സന്ദേശം കൊണ്ടു വന്ന സന്ദേശങ്ങൾ.

സത്യന്‍ അന്തിക്കാട്‌ - ശ്രീനിവാസന്‍ കൂട്ടുകെട്ട്‌ മലയാളികള്‍ക്ക്‌ സമ്മാനിച്ച മനോഹരമായ ഒരു ചിത്രം. നർമ്മത്തില്‍ ചാലിച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു കഥ പറയുകയാണ്‌ ശ്രീനിവാസന്‍ ഇവിടെ. രാഷ്ട്രീയ പ്രവർത്തകരെയും അവരുടെ പ്രവർത്തികളേയും കളിയാക്കി, മലയാളത്തിലിതുവരെ ഇറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ ചലച്ചിത്രം എന്ന ബഹുമതി ഇന്നും സന്ദേശത്തിന്‌ സ്വന്തം. സന്ദേശം എന്ന ചിത്രം വഴി, മലയാള ജനതയ്ക്ക്‌ ഒരു സന്ദേശം തന്നെ നല്‍കുകയാണ്‌ ശ്രീനിവാസന്‍. കേരളത്തിലെ രാഷ്ട്രീയപാർട്ടികളൂടെ പൊള്ളത്തരങ്ങള്‍ വിളിച്ചു പറയുന്ന ചിത്രം, ആക്ഷേപ ഹാസ്യത്തിന്‌ ഒരു ഉത്തമോദ്ദാഹരണമാണ്‌. ഐ.എന്‍.എസ്‌.പി, ആര്‍.ഡി.പി എന്നീ പാർട്ടികളെ ഇതിന്റെ കഥാതന്തുവുമായി ചേർത്തു വയ്ക്കുക വഴി, കേരളത്തിലെ ഇടത്‌ വലത്‌ മുന്നണികളും അവരുടെ രാഷ്ട്രീയക്കളികളും ജനങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്‌ അവർ.

രാഘവന്‍ നായര്‍ (തിലകന്‍) എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ചോര നീരാക്കി തമിഴ്നാട്ടില്‍ പണിയെടുത്ത്‌, തന്റെ ഭാര്യ ഭാനുമതിയേയും (കവിയൂർ പൊന്നമ്മ) മക്കളായ പ്രഭാകരന്‍ (ശ്രീനിവാസന്‍) പ്രകാശന്‍ (ജയറാം) ലതിക (മാതു) എന്നിവരേയും കൂടാതെ ഇളയമകനെയും (രാഹുല്‍ ലക്ഷ്മണ്‍) മൂത്ത മകളേയും (കെ.പി.എസ്‌.സി ലളിത) വളർത്തുന്നത്‌. അതില്‍ മൂത്തമകളെ പോലീസുകാരനായ ആനന്ദന്‍ (മാള അരവിന്ദന്‍) കല്യാണം കഴിക്കുന്നു. പ്രകാശനും ഐ.എന്‍.എസ്‌.പിയുടേയും, പ്രഭാകരന്‍ ആർ.ഡി.പിയുടേയും സജീവ പ്രവർത്തകരാണ്‌. പ്രകാശന്‍ ബിരുദധാരിയാണ്‌. പ്രഭാകരന്‍ വക്കീലും, പക്ഷെ കോടതിയില്‍ പോകാറില്ല എന്നു മാത്രം. ഇളയമകന്‍ സ്കൂളില്‍ പഠിക്കുന്നു. ലതിക പഠനം കഴിഞ്ഞ്‌ വീട്ടില്‍ നില്‍ക്കുന്നു. അടുത്തുണ്ടായ പൊതുതിരഞ്ഞെടുപ്പില്‍ പ്രഭാകരന്റെ പാർട്ടി ദയനീയമായി പരാജയപെടുന്നു. അതിന്റെ നാണക്കേട്‌ മൂലം പ്രകാശന്റെ മുഖത്ത്‌ പോലും നോക്കാന്‍ കഴിയാതെ, പ്രഭാകരന്‍ വീട്ടില്‍ പോലും കയറാതെ നടക്കുന്ന സമയത്താണ്‌, രാഘവന്‍ നായർ ഔദ്യോഗിക ജീവിതവും കഴിഞ്ഞ്‌ നാട്ടിലെത്തുന്നത്‌. മക്കള്‍ തമ്മിലുള്ള രാഷ്ട്രീയ മത്സരം വീട്ടില്‍ പോലും അരങ്ങേറുമ്പോള്‍, രാഘവന്‍ നായർ കാര്യമറിയാതെ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഐ.എന്‍.എസ്‌.പിയുടെ നേതാവ്‌ പൊതുവാളും (മാമുക്കോയ) ആർ.ഡി.പിയുടെ നേതാവ്‌ കുമാര പിള്ളയും (ശങ്കരാടി) ഇവരുടെ മത്സരത്തെ കൂടുതല്‍ കലുഷിതമാക്കിക്കൊണ്ടിരുന്നു. പാർട്ടി സിദ്ധാന്തത്തില്‍ നിന്നും ഒട്ടും പിന്നോട്ട്‌ ചലിക്കാത്ത പ്രഭാകരന്‍, താന്‍ കല്യാണം കഴിക്കുന്ന കുട്ടി വരെ അങ്ങനെ ആകണം എന്ന്‌ വാശിപിടിക്കുന്നു. ഇതിനിടയില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്‌ രാഘവന്‍ നായരും സുഹൃത്ത്‌ അച്യുതന്‍ നായരും (ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍) ഭാനുമതിയും. രാഷ്ട്രീയ പകയുടെ പേരില്‍ ആനന്ദനെ പ്രകാശന്‍ സസ്‌പെന്റ് ചെയ്യിക്കുന്നതോടെ അവരും രാഘവന്‍ നായരെ അഭയം പ്രാപിക്കുന്നു. സ്വന്തം സ്ഥലത്ത്‌ കൃഷി ചെയ്ത്‌ കുടുംബം പുലർത്താം എന്നു കരുതുന്ന രാഘവന്‍ നായർ അതിനുള്ള ശ്രമം തുടങ്ങുന്നു. അവിടെ കൃഷി ആഫീസറായി ജോലി നോക്കാനെത്തുന്ന ഉദയഭാനു (സിദ്ദിഖ്‌) അദ്ദേഹത്തെ സഹായിക്കുന്നതോടെ പതുക്കെ കൃഷി പച്ചപിടിച്ച്‌ തുടങ്ങുന്നു. അതിനിടയില്‍, ഉദയഭാനുവിന്‌ ലതികയെ ഇഷ്ടമാവുകയും, അവളെ കല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്നറിയിക്കുകയും ചെയ്യുന്നു. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പ്രകാശനും, പ്രഭാകരനും ഇതിലൊന്നും പങ്കെടുക്കുന്നില്ല. കൃഷിഭവനില്‍ പിരിവിനായി ചെന്ന പ്രകാശനേയും കൂട്ടരേയും ഉദയഭാനു തടയുന്നു. അങ്ങനെ കല്യാണത്തിന്‌ ഏതാനും ദിവസം മുന്‍പേ ഉദയഭാനുവിന്‌ കാസർഗോട്ടേക്ക്‌ സ്ഥലം മാറ്റമാകുന്നു. ആരും പങ്കെടുക്കാത്ത ഒരു രജിസ്റ്റർ വിവാഹമായി അത്‌ മാറുന്നു. അതിനിടെ പ്രഭാകരന്‍ പാർട്ടി ആഫീസിനായി പണയം വയ്ക്കുന്ന വീടിനുമേല്‍ ബാങ്ക്‌ ജപ്തിക്കൊരുങ്ങുന്നു. കനത്ത മാനസികാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഭാനുമതി അമ്മയെ നോക്കാന്‍ പോലും പ്രകാശനും പ്രഭാകരനും രാഷ്ട്രീയ പ്രവർത്തനം മൂലം കഴിയുന്നില്ല. ആശുപത്രിയില്‍ നിന്നും ഭാനുമതി തിരിച്ചെത്തുന്നതോടെ മക്കളെ രാഘവന്‍ നായർ വീടിന്‌ പുറത്താക്കുന്നു. ഒടുവില്‍ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി മാനസാന്തരം വരുന്ന മക്കളെ അച്യുതന്‍ നായർ കൂട്ടിക്കൊണ്ട്‌ വരുന്നു. രാഷ്ട്രീയം വെടിഞ്ഞ്‌ സ്വന്തം ജീവിതമാരംഭിക്കുന്നതോടെ ചിത്രം ശുഭപര്യവസായിയില്‍ എത്തുകയാണ്‌.

ഈ ചിത്രത്തില്‍ വളരെ പ്രാധാന്യമേറിയ ഒരു പ്രമേയം നrമ്മത്തിണ്റ്റെ മേമ്പൊടി ചാലിച്ച്‌ അവതരിപ്പിച്ചിരിക്കയാണ്‌. പ്രകാശന്‍ സത്യപ്രതിജ്ഞ കഴിഞ്ഞ്‌ തിരിച്ചു വന്ന്‌ ലതികയോട്‌ സംസാരിക്കുന്ന ഒരു രംഗമുണ്ട്‌. ഏത്‌ ഡൂക്കിലി രാഷ്ട്രീയക്കാരനും പറയുന്ന ചില സ്ഥിരം നമ്പറുകള്‍ പ്രകാശനും തട്ടിവിടുന്നുണ്ട്‌. ഒടുവില്‍ കള്ളിപൊളിയുമെന്ന അവസ്ഥ വരുമ്പോള്‍ ലതികയോട്‌ ചൂടാകുന്ന രംഗം നമ്മെ, എവിടെയോ കണ്ടു മറന്ന രാഷ്ട്രീയക്കാരനെ ഓർമ്മപ്പെടുത്തുന്നു. പ്രകാശനും പ്രഭാകരനും തമ്മിലുള്ള വാഗ്ഗ്വാദം, കേരളവും, ഇന്ത്യയും കടന്ന്‌ പോളണ്ടിലെത്തുമ്പോള്‍, അത്‌ നമ്മെ ചിരിപ്പിക്കുക മാത്രമല്ല, വളരെയധികം ചിന്തിപ്പിക്കുകയും ചെയ്യും. ചായയും പരിപ്പുവടയും ദിനേശ്‌ ബീഡിയുമാണ്‌ തങ്ങളുടെ പാർട്ടിയുടെ പ്രധാന ഭക്ഷണം എന്ന്‌ പറയുന്ന കുമാര പിള്ള നമ്മെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ സാധാരണ കാണുന്ന മൂത്തു നരച്ച സഖാക്കളെയാണ്‌ ഓർമ്മപ്പെടുത്തുക. അദ്ദേഹത്തിന്റെ വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും എന്നു തുടങ്ങുന്ന പ്രഭാഷണം ആരും മറക്കാനിടയില്ല. അച്ചടക്കമില്ലാത്തവരെ തങ്ങളത്‌ പഠിപ്പികുമെന്ന്‌ പറയുന്ന കുമാരപിള്ള ഇടത്‌പക്ഷത്തെ ചില കേഡര്‍ പാർട്ടി ലീഡർമാരെ പ്രതിനിധീകരിക്കുന്നു. തിരഞ്ഞെടുപ്പ്‌ പരാജയം മറച്ചു വയ്ക്കാന്‍ പ്രധാന എതിരാളികളെ തേജോവധം ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഹ്വാനം നമ്മുടെ രാഷ്ട്രീയപ്പാർട്ടികള്‍ നടത്തുന്ന അസംബന്ധനാടകങ്ങളേയും മറ്റും തുറന്നു കാണിക്കയാണ്‌. പാത്തും പതുങ്ങിയും ക്ഷേത്രദർശനം നടത്തുന്ന സഖാവായി അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്‌, നമ്മുടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ചില കപട സഖാക്കളെ ഉദ്ദേശിച്ച്‌ തന്നെയാണ്‌. യശ്വന്ത്‌ സഹായ്‌ എന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെ, ആണ്ടിനും സംക്രാന്തിക്കും സർക്കാർ ചിലവില്‍ പദയാത്ര നടത്തുന്ന കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മാർക്കൊരു കൊട്ടാണ്‌. കാസറ്‍ഗോട്ടേക്കുള്ള സ്ഥലം മാറ്റവും പോലീസുകാരുടെ സസ്‌പെന്‍ഷനുമെല്ലാം നാം കണ്ടുവരുന്ന ചില രാഷ്ട്രീയക്കളികള്‍ മാത്രമാണ്‌.

ആദ്യന്ത്യം നർമ്മത്തില്‍ ചാലിച്ച രംഗങ്ങള്‍ക്കൊണ്ട്‌ സമ്പൂർണ്ണമാണ്‌ ഈ ചിത്രം. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം നല്‍കിക്കൊണ്ട്‌ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ മുഴുവല്‍ ക്രെഡിറ്റും ശ്രീനിവാസന്‌ സ്വന്തമാണ്‌. അഭിനേതാക്കളും അവരുടെ ഭാഗം ഗംഭീരമാക്കിയതോടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു ചിത്രമായി മാറി സന്ദേശം...