ക്രൈം സ്റ്റോറി - സിനിമ റിവ്യൂ

Submitted by nanz on Mon, 03/12/2012 - 10:35

മറ്റു ഭാഷാചിത്രങ്ങൾ കണ്ട് നാണിച്ചു നിൽക്കുകയായിരുന്നു ഇത്രനാളും, എങ്കിലും ഈയിടെയായി അവിടവിടെ ചെറിയ ചില മാറ്റങ്ങൾ മലയാള സിനിമയിൽ കാണാനുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ വിപ്ലവകരമായൊരു മാറ്റം ഇപ്പോഴുമെത്തിയില്ലെങ്കിലും വരും നാളുകളിൽ അങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം മുതലേ മലയാള കമേഴ്സ്യൽ സിനിമകളിൽ സൂചനകളുണ്ട്. പക്ഷെ, മുച്ചൂടും മുടിഞ്ഞ ഈ മലയാള സിനിമയെ ഒരു കാരണവശാലും മാറ്റത്തിലേക്കോ നവ സിനിമകളിലേക്കോ കടന്നു ചെല്ലാൻ സമ്മതിക്കില്ലെന്ന വാശിയിൽ ഏറെപ്പേരുണ്ടെന്നു തോന്നുന്നു ചില സിനിമകൾ കാണുമ്പോൾ. ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്” എന്ന രീതിയിലേക്ക് സിനിമ വലിച്ചിഴക്കുന്ന അത്തരം ചില പ്രതിഭാ ശാലികളുടെ പുതിയ സംരഭമാണ്. മൂവി മാജിക്കും റെഡ് ലൈൻ എന്റർടെയ്മെന്റും ചേർന്നൊരുക്കിയ “ക്രൈം സ്റ്റോറി”യെന്ന പുതിയ സിനിമ. ഇറച്ചിക്കടയിൽ നല്ല ഇറച്ചി വിറ്റതിനുശേഷം അവശിഷ്ടങ്ങൾ പെറുക്കിക്കൂട്ടി ‘വെട്ടിക്കൂട്ട്’ എന്ന പേരിൽ നാട്ടിൻപുറത്ത് വിൽക്കാറുണ്ട്.  ഒരു ‘വെട്ടിക്കൂട്ടാ’ണ് ‘ക്രൈം സ്റ്റോറി’യെന്നും പറയാം.

ബാനർ ‘മൂവി മാജിക്’ന്റേതു തന്നെയാണ് കഥ എന്നാണ് ക്രെഡിറ്റിൽ. എന്നു വെച്ചാൽ നിർമ്മാണ കമ്പനിയിലെ എല്ലാവരും കൂടി തുന്നിക്കെട്ടിയ കഥയെന്നർത്ഥം. തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണൻ, സംവിധാനിച്ചത് അനിൽ തോമസ്. മുൻ കാലങ്ങളിൽ മലയാളത്തിലിറങ്ങിയിരുന്ന ബി ഗ്രേഡ് സിനിമകളുടെ കഥയുടെ തുടർച്ചയാണിതും. ബിസിനസ്സ് തിരക്കിനാൽ ഭാര്യക്ക് ശയ്യാസുഖം നൽകാൻ വയ്യാത്ത ഭർത്താവിനോട് നായികക്ക് വെറുപ്പും അയല്പക്കത്തെ സുന്ദര-മസിൽമാനായ ചെറുപ്പക്കാരനോട് ഭ്രമവും.! പി ചന്ദ്രകുമാറും ജയദേവനും നൂറ്റൊന്നാവർത്തിച്ച ഈ കഥ(?) Schizophreniaയുടേയും ക്രിമിനോളജിയുടേയുമൊക്കെ നുള്ളു ചേർത്താൽ പ്രേക്ഷകൻ വായും പൊളിച്ചിരുന്നു കണ്ടോളും എന്ന മിഥ്യാധാരണയിൽ ഈ സിനിമക്ക് പണമിറക്കിയവരോട് സഹതാപം പോലുമില്ല.

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ എം 3 ഡി ബിയുടേ ഈ പേജിലേക്ക് പോകുക.

വാടാമല്ലി, ബാങ്കോക്ക് സമ്മർ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായ രാഹുൽ മാധവാണ് നായകൻ. ഫാസ്റ്റ് ട്രാക്, പെൺ പട്ടണം എന്നീ ചിത്രങ്ങളിലുള്ള യുവനടി വിഷ്ണുപ്രിയ നായിക മീരയാകുന്നു.മീരയുടെ ഭർത്താവ് ഹരിയായി ‘ടൂർണ്ണമെന്റ് ‘ സിനിമയിലഭിനയിച്ച അനൂപ് ജോർജ്ജ്, തമിഴ് വില്ലൻ ഡാനിയൽ ബാലാജി (ഡാഡി കൂൾ ഫെയിം) ഇങ്ങിനെ ഒരുപാട് അഭിനയപ്രതിഭകൾ പരസ്പരം മത്സരിക്കുകയാണ്, ആർക്കാണ് ഏറ്റവും മോശമായി അഭിനയിക്കുവാൻ കഴിയുക എന്ന കാര്യത്തിൽ. മത്സരിച്ചുള്ള ആ അഭിനയത്തിൽ നായികയുടെ ഭർത്താവായി അഭിനയിച്ച അനൂപ് ജോർജ്ജ് ഒന്നാമതാകുന്നു. രാഹുൽ മാധവ് രണ്ടാമതും, വിഷ്ണുപ്രിയ ഡാനിയൽ തുടങ്ങി മറ്റുള്ളവർ പിന്നീടുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു. 

ഫാഷൻ വസ്ത്രമണിഞ്ഞും ബെഡ് റുമിൽ ഉറങ്ങാൻ കിടക്കുന്ന കഥാപാത്രങ്ങൾ. ഫാഷൻ ഡിസൈനിങ്ങ് എന്നു പറഞ്ഞാൽ ഫാഷൻ ഷോ, ഡാൻസ് ബാർ, പാർട്ടി, കമ്പനിയിലെ സ്റ്റാഫിനു യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ 25 ലക്ഷം കടം കൊടുക്കുന്ന സി ഇ ഓ, ഇതല്ല എഴുതിയാൽ രണ്ടു പേജിൽ തീരാത്ത വങ്കത്തരങ്ങൾ അനേകം. സാങ്കേതിക മികവൊന്നും എടൂത്തുപറയാൻ ഈ സിനിമയിലില്ല. സാങ്കേതികത ഇത്രയും വളർന്നതുകൊണ്ട് ഇത്രയുമെങ്കിലും ചെയ്യാനായി എന്നു കരുതാം. എന്തായാലും ഈ സിനിമയുടെ അണിയറപ്രവർത്തകരോട് ഒരപേക്ഷയുണ്ട്. ഇത്തരമൊരു സിനിമ ചെയ്യുമ്പോൾ മിനിമം സിനിമയുടെ ദൈർഘ്യമൊന്നു കുറച്ചിരുന്നെങ്കിൽ ഏറെ നന്നായിരുന്നു. അത്രയും സമയം മാത്രം ബോറഡിച്ചാൽ മതിയല്ലോ. 

സിനിമയുടെ പേര് പോലെത്തന്നെ  ഇതൊരു ക്രൈമാണ്, ഈ സ്റ്റോറിയും ഈ സിനിമയും

Contributors