എം3ഡിബി ഉദ്ഘാടനം

Submitted by Kiranz on Wed, 12/22/2010 - 19:25

ഇന്റർനെറ്റ് മലയാളത്തിൽ മലയാള സിനിമകളുടേയും സംഗീതത്തിന്റെയും വിവരശേഖരത്തിനായി തയ്യാറാവുന്ന www.m3db.com ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് ) ന്റെ ഉദ്ഘാടനം പാലക്കാട് മൃണ്മയിയിൽ വച്ച് നടന്നു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോൺസൺ മാസ്റ്റർ സംഗീതവിഭാഗവും സിനിമാസംവിധായകനായ ശ്രീ പി ടി കുഞ്ഞുമുഹമ്മദ് വെബ്സൈറ്റിന്റെ സിനിമാവിഭാഗവും ഉദ്ഘാടനം ചെയ്തു.

സൈറ്റിന്റെ പ്രധാന പ്രവർത്തകനും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സീനിയർ ശാസ്ത്രജ്ഞനുമായ ഡോ.ശ്രീധരൻ കർത്താ യോഗത്തിൽ അധ്യക്ഷനായിരുന്നു.ഡോ.ശ്രീചിത്രൻ സ്വാഗതവും ശ്രീമതി ഉമ കെ പി ചടങ്ങിൽ നന്ദിയും പ്രകാശിപ്പിച്ചു. കിരൺ വെബ് സൈറ്റിനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി.ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശ്രീ പോളി വർഗ്ഗീസിന്റെ മോഹൻ വീണാവാദനം ചടങ്ങിനു മോടി കൂട്ടി.ഉച്ചഭക്ഷണത്തിനു ശേഷം പിന്നണി ഗായകനായ ശ്രീ പ്രദീപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീതസായാഹ്നത്തിൽ കർണ്ണാടക സംഗീതജ്ഞനായ ശ്രീ ചേറ്റൂർ രാധാകൃഷ്ണൻ,ശ്രീ.ജോസഫ് തോമസ് എന്നിവർ പങ്കെടുത്ത് ഗാനങ്ങൾ ആലപിച്ചു.

ലോകത്തിന്റെ പലഭാഗത്തു നിന്നും ഈ ചടങ്ങിനു വേണ്ടി ഒത്തു ചേർന്ന വെബ്ബിലെ പ്രവർത്തകരുടെ സംഗമം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു.

എം3ഡിബിയുടെ സാംഗത്യം :- ലോകത്തിലെ ഏറ്റവും വലിയ മലയാളസിനിമാവിവരശേഖരമായി മാറുക എന്നതാണ് എം3യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മലയാള സിനിമയുടെ അണിയറപ്രവർത്തകർ, കഥാപാത്രങ്ങൾ, കഥാസാരം,മറ്റു പ്രത്യേകതകൾ എന്ന് തുടങ്ങി ഒരു സിനിമയെ സംബന്ധിച്ച് ഏകദേശം 40തോളം സൂക്ഷ്മ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഏത് സാധാരണക്കാരനും വിവരങ്ങൾ കൂട്ടിച്ചേർക്കുവാനും നിലവിലുള്ള വിവരങ്ങൾ തിരുത്തുവാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന എന്നത് എം3യെ ഒരു ജനകീയ ഡാറ്റാബേസാക്കിത്തീർക്കുന്നു. നിലവിൽ പതിനയ്യായിരത്തോളം പാട്ടുകളുടെ സാഹിത്യമുൾപ്പടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗാനശേഖരത്തിന്റെ പിന്തുടർച്ചയെന്നോണമാണ് സിനിമാശേഖരത്തിലേക്കുള്ള വഴിയും എം3 തുറന്നു വയ്ക്കുന്നത്.

Relates to
Contributors