുത്തന്‍ കത്തീം കൊണ്ട് ഒളിച്ചു നിക്കനുണ്ട്രാ" എന്നൊക്കെ വിളിച്ചു പറയുന്ന നിഷ്കളങ്കമായ ഗ്രാമീണത. തിയ്യേറ്റരുകല്‍ക്കൊപ്പം അതും അപ്രത്യക്ഷമായി.
രണ്ടു:
ക്ലാസ് കട്ട് ചെയ്തു നൂണ്‍ ഷോയ്ക്ക് തിയ്യേറ്ററില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്പോള്‍ നാട്ടുകാരന്‍ എന്റെ കുറച്ചു പുറകിലായി ക്യൂവില്‍! അയാള്‍ എന്നെയൊന്നു നോക്കി. ഞാന്‍ ഇയാളേതാ എന്ന ഭാവത്തില്‍ അയാളേം. അന്നത്തെ 'ഇടിവാള്‍' സായാഹ്നപത്രത്തിലെ ഹെഡിംഗ് ഞാന്‍ തന്നെ. അമ്മാതിരിയാണ് അയാളുടെ സര്‍ക്കുലേഷന്‍. ഉള്ളു ഇടിക്കുകയാണ്. ടിക്കറ്റ് എടുത്തു എന്ന് വരുത്തി. അകത്തു കയറാന്‍ പോകുന്ന ഭാവത്തില്‍ ഒറ്റ ഓട്ടം.
സമരമാണ് എന്ന് പറഞ്ഞു വീട്ടില്‍ കയറി. ഒരു മൂന്നു മൂന്നരയായപ്പോള്‍ പ്രതീക്ഷിച്ച പോലെ ലയാള്‍ വീട്ടിനുമ്മറത്ത്. എന്നെ സിനിമാ തീയേറ്ററില്‍ കണ്ട കാര്യം നിന്ന് പറഞ്ഞു തകര്‍ക്കുന്നു! അമ്മ അപ്പനേം അപ്പന്‍ അമ്മയേം നോക്കി. നായകന് പ്രത്യക്ഷപ്പെടാന്‍ സമയമായി.
"എന്റെ ചേട്ടാ, ഒരാളെക്കുറിച്ച് ഇല്ലാവചനം പറയുന്നതിന് അതിരുണ്ട്. ഞാന്‍ ഉച്ചയ്ക്ക് മുന്പ് വീട്ടിലെത്തിയതാ.. ആ, സാരമില്ല ഒരാള്‍ടെ പോലെ എഴാളുണ്ടേന്നല്ലേ. അങ്ങിനെ എന്റെ പോലെ ഉള്ള ആരെയെന്കിലുമാവും കണ്ടത്. അല്ല, ഇതിനു മുന്പ് എന്നെക്കുറിച്ച് ഇവിടെ വന്നു പറഞ്ഞതൊക്കെ ഇതുപോലെ തന്ന്യാവും അല്ലെ? കഷ്ടം"
എല്ലാ പ്രതിരോധവും നഷ്ടപ്പെട്ടു ക്ലീന്‍ ബൌല്ദ് ആയ ബാറ്സ്മാന്റെ പോലെ അയാള്‍ പടിയിറങ്ങി പോയി. ലോകത്തെത് പട്ടിക്കുഞ്ഞി എന്നെക്കുറിച്ച് കുറ്റം പറഞ്ഞാലും വിശ്വസിക്കുന്ന അപ്പനേം അമ്മയേം ഒരു ഭൂലോക പാരയേം പറ്റിച്ചതോര്ത്ത് ഞാനെന്റെ മനസ്സില്‍ സ്റ്റമ്പ് പിഴുത് ആഹ്ലാദപ്രകടനം നടത്തി!
മൂന്നു:
നാട്ടിന്‍ പുറങ്ങളിലെ തിയ്യേട്ടരുകളില്‍ കിടിലന്‍ തമാശകലുണ്ടാവാറുണ്ട്.
സെക്കണ്ട് ഷോ നടക്കുന്നു.
അവസാന നാലു റീല്‍ പ്ലേ ചെയ്യാന്‍ ഇട്ട ഓപ്പരെറ്റരോടു സ്നേഹം മൂത്ത് ഓണര്‍ പറഞ്ഞു.
"വാസ്വോ, എല്ലാം ഓക്ക്യായില്ല്യെ ഉച്ചക്ക് തോടങ്ങീതല്ലേ? ഞ്ഞി.. നീ പൊക്കോ."
"ശേര്യന്നാ, നാളെ ഉച്ചയ്ക്കെത്താം"
ആള് പോയി.
കുറച്ചു കഴിഞ്ഞപ്പോ ഫിലിം പൊട്ടി.
മൊതലാളി പഠിച്ച പണീം പഠിക്കാത്ത പണീം മുഴുവന്‍ നോക്കീട്ടും സാധനം ശര്യാവണില്ല.
അകത്തു കൂവല്‍, ആക്രോശം എന്നിവ ഗിയര്‍ മാറ്റി തന്തയ്ക്കുവിളി, തള്ളയ്ക്കു വിളി എന്നിങ്ങനെ ടോപ്പിലെത്തി. അടുത്തത് സ്ക്രീനിലേയ്ക്ക് ഉള്ള ഫിനിഷിംഗ് പോയിന്റാനെന്നു മനസിലാക്കി.. അത് തടയാനായി അകത്തേയ്ക്ക് തലയിട്ടു നിലവിളിക്കുന്ന സ്വരത്തില്‍ മുതലാളി പറഞ്ഞു.
"അതെയ്
ഒരു മിനിറ്റ്
ഒരു കാര്യം പറഞ്ഞോട്ടെ.
പടം ഇടാന്‍ പറ്റണില്ല്യ.
ഇനി കഷ്ടി കാല്‍ മണിക്കൂരെ ഉള്ളൂ..
നസീരിനെക്കുരിച്ചു ജയഭാരതിക്കുണ്ടായിരുന്ന തെറ്റിധാരണ ഒക്കെ തിക്കുറിശി പറഞ്ഞു മാറ്റി.
ജയഭാരതി തിരിച്ചു വന്നു, അവര്‍ സുഖമായി ജീവിച്ചു.
ഇതാണ് കഥ.
പിന്നെ, ശുഭം ന്നു കാണിക്കും "
നാല്:
ഒരിക്കല്‍ സിനിമാ കാണാന്‍ പാര്‍ത്ഥാസില്‍ പോയപ്പോളാണ് പള്ളയ്ക്കു കയറിയ സ്ക്രൂ ഡ്രൈവരുമായി ഒരാള്‍ ആ വഴിയെ ഓടിപ്പോയത്!
മറ്റൊരിക്കല്‍ ഉച്ചയ്ക്ക് സെന്‍ട്രല്‍ തീയേറ്ററിലെ വിജനതയില്‍ 'കലാപരിപാടിയ്ക്കായി ഒരു മധ്യവയസ്കന്‍ കൊണ്ട് വന്ന ഒരു സ്ത്രീയെ അവിടെന്നു പൊക്കിയെടുത്ത് പുറകില്‍ കൊണ്ട് പോയി മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതും കാണേണ്ടി വന്നു. പ്രതികരിച്ചാല്‍ പണി കിട്ടും എന്ന ഭയത്തോടെ കണ്‍മറ വച്ച കുതിരയെപ്പോലെ സ്ക്രീനില്‍ മാത്രം നോക്കിയിരിക്കേണ്ടി വന്നു.
മാപ്പിളെ കാണാന്‍ പോയപ്പോളാണ് പടം തുടങ്ങുന്നതിനു മുന്പ് സ്ക്രീനില്‍ആരതിയുഴിയുന്നതും, തെങ്ങയുടയ്ക്കുന്നതുമൊക്കെ കണ്ടത്!
അതുല്യാ ശര്‍മ്മയുടെ വേറിട്ട, മനസ്സില്‍ വേദന അവശേക്ഷിപ്പിയ്ക്കുന്ന ഒരു അനുഭവം.
കവിതയില്‍ പടം തുടങി (1998) ഇന്റ്രവെല്ലും കഴിഞപ്പോ, മൂലയ്ക്കിരിയ്ക്കുന്ന പെണ്‍കുട്ടി വല്യ വായില്‍ കരയുന്നു, തേങി തേങി.
രണ്ട് സീറ്റ് അപ്പറത്തായിയിരുന്നു. ഭാര്യ ഭര്‍ത്താവ് പോലെ, തോന്നിച്ചിരുനു, കുങ്കുമം ഒക്കെ തൊട്ട്, പുതിയ തിളങുന്ന സാരി ഒക്കെ ഉടുത്ത്.
കരച്ചില്‍ കൂടിയപ്പോ, ഞങള്‍ കാര്യം തിരക്കി. ഇറ്റ്ന്രവല്‍ കഴിഞ് ഭര്‍ത്താവ് വന്നില്ല. :(
അവരു കാമുകി കാമുകന്മാരായിരുന്നു. :) രാവിലെ അമ്പലത്തില്‍ പോയി ഒക്കെ പൂമ്മാല ഒക്കെ മാറി. എന്നിട്ട് ഊണു കഴിച്ചു.
അത് കഴിഞ ആസ് യൂഷ്വല്‍ സിനിമ ക്ക് വന്നു, മാറ്റിനി. സിനിമ കണ്ടോണ്ട് ഇരുന്നപ്പോ, അയാള്‍ പറഞു, പൂമ്മാല ഇട്ഠറ്റ് മാത്രം പോര, എനിക്ക് നിന്നെ താലി കെട്ടണം, ഞാന്‍ അത് അമ്പലത്തില്‍ ചെയ്യാന്‍ മറന്നുവെന്ന്. സോ പെണകുട്ടിയോട് പറഞു, ഈ കുഞു താലി അതിലേയ്ക്ക് ഇടൂന്ന്, ഇട്ട് കഴിഞ്, താലി കെട്ടി, അപ്പോല്‍ കൊളുത്ത് റ്റൈറ്റ് ആവുന്നില്ല ന്ന് പറഞ്, തീയ്യറ്ററില്‍ ഇരുട്ട് ആയിരുന്നു. മാലയും താല്ലിം കൂടെ വെളിച്ചത്ത് കൊണ്ട് പോയ്യി, കൊളുത്ത് ശരിയാക്കാന്‍ പോയതാണു ഇന്റ്രവെല്ലി. പിന്നെ വന്നില്ല :( വന്നില്ല വന്നില്ല :( 4 പവന്റെ മാല ഡിം :) ഭര്‍ത്താവും ഡിം :(
കൂടുതൽ തിയേറ്റർ വിശേഷങ്ങൾ ഇവിടെ
നിങ്ങള്‍ടെ തിയേറ്റര്‍ അനുഭവങ്ങള്‍, താഴെ കമന്റ് ആയി കൂട്ടിച്ചേര്‍ക്കൂ.