റിയാലിറ്റിയും അൺറിയാലിറ്റിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും സർഗാത്മകതയുടെ ഉറവിടങ്ങളെക്കുറിച്ചും മെത്തേഡുകളെക്കുറിച്ചും അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ലൂസ് ട്രിലജി എന്നുവിളിക്കാവുന്ന മൂന്നു സിനിമകളിൽ (മുഖാമുഖം, അനന്തരം, മതിലുകൾ) അവസാനത്തെ ചിത്രം. യാഥാർത്ഥ്യം പ്രതീതി-യാഥാർത്ഥ്യം എന്നീ കല്‍പ്പനകളെ സാമൂഹ്യതലത്തിൽ നോക്കിക്കണ്ടതായിരുന്നു മുഖാമുഖമെങ്കിൽ അനന്തരവും മതിലുകളും വ്യക്തിതലത്തിൽ നിന്നാണ് ഈ വിഷയത്തെ സമീപിക്കുന്നത്. പ്രതീതി-യാഥാർത്ഥ്യങ്ങളുടെ നിർമ്മിതിയെ സർഗാത്മകതയുടെ രൂപകമായി കണക്കാക്കിക്കൊണ്ടാണ് ഈ രണ്ടു സിനിമകളും ആഖ്യാനം രൂപപ്പെടുത്തുന്നത്.
ചാനലൈസ് ചെയ്യപ്പെട്ട ഭ്രാന്താണു സർഗാത്മകത എന്നൊരു ആശയമാണു ഈ രണ്ടു സിനിമകളിലൂടെയുമായി അവതരിപ്പിക്കപ്പെടുന്നത്. അനന്തരത്തിൽ ചാനലൈസ് ചെയ്യപ്പെടാത്ത സർഗാത്മകതയെ (ഭ്രാന്തിനെ), അജയൻ എന്ന സാങ്കല്പികകഥാപാത്രത്തിലൂടെ അവതരിപ്പിച്ചതിനു ശേഷം, ചാനലൈസ് ചെയ്യപ്പെട്ട ഭ്രാന്തിനെ (സർഗാത്മകതയെ) അവതരിപ്പിക്കാൻ മലയാളത്തിന്റെ സാംസ്കാരികഭൂമികയിൽ അതീവപ്രാധാന്യമുള്ള ഒരു യഥാർത്ഥവ്യക്തിത്വത്തെത്തന്നെയാണു അടൂർ ഉപയോഗിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ എന്ന ‘അല്പം നൊസ്സ്‘ ഉണ്ടായിരുന്ന വിഖ്യാതസാഹിത്യകാരനെ. ബഷീറിനുണ്ടായിരുന്ന ഈ നൊസ്സ് തന്നെയായിരിക്കണം ബഷീറിനെത്തന്നെ കഥാപാത്രമായി തെരഞ്ഞെടുക്കാൻ അടൂരിനെ പ്രേരിപ്പിച്ചത്. ബഷീറിന്റെ കഥകളിൽ അദ്ദേഹം തന്നെ കഥാപാത്രമായി വരുന്ന ‘മതിലുകൾ’ എന്ന കഥയെ ആണ് ആഖ്യാനം രൂപപ്പെടുത്താൻ അടൂർ ഉപയോഗിക്കുന്നത്.
സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിഞ്ഞപ്പോഴുള്ള ബഷീറിന്റെ ഒരനുഭവമാണു കഥാതന്തു. സമീപത്തുള്ള സ്ത്രീജയിലിലെ നാരായണി എന്നൊരു തടവുകാരിയുമായി ബഷീർ പരിചയത്തിലാകുന്നു, പ്രണയത്തിലും. എന്നാൽ നാരായണിയെ ബഷീർ കാണുന്നില്ല, പ്രേക്ഷകരും. ഒടുവിൽ നാരായണിയെ കാണാനൊരവസരം വരുന്ന ദിവസം ബഷീർ ജയിൽ മോചിതനാകുകയാണ്. ജയിൽമോചിതനാകുമ്പോൾ അയാളുടെ പ്രതികരണം ‘ആർക്കു വേണം ഈ സ്വാതന്ത്ര്യം’ എന്നാണ്. ഏതു സ്വാതന്ത്ര്യം? തീർച്ചയായും സർഗാത്മകതയുടെ ലോകത്തായിരിക്കുന്നതായിരുന്നു ബഷീറിന്റെ സ്വാതന്ത്ര്യം. ജയിലിൽ അയാൽ സ്വതന്ത്രനായിരുന്നു. പുറംലോകത്ത് അയാൾക്ക് സർഗാത്മകത്ുടെ ഭാവനാലോകത്തുനിന്നും പുറത്തുവന്ന് യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടതുണ്ട്. അതുകൊണ്ട് പുറംലോകത്തെ സ്വാതന്ത്ര്യം ബഷീറിനെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യങ്ങളുടെ തടവാണ്.
അനന്തരത്തിലെ അജയൻ, നളിനിയെ തന്റെ ഭാവനയിൽ സൃഷ്ടിക്കുന്നതുപോലെത്തന്നെയാണ് മതിലുകളിലെ ബഷീർ നാരായണിയെ തന്റെ ഭാവനയിൽ സൃഷ്ടിക്കുന്നത്. രണ്ടുപേർക്കും രൂപമില്ല. അജയൻ നളിനിയെ തന്റെ ജ്യേഷ്ഠഭാര്യയിൽ കണ്ടെത്തുമ്പോൾ, ബഷീറിന്റെ നാരായണി രൂപരഹിതയായി നിലകൊള്ളുന്നു. സർഗാത്മകതയുടെ ലോകത്തും നിന്നും പുറത്താക്കപ്പെടുന്ന അയാൾ തന്റെ ഭ്രാന്തിനെ ചാനലൈസ് ചെയ്യുന്നു, മതിലുകൾ എന്ന കഥ ജനിക്കുന്നു. ബഷീർ എഴുത്തുകാരനും നാരായണി അയാളുടെ കഥാപാത്രവുമാകുന്നു. അജയനു തന്റെ ഭ്രാന്തിനെ ചാനലൈസ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ബഷീറിനെപ്പോലെ അയാളെയും നമ്മളറിയുമായിരുന്നു. അജയനു അതിനു സാധിക്കാതെ പോയതിനു ഒരു കാരണം അയാൾ മതിലുകൾക്കുള്ളിലായിരുന്നില്ല എന്നതാണ്. മതിലുകൾക്കുള്ളിൽ മറ്റൊരു ലോകത്ത് അടയ്ക്കപ്പെട്ടതുകൊണ്ടായിരിക്കണം ബഷീറിനു രണ്ടു ലോകങ്ങളെയും വേർതിരിച്ച് മനസ്സിലാക്കാനും ഭ്രാന്തിനെ ചാനലൈസ് ചെയ്യാനും സാധിച്ചത്.
Relates to
Article Tags
Contributors