നല്ലൊരു കഥയെ എങ്ങനെ നല്ല സിനിമയാക്കാം? നേരിട്ടറിയണമെങ്കിൽ ലാൽജോസിന്റെ 'അയാളും ഞാനും തമ്മിൽ' കാണുക. കാണികളെ മണ്ടന്മാരാക്കാതെ, ലളിതമായി പൂവിരിയും പോലുള്ള കഥപറച്ചിൽ തന്നെയാണ് 'അയാളും ഞാനും തമ്മിൽ' സമ്മാനിക്കുന്നത്.
മിനിക്കഥ
കൊച്ചിയിലെ പ്രശസ്ത കാർഡിയോളജിസ്റ്റാണ് ഡോ.രവി തരകൻ. ഹൃദയത്തകരാർ ഉള്ള ഒരു പെൺകുട്ടി ഒരു രാത്രിയിൽ അഡ്മിറ്റാകുന്നു. കുട്ടിക്ക് സർജറി അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഡോ.രവി തരകൻ മാതാപിതാക്കളോട് അക്കാര്യം പറയുന്നു. സർജറി കഴിഞ്ഞാൽ കുട്ടി ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെങ്കിൽ തങ്ങൾ തയ്യാറല്ലെന്ന് മാതാപിതാക്കൾ. ഇവരുടെ സമ്മതമില്ലാതെ തന്നെ രവി സർജറി ചെയ്തു.നിർഭാഗ്യവശാൽ പെൺകുട്ടി മരിച്ചു.കുട്ടിയുടെ അച്ഛനും നാട്ടുകാരും ആശുപത്രി തല്ലിത്തകർക്കുന്നു.രവി തരകൻ ഒരുവിധം ആശുപത്രിയിൽ നിന്ന് കാറിൽ രക്ഷപ്പെട്ടു.ആക്രമികളിൽ നിന്നൊഴിവാകാൻ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് താഴേക്ക് മറിയുന്നു.കുട്ടി മരിച്ചതും ഡോക്ടർ ഒളിവിൽ പോയതും മാധ്യമങ്ങൾ ഏറ്റെടുക്കുന്നു.സിറ്റി പൊലീസ് കമ്മീഷണർ കേസ് അന്വേഷണം തുടങ്ങി. ഡോ.രവി തരകൻ മിസ്സിങ്ങാണ് എന്നറിയുന്നു.
രവി തരകനെ തേടിയുള്ള യാത്രയാണ് പിന്നീട്. അയാളും മറ്റുള്ളവരും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളുടെ കഥകൾ ചുരുളഴിയുന്നു. ആശുപത്രി പ്രൈവറ്റ് സെക്രട്ടറി ദിയ, രവി തരകന്റെ ഉറ്റ സുഹൃത്ത് വിവേക്, കാമുകി സൈനു,രവിയുടെ അപ്പൻ തരകൻ, ഡോക്ടർ സാമുവൽ, തോമാച്ചൻ, ഡോ.സുപ്രിയ, നഴ്സ് സൂസി... തുടങ്ങി നിരവധി പേരിലൂടെ രവിയെ തേടി നമ്മളും സഞ്ചാരം തുടങ്ങുന്നു. ശേഷം സ്ക്രീനിൽ.
അവതരണമെങ്ങനെ?
സിനിമാചരിത്രത്തിലെ പുതുമയല്ലെങ്കിലും ഫ്ളാഷ്ബാക്കും ലൈവ് സ്റ്റോറിയും കൂട്ടിക്കലർത്തി രസകരമായാണ് സിനിമ പുരോഗമിക്കുന്നത്. കഥാഗതിയിൽ നിർണായകമാണെന്ന് അണിയറപ്രവർത്തകർ തന്നെ പറയുന്ന ആദ്യരംഗങ്ങൾക്കു ശേഷം കഥയുടെ പോക്ക് കണ്ടുപിടിക്കാൻ വിരുതള്ളവർക്കാകും.പക്ഷേ, അതൊന്നും ആലോചിക്കാനുള്ള സമയം തരാതെ പുതിയപുതിയ സന്ദർഭങ്ങൾ അവതരിപ്പിച്ച് സിനിമ നമ്മളെ പിടിച്ചിരുത്തുന്നു.
ഒട്ടും തുളുമ്പാതെ
'നവതരംഗ'ക്കാരായ ബോബി- സഞ്ജയ് ടീമാണ് കഥയും തിരക്കഥയും സംഭാഷണവും. സാധ്യതകൾ ഒരുപാട് ഉണ്ടായിട്ടും പ്രധാനകഥയിൽ നിന്ന് തെന്നിപ്പോകാതെയുള്ള അവതരണമാണ് സിനിമയുടെ പ്ളസ് പോയിന്റ്. സീനോ പാട്ടോ കോമഡിയോ ഒന്നും അധികമായില്ല. ഓവർ ആക്ടിംഗിന്റെയോ അമിതപ്രാധാന്യത്തിന്റെയോ ചെടിപ്പുണ്ടായിരുന്നില്ല. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണം, രഞ്ജൻ എബ്രഹാമിന്റെ ചിത്രസംയോജനം, ഗോകുൽ ദാസിന്റെ കലാസംവിധാനം എന്നിവയും സന്ദർഭോചിതം.
അഭിനേതാക്കളോ?
കഥയും അതിനാവശ്യമായ പക്കാ കാസ്റ്റിംഗും ഈസിനിമയുടെ നട്ടെല്ലാണ്. ഏറെക്കാലത്തിനു ശേഷം പൃഥ്യിരാജിലെ നടനെ കാണാൻ പറ്റി. ഒരേസമയം കോളേജ് പയ്യനായും മുതിർന്ന ഡോക്ടറായും അഭിനയിക്കാൻ രാജുവിനായി. സിനിമയെ മനോഹരമാക്കുന്നത് ഇത്തിരി മിസ്റ്റീരിയസ് കാരക്ടർ സാമുവൽ എന്ന ഡോക്ടറായെത്തുന്ന പ്രതാപ് പോത്തനാണ്. പ്രതാപ് പോത്തനാണ് സിനിമയുടെ ആത്മാവ് കണ്ടെത്തുന്നത്. ഡോക്ടർമാരുടെ പഠനസാമഗ്രിയും നിത്യരോഗിയുമായ തോമാച്ചനായി സലീംകുമാർ, രവിയുടെ സുഹൃത്ത് വിവേക്- നരേൻ, കാമുകി സൈനു-സംവൃത സുനിൽ, ഡോ.സുപ്രിയ-രമ്യ നമ്പീശൻ, ദിയ-റീമ കല്ലിങ്കൽ, സി.ഐ-കലാഭവൻ മണി, പഞ്ചായത്ത് മെമ്പർ- ദിനേശ്, നഴ്സ് സൂസി- സുകുമാരി... തുടങ്ങിയവരും മോശമാക്കിയില്ല.
നവതരംഗമാണോ?
'നവതരംഗ'ത്തിന്റെ 'ലക്ഷണങ്ങളായ' ലൈംഗികദാരിദ്ര്യം ബാധിച്ച നായിക-നായകൻ, കോണ്ടം, ബർമൂഡ-ബോക്സ്ർ... തുടങ്ങിയവയൊന്നും ചിത്രത്തിലില്ല. എന്തിന് മദ്യപാനമോ പുകവലിയോ ഉള്ള ഒറ്റസീൻ പോലുമില്ല. റീമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നീ ന്യൂവേവ് നടിമാരുണ്ടെങ്കിലും അവർ സപ്പോർട്ടിംഗ് കാരക്ടേഴ്സ് മാത്രമാണ്. അങ്ങനെയുള്ള ലക്ഷണശാസ്ത്രം വച്ച് നോക്കുമ്പോൾ ഇത് നവതരംഗമല്ല..!
സിനിമ കാണണോ?
കാണണം. മീശമാധവനിൽ നിന്നും ഡയമണ്ട് നെക്ളസിലൂടെ വളർന്ന് കയ്യടക്കവും പക്വതയും കൈമുതലായ ലാൽജോസിന്റെ സംവിധായകമികവ് അറിയാൻ,ബോറടിപ്പിക്കാതെയും രസകരമായും രണ്ടുമണിക്കൂർ ഡോ.രവി തരകന്റെ കൂടെ മൂന്നാറിലെ മഞ്ഞുകൊള്ളാനും പ്രണയിക്കാനും തമാശ കേൾക്കാനും മോഹമുണ്ടെങ്കിൽ 'അയാളും ഞാനും തമ്മിൽ' കാണണം.
എഴുതിയത് @ പി.സനിൽകുമാർ.
Relates to
Article Tags