പാട്ടുപിറന്ന വഴിയിലൂടെ-ഭാഗം-2

Submitted by vinamb on Sun, 10/16/2011 - 21:07

ഒന്നാം ഭാഗത്തിൽ നിന്ന് തുടർച്ച..

പോളിയുടെ മോഹനവീണാവാദനം കേൾക്കണമെന്ന ആഗ്രഹം ആരോ പ്രകടിപ്പിച്ചു. ആ കലാകാരന് തന്റെ കലാലാവണ്യമാകെ വെളിവാക്കുന്ന ചില നിമിഷങ്ങൾ സൃഷ്ടിക്കുവാൻ തെല്ലും മടിയില്ലായിരുന്നു. മോഹനവീണയിൽ ചലിക്കുന്ന ആ വിരലുകൾ തേടുന്നത് വൃന്ദാവന സാരംഗിയാണ് . ആ രാഗത്തിന്റെ ഭാവതലങ്ങളിലൂടെയുള്ള ഒരു പര്യടനമായിരുന്നു അത്. ആ മുഖത്തു വന്നു വിരിയുന്ന രസങ്ങൾക്കും ഒരു ചന്തമുണ്ടായിരുന്നു. കായലോളങ്ങളും ഒരുവേള അതു കേട്ട് മതിമറന്നു നിന്നുവോ? രാഗലഹരിയുടെ കുറേ നിമിഷങ്ങൾ. ആലാപനത്തിനൊടുവിൽ എല്ലാവരും മനസ്സറിഞ്ഞ് കൈയ്യടിച്ചു. പലരും പോളിയെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.

ഇനി "പൂവണിക്കതിരണി" എന്ന പാട്ടിന്റെ വിശേഷമാകാം കുറച്ചുനേരം.

പോളീ, താങ്കളുടെ സംഗീതസംവിധാനരീതി എങ്ങനെയാണ്? വരികൾക്കീണം പകരുന്നതാണോ പ്രിയം, അതോ ഈണത്തിനനുസരിച്ച് വരികൾ എഴുതിപ്പിക്കുന്നതാണോ? ഒരു പരിചയസമ്പന്നൻ എന്ന നിലയിൽ ഈ രണ്ടു രീതികളേയും എങ്ങനെ നോക്കിക്കാണുന്നു?

എന്നെ സംബന്ധിച്ചടത്തോളം  ഭാഷയെ വളരെ അടുത്തറിയുന്ന സംഗീതസംവിധായകന്‍ ആണെങ്കിൽ വരികൾക്ക്  ഈണം കൊടുക്കുന്നതായിരിക്കും നല്ലത്. പക്ഷെ വരികൾ ജന്മം കൊടുക്കുന ഈണങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം അപൂർവ്വമായേ സംഭവിക്കുന്നുള്ളൂ.  ഇപ്പോള്‍ കൂടുതല്‍ സംഗീതസംവിധായകരും കൈനനയാതെ  മീന്‍ പിടിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ്.  അവര്‍ ഈണം ഉണ്ടാക്കുകയോ, കണ്ടെത്തുകയോ ആണ് ചെയ്യുന്നത്. വരികൾക്ക് സംഗീതം കൊടുക്കുക എന്ന ശ്രമമാണ് നല്ലത് എന്ന് തോന്നുന്നു.

ചില ഈണങ്ങൾ കേൾക്കുമ്പോഴേ നല്ല വരികൾ എഴുതിപ്പോകും. പോളിയുടെ ഈണം കേട്ടപ്പോൾ ഗീതട്ടീച്ചർക്കെന്തു തോന്നി?

ശരിയാണ് ചില ഈണങ്ങൾ കേൾക്കുമ്പോഴേ അതിന് എഴുതാൻ തോന്നും. പോളി ആദ്യം ഈണം തരുമ്പോൾ ഇത് ആൽബത്തിനു വേണ്ടിയുള്ള പാട്ടിനാണെന്ന് അറിഞ്ഞിരുന്നില്ല. അന്നു തന്ന ഈണം മോഹനവീണയിൽ വായിച്ചതായിരുന്നു. മോഹൻ വീണാവാദനം എനിക്ക് പരിചയമില്ലാത്തതുകൊണ്ടാവാം എഴുതിയ വരികൾ പോളിയുടെ ആശയവുമായി അത്ര ചേരുന്നില്ല എന്നു പറഞ്ഞു. ഞാനങ്ങനെ ലിറിക്സ് മാറ്റി എഴുതിക്കൊണ്ടിരുന്നപ്പോഴാണ്  ഇത് ഓണം ആൽബത്തിൽ ചേർക്കാനുള്ള പാട്ടിന്റെ ഈണമാണെന്ന് നിശി പറഞ്ഞ് അറിയുന്നത്. പോളി ആദ്യം തന്ന ഈണത്തിൽ നിന്ന് അനുപല്ലവിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാണ് ഫൈനൽ ട്യൂൺ തന്നത്.  ആദ്യം തന്ന ട്യൂൺ എനിക്ക് കുറച്ചു കൂടി ഇഷ്ടം തോന്നിയിരുന്നു.

നവീൻ "ഈണ"വും "നാദ"വുമൊക്കെയായ് അടുത്ത ബന്ധമുള്ള ആളാണ്. ഈ പാട്ടിനുവേണ്ടി എങ്ങനെയാണ് തയ്യാറെടുത്തത്? കുറേ വട്ടം പാടേണ്ടി വന്നോ?

അതാണു തമാശ! ഈ പാട്ടിനു വേണ്ടി ഞാൻ തയ്യാറെടുത്തതേയില്ല.... സമയം കിട്ടിയില്ല! കാരണം സെപ്തംബർ രണ്ടാം തീയതിയായിരുന്നല്ലോ നമ്മുടെ വർക്കിന്റെ പ്രകാശനം. തിരുപ്പതിയിൽ കച്ചേരികഴിഞ്ഞു ഞാൻ ആഗസ്ത് 31 നു വീട്ടിലെത്തിയിട്ടാണ് നമ്മുടെ ബാക്കി സോങ്ങ്സിന്റെ മിക്സിങ്ങ് തുടങ്ങിയതു തന്നെ. സ്വാഭാവികമായും എന്റെ സോങ്ങ് അവസാനത്തേക്കു വച്ചു. സെപ്റ്റംബർ ഒന്നിനു രാത്രിയാണ് മിക്സിങ്ങ് തീർന്നത്. അതിനു ശേഷം രാത്രി 11 മണിക്ക് പാടാനിരുന്നു. അപ്പോഴാണ് പാട്ടു ശ്രദ്ധിക്കുന്നത്. ഗൈഡ് ട്യൂണും നിശിച്ചേട്ടന്റെ ഡമ്മി വോയ്സും ഉണ്ടായിരുന്നു. ഒന്നരമണിക്കൂർ എടുത്തു. കുറേ ഭാഗങ്ങൾ ഒന്നിലധികം പാടി. എന്നിട്ടത് മിക്സ് ചെയ്തു. മുഷിഞ്ഞിരുന്നു ജോലിചെയ്യാൻ ഇഷ്ടമുള്ളകൂട്ടത്തിലല്ല ഞാൻ. പക്ഷേ, നിശിച്ചേട്ടനെന്നെ നന്നായി ഹാൻഡിൽ ചെയ്യാനറിയാം :)

സംഗീതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് പോളി. ഈണം പോലെയുള്ള കൂട്ടായ്മകളെ എങ്ങനെ കാണുന്നു?

ഈണം എന്ന കൂട്ടായ്മ നല്ല ഒരു ശ്രമം തന്നെയാണ്. കാരണം പാടാന്‍ കഴിയാത്തവർക്ക് ഗാനങ്ങളുടെ ചരിത്രവും സംഗീതത്തിന്റെ സാങ്കേതികത്വവും അടുത്ത് അറിയാനും ചർച്ച ചെയ്യാനും ഇത് ഒരു പരിധി വരെ സഹായിക്കുണ്ട്.  പക്ഷെ സിനിമാ ഗാനങ്ങള്‍  മാത്രമാണ് ഇതില്‍ സംഭവിക്കുന്നത്‌ എന്ന വേദന മാത്രം  ബാക്കിയുണ്ട്. പുതിയ ഗായകർക്ക്  വളരെ ഏറെ മുന്നോട്ടുവരാനും പുതിയ എഴുത്തുകാർക്ക് അവരുടെ വരികളെ സംഗീതാത്മകമാക്കാനും  ഇത് വളരെ  സഹായിക്കുന്നുണ്ട് .  ഈ അടുത്ത കാലത്ത് സംഭവിച്ച ഈണം with ഓണം 2011 തന്നെ  വലിയ ഉദാഹരണം, പുറത്തിറങ്ങുന്ന ഏത് ഓണഗാനങ്ങളെക്കാള്‍  മനോഹരമായ വരികളും ഈണങ്ങളും ആയിരുന്നു  ഈ സംരംഭത്തില്‍ എന്ന് പറയേണ്ടിവരും. മാത്രമല്ല, പല ഗായകരും എഴുത്തുകാരും സംവിധായകരും അതീവ പ്രതിഭാശാലികള്‍ ആണ് എന്ന് തെളിയിക്കുകയും ചെയ്യുന്നു , ഈണത്തിന് പിന്നില്‍ പ്രവർത്തിക്കുന്നവരെ അക്കാര്യത്തില്‍ പ്രശംസിക്കുക തന്നെ വേണം. പക്ഷെ  ശാസ്ത്രീയസംഗീതത്തിനു പ്രാധാന്യം കൊടുക്കാതിരിക്കുന്നത് ശരിയാണോ എന്നത് ചർച്ചയ്ക്കു വിധേയമാക്കണം.

ഇത്രയും നല്ല ശബ്ദത്തിന്റെ ഉടമ, നല്ലൊരു പാട്ടുകാരൻ, എങ്ങിനെ വിലയിരുത്തുന്നു നവീൻ  ഈണവുമായിട്ടുള്ള ബന്ധം ഈ അവസരത്തിൽ?

നല്ല വാക്കുകൾക്ക് നന്ദി. ഈണവുമായുള്ള ബന്ധം ഞാൻ ഒരു ഭാഗ്യമായ്ക്കരുതുന്നു. കാരണം, ക്ലാസിക്കൽ സിങ്ങർ ആയ എനിക്ക് ലളിതഗാനങ്ങൾ പാടുവാനും സ്വയം വിലയിരുത്തുവാനും ഈണം സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ കേൾക്കുവാനും സാധിച്ചു. അതിനു കാരണക്കാരനായ നിശിച്ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഈണത്തിനൊപ്പിച്ച് വരികളെഴുതുന്നത് സ്വതസ്സിദ്ധമായ സൃഷ്ടികളെ ഹനിക്കുന്ന ഒരു പ്രവണതയായി തോന്നാറുണ്ടോ? വരികൾ നേരത്തെ എഴുതി അതിന് ഈണം പകരുന്നതാണോ, അതോ ഈണത്തിനനുസരിച്ച് വരികൾ എഴുതുന്നതാണോ കൂടുതൽ ഇഷ്ടം? ഗീതട്ടീച്ചർ പറയൂ.

ഈണമിട്ടിട്ട് വരികൾ എഴുതുക എന്നത് സ്വതസ്സിദ്ധമായ കഴിവുകളെ ഹനിക്കുന്ന ഒരു പ്രവണതയാണെന്ന് പറയാൻ പറ്റില്ല. ഈണമിട്ടിട്ട് വരികൾ എഴുതുമ്പോൾ സംഗീതകാരന് തന്റെ സർഗ്ഗസൃഷ്ടി പൂർണ്ണസ്വാതന്ത്ര്യത്തോടെ ആവിഷ്കരിക്കാൻ സാധിക്കും. പക്ഷേ രചയിതാവിന് ഇത്തിരി സ്വാതന്ത്ര്യക്കുറവ് ഉണ്ടാവും. നല്ല ആശയസമ്പുഷ്ടതയും പദസമ്പത്തും ഉണ്ടെങ്കിൽ ഈ കടമ്പ കുറച്ചൊക്കെ കടക്കാം. വരികൾ എഴുതിയിട്ട് ഈണമിടുകയാണെങ്കിൽ രചയിതാവിന് തന്റെ സർഗ്ഗാത്മകത കുറച്ചുകൂടി നന്നായി  പ്രകടിപ്പിക്കാൻ പറ്റും. ആദ്യരീതിയിൽ രചയിതാവ് അനുഭവിക്കുന്നയത്ര അസ്വാതന്ത്ര്യം പക്ഷേ ഇവിടെ സംഗീതകാരന് അനുഭവിക്കേണ്ടിവരുമെന്നു തോന്നുന്നില്ല. പ്രഗൽഭനായ ഒരാളിന് ഏതുതരം വരികളിലും സംഗീതമധു ചാലിച്ച് കാതുകളിൽ തേന്മഴ പെയ്യിക്കാനാകും.

രണ്ടുരീതികളിലും ഞാൻ എഴുതിയിട്ടുണ്ട്. ഇഷ്ടം ഏതെന്നു ചോദിച്ചാൽ വരികൾ എഴുതിയിട്ട് ഈണം ഇടുന്നതു തന്നെ എന്നു പറയാം. എന്നാൽ ഒരു ഈണത്തിനു വരികൾ കുറിക്കുക എന്നത് ഒരു വെല്ലുവിളിയായെടുത്ത് ചെയ്തുനോക്കാനും ഇഷ്ടം തന്നെ.    

ആകെ ഒരു വ്യത്യസ്ത ശൈലി! എങ്ങിനെ വിലയിരുത്തുന്നു പോളി ഈ വരികളെ?

ഞാന്‍ മുമ്പ് സൂചിപ്പിച്ച വിഷയം തന്നെ ആണ്  വളരെ കഴിവുകള്‍ ഉള്ള നിറയെ എഴുത്തുകാർ, ഗായകർ, സംവിധായകർ‍. അവരെ  ഒരേ കുടക്കീഴില്‍ കൊണ്ടുവരുവാന്‍  കഴിയുമ്പോളാണ് അത്ഭുതങ്ങള്‍ നടക്കുന്നത്.  അതാണ്‌ സംഭവിച്ചത്.  അത് ഉറപ്പായും പ്രോത്സാഹനജനകവും, ഒരു അംഗം എന്ന നിലയില്‍ അഭിമാനകരവുമായ  വിഷയവും ആണ്, പക്ഷെ ഇതൊരു അവസാന ഉദ്യമാമാവാതെ  അവരെല്ലാം വളർച്ചയുടെ  പടവുകള്‍ കയറാന്‍ ഇനിയും സാധനയിലേക്കും അന്വേഷണത്തിലേക്കും ശ്രദ്ധ തിരിക്കേണ്ടതുണ്ട്. കാരണം കല എന്നത് സംസ്കാരത്തിന്റെ പക്ഷത്ത് നില്ക്കുന്ന ഒന്നാണ് സാധനയില്ലാതെ ഒരു ജീവിതം ഇല്ല, കല—അത്  ദൈവനിബദ്ധമല്ല.

ഒരു പയറ്റിത്തെളിഞ്ഞ കലാകാരന്റെ ഈണമെടുത്ത് ഓർക്കസ്ട്ര  ചെയ്യുമ്പോൾ നിശിയ്ക്കെന്തു തോന്നി? എന്തായിരുന്നു പോളിയുടെ അഭിപ്രായം?

വളരെ രസകരമായിരുന്നു പോളിയുമായുള്ള സെഷൻ. ഒരുമാതിരിപ്പെട്ടവർക്കാർക്കും സംഗതി എന്താണെന്ന് പിടികിട്ടില്ല. ട്യൂൺ ഇടാൻ മോഹൻവീണയുമായിരുന്നാൽ അദ്ദേഹം അതിൽ അങ്ങനെ അത് വായിച്ചോണ്ടിരിക്കും. വായിച്ചതു തന്നെ കറക്ട് ചെയ്തു വീണ്ടും വായിക്കും. ചിലത് ഡിലീറ്റ് ചെയ്യേണ്ടതാണ്. അതൊന്നും പറയില്ലെങ്കിലും നമ്മൾ മനസ്സിലാക്കിക്കൊള്ളണം. ആ വായിച്ചിടുന്ന 5-6 മിനിട്ട് മോഹൻ വീണാ നോട്ടിൽ ഇതിന്റെ പല്ലവി ചരണങ്ങൾക്കുള്ള സംഗീതത്തിന്റെ ക്യാപ്സൂളുകൾ ചിതറിക്കിടപ്പുണ്ടാകും. അത് കണ്ടെത്തുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. അങ്ങനെ നൽകാതെ നേരിട്ട് അദ്ദേഹം ഗീത ടീച്ചറിന് ആദ്യം ഇതിന്റെ ട്യൂണിന്റെ എം.പീ.ത്രീ ഫയൽ അയച്ചു കൊടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോഴുണ്ട് ടീച്ചറുടെ രണ്ടു പേജുള്ള ലിറിക്സ്! വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ വരികളെഴുതിയിരുന്നു പാവം. ഞാൻ വീണ്ടും പോളിയെ പിടിച്ചിരുത്തി വായിപ്പിച്ചു സംസ്കരിച്ച് കണ്ടെടുത്തതാണ് നിലവിലെ ഈണം. ഇത്തൊരമൊരു അനുഭവം ആദ്യമാണ്!


പോളി & നിശി, ഇവരുടെ കൂടെയുള്ള ഈ ഗാനത്തിനു വേണ്ടിയുള്ള ഒത്തുകൂടൽ ഒന്നു വിവരിക്കുമോ? നവീൻ എങ്ങിനെ വിലയിരുത്തുന്നു രണ്ടുപേരേയും?

ശ്രീ പോളിവർഗ്ഗീസിനെ ഞാൻ പരിചയപ്പെട്ടിട്ടേയില്ലായിരുന്നു. സംസാരിച്ചിട്ടുമില്ല. ഈ വർക്കിനു ശേഷം ഈമെയിലുകളിലൂടെ പരിചയപ്പെട്ടു. ട്യൂൺ കേൾപ്പിച്ചതും ലിറിക്സ് പാടിത്തന്നതും നിശിച്ചേട്ടനായിരുന്നു. നിശിച്ചേട്ടനെ നേരത്തേ മുതൽ അറിയാം, തികഞ്ഞ സംഗീത ബോധമുള്ള ഒന്നാംതരം ഗാനരചയിതാവും എന്റെ നല്ല സുഹൃത്തുമാണ്. ശ്രീ പോളിയൊരു നല്ല സംഗീതജ്ഞനാണെന്ന് ആ ട്യൂൺ കേട്ടാൽ അറിയാം.

ടീച്ചർ, ഗാനങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തുന്നത് വരികളിൽ കൂടിയാണോ? ഈണത്തിൽ കൂടിയാണൊ?

ഗാനങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തുന്നത് അതിന്റെ ഈണത്തിൽ കൂടിതന്നെയാണ്. എന്റെ അഭിപ്രായത്തിൽ, വരികൾ ചിത്രം വരയ്ക്കാനുള്ള ഒരു ചുമര് ആണ്. സംഗീതകാരനാണ് ആ ചുമരിൽ മനോഹരചിത്രമെഴുതേണ്ടത്. ചുമരിൽ ചിത്രമെഴുതിക്കഴിഞ്ഞാൽ പിന്നെ ആ ചിത്രത്തെയല്ലേ ആസ്വാദകർ ശ്രദ്ധിക്കുക. തീർച്ചയായും ചുമരിന്റെ മിനുസം ചിത്രത്തിന്റെ അഴകു വർദ്ധിപ്പിക്കും. അതുപോലെ വരികളുടെ ഭംഗി ഗാനത്തിനു പൂർണ്ണത നൽകുന്നതിൽ നല്ലൊരു പങ്കു വഹിക്കും. നല്ല സംഗീതമാണെങ്കിൽ അതിലൂടെ വരികളും ആസ്വാദകന്റെ മനസ്സിൽ ഇടം പിടിക്കും.      

പോളി എന്ന നാമം ഹിന്ദുസ്ഥാനി രാഗങ്ങളോട് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗാനമാകട്ടേ, തനത് നാടൻ ശൈലിയിലും, സംഗീതത്തിനു വരമ്പുകൾ ഇല്ല എന്നു വിശ്വസിക്കുന്ന ഒരാളാണോ പോളീ?

അങ്ങിനെ ഒരു പേരും ഒരു രാഗത്തിനും സംഗീതത്തിനും മാറ്റി വെയ്ക്കപ്പെട്ടിട്ടില്ല, കൊടുത്തിട്ടില്ല. ഒരാളുടെ ജീവിതം അയാളുടെ പേരോ സ്ഥലമോ അല്ല, പകരം ചിന്തയാണ് തീരുമാനിക്കുന്നത്.  പോളി എന്ന നാമം യാദൃശ്ചികമായി സംഭവിച്ചതാണ്.  അത് ഒരു ഇന്ത്യന്‍ പേരോ അല്ല, അങ്ങിനെ പേരുമായി ബന്ധം ഉണ്ടായിരുന്നെങ്കിൽ, ഞാന്‍ വിദേശ സംഗീതോപാസകൻ ആയേനെ.  ഇങ്ങനെയുള്ള പേരുള്ളവര്‍ പലരും കച്ചവടക്കാരായിട്ടുണ്ട്.  അത് ഒരു വിഷയം അല്ല. ഹിന്ദുസ്ഥാനി സംഗീത ലോകത്താണ് ഞാന്‍ എങ്കിലും കർണ്ണാടക സംഗീതലോകത്തുനിന്നാണ്  എന്റെ ഗുരു  എന്നെ ദത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടും ഒരേ പോലെ ഞാന്‍ ശ്വസിക്കുന്നു , രണ്ടും ഒരേ പോലെ എന്റെ ശ്വസമാവുന്നു.

"പൂവണി കതിരണി"..വളരെ ഭാവനയുള്ള, ചിട്ടയോടെയും താളമോടെയുമുള്ള വരികൾ, ഒരാഘോഷത്തിന്റെ മുഴുവൻ ചിത്രവും മനസ്സിലേക്ക് ആവാഹിക്കാൻ വരികൾ പ്രേരിപ്പിക്കുന്നു. ചിത്രം ബഹുവർണ്ണമല്ല എന്നൊരു തോന്നൽ, മനഃപൂര്‍വ്വമാണോ ടീച്ചർ?

ഓണമല്ലേ വിഷയം. ഓണത്തിനെക്കുറിച്ച് ഭാവന ഇല്ലാതിരിക്കാൻ പറ്റുമോ? ഓണക്കാലം അടുക്കുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന ആ പ്രസാദാത്മകത നന്നേ ആസ്വദിക്കാറുണ്ട് ഞാൻ. പൂവണിക്കതിരണി വയലേലകളും, താരണി തളിരണി തരുനിരകളും, പൂവിളി പുലരികൾ തുയിലുണരുന്നതും ഒക്കെ കുട്ടിക്കാല കാഴ്ചകൾ. ഇപ്പോഴതൊക്കെ ഗ്രാമക്കാഴ്ചകൾ മാത്രമാവും. പക്ഷേ ആവണിക്കതിരൊളി തിരളുന്ന പൊൻ‌ചിങ്ങം നഗരത്തിലും വിരുന്നു വരും.

നവീൻ  ഓളിന്ത്യാ റേഡിയോയിലെ എ ഗ്രേഡ് പാട്ടുകാരനാണല്ലോ. സംഗീതത്തിന്റെ പാതയിലെ ഇതുവരെയുള്ള യാത്ര ഒന്നു ചുരുക്കിപ്പറയാമോ?

അച്ഛനും അമ്മയും പാടും. അമ്മ ക്ലാസിക്കൽ കുറേനാൾ പഠിച്ചിട്ടുമുണ്ട്. അവർ ചെറുപ്പത്തിലേ എന്നെ സംഗീതം പഠിപ്പിച്ച് തുടങ്ങി. സിസ്റ്റമാറ്റിക് ആയി പഠിച്ചു തുടങ്ങിയത് 9 ആം വയസ്സിൽ കണ്ണമംഗലം പ്രഭാകരൻ പിള്ള എന്ന മഹാസംഗീതജ്ഞനോടൊപ്പം ചേർന്നപ്പോഴാണ്. അദ്ദേഹമാണ് ക്ലാസിക്കൽ മ്യൂസിക്കിനോടു വല്ലാത്ത ഒരുതരം ആവേശം എന്നിൽ ഉണ്ടാക്കിയെടുത്തത്. 4 വർഷം കഴിഞ്ഞ് അദ്ദേഹം ഞങ്ങളെ വിട്ടു പിരിഞ്ഞു. പിന്നെ ശ്രീ മാവേലിക്കര ഗോപിനാഥനൊപ്പം 10 വർഷം. എന്നെ കച്ചേരിക്കാരൻ ആക്കിയത് അദ്ദേഹമാണ്. അദ്ദേഹം തന്നെ എന്നെ തുടർന്നു പഠിക്കാൻ ശ്രീ ഇരിഞ്ഞാലക്കുട വിജയകുമാർ സാറിനൊപ്പം ആക്കി. അവിടെ പഠനം തുടരുന്നതിനിടയിൽ തന്നെ അദ്ദേഹം പറഞ്ഞു മദ്രാസിൽ പോയി പഠിക്കാൻ. അവിടെ ഞാൻ ഒരു മഹാ ഗുരുവിനെ കണ്ടെത്തി. "പല്ലവി കിങ്ങ്" "സംഗീത മഹാമഹോപാദ്ധ്യായ" ശ്രീ. ടി. ആർ. സുബ്രഹ്മണ്യം. അദ്ദേഹത്തോടൊപ്പം ചേർന്നിട്ടു 10 വർഷമായി. ഇപ്പോഴും തുടരുന്നു. കച്ചേരികളുടെ കാര്യത്തിൽ ഞാൻ സെലക്ടീവാണ്.

ഈ ഗാനത്തിനു വല്ല പ്രചോദനവും? ഏതെങ്കിലും പ്രത്യേകമായ ഒരു രാഗത്തിനെ അടിസ്ഥാനപ്പെടുത്തിയാണോ ഇതിന്റെ ഈണം? ഏതു രാഗമാണു പോളിക്ക് പ്രിയം?

ഉറപ്പായും. നിമിഷങ്ങളുടെ അല്ലെങ്കില്‍ വർഷങ്ങൾക്കു മുന്പ് അനുഭവിച്ച മുഹൂർത്തങ്ങളുടെ പ്രചോദനം ഇല്ലാതെ ഒരു കലാസൃഷ്ടിയും പിറക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഗാനം  എന്റെ ജീവിതയാത്രയില്‍ ഒരിക്കല്‍ അനുഭവിച്ച സൂഫിസത്തിന്റെ സംഗീത  ഓർമ്മകളിൽ നിന്ന്  അല്ലെങ്കില്‍  അത്തരം  ഉന്മാദാവസ്ഥയില്‍ നിന്ന് ഉണ്ടായതാണ്.  പക്ഷെ അന്ന് ഇതൊരു ഓണപ്പാട്ടിനു തുടക്കമാകും എന്ന മുന്‍ധാരണ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ഉയർന്ന സ്ഥായിയിലുള്ള ഒരു ആലാപന സ്വഭാവം ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു.  അങ്ങിനെ ആണ് ആദ്യ വരികളില്‍  അത്തരമൊരു ശ്രമം നടത്തുന്നത്.  പക്ഷെ അത്തരമൊരു ശ്രമം ധാരാളമായി സൂഫിയില്‍ കണ്ടു വരുന്ന ദുര്‍ഗ്ഗ എന്ന രാഗം ആയി മാറാന്‍ സാധ്യത ഏറെ ആണ്, അത് കമ്പോസിംഗ് ശേഷമാണ് ഇതാണ് രാഗം  എന്ന്  മനസ്സിലാക്കുന്നത്‌. ഇന്ത്യന്‍ സംഗീതത്തിന്റെ ബോധനിലവാരത്തില്‍ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ രാഗങ്ങള്‍ കടന്നുവരുന്നത് സ്വഭാവികമായിരിക്കും എന്ന് വിശ്വസിക്കുന്നു.   പക്ഷേ ഗായകന്റെ സാംസ്കാരിക ബോധ നിലവാരവും ഏത് തരത്തിലുള്ള സംഗീതത്തോടുള്ള approach ആണ് ഉള്ളത് അത്  ഗാനത്തിന്റെ സ്വഭാവം നിർണ്ണയിക്കും. ഇതില്‍ എഴുത്തുകാരനും വ്യത്യസ്തനല്ല. 

അങ്ങിനെ ഒരു രാഗത്തിനോടും ഒരു  അഭിനിവേശം ഉണ്ടെന്നു പറയാന്‍ ഒരു സംഗീത ഉപാസകനെന്ന നിലയില്‍ പറയാന്‍ കഴിയില്ല. അത് അങ്ങിനെ ഉണ്ടെങ്കില്‍ ഞാന്‍ മറ്റൊന്നിനെ മനസ്സിലാക്കാത്തത് കൊണ്ടാണ്  എന്ന് പറയേണ്ടിവരും ... എങ്കിലും  ചിലപ്പോഴൊക്കെ പല കച്ചേരികൾക്കും മുൻകൂട്ടി ഇന്ന രാഗം വായിക്കാം എന്ന് തീരുമാനിച്ചു വേദിയില്‍ ഇരിക്കുമ്പോള്‍ ആദ്യമായി വിരല്‍ വെച്ചിട്ടുള്ളത്‌ പുരിയ ധനശ്രീ എന്ന രാഗമാണ്.  അതായത് കർണ്ണാ‍ടക സംഗീതത്തിലെ പന്തുവരാളി ... അത് എന്നെ പലപ്പോഴും പിന്തുടർന്നിട്ടുമുണ്ട്  മാസങ്ങളോളം .....

ഈണത്തിന്റെ മിക്ക ആൽബങ്ങളിലും പങ്കെടുത്തിട്ടുണ്ടല്ലോ ടീച്ചർ. ഏറ്റവും അധികം സംതൃപ്തി നൽകിയത് ഏതു ഗാനമാണ്?

ഏറ്റവും അധികം സംതൃപ്തി നൽകിയത് ഏതെന്നു ചോദിച്ചാൽ അങ്ങനെ പൂർണ്ണസംതൃപ്തി കിട്ടിയ ഒന്നും തന്നെ ഇല്ല. ഒരു പാട്ടിൽ ഒരു കാര്യം നല്ലതെന്നു തോന്നുമ്പോൾ മറ്റെവിടെയെങ്കിലും ഒരു പാളിച്ച ഉണ്ടെന്നും തോന്നും. ഫൈനൽ ആക്കി പോസ്റ്റ് ചെയ്യുന്നതിനു മുൻപ് പാടിയത് ഒന്നു കേൾപ്പിച്ചിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട്. നമുക്ക് എഴുത്തുകാർക്കും ചില ഭാവനകളൊക്കെ കാണുമല്ലോ പാട്ട് എങ്ങനെ ആയിരിക്കണമെന്ന്.  ഈ ഓണപ്പാട്ടിൽ എനിക്ക് വിഷമം തോന്നിയ ഒരു കാര്യം അതിലെ കോറസ് വരികൾ:
"തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ ചെറുതുമ്പീ കളിയാടാൻ നീ വായോ"—ഇങ്ങനെയാണ് ഞാൻ ഒറിജിനലി എഴുതിയിരുന്നത്.
മെയിൽ വോയിസിൽ ആയിപ്പോയി എന്നതാണ്. അതിലെ വരികൾ തുമ്പയോടും മറ്റും പൂ ചോദിച്ചും തുമ്പിയോട് കളിയാടാൻ വരാൻ പറഞ്ഞും ഒക്കെയാണ്. അത് ഫീമെയിൽ വോയിസിൽ ആകുന്നതായിരുന്നു ഭംഗി. അല്ലെങ്കിൽ കുട്ടികളുടെ ശബ്ദത്തിൽ.  അതുപോലെ 'താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ' എന്നാണ് എഴുതിയിരുന്നത്. പാടിയപ്പോൾ അത് 'പുഞ്ചിരിയായ്' എന്നായിപ്പോയി. പുഞ്ചിരിച്ചൂ എന്നു വന്നാൽ അന്ത്യാക്ഷരപ്രാസഭംഗി പോകും. പുഞ്ചിരിയായ് എന്നു വരുമ്പോൾ ഭാഷാന്യൂനതയും.

ഈണം എന്ന കൂട്ടായ്മയിൽ ഒരംഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി ജീവൻ ഉഴിഞ്ഞുവച്ച ഇതിന്റെ പിന്നണിപ്രവർത്തകരെ താണുതൊഴുത് നമസ്കരിക്കുന്നു.  

ഒരു പാട്ടുണ്ടാക്കുന്നതിൽ, ഗാനരചയൊഴിച്ച് മറ്റെല്ലാം നവീനിനു വഴങ്ങും എന്നു കേട്ടു?

അതു പലപ്പോഴായി ആവശ്യം വരുമ്പോൾ ചെയ്തു പോകുന്നതാണ് കേട്ടോ! ഓഡിയോ ഡിസൈനിങ് ആണല്ലോ എന്റെ പണി... അച്ഛൻ സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ എനിക്കു Korg N364 കീബോർഡ് വാങ്ങിത്തന്നു. ചുമ്മാതെ തനിയെ സ്വരങ്ങൾ തനിയെ വായിച്ചു പഠിച്ചതാണ്. ഡിഗ്രിക്കു പഠിക്കുമ്പോൾ ഞങ്ങൾ 5 സുഹൃത്തുക്കൾ ചേർന്ന് ഒരു മ്യൂസിക്കൽ ആൽബം പുറത്തിറക്കി. ഞാൻ തന്നെ കേറി മ്യൂസിക്കും ഓർക്കസ്ട്രേഷനും ചെയ്തു. അതായിരുന്നു തുടക്കം. കോസ്റ്റ് കുറയ്ക്കാൻ ചെയ്തതാ. പിന്നെ സ്റ്റുഡിയോ തുടങ്ങിയതിനു ശേഷം സുഹൃത്തുക്കളായ ചില കസ്റ്റമേഴ്സ് വർക്കേൽപ്പിച്ചു തുടങ്ങി. അങ്ങനെയങ്ങനെയായി.. അത്രതന്നെ!!!

പോളി ഇപ്പൊ വല്ല പ്രോജക്റ്റിലും ആണോ? ഭാവി പരിപാടികൾ? ഇനിയും ഈണത്തിന്റെ ഭാവി പരിപാടികളിൽ സജീവമാകുമോ?

ഇപ്പോഴെന്നല്ല എപ്പോഴും ഞാന്‍ സംഗീതത്തിന്റെ ലോകത്താണ് .ഒരു ഹിന്ദുസ്ഥാനി സംഗീത വിദ്യാർത്ഥി എന്ന നിലയിലും, മോഹന്‍വീണ എന്ന ഉപകരണം കൈകാര്യം ചെയ്യുന്നതിനാലും, കടുത്ത സാധന  ആവശ്യമാണ് എന്ന് അറിയാമല്ലോ,.. അതുകൊണ്ട്  നിരന്തരമായ സാധനയിലും, അന്വേഷണത്തിലും, പഠനത്തിലും ആണ്.  ഒരു മോഹന്‍വീണ ആൽബം വരുന്നുണ്ട്.   അതിന്റെ പണിപ്പുരയിൽ ആണ്.

പറഞ്ഞവസാനിപ്പിച്ചപ്പോഴും മോഹനവീണയിൽ വേറെയേതോ രാഗങ്ങൾ തേടി പോളിയുടെ വിരലുകൾ അലഞ്ഞു.

നിശിയോടൊപ്പം മകൾ ഇമ്പ്രൂസും (നയന) എത്തിയിട്ടുണ്ട്. ഒരോണത്തുമ്പിയെപ്പൊലെ അവൾ എല്ലാവരുടേയും അരുമയായ് അങ്ങനെ പാറിപ്പറന്നു നടക്കുകയാണ്.

"ഈ നിശി ലീവിനു വന്നാൽ മുഴുവൻ സമയവും പാട്ടിന്റെ പുറകേ ആണന്നാണല്ലോ കേൾക്കുന്നത്. ഇമ്പ്രൂസിനു പരാതിയൊന്നുമില്ലേ?"—രാജേഷാണു ചോദിച്ചത്.

ഇമ്പ്രൂസ് അച്ഛനെ നോക്കി ഒരു ചിരി പാസാക്കി.

"നിശീ, കൊച്ചിനെ കണ്ണുരുട്ടി പേടിപ്പിക്കണ്ടാ"—വള്ളത്തിൽ കൂട്ടച്ചിരി ഉയർന്നു.
 
"അച്ഛൻ ചെയ്തതിൽ മോൾക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടേതാ"—ഇമ്പ്രൂസിനോടായി നന്ദന്റെ ചോദ്യം"

ഇമ്പ്രൂസ് ഒട്ടുമാലോചിക്കാതെ പറഞ്ഞു "ഇപ്പോൾ അഞ്ജനക്കണ്ണെഴുതി കവിളിലിന്നമ്മച്ചി പൊട്ടുകുത്തി എന്ന പാട്ടാ ഇഷ്ടം"

"കൊള്ളാമല്ലോ, ആൾ കറണ്ട് ട്രെന്റാ പറയുന്നത്." കുട്ടിസ്രാങ്കി കമന്റു പാസാക്കി.

നിശീ, അഞ്ജനക്കണ്ണെഴുതി എന്ന പാട്ട് ഓണം ആൽബത്തിലേക്കായി എഴുതിയതാണോ, അതോ നേരത്തെ എഴുതിവെച്ച പാട്ടായിരുന്നോ?

ഇത് എട്ടു വർഷം മുൻപ് എഴുതിയ ഗാനമാണ്. ഇവൾ ഇമ്പ്രു (നയന) ഉണ്ടായി ഒരുമാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഗൾഫിലേക്ക് മടങ്ങിപ്പോരേണ്ടി വന്നു. ചിങ്ങമാസത്തിലെ ഉതൃട്ടാതി നാൾ സന്ധ്യയ്ക്കാണ് അവൾ പിറന്നത്. അവളെ പിരിഞ്ഞിരിക്കുന്ന വിഷമത്തിൽ അന്നവളെ ഒരുക്കിയതൊക്കെ ഓർത്ത് എഴുതിയതാണ്. 'നീ പണ്ടു പണ്ടൊരു നാളെന്റെ ജീവനെ പുൽകിയോരന്തി തൊട്ടേ' എന്നതുൾപ്പെടെ അതിലെ വരികളെല്ലാം സ്വന്തം അനുഭവത്തിൽ നിന്നു തന്നെയായിരുന്നു.

നന്നായി ലയിച്ചു പാടിയിട്ടുണ്ടല്ലോ ദിവ്യ. ഈ പാട്ട് പഠിച്ചപ്പോഴും റെക്കോഡ് ചെയ്തപ്പൊഴുമൊക്കെയുള്ള ഓർമ്മകൾ?

നിശിയേട്ടന്റെ വരികളിലെ ലാളിത്യം ഈ പാട്ടിൽ ലയിച്ചുപാടാൻ എന്നെ നന്നായി സഹായിച്ചു. ഈ പാട്ടുപാടിയപ്പോൾ കുട്ടിക്കാലത്തെ ഓർമ്മകളാണ് വന്നത്. ചെറുപ്പത്തിലെ കുസൃതികളും, പിന്നെ അമ്മയുടേയും അച്ഛന്റേയും വാത്സല്യം നിറഞ്ഞ സ്നേഹവും ഒക്കെ…

മനോഹരമായ ഒരു ഗാനം. എങ്കിലും ഇതിന്റെ സിറ്റ്വേഷനെക്കുറിച്ചുള്ള ഒരു സംശയം നിലനിൽക്കുന്നു. ഉത്സവത്തെപ്പറ്റിയുള്ള പരാമർശം ചരണത്തിലൊരിക്കലേ വരുന്നുള്ളൂ. നിശി എന്തുപറയുന്നു? അതുപോലെ, അച്ഛനുമമ്മയും ഒപ്പം പ്രകൃതിയും ചേർന്നാണല്ലോ കിടാവിനെ അണിയിച്ചൊരുക്കുന്നത്?

ഒരു അറ്റ്മോസ്ഫിയർ ഉണ്ടാക്കുക എന്നേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. പ്രകൃതി ഏറ്റവും മനോഹരമാകുന്നത് ചിങ്ങമാസത്തിലാണല്ലോ. ആ ഓണനാളിലാണ് എന്റെ മകൾ ജനിച്ചതും. സോ, അവളെക്കുറിച്ചുള്ള പാട്ടാകുമ്പോൾ ചിങ്ങമാസവും ഓണവും ഒഴിവാക്കാൻ കഴിയില്ല.

പ്രകൃതി പോറ്റമ്മയല്ലേ... ഭൂമിയെ ഒരു കുഞ്ഞായി സങ്കൽപ്പിച്ച് അതിനെ പ്രകൃതിയും ഋതുവും ചേർന്ന് അണിയിച്ചൊരുക്കുന്നത് ഇതിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതേ രീതിയിൽ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ലാളിക്കുന്നതും ഒരുക്കുന്നതുമൊക്കെ ഒന്ന് ഭാവനയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു എന്നേയുള്ളൂ.

ഈ പാട്ട് പാടിയപ്പോളുണ്ടായ ബാല്യത്തിന്റെ ഓർമ്മകളെന്തെങ്കിലും ദിവ്യ പങ്കുവെയ്ക്കാമോ?

ബാല്യകാലത്തെ ഓർമ്മകൾ എന്നുപറഞ്ഞാൽ, അമ്മയെന്നെ ഒരുക്കിയിരുന്നതും, പിന്നെ ആദ്യമായിക്കിട്ടിയ പാവാടയുമണിഞ്ഞ് ഡാൻസ് കളിച്ചതുമൊക്കെ ഓർമ്മവരുന്നു.

ദിവ്യാ, എങ്ങിനെയുണ്ടായിരുന്നു ഇതിന്റെ അണിയറപ്രവർത്തകരുടെ സഹകരണം?

വളരെ നല്ലതായിരുന്നു. എല്ലാവരും എന്നെ വളരെയേറെ സഹായിച്ചു ഈ പാട്ടിന്റെ വശങ്ങൾ മനസ്സിലാക്കുന്നതിനും പിന്നെ ഇത് എത്ര വാത്സല്യം നിറഞ്ഞു പാടണം എന്നുമൊക്കെ. നിശിയേട്ടൻ നല്ലോണം സഹായിച്ചിട്ടുണ്ട്. ചില ടിപ്സ് ഒക്കെ തന്നിരുന്നു.

ഈ പാട്ടിന്റെ ഓർക്കസ്റ്റ്രേഷനിൽ നിശിയുടെ എന്തെങ്കിലും സംഭാവന ഉണ്ടായിരുന്നോ?

എന്റെ വീട്ടിൽ വരുത്തിയാണ് ജയ്സണെക്കൊണ്ട് ഇത് ചെയ്യിച്ചത്. എന്നോട് ഇടയ്ക്കിടെ നിർദ്ദേശങ്ങൾ ചോദിക്കാറുണ്ടായിരുന്നു. സമയക്കുറവിലും ഞങ്ങൾ എല്ലാ കാര്യങ്ങളും ഡിസ്കസ് ചെയ്തിട്ടു തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. രണ്ടാം ചരണത്തിനു മുൻപുള്ള ആ ബിറ്റൊക്കെ അങ്ങനെ രൂപപ്പെട്ടതാണ്.

കുത്തിയോട്ടച്ചൊല്ലിന്റെ താളത്തിലാണല്ലോ ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ചിലരൊക്കെ ഇത് സിനിമാഗാനത്തിന്റെ ഈണം അനുകരിച്ചുണ്ടാക്കിയതാണെന്നു കരുതി. ഇൻസ്പയേഡ് കമ്പോസറാണോ?

1998 ലാണ് ഈ ഈണം ഒരു നിനിമയിലൂടെ ജനങ്ങൾ കേൾക്കുന്നത്. എന്നാൽ എന്റെ ചെറുപ്പത്തിൽ 'ആരിരാരാരിരാരോ' എന്ന് ഇതേരീതിയിൽ വീട്ടിൽ മുത്തശ്ശി കുഞ്ഞുങ്ങളെ പാടി ഉറക്കുന്നത് കേട്ടിട്ടുണ്ട്. ഓണാട്ടുകര ഭാഗത്ത് ഏതാണ്ടിതു തന്നെയായിരുന്നു മിക്കവീട്ടിലും താരാട്ട് പാട്ട്. അത് അവിടുത്തെ പ്രസിദ്ധമായ ചെട്ടികുളങ്ങര കുത്തിയോട്ടത്തിന്റെ പ്രധാന നാലുപാദങ്ങളിൽ മൂന്നാം പാദത്തിന്റെ ഘടനയുടെ ചുവടു പിടിച്ചായിരുന്നു. അങ്ങനെ ഒരു സാദൃശ്യം ഈ പാട്ടിനുണ്ടെന്ന് നന്നായറിഞ്ഞുകൊണ്ടു തന്നെയാണ് ഇതിന്റെ ഒറിജിനലിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തി സൈറ്റിൽ പബ്ലീഷ് ചെയ്തത്. ഇനിയും ഇതേപോലെ നാടൻ പാട്ടുകളുടേയും ചൊല്ലുകളുടേയും ഈണങ്ങൾ സ്വീകരിക്കുക തന്നെ ചെയ്യും. മറ്റുള്ളവർക്ക് അതിന്റെ ശരിയായ രൂപത്തെക്കുറിച്ച് ഒരു ബോധം സൃഷ്ടിക്കാനും അതുമൂലം സാധിക്കുമല്ലോ.

കഴിവതും ഇൻസ്പയേഡ് കമ്പോസറാകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നൽകുന്ന ഈണങ്ങൾക്ക് അറിവിലെവിടെയെങ്കിലും മുൻപു കേട്ട ഏതെങ്കിലും ട്യൂണുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കാറുണ്ട്.

കൂടുതൽ സമയവും സ്റ്റേജ് ഷോകളിലൊക്കെ പങ്കെടുക്കുന്ന ദിവ്യക്ക് ഈണം പോലെയുള്ള സംരഭത്തിനെ കുറിച്ചുള്ള അഭിപ്രായാമെന്താണ്?

ഈണം വളരെ നല്ലൊരു സംരംഭം ആണ്. ഇതിൽ പങ്കെടുക്കുന്ന പലരും പലനാട്ടിലാണെന്നുള്ളത് ഇത്തരത്തിലുള്ള ആൽബത്തിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഇന്റർനെറ്റിനെ ഉപയോഗപ്പെടുത്തി ഇങ്ങനെ വർക്കു ചെയ്യാൻ കഴിയുന്നത് നമ്മളെ മാത്രമല്ല മറ്റുള്ളവരേയും അത്ഭുതപ്പെടുത്തും. വളർന്നുവരുന്ന കലാകാരന്മാർക്ക് അവരുടെ പ്രതിഭ തെളിയിക്കാനും, ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും അഭിപ്രായങ്ങളും ടിപ്പുകളും ഒക്കെ കിട്ടുന്നതിനും ഇതു സഹായിക്കുന്നു.

"വെള്ളം വെള്ളം" നിശി പറഞ്ഞു...."അടുത്ത വർഷം ഒന്നോരണ്ടോ പാട്ടിൽക്കൂടുതൽ ഞാൻ ചെയ്യില്ല....ചോദ്യങ്ങളുടെ പെരുമഴയല്ലേ....."

"നാലുവശത്തും വെള്ളമായിട്ട് പിന്നേം വെള്ളം ചോദിക്കുന്നോ?" പോളി ചോദിച്ചു.

സർവ്വത്ര വെള്ളമുണ്ടായിട്ടും കുടിക്കാൻ തുള്ളിവെള്ളമില്ലാത്ത നാടിനെപ്പറ്റിയായി പിന്നെ ചർച്ച.....

ഇതിനിടയിൽ നന്ദന്റെ ചുറ്റിനുമൊരാൾക്കൂട്ടം!

"ദെന്താ...എന്തു പറ്റിയെന്റെ ദൈവമേ" ആശങ്ക ഗീതട്ടീച്ചറിന്റേതാണ്.

ചെന്നുനോക്കുമ്പോൾ നമ്മുടെ ബഹു അങ്ങനെ കൈയ്യും കെട്ടി പോസു ചെയ്യുകയാണ്,നന്ദൻ ബഹുവിന്റെ കാരിക്കേച്ചർ വരയ്ക്കുന്നു..ചുമ്മാതല്ല ആളുകൂടിയത്. ചിലരൊക്കെ ഏണിനു കൈയ്യുമൊക്കെ കൊടുത്ത് അടുത്തത് എന്റെ പടം എന്ന മട്ടിൽ നന്ദന്റെ അടുത്തുതന്നെ നിൽക്കുന്നു....

"നന്ദനോടും ഒരൂട്ടം ചോദിക്കാനുണ്ട് ഈ കുട്ട്യോൾക്ക് ", കുട്ടിസ്രാങ്കി മൊഴിയാടി.

"എന്നോടും ചോദ്യമോ", നന്ദൻ അമ്പരന്നു.

അതേ, നന്ദനുമുണ്ട് ചോദ്യങ്ങൾ. ഈണം ആൽബങ്ങൾ ആസ്വാദകരുടെ കാതുകൾക്കാണു സുഖം പകരുന്നത്. ആൽബത്തോടോപ്പം റിലീസാവുന്ന കാരിക്കേച്ചറുകൾ കണ്ണുകൾക്കൊരു വിരുന്നാണ്. എങ്ങനെയാണ് നന്ദന്റെ രചനാരീതി?

അഭിനന്ദനത്തിനു നന്ദി. പല രീതിയിലുള്ള രചനാരീതികളുണ്ട്. വെക്ടർ രീതിയിലുള്ള ഇല്ലസ്ട്രേഷൻ രീതിയാണ് ഇപ്പോൾ പൊതുവേ ഞാൻ ഇല്ലസ്ട്രേഷന്സിനു ഉപയോഗിക്കുന്നത്. പല പ്രൊജക്റ്റുകൾക്കും അത് ആവശ്യപ്പെടുന്ന രീതിയിലുള്ള പല രീതിയിലുള്ള രചനാ രീതിയാണ് ഉപയോഗിക്കാറ്. ഈണത്തെ സംബന്ധിച്ച് വളരെക്കുറഞ്ഞ രീതിയിലുള്ള സ്ട്രോക്കുകൾ കൊണ്ട് അധികം കളറുകൾ ഉപയോഗിക്കാതെ സിമ്പിൾ എന്ന് തോന്നിക്കുന്ന രീതിയിലാണ് ചെയ്തത്. മുഖത്തിന്റെ വിശദാംശങ്ങൾ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു.   ഈണത്തിന്റെ ഈ ഓണം ആൽബത്തെ സംബന്ധിച്ചു പറഞ്ഞാൽ, നിശീകാന്തും കിരണുമായുള്ള ആദ്യം ചർച്ചകളിൽ ഇതിന്റെ കവർ വേർഷൻ മാത്രം ഓണത്തെ സംബന്ധിക്കുന്ന ചിത്രമായിരിക്കണം എന്ന് തീരുമാനിച്ചിരുന്നു. പിന്നിട് കിരണുമായിട്ടൂള്ള വിശദമായ ചർച്ചയിലാണ് ഞാനെന്റെ ആശയം പങ്കു വെച്ചത്. കേരളീയ രീതിയിലുള്ള ഒരു വീടും മുറ്റത്ത് പൂക്കളമൊരുക്കുന്നതും ഊഞ്ഞാലാടുന്നതും മറ്റും ഉള്ള ഒരു ഇല്ലസ്ട്രേഷൻ എന്ന ആശയം. അതിനെ സംഗീതവുമായി ബന്ധപ്പെടുത്തിയൊരു വിഷ്വൽ കൂടി വരണം എന്നത് കിരണിന്റെ നിർദ്ദേശമായിരുന്നു. അങ്ങിനെയാണ് ഫോർഗ്രൗണ്ടിൽ വേണുഗാനം വായിക്കുന്ന ഒരു ചെറുക്കന്റെ ചിത്രം വരുന്നത്.  ഓണത്തിന്റേയും സംഗീതത്തിന്റേയും ഓർമ്മകളെ ഈണത്തിന്റെ ഈ ഓണസമ്മാനത്തിൽ ദൃശ്യവല്ക്കരിച്ചിരിക്കുന്നു എന്ന് പറയാം.

'ഡോകടർ ലൌ' എന്ന സിനിമയ്ക്കുവേണ്ടി മനോഹരവും വൈവിധ്യമേറിയതുമായ പോസ്റ്ററുകൾ ഒരുക്കിയത് താങ്കളാണ്. അഭിനന്ദനങ്ങൾ. എന്തൊക്കെയാണ് ഭാവിപരിപാടികൾ?

സന്തോഷം. നന്ദി. മറ്റു ചില സിനിമാ പ്രൊജക്റ്റുകളുടേയും പ്രൊമോ ഡിസൈനുമായുള്ള ചർച്ചകളിലും പ്രസന്റേഷൻ ജോലികളിലുമാണ് ഇപ്പോൾ. ഭാവിയിൽ സിനിമയിലെ എനിക്ക് ആത്മവിശ്വാസമുള്ള  മേഖലകളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് താല്പര്യം,  ഇപ്പോളതിന്റെ ഒരുക്കങ്ങളിലുമാണ്. (ഒപ്പം പറഞ്ഞോട്ടെ, ‘ഡോക്ടര് ലൌ’ എന്ന സിനിമയുടെ പ്രീ-പ്രൊമോ & ഓൺലൈൻ ഡിസൈൻസ് മാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടൊപ്പമുള്ള പ്രൊമോ ഡിസൈനുകളെല്ലാം ചെയ്തത് മറ്റൊരു വ്യക്തിയാണ്).

നന്ദന്റെ വിശേഷങ്ങൾ എല്ലാവരും കൗതുകത്തോടെ കേട്ടിരുന്നു. ജോമോനുമായുള്ള നന്ദന്റെ ഇന്റർവ്യൂ  m3db യിൽ വായിച്ചവർ അതേക്കുറിച്ചൊക്കെ കൂടുതൽ ചോദിച്ചു മനസ്സിലാക്കുന്നതു കാണാമായിരുന്നു.

കായലിൽ പൊന്തിക്കിടന്ന പോളകളിൽ ഓണത്തുമ്പികൾ പാറിവന്നിരിക്കുന്നു. കായലിന്റെ സൗന്ദര്യം  ക്യാമറയിലൊപ്പിയെടുക്കുകയാണ് ഡാനി.

"നിശിയേട്ടാ, ദാ അവിടെ കുറേത്തുമ്പികൾ...ഞാൻ ഷൂട്ടു ചെയ്തിട്ടുണ്ട്...പൂവാലൻ തുമ്പിയുടെ പാട്ട് വീഡിയോ ആക്കുമ്പോൾ ഇടയ്ക്കു ചേർക്കാം" ഡാനിയുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചു:
 
"♫♫♫.പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി"
നല്ലോണപ്പാട്ടുണർന്നിടനെഞ്ചിൽ..♫♫♫..."

"നല്ലോണമല്ല, പൊന്നോണം പൊന്നോണം എന്നാ പാട്ടിൽ" തങ്കപ്പനല്ലെടാ..പൊന്നപ്പൻ..പൊന്നപ്പൻ എന്ന സ്റ്റൈലിൽ കുട്ടിസ്രാങ്കി തിരുത്തി.

പതിയെ "പൂവേ പൊലി"യുടെ വർത്തമാനങ്ങളിലേക്കു കടന്നു.

ഓണത്തെങ്ങിന്മേൽ പ്രണയപ്പശുവിനെക്കെട്ടി പ്രണയത്തെക്കുറിച്ച് പാടുന്ന പാട്ടെന്ന് ഇതിനെ ആരെങ്കിലും വിശേഷിപ്പിച്ചാൽ? നിശി തിരിച്ചെന്തു പറയും? (ഒന്നു ചൊറിഞ്ഞു കൊണ്ടാവട്ടെ തുടക്കം)

ഓണക്കാലം പ്രണയകാലം കൂടിയല്ലേ? ദൂരെയുള്ള ബന്ധുക്കൾ കുടുംബവീടുകളിൽ ഒത്തുകൂടുന്ന ദിവസം. തമ്മിൽ കാണാതിരിക്കുന്ന മുറപ്പെണ്ണുങ്ങളും മുറച്ചെറുക്കന്മാരും പരസ്പരം കാണുന്ന പ്രണയ നാളുകൾ. അയലത്തെ സുന്ദരിമാരും സുന്ദരന്മാരുമായി കണ്ണുകളിടയുന്ന സമയം. സോ, പ്രണയമില്ലാതെ എന്ത് ഓണപ്പാട്ട്!! ഓണപ്പാട്ടെന്നാൽ ഓരോ വരിയിലും ഓണത്തേയും ഓണക്കാലത്തു ചെയ്യുന്ന കാര്യങ്ങളേയും കുത്തി നിറച്ചുകൊണ്ടുള്ള പാട്ടായിരിക്കണം എന്നെനിക്ക് അഭിപ്രായമില്ല. ഓണത്തിന്റെ ഒരു അന്തരീക്ഷം മാത്രമേ ഞാൻ സാധാരണ ഓണപ്പാട്ടിൽ നൽകാറുള്ളൂ. ചിലപ്പോൾ അത് ഒറ്റ വാക്കിൽ ഒതുങ്ങുന്നതായിരിക്കും.

(ബൗൺസർ അപ്പർകട്ടിലൂടെ സിക്സറടിച്ച ബാറ്റ്സ്മാനെപ്പോലെ നിശി ഒന്നു ചിരിച്ചു.)

ഒരു സമാസം, അതിലുപരി ഒരു വലിയ നെൽ വയലിനെ ഉൽപ്രേക്ഷിക്കുന്ന ഒരു പേർ—ബഹുവ്രീഹി...ഈ പാടത്ത് മൊത്തം പാട്ടാണല്ലൊ? നാട്ടിലെങ്ങും പാട്ടായി ഈ പാടത്ത്മൊത്തം പാട്ടാണേ, ബഹു:))....താങ്കളുടെ യഥാർഥ നാമധേയം??

പാട്ടാവാത്ത പേര് സന്തോഷ് പൊതുവാൾ. കണ്ടേൻകണിയത്തു പൊതുവാട്ടിൽ സന്തോഷ് പൊതുവാൾ. (വിനയത്തോടെ) സ്വോഡ് ഓഫ് കോമൺ (sword of common) ;))

ബഹുവിന്റെ തമാശകൾ എല്ലാവരിലും ചിരി ഉണർത്തി.

എപ്പോഴെത്തെയും പോലെ രാജേഷ് നന്നായി ആലപിച്ചിരിക്കുന്നു. എങ്ങിനെ വിലയിരുത്തുന്നു ഈ ടീമിനെ? ഗാനത്തിന്റെ ഗുണനിലവാരവും മിക്സിങ്ങുമൊക്കെ ഉദ്ദേശിച്ചതുപോലെയായോ? ഗായത്രിയുടെ കൂടെ പാടിയതിന്റെ ഒരനുഭവം വിവരിക്കാമോ? പാട്ടു കേട്ട് കഴിഞ്ഞു നിങ്ങൾ തമ്മിൽ സംസാരിച്ചിരുന്നോ?

നല്ല ഒരു മെലഡി ആണ് 'പൂവേ പൊലി…' എന്റെ വോക്കൽസ് ഇനിയും നന്നാക്കമായിരുന്നു. ഞാൻ വീട്ടിൽത്തന്നെ പാടിയതാണ്. സ്റ്റുഡിയോയിൽ ചെന്നു പാടി മിക്സിങ്ങിന്റെ സമയത്തും നമ്മൾ കൂടെ ഉണ്ടാകുമ്പോൾ ഒന്നു കൂടി നല്ല ഔട്ട്പുട്ട് കിട്ടും. ഗായത്രി വളരെ നന്നായി ആലപിച്ചിരിക്കുന്നു. റിലീസ് കഴിഞ്ഞു സംസാരിക്കാൻ പറ്റിയിട്ടില്ല. കുറച്ചുകൂടി ലൈവ് ഇൻസ്ട്രുമെന്റ്സ് ഉണ്ടായിരുന്നെങ്കിൽ ഇനിയും നന്നാകുമായിരുന്നു.

"പ്രണയം പൂക്കളമാ,യതിൽ ശലഭങ്ങളായ് നാം" എന്ന് കേൾക്കുമ്പോൾ, ഈണത്തിന്റെ നാലുചുവരുകൾക്കുള്ളിൽ കാവ്യാത്മകതയും കൊണ്ടുവരാം എന്നു നമ്മൾ കാണുന്നു. റ്റ്യൂണിനനുസരിച്ചെഴുതുമ്പോഴും അതിൽ കാവ്യാത്മകതയുടെ ഒരു പൊട്ടു കുത്താൻ കഴിയുന്നത് സംതൃപ്തി നൽകുന്നില്ലേ? നിശിയോടാണ് ചോദ്യം

തീർച്ചയായും. എന്റെ പ്രവാസം തുടങ്ങുന്നഏകദേശം 2000 വരെ 15 വർഷത്തോളം കവിതകളായിരുന്നു പ്രധാനമായെഴുതിയിരുന്നത്. വാക്കുകളും പദങ്ങളും സൃഷ്ടിക്കാൻ എന്നെ ഏറ്റവും സഹായിച്ചത് ആ ഹോംവർക്കുകളായിരുന്നു. അന്ന് ചെയ്ത ആ എക്സർസൈസ് ഇന്ന് ഗാനങ്ങളെഴുതുമ്പോൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. ട്യൂണൊപ്പിച്ച് എഴുതുമ്പോൾ രചയിതാവിന് പരിമിതികളുണ്ടെങ്കിൽ തന്നെയും അൽപ്പം ശ്രദ്ധിച്ചാൽ തീർച്ചയായും കാവ്യാത്മകത അതിലേക്ക് ആദേശിക്കാൻ കഴിയും. ചിലതെല്ലാം അറിയാതെ തന്നെ കടന്നു വരുന്ന ഭാവനകളാണ്. നാം എഴുതുന്ന വരികളിൽ ഒരു അർത്ഥം കൊണ്ട് പൂർണ്ണത വരുത്താൻ കഴിയുന്നത് വളരെ സംതൃപ്തി തരുന്ന കാര്യമാണ്.

പൂവേ പൊലിയുടെ പിറവിയെപ്പറ്റി സാക്ഷാൽ ശ്രീമാൻ സന്തോഷിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.
 
കൃത്യാന്തരബാഹുല്ല്യത്താൽ കഴിഞ്ഞ ഓണം "ആൽഭ"നിർമ്മാണത്തിൽ യാതൊരു വിധേനയും സഹകരിക്കാൻ കഴിയാഞ്ഞതിന്റെ ക്ഷീണം ഇത്തവണയെങ്കിലും ആൽഭത്തിന്റെ ആദ്യാവസാനത്തിൽ ഉത്സാഹിക്കാൻ കൂടി തീർക്കണം എന്നുണ്ടായിരുന്നു. അത്തം തൊട്ട് പത്തു ദിവസത്തെ നക്ഷത്രനാളുകൾ അതാതു ദിവസത്തിന്റെ പ്രത്യേകതളും ഓണത്തിനുള്ള ഒരുക്കങ്ങളുമൊക്കെ ചേർത്ത് , ഒരു ഫോക്ക് മാതിരി ചെയാം എന്നു കരുതിയാണ് അത്തം തിരുമുറ്റത്തെത്തി എന്നൊരു വരി മനസ്സിലോർത്തുകൊണ്ട് ഒരു പല്ലവി ട്യൂൺ ചെയ്യുന്നത്.
 
അങ്ങനെയിരിക്കെ ഒരു സൂപ്പർപ്രഭാതത്തിൽ നാട്ടിൽ നിന്ന് നിശി ജിടാക്കിൽ വന്ന് അടിയന്തിരമായി ഒരു ട്യൂൺ അയച്ചുതരാൻ ഭീഷണിപ്പെടുത്തുന്നത്. പല്ലവി, അത്തം തിരുമുറ്റത്തെതീ താനാന താനനന പാടി അയച്ചുകൊടുത്തു.
 
"പൂവേ പൊലി പാടി വന്നു പൂവാലൻ പൂത്തുമ്പീ..." എന്നൊരു പല്ലവി നിശി അന്നു തന്നെ എനിക്കയചുതന്നു. അനുപല്ലവിയും ചരണവും ഏകദേശരൂപമാക്കിക്കഴിഞ്ഞ് പിന്നീട്  നിശിയും രാജേഷും ഞാനും സ്കൈപ്പിലും ജീറ്റാകിലും അഹോരാത്രം പരസ്പരം സംവദിച്ചും പാടിയും ചർച്ച ചെയ്തും പിന്നെയും ചർചചെയ്തും പാടിയും , പിന്നെയും പാടിയും ചർച്ചചെയ്തും... യ്ക്ക് വയ്യ!
 
ന്തിന്വറയുണൂ... അങ്ങനെയാണ് സൾഫ്യൂറിക്കാസിഡ് ഉണ്ടാവുന്നത്.  ആദ്യം ഉണ്ടാക്കിയ ട്യൂണിൽ നിന്ന് വരികൾക്കനുസരിച്ച് പലമാറ്റങ്ങളും വരുത്തി രാജേഷിന്റെയും നിശിയുടെയും ഇമ്പ്രൂവൈസേഷനും സജഷനും ഒക്കെ ചേർത്ത് പലപ്രാവശ്യം പാടിപ്പാടി ഇപ്പോൾ കേട്ട രൂപത്തിലായി.
 
രാജേഷിന്റെയും നിശിയുടേയും ക്ഷമക്കും അർപ്പണമനോഭാവത്തിനും ആത്മാർത്ഥതക്കും മുന്നിൽ ഞൻ തൊപ്പി അഴിച്ചുവെക്കുന്നു. ഉഗ്രനൊരു സല്യൂട്ടും. സോറി. സല്യൂട്ടിക്കഴിഞ്ഞ്  തൊപ്പി ഊരുന്നു.
 
പ്രതിഭാധനരായ ഇവരോടുള്ള അസൂയയും കുശുമ്പും എനിക്ക് പറഞ്ഞു തീർക്കാൻ കഴിയില്ല. രാജേഷിന്റെ പോലെ പാടാൻ കഴിയുന്ന ഒരു ദിവസം എനിക്കും വരും. അന്നു ഞാനും എഴുതും നിശിയെപ്പോലെ.

"മൗനങ്ങൾ പൂക്കും വടക്കിനിച്ചാർത്തിൽ"--എന്താ ഈ ചാർത്ത്?

ചാർത്തെന്നാൽ വീടിനോടു ചേർന്ന് സാധാരണ അടുക്കളയ്ക്കു വെളിയിലായി സാധനങ്ങളും വിറകും ഒക്കെ വെയ്ക്കാൻ താൽക്കാലികമായി ഉണ്ടാക്കിയിരുന്ന ഒരു ഷെഡ്ഡായിരുന്നു. ഇപ്പോൾ അത് സ്റ്റോർ റൂമായി വീടിനുള്ളിൽ തന്നെ ഇടം പിടിച്ചു. പണ്ടൊക്കെ ആരും കാണാതെ പ്രേമസല്ലാപം നടത്താൻ പറ്റിയ ഒഴിഞ്ഞ സ്ഥലം എന്ന നിലയിൽ ചാർത്തിനു ചില പ്രാധാന്യങ്ങളൊക്കെയുണ്ട് ;)

ഓർക്കസ്ട്രയെപ്പറ്റി ബഹു എന്തു പറയുന്നു? താങ്കളുടെ മനസ്സിലുള്ളതു പോലെ തന്നെയായിരുന്നൊ അതു നിർവഹിക്കപ്പെട്ടത്?

വാസ്തവത്തിൽ ഓർക്കസട്രേഷൻ സ്വയം ചെയ്യുന്നതാണ് ഇഷ്ടമെങ്കിലും അത് സമയപരിധിക്കുള്ളിൽ തീർക്കാനും പെർഫെക്ഷനോടുകൂടി ചെയ്യാനും ഒക്കെയുള്ള പരിമിതികളുള്ളതിനാൽ ചെയ്യാതിരുന്നതാണ്. ഞാൻ ഉദ്ദേശിച്ചരീതിയിൽ നിന്ന് വെത്യാസമുണ്ടായിരുന്നെങ്കിലും  നിശി അത് മനോഹരമായി ചെയ്തിട്ടുണ്ട്.

അതിനെപ്പറ്റി കുറച്ചുകൂടിപ്പറയാനുണ്ട്, നിശി പറഞ്ഞു:

ബഹു ഇതിന്റെ താളം ഇങ്ങനെ വേണമെന്ന് ഒരൈഡിയ തന്നിരുന്നു. അതേപോലെ അല്ലെങ്കിലും അതിനു സമാനമായ രീതിയിൽ ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം അപ്പപ്പോൾ മനസ്സിൽ വന്നത് പാടിയിട്ടുകൊടുക്കുകയായിരുന്നു. അത് അന്നേരം തന്നെ ജയ്സൺ കീബോഡിൽ പകർത്തുകയും ചെയ്തു.പൊതുവേ ഇത്തവണ ഞാൻ ഏറ്റെടുത്ത ഓർക്കസ്ട്രേഷനെക്കുറിച്ച് എനിക്ക് അത്ര മതിപ്പില്ല. മറ്റൊന്നുമല്ല, പ്രധാനമായും സമയത്തിന്റെ പോരായ്മയും ലൈവ് ഇൻസ്ട്രമെൻസിന്റെ അസാന്നിദ്ധ്യവുമാണ്. ഇതിലും പതിന്മടങ്ങ് ഭംഗിയായി ചെയ്യാൻ കഴിയുമായിരുന്നു എല്ലാ പാട്ടുകളുടേയും ഓർക്കെസ്ട്ര. പിന്നെ ഉള്ള സൗകര്യങ്ങൽ വച്ച് കഴിവതും സിമ്പിളായി അധികം ശബ്ദ കോലാഹലങ്ങളില്ലാതെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

ആരോ കാതിൽ, ശ്രാവണ സന്ധ്യേ തുടങ്ങി കുറേ പാട്ടുകൾ ബഹുവുമായി ചേർന്നു ചെയ്തിട്ടുണ്ടല്ലോ. ബഹുവിന്റെ സംഗീതസംവിധാന രിതിയെ നിശി എങ്ങനെ നോക്കിക്കാണുന്നു?

മെലഡിയുടെ കാര്യത്തിൽ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു സംഗീത സംവിധായകനാണ് ബഹു. ശ്രോതാക്കളുടെ മനസ്സിനെ പെട്ടെന്ന് പിടിച്ചെടുക്കുന്ന നിഗൂഢമായ ഒരു ഭാവം അദ്ദേഹത്തിന്റെ സംഗീതത്തിനുണ്ട്. ചില നോട്സുകൾ അതിമനോഹരം തന്നെയാണ്. മറ്റൊരു പ്രത്യേകത ഞാൻ കണ്ടിരിക്കുന്നത് ബഹുവിന്റെ ഈണങ്ങൾ പൊതുവേ നാടൻ ചുവയുള്ളതാണെന്നാണ്. നമ്മുടെ ഗൃഹാതുരത്വത്തെ പെട്ടെന്നുണർത്താൻ അതിനൊരു പ്രത്യേക കഴിവുണ്ട്. 

ആദ്യം വരികളോ അതോ ഈണമോ, ബഹുവിന് ഏതാണിഷ്ടം?

വരികൾക്ക്  ഈണമിടുന്നതാണ് താല്പര്യം.

ഒരു പ്രൊഫെഷണൽ പാട്ടുകാരിയായിട്ടും ഗായത്രി ഈണവുമായി സഹകരിച്ചു. അതിനെപ്പറ്റി നിശി എന്തുപറയുന്നു?

നേരത്തേ തന്നെ ഗായത്രിയെക്കൊണ്ട് ഒരു പാട്ടു പാടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ വിവരം അറിഞ്ഞ ഉമച്ചേച്ചി (അചിന്ത്യ) ഉടൻ തന്നെ ഗായത്രിയുമായി ബന്ധപ്പെടുകയും ഗായത്രിക്ക് ഇതിൽ പാടാൻ സമ്മതമാണെന്നറിയിക്കുകയും ചെയ്തു. നമ്മുടെ ഉദ്ദേശ്യങ്ങളൊക്കെ അറിഞ്ഞ് ഇതിൽ പാടിത്തന്നത്. തീർച്ചയായും അതൊരു നല്ല കാര്യം തന്നെയാണ്.

ഹരിയ്ക്കൊരു കോൾ വന്നു...ഒരു പുതിയ ചിത്രത്തിൽ പാടാനുള്ള ക്ഷണമായിരുന്നു അതെന്നറിഞ്ഞപ്പോൾ ഓളം വള്ളത്തിനുള്ളിലായി...എല്ലാവരും ആ സന്തോഷം പങ്കിട്ടു.

ഇനി ഹരിയെ ഒന്ന് ഇന്റർവ്യൂ ചെയ്തിട്ടു തന്നെ ബാക്കി. "ആവണിപ്പുലരി" യുടെ വർത്തമാനങ്ങളും ചോദിച്ചറിയണം.

ഹരി ഈണവുമായി പരിചയപ്പെടുന്നതെങ്ങനെയാണ്?

ശ്രീ. നിശീകാന്ത് മുഖേനയാണ് ഞാൻ ഈണവുമായി പരിചയപ്പെടുന്നത്. എന്റെ 2009-ൽ പുറത്തുവന്ന “ശ്രീ ശിവശൈലം” എന്ന ആൽബത്തിന്റെ വരികൾ എഴുതിയത്  നിശി ആയിരുന്നു. അന്ന് അദ്ദേഹം ഇങ്ങനെയൊരു സംരംഭത്തേപ്പറ്റി പറഞ്ഞപ്പോൾ അതിയായ സന്തോഷവും ഇതിൽ സഹകരിക്കണമെന്ന ആഗ്രഹവും ഉണ്ടായി. അങ്ങനെയാണ് “ഈണം 2010”-ൽ ഒരു ഗാനം ഞാൻ പാടുന്നത്.ഈ വർഷവും ഇതിൽ സഹകരിക്കാൻ പറ്റിയതിൽ അതിയായ സന്തോഷം ഉണ്ട്.

ഈ പാട്ടിന്റെ പിറവിയെപ്പറ്റി കൃഷ്ണകുമാർ എന്തുപറയുന്നു? ഹരിദാസിന്റെ ആലാപനം സംതൃപ്തി പകർന്നുവല്ലോ അല്ലേ?

ഈ പാട്ടിന്റെ പിറവിയെക്കുറിച്ചു പറഞ്ഞാൽ..., ഇതിന്റെ വരികൾ രണ്ടു പ്രാവശ്യം വായിച്ചു കഴിഞ്ഞപ്പൊഴേ എന്റെ മനസ്സിൽ ഒരീണം വന്നു.  പിന്നീട് അതിനെ ഒന്ന് ഭംഗിപ്പെടുത്തുക മാത്രമേ ചെയ്യേണ്ടി വന്നുള്ളൂ.  വരികൾ വായിക്കുമ്പൊഴേ ഓണം എന്റെ മനസ്സിൽ ഒരു ചിത്രം തന്നിരുന്നു.

ഹരിയുടെ ആലാപനം നന്നായിട്ടുണ്ടെങ്കിലും, അദ്ദേഹം പാട്ടു പാടുമ്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നെകിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.  ഹരിയുടെ മുഴുവൻ കഴിവും എനിക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് തോന്നി.

ഒരു ഗായകൻ എന്ന നിലയിൽ നാദത്തിലൂടെ നമ്മൾ ഡാനിയുടെ ശബ്ദം കേട്ടു. ഗാനരചനയിൽ ഡാനിയുടെ ആദ്യ കൈവെയ്പ്പാണല്ലോ ഇത്. നേരത്തെ കുറിച്ചുവെച്ച വരികളായിരുന്നോ? ആരെങ്കിലും ഡാനിക്ക് പ്രചോദനം ആയിട്ടുണ്ടോ?

ഒരുപാട്ടിന് വരികൾ എഴുതുക എന്നത് എന്റെ എന്നത്തേയും ഒരു ആഗ്രഹമായിരുന്നു. പക്ഷേ എങ്ങനെ തുടങ്ങണം, എന്തെഴുതണം എന്നിങ്ങനെ ഒരുപാടു ചോദ്യങ്ങൾ ആണ് മനസ്സിൽ ആദ്യം വന്നത്. ആയിടയ്ക്കാണ് ചാന്ദ്നിചേച്ചിയെഴുതിയ 'ഒന്നാം മലയുടെ' എന്നു തുടങ്ങുന്ന ഗാനം കാണാനിടയായത്. അതു ഒരു ഇൻസ്പിരേഷൻ എന്നു വേണേൽ പറയാം. പക്ഷേ, എന്നെ ഇൻസ്പൈർ ചെയ്തിരുന്നത് നമ്മുടെ നിശി അണ്ണൻ തന്നെ ആയിരുന്നു ;)

ഹരി എങ്ങിനെ വിലയിരുത്തുന്നു ഈ ഗാനം, വരികളും ഈണവും വെച്ച്?

വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്നുവെന്ന് ഒരുപാടുപേർ പറഞ്ഞു. നല്ല ഒരു മെലഡിയുടെ തിരിച്ചു വരവ് എന്നെല്ലാം അഭിപ്രായപ്പെട്ടവരും ഏറെ. ഇത്രയും നല്ല ഒരു ഗാനം ഉണ്ടായതിൽ തീർച്ചയായും അതു രചിച്ച ഡാനിൽ, സംഗീതം നൽകിയ കൃഷ്ണകുമാർ, ഓർക്കസ്ട്രേഷൻ ചെയ്ത ജെയ്സൺ, സൗണ്ട് എഞ്ചിനിയർ നവീൻ, എന്നിവരുടെ പങ്ക് വളരെ വലിയതാണ്. എന്റെ ശബ്ദത്തേക്കാളുമുപരി എന്തോ ഒരു പ്രത്യേകത ഈ ഗാനത്തിനുണ്ടെന്ന് പലപ്പോഴും തോന്നി. എല്ലാം മാതാപിതാക്കളുടെയും, ഗുരുക്കന്മാരുടേയും പ്രാർഥനയും ഒപ്പം ദൈവാനുഗ്രഹവും. ഇത്തരം ഗാനങ്ങൾ ധാരാളം പിറക്കട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു.

പാട്ടെഴുത്തിലേക്കു ഡാനി വന്നതെങ്ങനെയായിരുന്നു? ആദ്യമായിട്ട് എഴുതിയ വരികളുമായി ചെന്നപ്പോൾ എങ്ങിനെയായിരുന്നു ബാക്കിയുള്ളവരുടെ സ്വീകരണം?

നേരത്തേ പറഞ്ഞതുപോലെ വരികൾ എഴുതാൻ ആഗ്രഹമുണ്ടായിരുന്നു. മലയാളത്തിൽ കുറച്ചു പിന്നിൽ ആയതുകൊണ്ട് ആദ്യമൊക്കെ ഒന്നുമടിച്ചു നിന്നു. പിന്നെ രണ്ടും കൽപ്പിച്ചു എഴുതിത്തുടങ്ങി. ഭാവനകൾ മെനഞ്ഞെടുത്ത് സാഹിത്യമൊക്കെ ചാലിച്ച് എഴുതാനെനിക്കറിയില്ല. മനസ്സിൽ തോന്നിയ ആശയങ്ങൾ കുറിച്ചിട്ടു, പിന്നെ ഓണത്തെക്കുറിച്ചു കുറേ റഫർ ചെയ്തു. പിന്നീടു കുത്തിക്കുറിച്ചിട്ട വരികൾ ഒരു താളത്തിൽ മാറ്റി മാറ്റി എഴുതുകയായിരുന്നു. എഴുതിയ വരികൾ ഞാൻ ആദ്യം ചാന്ദ്നിച്ചേച്ചിക്കും നിശിയണ്ണനും അയച്ചുകൊടുത്തു. രണ്ടാളും നല്ല അഭിപ്രായമാണു പറഞ്ഞത്. ചെറിയ തിരുത്തുകളും അക്ഷരത്തെറ്റുകളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. പിന്നീട് അതു നിശിയണ്ണൻ തന്നെ പാട്ടുപുസ്തകത്തിൽ പോസ്റ്റ് ചെയ്തു. അവിടെ നിന്നും നല്ല റെസ്പോൺസ് കിട്ടി. അവസാനം രാഹുൽ സോമനുമായി ഒന്ന് ഡിസ്കസ് ചെയ്തു. രാഹുൽ പറഞ്ഞുതന്ന ചില ടിപ്സ് കൂടിയായപ്പോൾ എല്ലാം ഭംഗിയായി :)

ഒരേ രാഗച്ഛായകൾ ഈണങ്ങൾക്കു സാമ്യത ഉണ്ടാക്കുമോ? ചില വാക്കുകളും വരികളും ഒരു പ്രത്യേക ഈണത്തിലേക്ക് മനസ്സിനെ നാമറിയാതെ നയിക്കും എന്നു പറയുന്നത് ശരിയാണോ? കൃഷ്ണകുമാറിന്റെ അഭിപ്രായം?

തീർച്ചയായും. രാഗത്തിനെ അടിസ്ഥാനമാക്കി പാട്ടു ട്യൂൺ ചെയ്യുമ്പോൾ ചിലപ്പോൾ എവിടെയെങ്കിലും ഒരു സാമ്യം തോന്നിയെങ്കിൽ അതു തികച്ചും സ്വാഭാവികം മാത്രമാണ്.  വരികളും ആശയവും സന്ദർഭങ്ങളും നമ്മളെ പ്രത്യേക രാഗങ്ങളിലേക്ക് നയിക്കുന്നു എന്നു പറയുന്നത് ഏറക്കുറേ ശരിയാണ്.

എത്ര തവണ മാറ്റെണ്ടതായി വന്നു വരികളുടെ ഘടന? എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ? എന്തു തോന്നി സ്വന്തം വരികൾ ഈണമിട്ട് പാടി കേട്ടപ്പോൾ? ഇനിയും എഴുതാനുള്ള പ്രചോദനം ഡാനിയ്ക്ക് ഇതിൽ നിന്നും ലഭിച്ചോ?

ആദ്യമായി എഴുതുന്നതുകൊണ്ട് വരികളുടെ ഘടന ഒരു 3-4 പ്രാവശ്യം മാറ്റേണ്ടിവന്നിട്ടുണ്ട്. വാക്കുകളുടെ ക്ഷാമം ഒഴിച്ചാൽ വേറേ ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു!  (വള്ളത്തിൽ ഒരു കൂട്ടച്ചിരി മുഴങ്ങി) പാട്ടുപുസ്തകത്തിൽ നിശിയണ്ണൻ എന്റെ വരികൾ പോസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കൃഷ്ണകുമാർ ഇതു കാണില്ലായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു കലാകാരൻ എന്റെ വരികളെഴുതാനുള്ള  ശ്രമം കണ്ടപ്പോൾ തന്നെ ഇതിനു ട്യൂൺ ഇടാൻ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. അത് എനിക്ക് കിട്ടിയ വലിയ അംഗീകാരമായിത്തോന്നി. ട്യൂൺ കൂടി ഇട്ടു കേട്ടപ്പോൾ ഞാനും ഒന്ന് അത്ഭുതപ്പെട്ടു എന്നതാണ് സത്യം. കാരണം ഞാൻ ഉദ്ദേശിച്ച അതേ ഫീൽ ആ ട്യൂണിൽ കൊണ്ടുവരാൻ കൃഷ്ണേട്ടനു സാധിച്ചു. ഹരിദാസിന്റെ മനോഹരമായ ആലാപനം കൂടിയായപ്പോൾ അതിനൊരു പൂർണ്ണത കൈവന്നു.

ഏതൊക്കെയാണ് ഹരിയുടെ പുതിയ പാട്ടുകൾ? പുതിയ സിനിമയിലോ മറ്റോ പാടുന്നുണ്ടോ?

ശ്രീ. കൈതപ്രം വിശ്വനാഥൻ സംഗീതം നിർവഹിച്ച “ റെഡ് അലേർട്ട്” എന്ന സിനിമ കൂടാതെ ഒരു തമിഴ് ചിത്രം ഉൾപ്പെടെ 4 ചിത്രങ്ങളും, “പാവനം” എന്ന കൃസ്ത്യൻ ആൽബം ഉൾപ്പെടെ അഞ്ചോളം പുതിയ ആൽബങ്ങളും ഉടൻ പുറത്തു വരുന്നുണ്ട്.

ഈണം എന്നുള്ള ഈ സംരംഭത്തിനെക്കുറിച്ചെന്തു തോന്നുന്നു കൃഷ്ണകുമാർ ?

ഈണം എന്ന സംരംഭം ആരംഭിച്ച നിശി, കിരൺ തുടങ്ങിയ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ ആദ്യമായി നേരുന്നു.  ഇത് ശരിക്കും കഴിവുള്ള കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വളരെ വളരെ സഹായിക്കുന്നു.  അതും ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകൾക്ക് കേൾക്കാൻ കഴിയുന്നു എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.

ദാഹമകറ്റാൻ ഇളനീർക്കുടങ്ങൾ എല്ലാവരേയും കാത്തിരിക്കുന്നുണ്ടായിരുന്നു. നല്ലിളനീരിന്റെ കുളിർമ്മ ആവോളം നുകർന്നൂ എല്ലാവരും. പലരും ഒരു ഫോട്ടോസെഷനായും ഈ അവസരം ഉപയോഗിച്ചു.

തുടർന്ന് വായിക്കുക - മൂന്നാം ഭാഗം