താടിയുണ്ടായാൽ കവിതവരുമോ?
തയ്യാറാക്കിയത് : എൻ. ജയച്ചന്ദ്രൻ
കുറച്ചു ദിവസം മുൻപ് വീടിനടുത്തുള്ള ചായക്കടയിൽ ഇരിക്കുമ്പോഴാണ് സ്ഥാനാർത്ഥി സാറാമ്മയിലെ ‘അക്കരപ്പച്ചയിലെ’ എന്ന ഗാനം കാതിലേക്കൊഴുകിയെത്തിയത്. എന്നാൽ പൊടുന്നനെ അതിന്റെ രൂപവും ഭാവവും മാറി റോക് സ്റ്റൈലിലേക്ക് എടുത്തു ചാടിയത് കണ്ട് ആദ്യം ഒന്ന് അമ്പരന്നു. തക്കു തിക്കുണക്കു മിന്നാമിന്നീ എന്ന് തുടങ്ങിയ ആ ഗാനം മനുഷ്യന്റെ സകല ഗാന സങ്കൽപ്പങ്ങളേയും കൊഞ്ഞനം കുത്തി അവസാനിച്ചപ്പോഴാണ് ശ്വാസം നേരേവീണത്. അപ്പൊഴൊന്നും അതിനെക്കുറിച്ച് ഒരു ആസ്വാദനം (!) തയ്യാറാക്കേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല! ആ ഒരു ദുരന്തം ഇതാ സംഭവിച്ചിരിക്കുന്നു എന്നേ വ്യസനസമേതം പറയാനാകൂ.
ചാനൽ റിയാൽറ്റി ഷോകളിൽക്കൂടി വമിച്ചുകൊണ്ടിരുന്ന “സംഗതി”യുടെ കിടപ്പുവശം ഇപ്പോഴാണ് മലയാളികൾക്ക് മനസ്സിലായി വരുന്നത്. എന്തെല്ലാം ഗീർവ്വാണങ്ങളായിരുന്നു പാവം മൽസരാർത്ഥികളോട് കാച്ചിയത്. ശുദ്ധ സംഗീതജ്ഞൻ ഇതാ ഇരിക്കുന്നു, ഭാവിയിലെ ദേവരാജൻ മാസ്റ്റർ ഇദ്ദേഹമാണ് എന്നെല്ലാം തോന്നിപ്പിച്ച് സംഗീതമാകുന്ന മുടിയെ മുപ്പത്തിയാറായി കീറിയ ഒരു വില്ലാളി വീരന്റെ ഗാനങ്ങളാണ് ഈ കേൾക്കുന്നതെന്ന് മനസ്സിലോർത്തപ്പോൾ ഒരു രസവും ഒപ്പം അൽപ്പം നീരസവും അനുവിച്ചെന്ന് പറയാതെ വയ്യാ. വാക്കുകൊണ്ടുള്ള കസർത്തെവിടെ യാഥാർത്ഥ്യമെവിടെ..!!! ഇനിയും വലിച്ചു നീട്ടുന്നില്ല. പറഞ്ഞുവന്നത് ‘തൽസമയം ഒരു പെൺകുട്ടി’ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചാണ്. ഇതിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സകലകലാവല്ലഭൻ ബി.ആർ.പ്രസാദും കവിതയിൽ നിന്ന് കൂടുവിട്ട് കൂടുമാറിയ കാട്ടക്കട മുരുകനും ആണ്.
ഒരു ഗാനം അടിമുടി കവിതാഗുണത്താൽ പ്രശോഭിക്കണമെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. നിലവിലുള്ള സംഗീത സംവിധാനം വച്ച് അതിൽ അൽപ്പമൊക്കെ വിട്ടുവീഴ്ചയുമാകാം. എന്നാൽ കേൾക്കുന്നവരുടെ സാമാന്യ ബുദ്ധിയെ വെല്ലുവള്ളിക്കുന്ന ഗാനങ്ങൾ മലയാളത്തിനു ഗുണം ചെയ്യില്ലെന്ന് പറഞ്ഞുകൊള്ളട്ടേ. പ്രത്യേകിച്ച് കവിതകളെഴുതി പരിചയമുള്ളവർ ഭാഷയെ മാനഭംഗം ചെയ്യുന്നതുകാണുന്നത് കൂടുതൽ ദുഃഖകരമാകുന്നു. ‘തിക്കു തിക്കു കണ്ണാം തുമ്പി, നുക്കു നുക്കു കണ്ണാം തുമ്പി, ചാരൻ കിളി, കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാംകിളി’ എന്നൊക്കെ കിളിയെ വർണ്ണിക്കുന്നതു കേൾക്കുമ്പോൾ ആരെങ്കിലും എഴുത്തച്ഛന്റെ കിളിപ്പാട്ട് വെറുക്കുന്നെങ്കിൽ അവരെക്കുറ്റം പറയാൻ സാധിക്കില്ല. തുടക്കവും ഒടുക്കവും തമ്മിൽ ബന്ധം വേണമെന്ന് നിർബ്ബന്ധിക്കുന്നില്ല, കുറഞ്ഞ പക്ഷം ഒരു വരിയിലുള്ള പദങ്ങളെങ്കിലും സംഭവം എന്താണെന്ന് ഒരു ആശയം പകരാൻ തരുന്നതാകണം എന്നൊന്നും നിങ്ങൾക്ക് നിർബന്ധമില്ലേ?
‘താരമാകാന്‍...മിന്നാമിന്നീ, നേരമായോ ചൊല്ലൂ മിന്നീ, ഇനിയും ഇനിയും കളികളായി, അടിയും തടയും പടകളായിരം’ – തുടങ്ങി അന്തവും കുന്തവും ബന്ധവുമില്ലാത്ത കുറേ വാക്കുകൾ ചേർത്തു വച്ച് ഗാനം എന്ന പേരിൽ പടച്ചു വിടുന്ന ഇത്തരം ആഭാസങ്ങളെ എന്താണ് വിളിക്കേണ്ടത്? കുറേ ‘തക്കു തിക്കു’ കേറ്റിവിട്ട് പാശ്ചാത്യ രീതിയിലുള്ള പശ്ചാത്തലം ആയാൽ എല്ലാമായോ? അതാണോ ഇന്നത്തെ ന്യൂജനറേഷൻ ആസ്വദിക്കുന്നത്? ഒരു വരി പോലും മര്യാദയ്ക്ക് എഴുതാൻ അറിയാത്ത ഒന്നം കിളി രണ്ടാം കിളി മൂന്നാം കിളി ബി. ആർ. പ്രസാദിനെക്കൊണ്ട് പാട്ടെഴുതിച്ചതാരായാലും മലയാള ഗാന സാഹിത്യത്തോടു ചെയ്ത മഹാ അപരാധമായിപ്പോയി! ഒന്ന് മനസ്സുതുറന്ന് നിരൂപണം ചെയ്യാനുള്ള സാന്ദ്രതപോലും തൽസമയത്തിലെ മിക്ക ഗാനങ്ങൾക്കുമില്ലാതെപോയി എന്ന് പറയാതെ വയ്യാ!
‘ഏനൊ ഇദയം’ എന്ന് തമിഴിൽ തുടങ്ങി മലയാളത്തിലേക്ക് സംക്രമിക്കുന്ന (അതിക്രമിക്കുന്ന എന്നും പറയാം) ഗാനം ഇമ്പം കൊണ്ട് തമ്മിൽ ഭേദമെന്ന് പറയാവുന്ന ഒരു ഗാനമാണ്. മധു ബാലകൃഷ്ണൻ സാമാന്യം നന്നായി ആലപിച്ചിരിക്കുന്ന ഈ യുഗ്മഗാനം കൂടെ ജിൻഷയും പാടുന്നു. ജിൻഷയുടെ ശബ്ദത്തിൽ അൽപ്പം കൂടി എനർജി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനേം. പ്രണയ സങ്കൽപ്പങ്ങളിലെ അമ്പ്, വണ്ട്, സൂര്യൻ, സൂര്യകാന്തി എന്നീ സ്ഥിരം കുറ്റികളിൽ നിന്നും ഇതിനും മോചനമില്ല. ബിജിയിലെ തവിൽ കൂടി ഉപയോഗപ്പെടുത്തിയിട്ടുള്ള ശടപട അടി ഗാനത്തിനു ചടുലത നൽകാൻ സഹായിച്ചിട്ടുണ്ട്. ശരത്തിന്റെ തന്നെ പഴയൊരു ഗാനമായ ‘ആ രാഗം മധുമയമാം രാഗം’ എന്നതിന്റെ ഒരു കാർബൺ കോപ്പിയായും ഇതിനേക്കാണം..!
കണ്ണാരൻ തുമ്പിയുടെ തുടക്കം കേട്ട് ആദ്യം ഞെട്ടി. ഫയൽ മാറിപ്പോയോന്നും സംശയിച്ചു. എന്നാൽ സംഗതി ഒബാമയയുടെ ‘ചേഞ്ച്’ പോലെ മലയാളത്തിനു ഈ അടുത്ത കാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന റാപ് റോപ് ഉൾപ്പനിയുടെ പകർച്ചയാണെന്ന് പിന്നീടാണ് മനസ്സിലായത്. വരികളിൽ പ്രത്യേകിച്ച് ഒന്നുമില്ല. എങ്കിലും ചില സംശയങ്ങൾ..
കാടുംമേടും കേറി കാണാക്കൂടും തേടി
പാറിപ്പാറി വരാമോ?
നാളെ നാളെ വരും ദേവലോക രഥം
തേടിത്തേടി വരാമോ?
ഉള്ളിലെ കുഞ്ഞു മോഹമോ
വിണ്ണിലെ വെള്ളി മേഘമോ
കേറാമാമലകൾ കേറിക്കേറി വരും
വെള്ളാരം കല്ലെടു തുമ്പീ – എന്താണ് ഇതിന്റെയൊക്കെ അർത്ഥം? ദേവലോക രഥം ഇതേവരെ വന്നിട്ടില്ല. നാളെ (നാളെ എന്നെങ്കിലും…..!) വരാനിരിക്കുന്നതേയുള്ളൂ. അതു തേടി ഇന്നേ വരാനാണോ പറയുന്നത്? അതിങ്ങു വന്നിട്ട് വന്നാപ്പോരേ?;) ഈ അവസാനം പറഞ്ഞ ‘വെള്ളാരം കല്ലെടു തുമ്പി’ എന്ന തുമ്പിവർഗ്ഗം കേരളത്തിലെ ഏത് ജില്ലകളിലാണ് കൂടുതലായി കാണപ്പെടുന്നത്?! അതും മുകളിലെ മോഹവും മേഘവും തമ്മിൽ എന്തേലും വിഹിതമായോ അവിഹിതമായോ ബന്ധങ്ങൾ ഉണ്ടോ? എഴുതിയത് കാട്ടാക്കടയാണേലും ബീയാർ ആണേലും ഒന്ന് പറഞ്ഞ് മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. പുണ്യം കിട്ടും.
വാനം മീതെയാണോ? മായാ ജാലമാണോ?
നീയും നിന്റെ കിനാവും
പൊന്നും മിന്നുമാണോ? മിന്നും താരമാണോ?
എന്നും നിന്റെ കിനാവില്‍
നിന്നിലെ നിന്റെ ദാഹമോ
മുന്നിലെ ചില്ലു മേടയോ
ഏതാണേതു തുമ്പീ വേഗം പാടു തുമ്പീ
വെള്ളാരം കല്ലെടു തുമ്പീ – വാനം പിന്നെ കീഴെയാണോ? ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? എന്തൊക്കെ അസംബന്ധങ്ങളാണ് ഈ വരികളിൽ ഉള്ളതെന്ന് ഇതെഴുതിയവർക്കെങ്കിലും ബോധ്യമുണ്ടോ? ഇനിയും ഇതേപോലെ വാക്കുകൾ തിരഞ്ഞെടുത്തെഴുതിയാൽ മിക്കവാറും വായനക്കാർ എന്നെ തല്ലും!
കെ.എൽ ശ്രീരാം സാമാന്യം തരക്കേടില്ലാതെ ആലപിച്ച ‘ഓ തിങ്കൾ പക്ഷി’യിൽ പല്ലവിയുടേയും ചരണങ്ങളുടേയും അവസാനമുള്ള ആലാപിൽ അനാവശ്യ എഫക്ട് കൊടുത്ത് ആ ശബ്ദം വികൃതമാക്കിയതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. സാഹിത്യത്തിൽ പറയത്തക്ക മെച്ചമൊന്നും കാണുന്നില്ല. പല്ലവി, അനുപല്ലവി, ചരണങ്ങൾ മുഴുവൻ ഇരവും നിലാവും പൂവും മാത്രം…! ഈ രാത്രിയും നിലാവും പൂവും കുളിരും മഞ്ഞുമൊന്നുമില്ലായിരുന്നെങ്കിൽ ഇവരൊക്കെ എങ്ങനെ പാട്ടെഴുതിയേനേം?!!
ഉള്ളതിൽ വച്ച് മികച്ച ഒരു ടൂൺ ആയിരുന്നു ‘പൊന്നോടു പൂവായ്’ എന്നതിന്റേത്. എന്നാൽ ബീയാറിനെ എഴുതാനേൽപ്പിച്ച് ആനകേറിയ കരിമ്പിൻ കാടുപോലെയാക്കി ആ ഗാനം. വളരെ നാളിനു ശേഷം കെ.ജെ.യേശുദാസിന്റെ ശബ്ദം വലിയ പരിക്കുകളില്ലാതെ കേട്ട ഒരു ഗാനം കൂടിയായിരുന്നു അത്. വളരെ വൈബ്രോയോ മോഡുലേഷനോ ഇല്ലാതെ സിമ്പിളായി ആലപി(പ്പി)ച്ചിരിക്കുന്നു എന്ന് തന്നുന്ന രീതിയിൽ അദ്ദേഹത്തെക്കൊണ്ട് പാടിയെടുപ്പിച്ചിട്ടുണ്ട്. കുനഷ്ട് പാട്ട് കൊടുത്ത് പണ്ട് യേശുദാസിൽ നിന്നും ചീത്തവിളി വാങ്ങിച്ചത് ശരത് ഇന്നും മറന്നിട്ടില്ല എന്നത് ആഗാനം കേട്ടാൽ മനസ്സിലാകും (ബീയാറിനെ കയ്യിൽ കിട്ടിയാൽ ഈ ‘വണ്ടോട് തേനാ’യൊക്കെ എങ്ങനെയാണ് വരുന്നത് എന്നൊന്ന് ചോദിച്ചു മനസ്സിലാക്കണം!)
എന്‍ ചില്ല തന്നില്‍ പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ – ഒരിക്കൽ പൊഴിഞ്ഞ പുഷ്പം പിന്നെയും ചാടിവന്നു ചില്ലയിൽ പറ്റിപ്പിടിച്ചപ്പോഴാണോ ബീയാർ ഇങ്ങനെയെഴുതിയതെന്നൊരു സംശയം. നീ ശ്വസിക്കും ശ്വാസമാണ് ഞാൻ എന്ന് പറഞ്ഞ് കൂടെത്തന്നേ പ്രാണനുള്ളിൽ കൂടും തരാം എന്ന വിരോധാഭാസം കൂടി പറഞ്ഞിരിക്കുന്നു. ഞാൻ ശ്വാസവും നീ പ്രാണനുമെന്ന് തൊട്ടു മുൻപു പറഞ്ഞ വ്യക്തിയാണ് അടുത്ത വരിയിൽ കടകം മറിഞ്ഞത്.
‘എന്നെന്നുമെന്നെ പിരിയാതിനി പിരിയാതെ നീ സ്വന്തമേ, കണ്ണോരം നെഞ്ചിൽ മറയാതിനി മറയാതെ നീ വര്ണ്ണ്മേ’ എന്നൊക്കെ കേട്ടാൽ ഒരിക്കൽ ആരുടേയോ കൂടെ പോയവളെ കയ്യും കാലും പിടിച്ച് തിരിച്ചു വിളിച്ചു കൊണ്ടുവന്നു പാടുന്നതു പോലെയുണ്ട്. എഴുതുമ്പോൾ എന്തെങ്കിലും ഒരു യുക്തിവേണ്ടേ? താടിയുണ്ടായാൽ കവിതവരുമോ?
സാധാരണ ദൂത് പറയാൻ പോകുന്നവരോടാണ് ആഗ്രഹങ്ങൾ പറയുന്നതെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായി ദൂതിനെ ബ്ലൂഡാർട്ട് – ഡി.റ്റി.ഡി.സി നിലവാരത്തിലുള്ള ഒരു കൊറിയർ സർവ്വീസ് ആക്കി ‘പൂവാനമേ പുന്നാരമേ’ എന്ന ഗാനത്തിൽ..! ആകാശത്തോട് ‘മേഘദൂതു’ പറയാമോ എന്ന് ചോദിക്കുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എഴുതുന്ന ആളോട് തന്നെ ചോദിക്കേണ്ടി വരും. മേഘത്തിനെ ദൂതുമായി പറഞ്ഞുവിട്ടിരിക്കുന്ന വിവരം അതങ്ങെത്തും മുൻപ് നീ പോയി പറയാമോ എന്നാണോ ആകാശത്തോട് ആവശ്യപ്പെടുന്നത്? എന്നാൽ പിന്നെ ദൂതുമായി ആകാശത്തെ പറഞ്ഞുവിട്ടാൽ പോരേ?!! ഇതെല്ലാം വിഡ്ഢിച്ചോദ്യങ്ങളാണെന്ന് എനിക്കറിയാം. വിഡ്ഢിത്തങ്ങളെ എഴുന്നള്ളിച്ച് നിർത്തിയിരിക്കുന്നതു കാണുമ്പോൾ പിന്നെ എങ്ങനെ ചോദിക്കും? (ആ മേഘദൂത് ‘പ്രേമദൂത്’ ആക്കിയിരുന്നെങ്കിൽ നന്നാകില്ലേ എന്നു ചോദിച്ചാൽ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടലാകും). അഗാധമായ എന്റെ പ്രേമദാഹം രാഗദേവൻ അറിഞ്ഞോ, അതുകൊണ്ടാണോ തന്റെ കനവുകളിൽ കടമ്പു പൂത്തു നിൽക്കുന്നതെന്നൊക്കെ നായിക പാടുന്നുണ്ട്. തന്റെ പ്രേമദാഹം (അതും അഗാധം!) ലവൻ അറിഞ്ഞാൽ അപ്പോൾ ലവളുടെ കടമ്പു പൂക്കുന്നതെങ്ങനെയാണ് കവേ? അതെന്തു ഭാവന? എന്തു കൽപ്പന? അല്ക്കയും ആനന്ദ് അരവിന്ദാക്ഷനും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ആനന്ദിന്റെ ആലാപന രീതി കുഴപ്പമില്ല. എങ്കിലും ഉച്ചരിക്കുന്ന വാക്കുകൾക്ക് അൽപ്പം കൂടി വ്യക്തത ഉണ്ടായാൽ നന്നാകും. സ്വതസിദ്ധമായ ശൈലിയിലും ശബ്ദത്തിലും ആലപിക്കുന്നതാകും കൂടുതൽ ഉചിതം. ശരിയായി അദ്ധ്വാനിച്ചാൽ ഒരു മികച്ച ഗായകനായി വളർന്നുവരാൻ സാധിക്കും. അൽക്കയും വളർന്നു വരുന്ന നല്ലൊരു ഗായികയാണ്. ശബ്ദത്തിനു ആർട്ടിഫിഷലായ പരിവർത്തനങ്ങൾ വരുത്താതെ സ്വതസിദ്ധമായ രീതിയിൽ ആലപിക്കുന്നതാകും ഭംഗി. ഈ പാട്ടിൽ കൊഞ്ചൽ അൽപ്പം കൂടുതൽ ആയിപ്പോയി. അത്രയും വേണ്ടിയിരുന്നില്ല.
പുതിയ രചനാ സാദ്ധ്യതകൾ തുറന്നു വരികയാണ് പുതിയ എഴുത്തുകാർ ചെയ്യേണ്ടത്. ഇതുവരെ കേൾക്കാത്ത ഉപമകളും ഭാവനകളും കൽപ്പനകളും കൊണ്ട് സമ്പന്നമാണ് രചനയെങ്കിൽ അത് ഭാഷയ്ക്കും കലയ്ക്കും മുതൽക്കൂട്ടാകും, കേൾക്കുന്നവർക്ക് ആസ്വാദ്യവും. ട്യൂൺ കേട്ട്, നിന്ന നിൽപ്പിൽ വരികൾ എഴുതിക്കൊടുത്തതുകൊണ്ടോ അങ്ങനെ അഹങ്കരിച്ചിട്ടോ കാര്യമില്ല. സമയമെടുത്തെഴുതേണ്ടവ അങ്ങനെ തന്നെ എഴുതണം. സിനിമാ സന്ദർഭങ്ങളുമായി ബന്ധമുള്ള കഥകളിലേക്ക് പറ്റുമെങ്കിൽ രചനയെ കൊണ്ടുപോകണം. വ്യത്യസ്തവും ഇമ്പവുമാർന്ന പദങ്ങളും പദവിന്യാസങ്ങളും കൊണ്ട് സമ്പന്നമാകണം ഗാനം. എങ്കിലേ അത് ആസ്വാദക ഹൃദയത്തിലേക്ക് കടന്നുചെല്ലൂ. എഴുത്തുകാരന്റെ കടമ എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നതല്ലെന്ന് ഓർമ്മിക്കുന്നത് നന്ന്.
വളരെ നാളിനു ശേഷം ഗാനങ്ങളുടെ പുഷ്കല കാലത്തെപ്പോലെ 9 ഗാനങ്ങളുമായി ഇറങ്ങിയ തൽസമയം പെൺകുട്ടിയിലെ ഗാനങ്ങൾ തന്നത് നിരാശ മാത്രമാണ്. അപ്പോൾ കേൾക്കുമ്പോൾ ഇമ്പമുണ്ടെന്ന് തോന്നിപ്പിച്ച് പിന്നെ നമ്മുടെ ഓർമ്മയിൽ നിന്നും തീർത്തും മറഞ്ഞുപോകുന്ന ‘തൽസമയ’ഭംഗിമാത്രമുള്ള ചില തട്ടിക്കൂട്ടുകളായി മാറുന്നു ഗാനങ്ങൾ. ഇങ്ങനെ ഒരു മണവും ഗുണവും ഇല്ലാത്ത പാട്ടുകൾ സിനിമയിൽ ഇല്ലാതിരിക്കുകയാണ് തമ്മിൽ ഭേദം. അത്രയും ചിലവ് നിർമ്മാതാവിന് കുറഞ്ഞിരിക്കട്ടേ..!!!
“തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കു തിക്കു തിക്കു തിക്കു കണ്ണാന്തുമ്പീ
നുക്കു നുക്കു നുക്കു നുക്കു കുഞ്ഞാം കിളീ
പാടി വാ...വാ....വാ...” എന്ന് ‘അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം’ സ്റ്റൈലിൽ പാടി ഞാനിറങ്ങട്ടേ…!!:)
മികച്ച് ഗാനങ്ങളാണ്
Ponnodu poovay is very
യോജിക്കുന്നു
നല്ല ലേഖനം .. ഉദ്ദേശശുദ്ധി
kashtam
ayyoo....
പൊഴിയാതിനി പൊഴിയാതെ നീ എന്നു
ithupoloru review njan
ഇഷ്ടപ്പെട്ടൂട്ടോ ....
ശരത്തിനെപ്പോലെ കഴിവുള്ളവരില്