ഉപ്പുകണ്ടം ബ്രദേഷ്സ് -സിനിമാറിവ്യൂ

Submitted by nanz on Mon, 06/20/2011 - 21:48

മലയാള സിനിമയില്‍ പല കാലങ്ങളില്‍ ‘ട്രെന്‍ഡു‘കള്‍ സംഭവിക്കാറുണ്ട്. വിജയകരമായ ഒരു ചിത്രത്തിന്റെ ഫോര്‍മുലയെ പിന്നീടുള്ളവര്‍ അന്ധമായി അനുകരിച്ച് ഒരേ വാര്‍പ്പില്‍ നിരവധി ചിത്രങ്ങളുണ്ടാക്കാറുണ്ട്. കുറച്ചു ചിത്രങ്ങളുടെ വിജയത്തിനു ശേഷം കനത്ത പരാജയത്തോടെ ആ ട്രെന്‍ഡുകള്‍ അവസാനിക്കുകയും ചെയ്യും. മലയാളത്തില്‍ ട്രെന്‍ഡുകള്‍ രൂപപ്പെട്ടത് കൂടുതലും സിദ്ധിഖ് - ലാല്‍ ചിത്രങ്ങള്‍ക്കായിരിക്കണം. അവരുടേ ആദ്യ മൂന്നു ചിത്രങ്ങളും മലയാളത്തില്‍ വ്യക്തമായ ട്രെന്ഡുകള്‍ ഉണ്ടാക്കിയിരുന്നു. റാംജിറാവ് സ്പീക്കിങ്ങിനു ശേഷം തൊഴിലില്ലാത്ത രണ്ടു ചെറുപ്പക്കാരും ആകസ്മികമായി ഏതെങ്കിലും അധോലോക സംഘങ്ങളുമായി ആളൊഴിഞ്ഞ (പണിതീരാത്ത) കെട്ടിടത്തിലെ കൂട്ടസംഘട്ടനത്തിള്‍ ഏര്‍പ്പെടൂന്നതും അളവറ്റ സ്വത്ത് കൈക്കലാക്കുന്നതുമൊക്കെ നിരവധി തവണ ആവര്‍ത്തിച്ചു. ഹരിഹര്‍ നഗറിനു ശേഷം നാലു ചെറുപ്പക്കരും (ചിലപ്പോളത് അഞ്ചോ ആറോ ആകാം) ബൈക്കും പിന്നെ ഒരു പെട്ടി അല്ലെങ്കില്‍ കുട്ടി എന്ന രീതിയില്‍ എണ്ണമറ്റ ചിലവു ചുരുങ്ങിയ ഇത്തരം ‘സൃഷ്ടി’കള്‍ വിജയം ആവര്‍ത്തിച്ചു. സിദ്ധിഖ് ലാലിന്റെ മൂന്നാമത്തെ ചിത്രമായ ഗോഡ്ഫാദര്‍, മലയാളത്തില്‍ ബദ്ധവൈരികളായ രണ്ടു കുടൂംബങ്ങളുടെ കഥ പറയാന്‍ തുടങ്ങി. കുടിപ്പക തീര്‍ക്കുന്ന അച്ഛനും മക്കളും അതിനിടയിലെ പ്രണയവും നൂറ്റൊന്നാവര്‍ത്തിച്ചു. ഈ ഫോര്‍മുലയിലെ ഒരു വിജയ ചിത്രമായിരുന്നു അന്നത്തെ ഉപ്പുകണ്ടം ബ്രദേഴ്സ്.

വിജയചിത്രങ്ങളുടെ രണ്ടാംഭാഗമോ പുനരാവിഷ്കാരമോ മലയാളത്തില്‍ അടുത്തകാലത്തായി സജ്ജീവമായിട്ടുണ്ട്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇത്തരം ഭാഗങ്ങള്‍ പലതും പരാജയത്തിലേക്ക് പോവുകയാണ് പതിവ്. ഉപ്പുകണ്ടംസഹോദരന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. 18 വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് അന്നത്തെ ആസ്വാദന തലത്തില്‍ കുറേ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരിക്കാം അതുകൊണ്ട് തന്നെ സാമ്പത്തിക വിജയം നേടിയിരിക്കാം അതിലപ്പുറം ആ സിനിമക്ക് യാതൊരു പ്രസക്തിയുമില്ല. ആ വിജയം ആവര്‍ത്തിക്കാനായിരിക്കണം മാസ്സ് റീത്സിന്റെ പേരില്‍ മന്‍സൂര്‍ നിര്‍മ്മിച്ച് റെജിമാത്യു തിരക്കഥയെഴുതി ടി. എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഈ രണ്ടാംഭാഗം.

കഥാസാരം:
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ കുടൂംബമാണ് ഉപ്പുകണ്ടം. കുഞ്ഞന്നാമ(സീമ)യാണ് ഇപ്പോള്‍ തറവാട്ടു കാരണവര്‍. നല്ല സാമ്പത്തിക ഭദ്രതയുള്ള ഈ കുടൂംബം ഹോസ്പിറ്റല്‍, ബാങ്ക് എന്നിവ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സാമ്പത്തിക ലാഭം എന്നതിലുപരി പാവപ്പെട്ടവര്‍ക്ക് സഹായം എന്ന നിലക്കാണ്. പല നിര്‍ദ്ദനരേയും ഈ കുടൂംബം പല രീതിയിലും സഹായിക്കുന്നു. കുഞ്ഞന്നാമയുടെ മൂത്തമകള്‍ കൊച്ചമ്മിണി (വാണി വിശ്വനാഥ്) ഹോസ്പിറ്റലിന്റെ ചുമതലയുമായി അമ്മക്ക് സഹായമായും നാട്ടുകാര്‍ക്ക് ഉപകാരിയായും ജീവിക്കുന്നു. കുഞ്ഞന്നാമയുടെ രണ്ടാമത്തെ മകന്‍ ബോബി (ശ്രീകാന്ത്) അത്യാവശ്യം സാമൂഹ്യസേവനവും ചില ബിസിനസ്സും പിന്നെ അടിപിടിയുമായി നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞീശോ (ജഗതി ശ്രീകുമാര്‍) യുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്ന സമരങ്ങളാണ് ബോബിയുടെ പ്രധാന പരിപാടി. ഇതിനിടയില്‍ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് പുതിയ സി ഐ ആയി കുഞ്ഞന്നാമയുടെ ആങ്ങള ജോസുകുട്ടി(ജഗദീഷ്) എത്തുന്നു. ഉപ്പുകണ്ടം കുടൂംബത്തിന്റെ പ്രധാന എതിരാളി സ്രാമ്പിക്കള്‍ സത്യനേശനാണ്. ഉപ്പുകണ്ടം ഫാമിലിയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒരു ഉദ്ദേശത്തിലാണ് അയാളുടെ ജീവിതം. ഉപ്പുകണ്ടത്തിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുക്കാന്‍ ലണ്ടനില്‍ നിന്നും വരുന്ന കുഞ്ഞന്നാമയുടെ ഇളയ മകന്‍ സേവിച്ചന്റെ ഒപ്പം ഉണ്ടായിരുന്ന കൂട്ടൂകാരിയെ കണ്ട് വീട്ടുകാര്‍ ഞെട്ടുന്നു, സത്യനേശന്റെ ഒരേയൊരു മകള്‍. ഉപ്പുകണ്ടം ഫാമിലിയുടെ ആശ്രിതനായ കുട്ടന്‍ മാരാരുടെ(രവി വള്ളത്തോള്‍) മകള്‍ എം ബി ബി എസ് പഠനം കഴിഞ്ഞ ശ്രീലക്ഷ്മി (ഹണിറോസ്)യുമായ് ബോബി ഇഷ്ടത്തിലാണ്.

ഒരിക്കല്‍ ഒരു ചീട്ടു കളി സംഘത്തില്‍ വെച്ച് ബോബിയൂടെ പണമെല്ലാം നഷ്ടപ്പെടൂന്നു. ആ സമയത്ത് രണ്ട് ലക്ഷം രൂപയുമായി സത്യനേശന്‍ ബോബിയെ സഹായിക്കുന്നു. അപ്രതീക്ഷിതമായി അവിടെയുണ്ടായ സംഘട്ടനത്തില്‍ ബോബിക്ക് രണ്ട് ലക്ഷം നഷ്ടപ്പെട്ടു (തന്ത്രത്തിലൂടെ സത്യനേശന്‍ തന്നെ അത് കൈക്കലാക്കുന്നു) പിന്നീട് ആ രണ്ട് ലക്ഷത്തിന്റെ പേരില്‍ സത്യനേശന്‍ ബോബിയുമായി ശത്രുതയിലാകുന്നു. പണം തിരികെകൊടുക്കാന്‍ ബോബി തയ്യാറാവാത്തതുകൊണ്ട് സത്യനേശന്‍ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടുപോയി കുഞ്ഞന്നാമയോട് പണം ആവശ്യപ്പെടുന്നു. പണവുമായി കുഞ്ഞന്നാമ സത്യനേശന്റെ രഹസ്യ കേന്ദ്രത്തിലെത്തി പണം കൈമാറി കൊച്ചമ്മിണിയെ മോചിപ്പിക്കുന്നു. ആ സമയം തന്നെ കുഞ്ഞന്നാമയുടെ സഹോദരന്മാര്‍ വന്ന് സംഘട്ടനത്തിലൂടെ സത്യനേശനേയും സംഘത്തേയും കീഴ്പ്പെടൂത്തുന്നു.

പണ്ട് ഉപ്പുകണ്ടംകാരാല്‍ കൊല്ലപ്പെട്ട എട്ടു വീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ ഗണേശന്‍ പ്രതികാ‍രത്തിനായി നാട്ടില്‍ തിരിച്ചെത്തുന്നു. ഉപ്പുകണ്ടം ഫാമിലിയെ ഭയന്ന് ചെറുപ്പത്തിലേ നാടുവിട്ട് മുംബൈയിലെത്തി അവിടത്തെ അധോലോക - കള്ളക്കടത്തു സംഘത്തില്‍ ചേര്‍ന്ന് ഇന്ന് ഇന്റര്‍നാഷണല്‍ ഡോണ്‍ എന്ന നിലയിലെത്തിയിരിക്കുകയാണ് ഗണേശന്‍. ഉപ്പുകണ്ടത്തെ തകര്‍ക്കാന്‍ ഗണേശന്‍ സത്യനേശനെ കൂട്ടൂപിടിക്കുന്നു. തുടര്‍ന്ന് ഇരു സംഘങ്ങളുടേയും പോരാട്ടങ്ങള്‍.

മലയാള സിനിമയുടെ ഏതെങ്കിലും തകര്‍ച്ചയില്‍ പോലും ഇതുപോലെ നിര്‍ഗ്ഗുണമായൊരു ചിത്രം ഉണ്ടായിട്ടുള്ളതായി ഈയുള്ളവനു ഓര്‍മ്മയില്ല. ഒരാവര്‍ത്തിപോലും വായിച്ചു നോക്കാത്ത/വെട്ടിത്തിരുത്താത്ത സ്ക്രിപ്റ്റ്, നിര്‍വികാരമായ പെര്‍ഫോര്‍മന്‍സ്, ലോജിക് എന്നത് ഏഴയലത്തുപോലും വരാത്ത മരമണ്ടന്‍ സന്ദര്‍ഭങ്ങര്‍. മിമിക്രിക്കാരെ പോലും നാണിപ്പിക്കുന്ന തമാശ രംഗങ്ങള്‍. പിക്സല്‍ പൊട്ടിയ ഫോട്ടോഷോപ്പ് ഫ്രെയിമുകള്‍, പഴയ നൃത്ത നാടകങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചമയം. മുളക് ഉണക്കാനിടുമ്പോഴും ഉലയാത്ത പട്ടുസാരി. ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കോപ്രായങ്ങള്‍. തമിഴില്‍ നല്ല പ്രശസ്തിയുള്ള അത്യാവശ്യം ജനപ്രിയമായ ഹീറോ വേഷങ്ങള്‍ ചെയ്ത ശ്രീകാന്ത് എന്നൊരു നടനെ ഈ ബിഗ്രേഡ് സിനിമയിലുകൊണ്ടുവന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. ഇതുപോലൊരു സിനിമയും കഥാപാത്രവും സ്വീകരിക്കാന്‍ മാത്രം ഈ നടനു എന്തു സംഭവിച്ചു? സിനിമയുമായി ഒരു ബന്ധവുമില്ലാത്ത വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടിനേയും കൊണ്ടുവന്നിട്ടുണ്ട്. ഓരോ ഇഞ്ചും പോരായ്മകള്‍ മാത്രമുള്ള ഇതിനെ സിനിമ എന്നു വിളിക്കുമെങ്കില്‍ അത് സിനിമ എന്ന മാധ്യമത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.

വാല്‍ക്കഷണം : ദിവസത്തില്‍ വേറെ ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ പോലും ഈ സിനിമ കാണുന്നത് ഒഴിവാക്കിയേക്കുക, നിങ്ങള്‍ക്ക് സാമാന്യബോധം എന്നൊന്നുണ്ടെങ്കില്‍.
************************************************************************************

ഉപ്പുകണ്ടം ബ്രദേഴ്സിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ എം3ഡിബിയുടെ സൈറ്റില്‍ കാണാം

Contributors