മാന്ത്രികൻ - സിനിമാറിവ്യൂ

Submitted by nanz on Sun, 10/07/2012 - 12:07

അച്ചിലിട്ടു വാർത്ത ഫോർമുല സിനിമകളുടേയും  ഹൊറർ സിനിമകളുടെയുമൊക്കെ കാലം കഴിഞ്ഞെന്നും ഇപ്പോൾ ന്യൂ ജനറേഷൻ സിനിമകളുടേ കാലമെന്നുമൊക്കെ പറയുന്നതിനിടയിലാണ് പഴയ കോമഡി സിനിമാ സംവിധായകരായ അനിൽ-ബാബുമാരിലെ അനിൽ, ജയറാമിനെ നായകനാക്കി ഒരു കോമഡി-ത്രില്ലറായ “മാന്ത്രികൻ’ എന്ന പ്രേതസിനിമയുമായെത്തുന്നത്. പഴയ ലിസ മുതൽ സംവിധായകൻ വിനയന്റെ യക്ഷിയും ഞാനും വരെയുള്ള സിനിമകളിറങ്ങിയിട്ടും സിനിമാക്കാർക്കിപ്പോഴും പ്രേത(ഹൊറർ) സിനിമയോടുള്ള അഭിനിവേശം മാറിയിട്ടില്ല. മന്ത്രവാദവും ഹോമവും യക്ഷിയുമൊക്കെ ആവശ്യത്തിലധികം ഐതിഹ്യത്തിലും വിശ്വാസത്തിലും അരഞ്ഞു ചേർന്നിട്ടുള്ള മലയാളിക്ക് ഇതിനോടുള്ള കമ്പവും വിട്ടുമാറുമെന്നും തോന്നുന്നില്ല. പറയുന്നത് വിശ്വ്വസനീയമോ അവിശ്വ്വസനീയമോ ആകട്ടെ, ഒരു വിനോദോപാധി എന്ന നിലക്ക് ആ സിനിമകൾ പ്രേക്ഷകനെ രസിപ്പിക്കുകയോ ഹരം കൊള്ളിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് മുഖ്യം.

അനിൽ സംവിധാനം ചെയ്ത “മാന്ത്രികൻ” എന്ന ജയറാം സിനിമ, അനിലിന്റെ മുൻ ചിത്രങ്ങളുടേ അതേ ചേരുവയിൽ തന്നെ ഉണ്ടാക്കിയ സിനിമ തന്നെയാണ്. വലിയ കൊട്ടാരത്തിൽ/തറവാട്ടിൽ യക്ഷി ശല്യം, കൊട്ടാരത്തിലെ പലരേയും ആക്രമിക്കുന്നു. അവളെ തളക്കാൻ മന്ത്രവും തന്ത്രവും അറിയുന്ന മന്ത്രവാദി. (പണ്ടൊരു മന്ത്രവാദി അവളെ തളച്ചിട്ടുണ്ടെങ്കിലും എങ്ങിനെയോ പുറത്ത് വന്ന് പ്രതികാരത്തിനൊരുങ്ങുകയായിരിക്കും യക്ഷി) പ്രാരാബ്ധവും ലക്ഷക്കണക്കിനു കടവുമുള്ള നായകൻ മന്ത്രവാദിയായി വേഷമിട്ട് യക്ഷിയെ തളക്കാൻ വരുന്നു. കൊട്ടാരത്തിലെ സുന്ദരിക്കൊച്ചിനോട് പ്രേമം. ഒടുക്കം യക്ഷിയെത്തളച്ച് രാജകുമാരിയെ സ്വന്തമാക്കി നായകന്റെ സഹായിയുടെ കോമഡി ഡയലോഗിൽ ഫ്രെയിമിൽ നിരക്കുന്ന എല്ലാവരും പൊട്ടിച്ചിരിച്ച് നായികയുടേ കയ്യും പിടിച്ച് നായകൻ ഓടുന്നതിൽ സിനിമ തീരും. ഈ മാന്ത്രികനും ഇതൊക്കെത്തന്നെയാണ്.

മാന്ത്രികന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ആകാശഗംഗയും, പകൽ‌പ്പൂരവും അങ്ങിനെ ഈ ഗണത്തിൽ‌പ്പെടുന്ന ഒരുപിടി ചിത്രങ്ങളുടെ നിഴൽ പരക്കുന്ന ഈ സിനിമ ജയറാമിന്റെ നായകൻ മുകുന്ദനുണ്ണിയുടെ കൂട്ടുകാരായി വരുന്ന രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ എന്നിവരൊരുക്കുന്ന ചില്ലറ തമാശകൾ നിറഞ്ഞതും, യക്ഷിയുടെ പ്രതികാരത്തിന്റെ ചില രസകരമായ ദൃശ്യങ്ങളാലും മാത്രം രസകരമാകുന്നു. മന്ത്രവാദവും, ഹോമവും, യാഗവും, യക്ഷിയുമൊക്കെ നമുക്ക് തരുന്ന കോമഡികൾ നിസ്സാരമല്ല.( ഹൊറർ/ത്രില്ലർ മൂഡ് ആണ് സംവിധായകൻ ഉദ്ദേശിക്കുന്നതെങ്കിലും)

ഹൊറർ സിനിമയിൽ ലോജിക്കൊന്നും അന്വേഷിക്കരുത്, അതുകൊണ്ട് തന്നെ നായകൻ നായികയെ കണ്ടുമുട്ടുന്നതും നായിക ബോധമില്ലാതെ നായകന്റെ വീട്ടിൽ താമസിക്കുന്നതും നായകനു ഒഴിയാബാധയാകുന്നതും പിന്നീടെപ്പൊഴേ നായകനു പ്രേമം തോന്നുന്നതുമെല്ലാം തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞതും കാണിച്ചതും കണ്ടങ്ങ് വിശ്വസിച്ചേക്കണം. അല്ലേൽ രണ്ടര മണിക്കുർ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല. ബാക്കിയുള്ള ഭാഗങ്ങൾക്കും പുതുമ അന്വേഷിക്കരുത്, സ്പെഷ്യൽ എഫക്റ്റും ഗ്രാഫിക്സും കൊണ്ടൊരുക്കിയ ദൃശ്യവിസ്മയമാണല്ലോ ഹൊറർ സിനിമ!

രാജൻ കിരിയത്തിന്റേതാണ് തിരക്കഥ സംഭാഷണം. നമുക്ക് പരിചിതമായ യക്ഷി സിനിമകളുടെ ചേരുവതന്നെയാണ് ഇതിലും. (യക്ഷിയെ വൈറ്റ് & വൈറ്റ് ഉടുപ്പിച്ചില്ല. ഭാഗ്യം!) യക്ഷിയുടെ പ്രതികാരത്തിൽ ചില വ്യത്യസ്ഥ സീനുകളൊരുക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും മുഖ്യവിഷയത്തോട് കൂട്ടിക്കെട്ടിയ കോമഡിപശ്ചാത്തലവും മദ്ധബുദ്ധികളായ വില്ലന്മാരുമൊക്കെ പരമാവധി ബോറാക്കി. സംവിധായകൻ അനിലിനു കുറച്ചൊക്കെ നല്ല സ്വീക്കൻസുകളൊരുക്കാനും സാധിച്ചിട്ടുണ്ട്. വൈദി എസ് പിള്ളയുടെ ക്യാമറാ ദൃശ്യങ്ങളാണ് ചിത്രത്തിനു സപ്പോർട്ട് ആകുന്നത്. (കൂടുതലും വൈഡ് ലെൻസ് ഫ്രെയിമുകളാണ്) യക്ഷിയും പ്രതികാരവുമൊക്കെ വരുന്ന സീനുകളിൽ കൊള്ളാവുന്നൊരു ഇമ്പാക്റ്റ് ഉണ്ടാക്കുവാൻ വൈദിയുടേ ഛായാഗ്രഹണത്തിനായിട്ടുണ്ട്. പി സി മോഹനന്റെ എഡിറ്റിങ്ങും കൊള്ളാം. പഴയ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ എസ് ബാലകൃഷ്ണന്റേതാണു സംഗീതം. എങ്കിലും പഴയപോലെ ഹിറ്റു ഗാ‍നങ്ങളൊരുക്കാൻ കഴിഞ്ഞിട്ടില്ല. പാട്ടുകളുടെ ആധിക്യവും ഫോർമുലാ സിനിമകളിലേതുപോലെ വീതം വെച്ചുള്ള പാട്ടുസീനുകളും ബോറടിപ്പിക്കും.

ജയറാം തന്റെ മുൻ ചിത്രങ്ങളെപ്പോലെ അത്രയ്ക്കങ്ങോട്ട് ‘അഭിനയിപ്പിച്ച്’ വെറുപ്പിക്കുന്നില്ല എന്നൊരാശ്വാസമുണ്ട്. എന്നാലും താനിതുവരെ ചെയ്തതൊക്കെത്തന്നെയേ ജയറാമിനും ചെയ്യാനുള്ളു. ജയറാമിന്റെ നായകൻ താളിയോല വായിക്കുന്നതും ഹോമം ചെയ്യുന്നതും യക്ഷിയെ ആവാഹിച്ച് മരപ്രതിമയിൽ തളക്കുന്നതുമൊക്കെ കണ്ടാൽ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും.!!  അന്യഭാഷാ നായിക പൂനം ബജ് വ-ക്ക് ആടിപ്പാടാൻ മാത്രമുള്ള വേഷമേയുള്ളു എങ്കിലും സിനിമയുടെ അവസാന ഭാഗങ്ങളിൽ യക്ഷിയും നായികയുമായുള്ള ഭാവമാറ്റവും പ്രകടനവുമൊക്കെ ഭേദപ്പെട്ട രീതിയിൽ ചെയ്യാൻ സാധിച്ചിട്ടുണ്ട്. നായകന്റെ കൂട്ടുകാരായി വേഷമിട്ട കലാഭവൻ ഷാജോണും രമേഷ് പിഷാരടിയും ഇടക്ക് വരുന്ന സുരാജ് വെഞ്ഞാറമൂടുമാണ് ഈ സിനിമയിലെ കോമഡിയുടേ മൊത്തവിതരണക്കാർ. രമേഷ് പിഷാരടി തന്റെ വേഷം ഗംഭീരമാക്കി. പിഷാരടി ഒരുക്കുന്ന തമാശകളും ഡയലോഗുകളുമാണ് പ്രേക്ഷകനെ ചിരിപ്പിക്കുന്നതും ബോറഡിയില്ലാതെ കണ്ടിരുത്തുന്നതും.  സുരാജ് പതിവു പോലെ. സുരാജിന്റെ ഭാര്യയായി അഭിനയിച്ച മഹിമയുടെ അഭിനയവും അവസ്ഥയും കണ്ടാൽ സഹിക്കൂലാ.. അമ്മ, വല്യമ്മ, അമ്മായി വേഷങ്ങളിൽ വരുന്ന സ്ത്രീ കഥാപ്രാത്രങ്ങളൊക്കെ വേഷം കെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന ചലിക്കുന്ന പ്രതിമകൾ മാത്രം. വില്ലനായെത്തുന്ന റിയാസ് ഖാന് പിന്നെ, താനഭിനയിക്കുന്ന എല്ലാ സിനിമയിലും ഉടുപ്പു മാറ്റിയണിയുക എന്നൊരു ഉത്തരവാദിത്വം മാത്രമേയുള്ളു, കഥാപാത്രവും അഭിനയവും ഒന്നു തന്നെയായിരിക്കും.

പ്രവചനീയമായ സിനിമ, ത്രില്ലറും ഹൊറർ മൂഡുമൊന്നും പകർന്നു തരുന്നില്ല എന്ന് മാത്രമല്ല പ്രേതവും പ്രതികാരവും മന്ത്രവാദവുമൊക്കെ പ്രേക്ഷകനു തമാശയായാണു അനുഭവപ്പെടുന്നതും. യക്ഷിയുടെ പ്രതികാരത്തിലെ  ചില ദൃശ്യങ്ങൾ കൌതുകകരമാണ്. ചില നർമ്മ സംഭാഷണങ്ങളുമുണ്ട്.  ബോറഡിപ്പിക്കുന്നില്ല എന്നൊരാശ്വാസം മാത്രമുണ്ട്.  ഇത്തരത്തിലുള്ള കഥ പറച്ചിലിന്റേയും സിനിമയുടേയുമൊക്കെ കാലം കഴിഞ്ഞെന്ന് സംവിധായകൻ അനിലും നായകൻ ജയറാമും മനസ്സിലാക്കിയാൽ.....അവർക്ക് കൊള്ളാം.

Contributors